Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Sunday, August 17, 2014

ത്രയം


 16/ 08/ 14 വെള്ളി 08:09 AM

          ട്രാഫിക്ക് സിഗ്നലില്‍ അവരോഹണക്രമത്തില്‍ തെളിയുന്ന ചുവന്ന നിറമുള്ള സംഖ്യകളിലേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു ഞാന്‍. അത് പൂജ്യത്തില്‍ ചെന്നെത്തിയാല്‍ താഴെയുള്ള വൃത്തത്തില്‍ പച്ച വെളിച്ചം തെളിയും. എന്റെയും എന്നെപ്പോലെ കാത്തു നില്‍ക്കുന്നവരുടെയും പാദങ്ങള്‍ ആക്സിലറേറ്ററില്‍ അമരും. തുമ്മിയും ചീറിയും വാഹനങ്ങള്‍ കുതിച്ചു പായും. അതിനു മുമ്പുള്ള അനിവാര്യമായ ശാന്തതയുടെ സുഖമാണ് ഞാനിപ്പോള്‍ അനുഭവിക്കുന്നത്.

       സിഗ്നലിനപ്പുറത്തുള്ള ആഭരണക്കടയുടെ ഷട്ടര്‍ തുറക്കുന്ന ശബ്ദം കേട്ടു. വീട്ടില്‍ നിന്നും വൈകിയിറങ്ങുന്ന ദിവസങ്ങളില്‍ മാത്രമാണ് ആ കട  തുറന്ന് കാണാറുള്ളത്. തൊട്ടപ്പുറത്തെ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മിന് കാവലിരിക്കുന്ന ആള്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നത് കൂടി കണ്ടപ്പോള്‍ ഇന്ന് വൈകിയിരിക്കുന്നു എന്നുറപ്പിച്ചു. ഇല്ലെങ്കില്‍ എന്നും അയാള്‍ അവിടെ ഉറക്കം തൂങ്ങിയിരിക്കുന്നത് കാണാം. വാച്ചിലേക്ക് നോക്കിയില്ല. അതിലെ മൂന്ന് സൂചികള്‍ കാട്ടിത്തരുന്ന സമയകൃത്യതയേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നതും, വിശ്വസിക്കുന്നതും ഇത്തരം സൂചനകളെയാണ്.

        കോഫി ഹൗസ് പിന്നിട്ടപ്പോള്‍ എന്റെ പാദം ഏല്‍പ്പിക്കുന്ന മര്‍ദ്ദത്തില്‍ നിന്നും ആക്സിലറേറ്റര്‍ സാവധാനം മോചിക്കപ്പെടുന്നത് ഞാനറിഞ്ഞു. അത് പതിവുള്ളതാണ്. കഴുത്ത് ചെരിച്ച് വലത്തോട്ട് നോക്കി. അതും പതിവുകളിലൊന്നാണ്. അയാള്‍ അവിടെ തന്നെ ഉണ്ടായിരുന്നു. ഇല്ലെങ്കില്‍ തന്നെ  മറ്റെവിടെയാണ് എനിക്കയാളെ സങ്കല്‍പ്പിക്കാനാവുക?ചിലപ്പോള്‍ അയാള്‍ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് അവിടം എന്നു തോന്നും. റോഡരികില്‍ നിരനിരയായി നില്‍ക്കുന്ന വലുതും ചെറുതുമായ നയനമനോഹരങ്ങളായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയില്‍ അപശകുനം പോലെ ഒരു പഴയ കെട്ടിടം. ഓടു മേഞ്ഞ, ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒന്ന്. അതിന്റെ തിണ്ണയില്‍ കുന്തിച്ചിരിക്കുന്ന നീണ്ട നരച്ച താടിയും, ചുവന്ന കണ്ണുകളുമുള്ള ഏറ്റവും മുഷിഞ്ഞ വേഷം ധരിച്ച ഒരാള്‍. വര്‍ത്തമാനകാലത്തിനിടയില്‍ കുടുങ്ങിപ്പോയ ഭൂതകാലം പോലെയുള്ള ആ സ്ഥലത്തിന് ഏറ്റവും യോജിച്ച വേഷവും ഭാവവുമാണ്‌ അയാളുടേത്.

     പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്തതിനു ശേഷമാണ് ഈ വഴിയുള്ള യാത്ര തുടങ്ങിയത്. കഴിഞ്ഞ ഒമ്പത് മാസങ്ങളായി അയാളെ കാണാറുണ്ട്. രാവിലെയും വൈകുന്നേരവും. അതേ സ്ഥലത്ത്...രൂപഭാവങ്ങളില്‍ യാതൊരു മാറ്റവും കൂടാതെ...വേഷം മാത്രം ചിലപ്പോള്‍ മാറും. അതും ദിവസങ്ങള്‍ പലത് കൂടുമ്പോള്‍. ചിലപ്പോള്‍ തോന്നും അയാളൊരു സന്യാസിയാണെന്ന്. തൊട്ടുമുന്നിലെ ശബ്ദകോലാഹലങ്ങളെ മുഴുവന്‍ അതിജീവിച്ച് ധ്യാനനിരതനായി ഇരിക്കുകയായിരിക്കും...ഭ്രാന്തനാവാന്‍ വഴിയില്ല. നീട്ടി വളര്‍ത്തിയ താടിയും, അചഞ്ചലമായ ഇരിപ്പും, മുഷിഞ്ഞ വേഷവിധാനങ്ങളും മാത്രം പോര ഒരാളെ ഭ്രാന്തനെന്ന് മുദ്ര കുത്താന്‍. എങ്കിലും എങ്ങനെയാണ് ഒരാള്‍ക്ക് എതിര്‍വശത്തുള്ള ജൗളിക്കടയിലേക്ക് നോക്കി ഇത്രയും സമയം ഇരിക്കാന്‍ കഴിയുന്നത്? ഒരു പക്ഷേ അവിടെ തൂക്കിയിട്ടിരിക്കുന്ന ബഹുവര്‍ണ്ണ വസ്ത്രങ്ങള്‍ അയാളെ ഭ്രമിപ്പിക്കുന്നുണ്ടാവുമോ?

          പക്ഷേ കഴിഞ്ഞ ഒന്നു രണ്ടാഴ്ചയായി ചില മാറ്റങ്ങള്‍ എനിക്കയാളില്‍ കാണാന്‍  കഴിയുന്നുണ്ട്. അത് കാണുന്ന ഒരേയൊരാളും ഞാന്‍ മാത്രമായിരിക്കും. അയാളുടെ കണ്ണുകള്‍ എന്റെ നേര്‍ക്ക് ചലിക്കുകയും ചിലപ്പോഴെങ്കിലും അവ സജലമാവുകയും ചെയ്യുന്നുണ്ട്. എന്നോട് എന്തോ പറയാനാഗ്രഹിക്കുന്നുണ്ടെന്നുറപ്പ്. അതെന്തായിരിക്കും? ചിലപ്പോള്‍ അയാളുടെ ദുഃഖമാവാം. ആഗ്രഹവുമാകാം. എന്നിട്ടും അയാള്‍ക്കരികില്‍ ചെല്ലുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുന്ന ചേതോവികാരമെന്താണ്?നഗരത്തിലെ പ്രമുഖ കമ്പനികളിളൊന്നില്‍ ജോലി ചെയ്യുന്ന ഒരുവന്  ഇങ്ങനെയുള്ള ഒരാളോട് സംസാരിക്കുന്നതിലെ കുറച്ചിലാവാം . അതോ അയാള്‍ ആക്രമിക്കുമോ എന്നുള്ള ഭയമോ? ചിലപ്പോള്‍ ഇത് രണ്ടുമായിരിക്കാം. എന്നും രാവിലെയും വൈകീട്ടുമായി കഷ്ടിച്ച് മുപ്പത് സെക്കന്റ് സമയം മാത്രമാണ് അയാളെ കാണുന്നത്. പക്ഷേ അയാളെക്കുറിച്ചുള്ള ചിന്തകള്‍ ഈയിടെയായി മൂന്ന് മണിക്കൂറില്‍ പോലും അവസാനിക്കുന്നില്ല. അയാളെയും കടന്ന് കാര്‍ ഒരുപാട് മുന്നോട്ട് നീങ്ങിയപ്പോള്‍ പിന്നിലോട്ട് തിരിഞ്ഞു നോക്കണമെന്ന് തോന്നി. അയാള്‍ എന്നെ നോക്കുന്നുണ്ടാവുമോ?

        ഏതാണ്ട് എട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് അതേ സ്ഥലത്ത് വീണ്ടുമെത്തിയത്. ശക്തി ക്ഷയിച്ച സൂര്യന്‍ മാനത്ത് നിന്നും വിട വാങ്ങാനൊരുങ്ങി നിന്നിരുന്നു. വീടണയാനുള്ള ആളുകളുടെ ആഗ്രഹത്തില്‍ വാഹനങ്ങള്‍ കൂടി പങ്കു ചേര്‍ന്നപ്പോള്‍ നഗരം ബഹളത്തില്‍ മുങ്ങി. അപ്രതീക്ഷിതമായ ആ കാഴ്ച കണ്ടപ്പോള്‍ വല്ലാത്ത അദ്ഭുതം തോന്നി. അതിലേറെ പരിഭ്രമവും. അയാള്‍ പതിവായി ഇരിക്കുന്നിടത്തു നിന്നും കുറച്ചകലെ മാറി നിന്ന് ഒരു യുവാവിനോട് തര്‍ക്കിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്കിടെ അയാള്‍ യുവാവിനെ അടിക്കാനായി കയ്യോങ്ങുന്നുമുണ്ട്. അവരുടെ സംഭാഷണം വ്യക്തമായി കേള്‍ക്കാന്‍ വയ്യ. അവരുടെ അടുത്ത് ചെന്ന് കാര്യം തിരക്കണമെന്ന് തോന്നി. പിന്നില്‍ നിന്നും മുഴങ്ങിക്കേട്ട വണ്ടികളുടെ ഹോണ്‍ ശബ്ദങ്ങള്‍ അതില്‍ നിന്നും പിന്തിരിപ്പിച്ചു. കാറിന്റെ സൈഡ് മിററിലൂടെ ആ രണ്ട് രൂപങ്ങളെ നോക്കിക്കൊണ്ടേ ഇരുന്നു. പിന്നീട് ആ കാഴ്ച അവ്യക്തമായി. അപ്രത്യക്ഷമായി.

 17/ 08/ 14 ശനി  08:01 AM

           ആഭരണക്കട തുറന്നിരുന്നില്ല. എ.ടി.എമ്മിനു മുന്നിലിരുന്ന് സെക്യൂരിറ്റി ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. കോഫി ഹൗസിനടുത്ത് വേഗത്തില്‍ എത്താനുള്ള ആഗ്രഹത്തിനു മുന്നില്‍ ട്രാഫിക്ക് നിയമങ്ങള്‍ പലതും കണ്ടില്ലെന്നു നടിച്ചു. അയാളവിടെ ഉണ്ടായിരുന്നില്ല. കാര്‍ ഒരു സൈഡിലേക്ക് ഒതുക്കിയിട്ട് അവിടെയെല്ലാം നടന്നു നോക്കി. ഇല്ല. അയാള്‍ എവിടെയുമുണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ തിണ്ണയിലെ അയാളുടെ അസാന്നിദ്ധ്യം സൃഷ്ടിച്ച നികത്താനാവാത്ത ശൂന്യത മനസ്സിനെ മുറിവേല്‍പ്പിച്ചു കൊണ്ടിരുന്നു.

          കമ്പനിയിലെത്തിയപ്പോള്‍ വൈകിയിരുന്നു. ഒന്നും ചെയ്യാന്‍ തോന്നിയില്ല. സദാസമയവും എന്നെ നോക്കിയിരിക്കുന്ന ക്യാമറക്കണ്ണുകളെപ്പോലും ഭയക്കാതെ കുറേ സമയം വെറുതെയിരുന്നു. ഉച്ചയായിക്കിട്ടാന്‍ നന്നേ പാടുപെട്ടു. ഒരു ലീവ് ഫോം എടുത്ത് പൂരിപ്പിക്കാന്‍ തുടങ്ങി. 'റീസണ്‍ ഫോര്‍ ടേക്കിംഗ് ലീവ്' എന്ന കോളത്തില്‍ 'പേഴ്സണല്‍' എന്നു മാത്രം എഴുതി. അങ്ങനെ എഴുതുന്നതിലെ അനൗചിത്യത്തെക്കുറിച്ച് ചിന്തിക്കാതിരുന്നില്ല. അതിനേക്കാള്‍ ഉചിതമായ വേറൊരു പദവും ഇല്ലെന്ന് പിന്നീട് തോന്നി.

        കോഫി ഹൗസിനു മുന്നില്ലെത്തും വരെ മനസ്സിലെരിഞ്ഞിരുന്ന പ്രതീക്ഷയുടെ നെയ്ത്തിരിനാളം പൊടുന്നനെ അണഞ്ഞു. ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ പിന്നെയും ഒരുപാട് സമയം കഴിയേണ്ടി വന്നു. ആദ്യം പോയത് റെയില്‍വേ സ്റ്റേഷനിലേക്കാണ്. ട്രെയിന്‍ തട്ടി മരിച്ച ഒരു അജ്ഞാതനെക്കുറിച്ച് ആരും പറഞ്ഞു കേട്ടില്ല. അതിന്റെ സൂചനകളും കണ്ടില്ല. ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍...നഗരവീഥികളില്‍...എല്ലായിടത്തും പേരറിയാത്ത അയാളുടെ  മറക്കാനാവാത്ത മുഖം തേടിക്കൊണ്ടേയിയിരുന്നു. അന്ന് ട്രാഫിക്ക് സിഗ്നലിലെ ചുവന്ന വെളിച്ചം അണഞ്ഞതേയില്ല.

18/ 08/ 14 ഞായര്‍ 06:30 AM

          പതിവുപോലെ ഞായറാഴ്ചയുടെ ആലസ്യത്തില്‍ കിടന്നുറങ്ങിയില്ല. ഒരു ദുസ്വപ്നം ഉറക്കത്തിന് തടയിട്ടു. ഞെട്ടിയുണര്‍ന്നു. പല്ലു പോലും തേയ്ക്കാതെ പത്രമെടുക്കാനോടുന്നത് ഭാര്യ അദ്ഭുതത്തോടെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. പത്രത്തിലെ മൂന്ന് വ്യത്യസ്ത താളുകള്‍. അതിലെ ചെറുതും വലുതുമായ മൂന്ന് വാര്‍ത്തകള്‍. അവ ഇപ്രകാരമായിരുന്നു.

പേജ് 1.
യുവതി ആത്മഹത്യ ചെയ്തു:

കൊച്ചി: പള്ളിച്ചാല്‍ സ്വദേശിനിയായ സന്ധ്യ(24) എന്ന യുവതിയെ വീട്ടില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. നഗരത്തിലെ ഒരു തുണിക്കടയിലെ ജീവനക്കാരിയായിരുന്നു യുവതി. മരണത്തിനു മുമ്പ് യുവതി അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി ഡോക്ടര്‍മാര്‍   സ്ഥിരീകരിച്ചു. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഒരു യുവാവ് കഴിഞ്ഞ ദിവസം യുവതി ജോലി ചെയ്തിരുന്ന കടയില്‍ വന്ന് ബഹളമുണ്ടാക്കിയെന്നും, ആത്മഹത്യയുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്നും ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത് ബഹളത്തിനിടയാക്കി. അച്ഛന്‍ ചെറുപ്പത്തിലേ നാട് വിട്ട് പോയതിനാല്‍ രോഗിയായ അമ്മയോടൊപ്പമാണ് യുവതി കഴിഞ്ഞിരുന്നത്.

പേജ് 2.
യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍:

കൊച്ചി: പുതിയ പാലത്തിനടുത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കിയിരിക്കുന്നു. ഏകദേശം ഇരുപത്തിയാറ് വയസ്സ് പ്രായം വരും. നീല കളര്‍ ജീന്‍സും ചുവന്ന ടീഷര്‍ട്ടുമാണ്‌ വേഷം. ശനിയാഴ്ച രാവിലെയാണ് കൃത്യം നടന്നത് എന്നതാണ് പോലീസിന്റെ നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പേജ് 8:
തൂങ്ങി മരിച്ചു.

കൊച്ചി: തോപ്പും പടിക്കടുത്ത് ഉദ്ദേശ്യം അറുപത് വയസ്സ് പ്രായം വരുന്ന വൃദ്ധനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടുമാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

               ഞാന്‍ പത്രമെടുത്ത് മടക്കി വെച്ചു. മൂന്ന് പേജുകളിലായി പരസ്പരബന്ധമില്ലാതെ ചിതറിക്കിടക്കുന്ന ആ വാര്‍ത്തകളെ കൂട്ടിയോജിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ ഞാന്‍ മാത്രമാവാമെന്ന ചിന്ത മനസ്സില്‍ തികട്ടി തികട്ടി വന്നു. ഒന്നിനും കഴിയാത്ത വെറുമൊരു സാധാരണക്കാരന്‍ മാത്രമാണെന്ന സത്യം കൊണ്ട് ആ ചിന്തയെ നേരിട്ടു. ദുസ്വപ്നം അപഹരിച്ച ഉറക്കത്തിന്റെ ബാക്കി തേടി ഞാന്‍ കിടപ്പു മുറിയിലേക്ക് നടന്നു. മനസ്സ് ശൂന്യമായിരുന്നു. പൊളിഞ്ഞു വീഴാറായ ഓടു മേഞ്ഞ കെട്ടിടത്തിലെ ആളൊഴിഞ്ഞ തിണ്ണ പോലെ.
തുടര്‍ന്ന് വായിക്കുക...

Saturday, May 10, 2014

ബീഡിക്കുറ്റികള്‍

         മുറ്റത്തെ വൈക്കോല്‍ക്കൂനയും തൊടിയിലെ അയിനി പ്ലാവും പിന്നിട്ട് ശങ്കുണ്ണിയുടെ നോട്ടം മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന ഇല്ലിപ്പടിയിലേക്ക് നീണ്ടു. വീടിന്റെ വരാന്തയില്‍ ഒരു സന്ന്യാസി കണക്കെ ചമ്രം പടിഞ്ഞുള്ള ഇരിപ്പ് തുടങ്ങിയിട്ട് മണിക്കൂറുകള്‍ പലതായി. അയാള്‍ക്ക് വല്ലാത്ത മുഷിച്ചില്‍ അനുഭവപ്പെട്ടു. വേണമെങ്കില്‍ അയാള്‍ക്ക് അന്നും പതിവുപോലെ വല്ലാത്ത മുഷിച്ചില്‍ അനുഭവപ്പെട്ടു എന്നും പറയാം. കാരണം കഴിഞ്ഞു പോയ രണ്ട് ദശാബ്ദങ്ങളില്‍ ഭൂരിഭാഗം സമയവും ആയാള്‍ വീടിന്റെ മുറ്റത്തേയ്ക്കും, അതിനപ്പുറം തൊടിയില്‍ മുളച്ചു പൊന്തിയ പല ജാതി മരങ്ങളിലേയ്ക്കും മാറി മാറി നോക്കിക്കൊണ്ടിരിയ്ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ആ ഇരിപ്പും, തന്മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന മുഷിച്ചിലുമെല്ലാം അയാളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.

             മുറ്റത്തു നിന്നും വെയില്‍ അരിച്ചരിച്ച് വരാന്തയിലേക്ക് പടര്‍ന്നു കയറാനുള്ള ഒരുക്കത്തിലാണ്. വയറ്റില്‍ വിശപ്പ് തായമ്പക നടത്താന്‍ തുടങ്ങിയിട്ട്  നേരമേറെയായെങ്കിലും കഞ്ഞിക്കുള്ള വിളി മാത്രം ഇതുവരെയും വന്നില്ല. 

     "ഒന്നു പുറത്തേയ്ക്കിറങ്ങിയാലോ...? പാറുത്തള്ളയുടെ ചായപ്പീടിക വരെ...നാണുവിന്റെ മുറുക്കാന്‍ കട വരെയെങ്കിലും..." 

           മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന ഇല്ലിപ്പടി അയാളില്‍ മോഹങ്ങളുടെ വിത്തുകള്‍ പാകി.

     'പാടില്ല, അന്നദായിനിയായ അമ്മിണിയമ്മയുടെ കല്‍പ്പന ധിക്കരിച്ചുകൂടാ.....'

         മനസ്സില്‍ മുളച്ചുപൊന്തിയ മോഹങ്ങളെ ആയാള്‍ ക്ഷണനേരം കൊണ്ട് മണ്ണിട്ടു മൂടി. അമ്മിണിയമ്മ അയാളുടെ അമ്മയോ യജമാനത്തിയോ അല്ല, ഭാര്യയാണ്. സ്ഥാനം കൊണ്ട് മാത്രമാണ് ഭാര്യ. പെരുമാറ്റം കൊണ്ട് മൂവാണ്ടന്‍ മാവിനടുത്തുള്ള മണ്ണിനടിയില്‍  നിദ്രകൊള്ളുന്ന അമ്മയ്ക്കും, അച്ഛനും നല്‍കിയിട്ടുള്ളതിനേക്കാള്‍ ബഹുമാനം അയാള്‍ ഇന്ന് ഭാര്യയ്ക്ക്  നല്‍കുന്നുണ്ട്. മൂന്ന് നേരവും മുന്നിലെത്തുന്ന ഉപ്പില്ലാത്ത കഞ്ഞിയുടെയും, നാലാണ്ടു കൂടുമ്പോള്‍ കിട്ടുന്ന ഓണക്കോടിയുടേയും, വീടിന്റെ ചായ്പ്പില്‍ താന്‍ അന്തിയുറങ്ങുന്ന ദ്വാരങ്ങള്‍ വീണ പുല്ലുപായയുടേയും വില കൂടിയാണത്. 

         കുറച്ച് നാളായി കാലിലൂടെ ഒരു തരിപ്പ് മേലാസകലം പടര്‍ന്നു കയറുന്നു. അതിനൊപ്പം വല്ലാത്തൊരു കടച്ചിലും വേദനയും. ശങ്കുണ്ണി കൈകള്‍ കൊണ്ട് കാലുകള്‍ മെല്ലെയുഴിഞ്ഞു. എന്തൊക്കെയൊ ആലോചിച്ചുകൊണ്ട് ദീര്‍ഘമായൊന്നു നിശ്വസിച്ച ശേഷം ഇരുകാലുകളും മുന്നിലേക്ക് നീട്ടി വച്ച് അയാള്‍ ചുവരില്‍ ചാരിയിരുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന പേരക്കുട്ടികള്‍ അപ്പോഴാണയാളുടെ ശ്രദ്ധയില്‍പ്പെട്ടത്. പേരക്കുട്ടികള്‍ എന്നതിനേക്കാള്‍ അവര്‍ക്കനുയോജ്യമായ പേര്  'ചാരക്കുട്ടികള്‍' എന്നാണെന്ന് അയാള്‍ക്ക് തോന്നി. മുത്തച്ചന്‍ വീട്ടുവളപ്പില്‍ നിന്നും പുറത്തേക്കിറങ്ങുന്നുണ്ടോ എന്നറിയാന്‍ അമ്മിണിയമ്മ നിയോഗിച്ചിരിക്കുകയാണവരെ. പ്രതിഫലമായി വൈകുന്നേരം കിട്ടുന്ന മിഠായിക്കോ, ബിസ്ക്കറ്റിനോ വേണ്ടി അവര്‍ കൃത്യമായി ജോലി ചെയ്യും. ഒരു തള്ളക്കോഴി ഈയിടെ വിരിഞ്ഞിറങ്ങിയ തന്റെ കുഞ്ഞുങ്ങളേയും കൊണ്ട് ഇല്ലിപ്പടി കടന്ന് റോഡിലേക്ക് സവാരിക്കിറങ്ങുന്നത് അയാള്‍ അസൂയയോടെ നോക്കിയിരുന്നു. അതുകണ്ട് തൊടിയില്‍ മേഞ്ഞുകൊണ്ടിരുന്ന പശുക്കളിലൊന്ന് പുല്ലു തിന്നുന്നതിനിടയിലും അയാളെ നോക്കി പരിഹസിച്ചു ചിരിച്ചു. അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

          ഓര്‍മ്മക്കടലിലൂടെ അയാള്‍ ഇരുപത് വര്‍ഷം പിറകിലോട്ട് നീന്തി. അന്നും ഇന്നും മാറ്റമില്ലാത്തതായി ശങ്കുണ്ണിയെന്ന പേരു മാത്രമേ ഉള്ളൂ. ബാക്കിയെല്ലാം മാറിയിരിക്കുന്നു. അല്ലെങ്കില്‍ പലരും ചേര്‍ന്ന് മാറ്റിയിരിക്കുന്നു. അന്ന് ആരോഗ്യദൃഢഗാത്രനായ ഒരു കര്‍ഷകനായിരുന്നു. പാടവും പറമ്പുമായി തനിക്കുണ്ടായിരുന്ന നാലേക്കര്‍ സ്ഥലത്ത് അറിയാവുന്ന കൃഷിപ്പണികളെല്ലാം ചെയ്തിട്ടും ദാരിദ്ര്യം അയാളുടെ കുടുംബത്തെ വേട്ടയാടിയിരുന്നു. കാരണം ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനാവണം എന്ന ശങ്കുണ്ണിയുടെ മോഹസഫലീകരണത്തിനായി ഏട്ടാണ്‍മക്കളെയാണ് അമ്മിണിയമ്മ പെറ്റുകൂട്ടിയത്. ഒടുവില്‍ അയാളുടെ മോഹം മാത്രം അവശേഷിച്ചു.

     ചോര നീരാക്കിയുണ്ടാക്കിയ പണമത്രയും തടിമാടന്മാരായ മക്കളെ തീറ്റിപ്പോറ്റാനായി അയാള്‍  ചെലവഴിച്ചു. സ്വന്തം ആവശ്യങ്ങള്‍ക്ക് അയാള്‍ പണം ചിലവാക്കുമായിരുന്നെങ്കില്‍  അത് പുകവലിക്കാന്‍ വേണ്ടി മാത്രമായിരുന്നു. ബീഡികളോടായിരുന്നു പഥ്യം. അതും വീടിന് ഒന്നര മൈലപ്പുറത്തുള്ള നാണുവിന്റെ മുറുക്കാന്‍ പീടികയിലെ നാണു തെറുത്തെടുത്ത ബീഡികളോട്‌. ഒരു ശീലത്തേക്കാളുപരി ബീഡിവലി അയാള്‍ക്കൊരു ഹരമായിരുന്നു. ചെയ്യുന്ന ജോലി ഏതായാലും കൃത്യമായ ഇടവേളകളില്‍ ശങ്കുണ്ണി ബീഡിയ്ക്ക് തീ കൊളുത്തും. കണ്ണുകള്‍ ഇറുക്കിയടച്ച് അതിന്റെ പുക വായിലേക്ക് ആവുന്നത്ര വലിച്ചു കയറ്റും. നാസാരന്ധ്രങ്ങളിലൂടെ ധവളവളയങ്ങള്‍  പുറത്തേയ്ക്ക് പറത്തി വിട്ടു രസിക്കും. ചിലപ്പോള്‍ കുറേ സമയം വായ്ക്കകത്ത് പുക നിറച്ച് ശ്വാസം പുറത്തു വിടാതെ ഇരിക്കും. ഈ കാഴ്ചയെല്ലാം കാണുന്നവര്‍ ശങ്കുണ്ണിയെ കളിയാക്കും. അയാള്‍ അത് ഗൗനിക്കാതെ  സ്വന്തം പ്രവൃത്തികളില്‍ വ്യാപൃതനാവും. ദിവസങ്ങള്‍ മുന്നോട്ട് നീങ്ങുന്തോറും ശങ്കുണ്ണിയുടെ മക്കളുടെ നീളവും വീതിയും കൂടിക്കൂടി വന്നു. അതിനനുസരിച്ച് അയാളുടെ ജോലിഭാരവും വര്‍ദ്ധിച്ചു. ഇടി വെട്ടിയവനെ പാമ്പു കടിച്ചവണ്ണം ഒരുനാള്‍ ശങ്കുണ്ണിയുടെ ഉള്ളിലുറങ്ങിക്കിടന്നിരുന്ന ആസ്ത്മയെന്ന ഭൂതം പുറത്തു വന്നു. അയാള്‍  ജീവിതത്തിലാദ്യമായി ആശുപത്രിയുടെ പടി കയറി. കയ്യിലുള്ള കാശ് കുറഞ്ഞുവെന്നല്ലാതെ ആസ്ത്മ കുറഞ്ഞില്ല. വീടിന്റെ വരാന്തയിലിരുന്ന് അയല്‍വാസികള്‍ക്ക് പോലും കേള്‍ക്കാവുന്നത്ര ഒച്ചയില്‍ ശങ്കുണ്ണി ആഞ്ഞ് ശ്വാസം വലിച്ചു. ആ ശ്വാസം വലിയും ഇരിപ്പും അയാളെ വലിയൊരു കടക്കാരനാക്കി. പിന്നീടയാള്‍ ഒരു പണിക്കും പോയില്ല. കുടുംബം മുഴുവന്‍ പട്ടിണി കിടന്ന് ചാവുമെന്നുറപ്പായപ്പോള്‍  അമ്മിണിയമ്മ മക്കളെ കളത്തിലിറക്കി. എട്ടിലും ഒമ്പതിലും പഠിക്കുന്ന രണ്ടാണ്‍മക്കളെ ഹോട്ടല്‍പ്പണിയെടുക്കുവാന്‍  അവര്‍ തമിഴ്നാട്ടിലേക്ക് വണ്ടി കയറ്റി വിട്ടു. ഹോട്ടലുടമയുടെ അടിയും തൊഴിയും കൊണ്ട് മക്കള്‍ സമ്പാദിച്ച കാശുകൊണ്ട് അമ്മിണിയമ്മ കടങ്ങള്‍ വീട്ടി. നാല് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ട് മക്കളെക്കൂടി അതിര്‍ത്തി കടത്തിയതോടെ അമ്മിണിയമ്മയുടെ ശുക്രദശ ആരംഭിച്ചു. ശങ്കുണ്ണിയുടെ ശനിദശയും. 

         സ്വന്തം രൂപത്തെ അമ്മിണിയമ്മ വളരെയേറെ വെറുത്തിരുന്നു. കരിക്കട്ടയുടെ നിറമായിരുന്നു അമ്മിണിയമ്മയ്ക്ക്. സുന്ദരിയാവണം എന്ന ചിന്ത തലയില്‍ വെള്ളിവര വീണ വേളയിലും അവരുടെ മനസ്സിനെ വല്ലാതെ മഥിച്ചിരുന്നു. അങ്ങാടിയില്‍ നിന്ന് കിട്ടിയ സൗന്ദര്യലേപനങ്ങളെല്ലാം മുഖത്ത് പുരട്ടിയിട്ടും പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ലെങ്കിലും സൗന്ദര്യ പരീക്ഷണങ്ങള്‍ അവര്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. കറുത്തിരുണ്ട തന്റെ രൂപത്തെക്കാള്‍ വലിയ ശാപമായി അവര്‍ കണ്ടത് ശങ്കുണ്ണിയേയും അയാളുടെ പുകവലി എന്ന അയാളുടെ ദുശ്ശീലത്തേയുമായിരുന്നു. അമ്മിണിയമ്മ ബീഡി വാങ്ങാനായി പണം നല്‍കില്ല എന്ന് നന്നായറിയാവുന്ന ശങ്കുണ്ണി മക്കളെയാണ് അതിനായി സമീപിച്ചിരുന്നത്. മരുന്നും കഷായവുമൊക്കെ വാങ്ങണം എന്ന് നുണ പറഞ്ഞ് മക്കളില്‍  നിന്ന് വാങ്ങിയിരുന്ന പണമത്രയും ശങ്കുണ്ണി നാണുവിന്റെ മുറുക്കാന്‍ കടയിലെത്തിച്ചു. ഒരു നാള്‍ ആസ്ത്മ അധികമായി ആശുപത്രിയിലെത്തിയ ശങ്കുണ്ണിയെ ബീഡിവലി നിര്‍ത്താത്ത കാരണത്തിന് ഡോക്ടര്‍ വേണ്ടുവോളം വഴക്ക് പറഞ്ഞു. കൂടെയുണ്ടായിരുന്ന ഇളയ മകന്‍  അക്കാര്യം പൊടിപ്പും തൊങ്ങലും വച്ച്  അമ്മയോട് പറയുകയും കൂടി ചെയ്തതോടെ ശങ്കുണ്ണിയുടെ ബീഡിവലി വഴിമുട്ടി. ആകെയുണ്ടായിരുന്ന ഒരു നേരമ്പോക്കും അതോടെ അവസാനിച്ചു. മക്കള്‍ ചില്ലിക്കാശ് പോലും കൊടുക്കാതെയായി. നാണു ഒന്നുരണ്ട് തവണ ബീഡിക്കെട്ടുകള്‍ ഇഷ്ടദാനമായി നല്‍കിയെങ്കിലും മക്കളിടപെട്ട് നാണുവിനെ ഭീഷണിപ്പെടുത്തിയതോടെ അതും അവസാനിച്ചു.

     തന്റെ വാക്കുകള്‍ ധിക്കരിച്ചുകൊണ്ടുള്ള ശങ്കുണ്ണിയുടെ നടപടികള്‍ അമ്മിണിയമ്മയെ കോപിഷ്ഠയാക്കി. ശങ്കുണ്ണിയെ നിലയ്ക്ക് നിര്‍ത്താന്‍ അവര്‍ പല മാര്‍ഗ്ഗങ്ങളും ചിന്തിച്ചു. ഭര്‍ത്താവിനെ കിടപ്പുമുറിയില്‍ നിന്നും വീടിന്റെ ചായ്പ്പിലേക്ക് ചവിട്ടിപ്പുറത്താക്കിയ ധീരവനിതകളുടെ പട്ടികയില്‍ എന്നേ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നതിനാല്‍ അത്രയും പോന്നതോ, അതിനേക്കാള്‍ കൂടിയതോ ആയ ഒരു ശിക്ഷ ശങ്കുണ്ണിയ്ക്ക് വിധിക്കാന്‍ അമ്മിണിയമ്മയുടെ മനസ്സ് കൊതിച്ചു. അതിന്റെ പരിണിതഫലമായാണ് ശങ്കുണ്ണി വീട്ടുതടങ്കലിലായത്.

   "നിക്കൊരു ഷര്‍ട്ടോ മുണ്ടോ വാങ്ങിത്തരണില്ല, സമയാസമയത്ത് ഭക്ഷണം കിട്ടണില്ല, ഒരു ഗ്ലാസ് കട്ടന്‍ചായ പോലും തരണില്ല..."

       പലപ്പോഴും ഭാര്യയോടും മക്കളോടുമായി ഉറക്കെ വിളിച്ചു പറയാന്‍ ആഗ്രഹിച്ച  ഈ വാചകങ്ങളെല്ലാം ശങ്കുണ്ണിയുടെ തലച്ചോറില്‍ നിന്നും തൊണ്ടയിലേക്കുള്ള യാത്രാമദ്ധ്യേ അകാലമൃത്യു വരിച്ചു. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ പുകവലിയില്‍ നിന്നും താന്‍  പൂര്‍ണ്ണമായും മോചിതനായി എന്നൊരു തോന്നല്‍ എല്ലാവരിലും ഉണ്ടാക്കിയെടുക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു. അതിനായി അയാള്‍ വീട്ടില്‍ നിന്നിറങ്ങാതെയായി, മക്കളോട് പണം കടം ചോദിയ്ക്കാതെയായി. ആ തന്ത്രത്തില്‍ ആയാള്‍ വിജയം വരിക്കുകയും ചെയ്തു. വൈകുന്നേരങ്ങളില്‍ പതിവായി അല്‍പ്പനേരം നടക്കാന്‍ പോകണം എന്നുള്ള അയാളുടെ ആഗ്രഹത്തെ തുടക്കത്തില്‍ അമ്മിണിയമ്മ ചോദ്യം ചെയ്തെങ്കിലും, വ്യായാമം ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന അയാളുടെ വാദം അമ്മിണിയമ്മയുടെ കോടതിയില്‍ അംഗീകരിക്കപ്പെട്ടു. ഡോക്ടറെ കാണാന്‍ കൂടെ ചെല്ലാറുള്ള ഇളയ മകന്‍ അത് ശരി വയ്ക്കുക കൂടി ചെയ്തതോടെ ആ 'നടത്തത്തില്‍' ആര്‍ക്കും ഒരസ്വഭാവികതയും തോന്നിയതുമില്ല.

         എന്നും അയാളുടെ നടത്തം വീട്ടില്‍ നിന്നും രണ്ടു മൈലപ്പുറത്തുള്ള ചായക്കടയില്‍ അവസാനിച്ചു. അറുപത് വയസ്സ് പിന്നിട്ട പാറുത്തള്ളയായിരുന്നു ആ ഒറ്റമുറിപ്പീടികയില്‍ കച്ചവടം നടത്തിയിരുന്നത്. അവര്‍ രാവിലെ വീട്ടിലുണ്ടാക്കിയ പലഹാരങ്ങളും ചായയും വെവ്വേറെ പാത്രങ്ങളിലാക്കി തലയിലേറ്റി കൊണ്ടു വരും. ഏതാണ്ട് പതിനൊന്ന് മണിയോടെ കച്ചവടം തീരുകയും അവര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്യും. ആ പ്രദേശത്തെ മരം വെട്ടുകാരും, ലോഡിംഗുകാരുമെല്ലാമായിരുന്നു അവിടുത്തെ സ്ഥിരം സന്ദര്‍ശകര്‍. രാവിലെ ഭക്ഷണം കഴിക്കാന്‍ വന്നവരില്‍ പലരും രാത്രിയും അവിടെ വരും. കയ്യില്‍  കള്ളോ ചാരായമോ ഉണ്ടാവും. അവര്‍ മദ്യപിക്കും, പുകവലിക്കും, അവര്‍ക്കിടയിലെ ഗായകര്‍  ഉറക്കെ പാട്ട് പാടും. അടുത്തുവട്ടത്ത് വേറെ വീടുകളൊന്നുമില്ലാത്തതിനാല്‍ അവരെ ആരും ചോദ്യം ചെയ്തില്ല. അവരെല്ലാം കടയിലെ നിത്യ സന്ദര്‍ശകരായതുകൊണ്ടും തനിക്ക് വേറെ വരുമാന മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാത്തതുൊണ്ടും കടയുടെ ഉടമസ്ഥയായ പാറുത്തള്ള അവരുടെ ചെയ്തികള്‍ക്കെല്ലാം മൗനാനുവാദം നല്‍കി. 

         ശങ്കുണ്ണി എല്ലാ വൈകുന്നേരങ്ങളിലും പതിവായി അവിടെയെത്തും. പരിസരം മുഴുവന്‍ വീക്ഷിക്കും. അടുത്തെങ്ങും ആരുമില്ലെന്ന് ഉറപ്പായാല്‍ അവിടെ കഴിക്കാനും കുടിക്കാനും വരുന്നവര്‍ വലിച്ചു തള്ളിയ ബീഡിക്കുറ്റികള്‍ പെറുക്കിയെടുക്കും. മടിയിലൊളിപ്പിച്ചു വച്ച തീപ്പെട്ടിയെടുത്ത് ബീഡികളോരോന്നായെടുത്ത് കത്തിക്കും. ബീഡിപ്പുകയുടെ ഗന്ധം ആവോളമാസ്വദിക്കും. ബീഡിപ്പുക കൊണ്ട് വെള്ളി വളയങ്ങള്‍ തീര്‍ക്കും. ഇക്കാര്യം ആരുമറിഞ്ഞില്ല. അറിയാന്‍ അയാള്‍ ഇടവരുത്തിയതുമില്ല. അങ്ങനെ പുകവലി എന്ന ദുശ്ശീലം ഏറെ പണിപ്പെട്ട് ഒഴിവാക്കിയ ഭര്‍ത്താവായും, അച്ഛനായും, അമ്മായിയച്ഛനായും, മുത്തച്ചനായും അയാള്‍  ആ വീട്ടില്‍ ജീവിച്ചു.

      ''കഞ്ഞി കുടിയ്ക്കാന്‍ വിളിക്ക്ണു ''

         പേരക്കുട്ടിയുടെ വിളി കേട്ടപ്പോഴാണ് അയാള്‍ മയക്കത്തില്‍ നിന്നുമുണര്‍ന്നത്. അറിയാതെ ഇരുന്നുറങ്ങിപ്പോയി. ഉപ്പില്ലാത്ത കഞ്ഞി തലേദിവസത്തെ പുളിച്ച ചമ്മന്തി കൂട്ടി കുടിച്ച് ശങ്കുണ്ണി വീണ്ടും വരാന്തയിലേക്ക് തിരിച്ച് വന്നു. തോളിലിട്ടിരിക്കുന്ന തോര്‍ത്ത് നിലത്ത് വിരിച്ച് അതില്‍ കിടന്ന് നന്നായൊന്നു മയങ്ങി. ആ ഉറക്കം സൂര്യന്റെ നിറം മാറിത്തുടങ്ങും വരെ നീണ്ടു. രാവിലെ  ഭക്ഷണം കിട്ടാന്‍ വൈകുന്ന ദിവസങ്ങളില്‍ ഉച്ചഭക്ഷണം പതിവില്ല. ഉണര്‍ന്ന ശേഷം തണുത്ത വെള്ളത്തില്‍ മുഖമൊന്നു കഴുകി പതിവു സവാരിക്കിറങ്ങി. നാണുവിന്റെ മുറുക്കാന്‍ കട പതിവില്ലാതെ അടച്ചിട്ടിരിക്കുന്നത് കണ്ടപ്പോള്‍ അന്നേ ദിവസം കൊടുങ്ങല്ലൂര്‍ ഭരണിയാണെന്ന് ഉറപ്പിച്ചു. കഴിഞ്ഞ ആഴ്ച കണ്ടപ്പോള്‍ കൊടുങ്ങല്ലൂര്‍ ഭരണിയ്ക്ക് പോകുന്ന കാര്യം നാണു സൂചിപ്പിച്ചിരുന്നു. മക്കള്‍ ബീഡി കൊടുത്തതിന് വഴക്ക് പറഞ്ഞതിന് ശേഷം നാണു ആദ്യമായി സംസാരിച്ചത് കഴിഞ്ഞ അന്നാണ്. അതും അടുത്തെങ്ങും ആരുമില്ല എന്ന് ഉറപ്പാക്കിയ ശേഷം മാത്രം. ശങ്കുണ്ണി വീണ്ടും നടന്നു. പാറുത്തള്ളയുടെ കടയെത്തിയപ്പോള്‍ പതിവു പോലെ പരിസരം മുഴുവന്‍ വീക്ഷിച്ച് കടയ്ക്കകത്ത് കയറി ബീഡിവലി തുടങ്ങി. ആ സമയത്താണ് പാല്‍ക്കാരന്‍ രാജന്റെ ഇളയ ചെക്കന്‍ വീടുകളിലേയ്ക്കുള്ള പാലുമായി അതിലേ വന്നത്. സാധാരണ എല്ലാ ദിവസവും സൈക്കിളിലാണ് ചെക്കന്റെ യാത്ര. പക്ഷേ അന്ന് രണ്ടു കയ്യിലും പാല്‍പ്പാത്രങ്ങളും തൂക്കി നടന്നായിരുന്നു വരവ്. ആളും അനക്കവുമില്ലാത്ത ചായക്കടയില്‍ നിന്നും പുകയുയരുന്നത് കണ്ട് ചെക്കന് എന്തോ ഒരു പന്തികേട് തോന്നി. കാര്യമെന്തെന്നറിയാന്‍ പതുങ്ങിച്ചെന്നപ്പോള്‍ പെറുക്കിക്കൂട്ടിയ ബീഡിക്കുറ്റികളോരോന്നായി വലിച്ചുതീര്‍ക്കുന്ന ശങ്കുണ്ണിയെയാണ് കണ്ടത്.

    "കൊള്ളപ്പലിശക്കാരിയും, തന്റേടിയും, എട്ട് മക്കളുടെ തള്ളയും, സര്‍വ്വോപരി കെട്ടിയവന് പുല്ലുവില കല്‍പ്പിക്കാത്തവളുമായ അമ്മിണിയമ്മയുടെ ഭര്‍ത്താവ് ശങ്കുണ്ണിയതാ പാറുത്തള്ളയുടെ ചായപ്പീടികയിലിരുന്ന് ആരൊക്കെയൊ വലിച്ചെറിഞ്ഞ ബീഡിക്കുറ്റികള്‍ പെറുക്കിയെടുത്ത് പുകച്ചു തള്ളുന്നു."

      പാലു പോലും കൊടുക്കാതെ ചെക്കന്‍ ഓടിച്ചെന്ന് ആ വിവരം സ്വന്തം വീട്ടിലറിയിച്ചു. അവര്‍ അക്കാര്യം തൊട്ടടുത്ത വീട്ടുകാരോടും, തൊട്ടടുത്ത വീട്ടുകാര്‍ നാട്ടുകാരില്‍ പലരോടും പറഞ്ഞു. അങ്ങനെ അല്‍പ്പസമയം കൊണ്ട് ആ വാര്‍ത്ത അറിയാത്തവരായി നാട്ടിലാരും തന്നെ ഇല്ലെന്നായി.

        താന്‍ ഇത്രയും കാലം ഒളിപ്പിച്ചു വച്ച രഹസ്യം വീട്ടുകാരറിഞ്ഞിരിക്കുന്നു എന്ന കാര്യം ശങ്കുണ്ണിയുടെ ചെവിയിലുമെത്തിയതിനാല്‍ പാതിരാത്രി കഴിഞ്ഞിട്ടാണ് അയാള്‍ വീട്ടിലെത്തിയത്. എന്നാല്‍ പതിവിനു വിപരീതമായി അന്നവിടെ ആരും ഉറങ്ങിയിരുന്നില്ല. എന്തോ വലിയ കാര്യം സംഭവിക്കാന്‍ പോകുന്നു എന്ന് മാത്രം മനസ്സിലാക്കിക്കൊണ്ട് കൊച്ചു കുട്ടികള്‍ പോലും  ഉറക്കച്ചടവോടെ ശങ്കുണ്ണിയേയും കാത്തിരിക്കുകയായിരുന്നു. അമ്മിണിയമ്മയെ വീടിന്റെ ഉമ്മറത്തു തന്നെ പ്രതിഷ്ഠിച്ചിരുന്നു. വീട്ടിനകത്തേയ്ക്ക് കടക്കാനാഞ്ഞ ശങ്കുണ്ണിയെ അമ്മിണിയമ്മ മുറ്റത്തേയ്ക്ക് പിടിച്ചു തള്ളി. ഒരു വലിയ ശബ്ദത്തോടെ അയാള്‍ മുറ്റത്ത് മലര്‍ന്നടിച്ച് വീഴുകയും അയാളുടെ കണ്ണട മുഖത്തു നിന്നും തെറിച്ചു പോവുകയും ചെയ്തു. മക്കളും, മരുമക്കളും അവരെ പിന്തിരിപ്പിക്കാന്‍ ആവുന്നത്ര ശ്രമിച്ചെങ്കിലും ആ ശ്രമങ്ങളെല്ലാം വിഫലമായി. കൊടുങ്ങല്ലൂരില്‍ പോകാതെ തന്നെ അന്ന് അയല്‍വാസികളെല്ലാം അമ്മിണിയമ്മയുടെ വക ഭരണിപ്പാട്ട് കേട്ടു. അവരുടെ കണ്ണുകള്‍ ജ്വലിച്ചു, കറുത്ത് കരിക്കട്ട പോലെയുള്ള മുഖം കൂടുതല്‍ വികൃതമായി.

          'ഠേ' എന്നൊരു ഒച്ചയും 'നിര്‍ത്തെടീ ചൂലേ നിന്റെ അധിക പ്രസംഗം' എന്ന ശങ്കുണ്ണിയുടെ സ്വരവുമാണ് പിന്നീടവിടെ മുഴങ്ങിക്കേട്ടത്. കവിളില്‍ കൈ വച്ച് അന്തം വിട്ടു നില്‍ക്കുകയായിരുന്നു  അമ്മിണിയമ്മ. തൊട്ടപ്പുറത്ത് ഏങ്ങി വലിച്ചുകൊണ്ട് നിന്നിരുന്ന ശങ്കുണ്ണിയെ മക്കളും, മരുമക്കളും, പേരക്കുട്ടികളും, വേലിക്കപ്പുറത്ത് ഈ കാഴ്ച ആസ്വദിച്ചുകൊണ്ട് നിന്നിരുന്ന അയല്‍വാസികളും ഭയഭക്തി ബഹുമാനത്തോടെ നോക്കി നിന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ആണത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും, അമ്മിണിയമ്മ തന്റെ ഭര്‍ത്താവല്ല ഭാര്യയാണെന്നും ശങ്കുണ്ണി തെളിയിച്ചിരിക്കുന്നു. ഫണം വിടര്‍ത്തിയാടിയിരുന്ന അമ്മിണിയമ്മയുടെ പത്തിക്കേറ്റ അടി മക്കളും, മരുമക്കളുമുള്‍പ്പെടെയുള്ള എല്ലാവരെയും സന്തോഷത്തിലാറാടിച്ചു. അന്ന് ആ വീട്ടില്‍ പലര്‍ക്കും ഉറക്കം വന്നില്ല. അവരുടെയെല്ലാം മനസ്സുകളില്‍ അദ്ഭുതം, ആഹ്ലാദം, ആകാംക്ഷ എന്നിങ്ങനെ പല പല വികാരങ്ങളുടെ വേലിയേറ്റം നടക്കുകയായിരുന്നു. രാജഭരണം  അവസാനിച്ച് ജനാധിപത്യം പുലരാന്‍ പോകുന്നതിന്റെ സന്തോഷത്തിലായിരുന്നു മറ്റു ചിലര്‍.

           രാവിലെ കിടക്കപ്പായില്‍ നിന്നെഴുന്നേറ്റ് മൂത്രമൊഴിക്കാനായി പുറത്തേക്ക് പോയ അമ്മിണിയമ്മയുടെ പേരക്കുട്ടികളിലൊരുവന്‍ തൊടിയിലെ അയനിപ്ലാവില്‍ തൂങ്ങിയാടുന്ന ശങ്കുണ്ണിയെക്കണ്ട് അദ്ഭുതപ്പെട്ടു. ആമ്മിണിയമ്മ കരഞ്ഞില്ല. അതുകൊണ്ട് മക്കളും കരഞ്ഞില്ല. ആരും കരഞ്ഞില്ല.

           ദിവസങ്ങള്‍ പലത് കഴിഞ്ഞു. ആളൊഴിഞ്ഞ വരാന്തയില്‍ നിന്നും ശങ്കുണ്ണിയുടെ മരണം അവശേഷിപ്പിച്ച ഓര്‍മ്മകള്‍ പതിയെ കെട്ടടങ്ങി. പതിവുപോലെ പേരക്കുട്ടികള്‍ മുറ്റത്ത് കളിക്കുകയും, കോഴികള്‍ ഇല്ലിപ്പടിയ്ക്കപ്പുറം കവാത്ത് പോകുകയും ചെയ്തു. പക്ഷെ അമ്മിണിയമ്മ മിക്ക ദിവസങ്ങളിലും അധികമാരോടും സംസാരിക്കാതെ ദൂരേയ്ക്ക് കണ്ണും നട്ട് വരാന്തയിലിരിക്കാന്‍ തുടങ്ങി. ഒരു ദിവസം നട്ടുച്ചയ്ക്ക് അമ്മിണിയമ്മയെ കാണാതായി. പാടത്തും, പറമ്പിലും, കുളത്തിലും, കിണറിലുമെല്ലാം മക്കള്‍ തിരഞ്ഞു. എവിടെയും അമ്മിണിയമ്മയെ കണ്ടില്ല. പലരോടും അന്വേഷിച്ചു. അവരാരും അമ്മിണിയമ്മയെ കണ്ടിരുന്നില്ല. അവര്‍ പാറുത്തള്ളയുടെ ചായക്കടയില്‍ ബീഡിക്കുറ്റികള്‍ പെറുക്കുന്ന തിരക്കിലായിരുന്നു.
തുടര്‍ന്ന് വായിക്കുക...

Wednesday, March 26, 2014

തികച്ചും യാദൃച്ഛികം

            'ഗണദേവത'യുടെ അവസാന താളും പിന്നിട്ട് മുഖത്തെ കട്ടിക്കണ്ണട ഊരി മാറ്റുമ്പോള്‍ തപന്‍ ചാറ്റര്‍ജി ദീര്‍ഘമായൊന്നു നിശ്വസിച്ചു. താനെന്ന നോവലിസ്റ്റിനോടുള്ള അവജ്ഞയോ, താരാശങ്കര്‍ ബന്ദോപാധ്യായയോടുള്ള അസൂയയോ ആ നിശ്വാസവായുവില്‍ തളം കെട്ടി നിന്നിരുന്നു. ഇതുപോലൊരു നോവല്‍...എഴുതിത്തുടങ്ങിയപ്പോള്‍ മുതല്‍ക്കുള്ള സ്വപ്നമാണത്. പലരും പറഞ്ഞ കഥകള്‍ തന്നെ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞ് വെറുമൊരു നാലാം കിട എഴുത്തുകാരനായുള്ള ഈ ജീവിതം മടുത്തിരിക്കുന്നു. ദേവ്നാഥ് ഘോഷിനേയും ദുര്‍ഗ്ഗയേയും പോലെയുള്ള, വായനയ്ക്ക് ശേഷവും മനസ്സു വിട്ടകലാത്ത കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ കഴിവുള്ളവരായിരിക്കണം എഴുത്തുകാര്‍. ആശക്തവും അപൂര്‍ണ്ണവുമായ കുറേ കഥാപാത്രങ്ങളെ മാത്രം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുള്ള തന്റെ ഭാവനയ്ക്ക് ഒരിക്കലും അതിനാവില്ലെന്ന ദുഃഖസത്യം ഇനിയെങ്കിലും ഉള്‍ക്കൊണ്ടേ മതിയാവൂ. പരിമിതികളും പരിധികളുമുള്ള തന്റെ ഭാവനാലോകത്തു നിന്നും തനിക്ക് ചുറ്റുമുള്ള അനന്തമായ ജീവിതക്കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലണം.

            വാരാണസിയില്‍ നിന്നും രാമേശ്വരത്തേക്കുള്ള തീവണ്ടി യാത്രയിലാണിപ്പോള്‍. അവിടെ നിന്നും ധനുഷ്കോടിയിലേക്ക്. കാശിദര്‍ശനത്തിന്റെ പൂര്‍ണ്ണത തേടിയുള്ള യാത്രയാണിതെങ്കിലും കാലങ്ങളായി മനസ്സില്‍ സൂക്ഷിക്കുന്ന ധനുഷ്കോടി യാത്രയെന്ന സ്വപ്നമാണ് സഫലമാവാന്‍ പോകുന്നത്. പുതിയ നോവലിനാവശ്യമായ കഥയും കഥാപാത്രങ്ങളുമെല്ലാം ഈ യാത്രയോടെ മനസ്സില്‍ ഉരുത്തിരിയുമെന്ന് അയാളിലെ കാളീഭക്തന്‍ ഉറച്ചു വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ യാത്ര പുറപ്പെട്ടതു മുതല്‍ അയാള്‍ കഥാപാത്രങ്ങളെ തേടുന്ന തിരക്കിലായിരുന്നു. ചുവന്ന കൊക്കും ബഹുവര്‍ണത്തൂവലുകളുമുള്ള പക്ഷികള്‍...അവയുടെ മാംസം കച്ചവടം ചെയ്ത് ജീവിക്കുന്ന ചെന്നായ്ക്കള്‍...വിശന്ന് വാവിട്ട് കരയുന്ന എല്ലുന്തിയ ആട്ടിന്‍കുട്ടികള്‍...അങ്ങനെ പല ജീവജാലങ്ങളെയും കണ്ടു. പക്ഷേ അവയ്ക്കെല്ലാം ഏതൊക്കെയോ എഴുത്തുകാരാല്‍ ഇതിനോടകം സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളുടെ ച്ഛായയിരുന്നു.

            തീവണ്ടിയുടെ ജാലകച്ചില്ല് തുളച്ച് അകത്തേക്ക് പ്രവേശിച്ച അസ്തമയസൂര്യന്റെ കിരണങ്ങള്‍ പലകുറി അയാളെ എത്തിനോക്കി കടന്നു പോയി. തീവണ്ടി ഇപ്പോള്‍ ചന്ദ്രപുര്‍ പിന്നിട്ടിട്ടുണ്ടാവും എന്നയാള്‍ കണക്കു കൂട്ടി. ഒരു ദിവസത്തോളമായി തുടരുന്ന തീവണ്ടിയാത്ര ഏല്‍പ്പിച്ച ക്ഷീണം ഉറക്കമായി അയാളിലേക്ക് പടര്‍ന്നു കയറി. കാറ്റു നിറയ്ക്കുന്ന തലയിണയില്‍ തല ചായ്ച്ച് ചെറുതായൊന്നു മയങ്ങിയതേ ഉള്ളൂ. അപ്പോഴേക്കും ട്രെയിന്‍ ബല്‍ഹര്‍ഷാ സ്റ്റേഷനിലേക്ക് പ്രവേശിക്കുകയും അവിടെ മുഴങ്ങിക്കേട്ട മറാത്തി ഭാഷയിലുള്ള അനൗണ്‍സ്മെന്റ് അയാളെ നിദ്രയില്‍ നിന്നും മോചിതനാക്കുകയും ചെയ്തു. ഒന്നു മൂരി നിവര്‍ന്നുകൊണ്ട് കണ്ണുകള്‍ തുറന്നപ്പോള്‍ കഷ്ടിച്ച് മുപ്പത്തിയഞ്ച് വയസ്സ് പ്രായം വരുന്ന ഒരു യുവതി തന്നെയും തുറിച്ചു നോക്കിക്കൊണ്ട് എതിര്‍സീറ്റിലിരിക്കുന്നതാണ് കണ്ടത്. നിറം മങ്ങിയതെങ്കിലും ഭംഗി നഷ്ടപ്പെടാത്ത ഒരു സല്‍വാറും കമ്മീസുമായിരുന്നു അവളുടെ വേഷം. ആയാള്‍ അവളെ നോക്കി പുഞ്ചിരിച്ചുവെങ്കിലും അവള്‍ അതിന് മറുപടി നല്‍കിയില്ലെന്ന് മാത്രമല്ല യാതൊരു ഭാവഭേദവുമില്ലാതെ ആ നോട്ടം തുടരുകയും ചെയ്തു. അവളുടെ ചുവന്നു തുടുത്ത കവിള്‍ത്തടങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീര്‍ച്ചാലുകളില്‍ അയാളൊരു കഥയുടെ തിരയിളക്കം കണ്ടു. അവളുടെ തീക്ഷ്ണമായ നോട്ടത്തില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന കടങ്കഥയുടെ ഉത്തരമാണ് തന്റെ പുതിയ നോവലിലേക്കുള്ള ദൂരം എന്നയാള്‍ കണക്കു കൂട്ടി. ഒരിക്കല്‍ക്കൂടി അയാള്‍ യുവതിയെ പാളി നോക്കി. അവളുടെ ദൃഷ്ടി ഇപ്പോഴും തന്റെ മുഖത്താണെന്ന യാഥാര്‍ത്ഥ്യം  അയാളില്‍ ചെറിയൊരമ്പരപ്പ് സൃഷ്ടിച്ചു. താനും യുവതിയും മാത്രമേ ആ തീവണ്ടിമുറിയില്‍ ഉള്ളൂ എന്ന സത്യം അമ്പരപ്പിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഒരു കുറ്റവാളിയെയെന്ന പോലെ യുവതി തന്നെ വീക്ഷിക്കുന്നതിനു പിന്നിലെ സാംഗത്യം മാത്രം എത്ര ചിന്തിച്ചിട്ടും അയാള്‍ക്ക് പിടികിട്ടിയില്ല. അയാള്‍ ഓര്‍മ്മകളുടെ ആഴക്കയത്തിലേക്ക് ഊളിയിട്ടു. എവിടെയും ഈ മുഖം കണ്ടിട്ടില്ല, തീര്‍ച്ച. ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങള്‍ അയാളുടെ ചിന്താമണ്ഡലത്തില്‍ പിറവി കൊള്ളുകയും അവ ക്ഷണനേരം കൊണ്ട് പെറ്റു പെരുകുകയും ചെയ്തു. ഒടുവില്‍ ഇരുവര്‍ക്കുമിടയില്‍ തളം കെട്ടി നിന്നിരുന്ന മൗനത്തിന്റെ കുരുക്കഴിക്കാന്‍ തന്നെ തപന്‍ ചാറ്റര്‍ജി തീരുമാനിച്ചു.

"എങ്ങോട്ടാണ് യാത്ര...?"

          അവളൊരു ബംഗാളിയായിരിക്കും എന്ന ധാരണയില്‍ അയാളുടെ ചോദ്യവും ബംഗാളി ഭാഷയിലായിരുന്നു.

"ഒരാളെ യാത്രയാക്കാന്‍"

        യുവതി അയാളുടെ ധാരണ തെറ്റിച്ചില്ല എന്നു മാത്രമല്ല, ഈ ചോദ്യം താന്‍ പ്രതീക്ഷിച്ചതാണെന്ന മട്ടില്‍ വളരെ പെട്ടന്നായിരുന്നു അവളുടെ മറുപടി. ആ മറുപടിക്ക് ശേഷം 'ഈ ലോകത്ത് നിന്നു തന്നെ യാത്രയാക്കാന്‍' എന്ന് യുവതി മന്ത്രിച്ചുവെങ്കിലും തപന്റെ കാത് വരെ സഞ്ചരിക്കാനുള്ള ശേഷി ആ ശബ്ദത്തിനുണ്ടായിരുന്നില്ല. ആയാള്‍ ആ സംഭാഷണം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണം എന്ന് നിനച്ചിരിക്കേ പെട്ടന്ന് യുവതി ഇരുകരങ്ങള്‍ കൊണ്ടും തന്റെ മുഖം പൊത്തിപ്പിടിച്ച് വിതുമ്പി.

"എന്തെങ്കിലും പ്രശ്നമുണ്ടോ മാഡം...?"

മനസ്സിലെ അമ്പരപ്പ്  മുഖത്ത് കാണിക്കാതെ അയാള്‍ ചോദിച്ചു.

"എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും നിങ്ങള്‍ തന്നെയല്ലേ കാരണം...? എന്നിട്ടിപ്പോള്‍..."

           അപ്രതീക്ഷിതമായ ആ മറുചോദ്യത്തില്‍ അയാള്‍ വല്ലാതെ നടുങ്ങുകയും, ആ നടുക്കത്തില്‍ നിന്ന്  മോചിതനാകാനും, അത് മുഖത്ത് പ്രതിഫലിക്കാതിരിക്കാനും വളരെയേറെ പാടുപെടുകയും ചെയ്തു.

"നിങ്ങളെന്താണീ പറയുന്നത്? എനിക്കൊന്നും മനസിലാവുന്നില്ല."

"മിസ്റ്റര്‍ തപന്‍ ചാറ്റര്‍ജി, നിങ്ങള്‍ക്കെന്താണ് മനസ്സിലാവാത്തത്?"

"ഹൗ ഡു യൂ നോ മൈ നെയിം?"

"ഇനിയും നിങ്ങള്‍ വെറുതെ അഭിനയിക്കരുത്. അതും എന്റെ മുന്നില്‍."

"ഞാന്‍ എന്തിനഭിനയിക്കണം? നിങ്ങള്‍ ആരാണെന്നോ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നോ എനിക്കറിഞ്ഞുകൂടാ."

"ഓഹോ! അപ്പോള്‍ നിങ്ങള്‍ക്ക് യാതൊന്നും അറിയില്ലെന്നാണോ പറഞ്ഞു വരുന്നത്? എന്നെക്കുറിച്ച് എന്നേക്കാളേറെ അറിയാവുന്ന ആളല്ലേ നിങ്ങള്‍?"

"വാട്ട്‌ നോണ്‍സണ്‍സ് ആര്‍ യു ടോക്കിംഗ്? ഒന്നുകില്‍ നിങ്ങള്‍ക്ക് ആളു മാറിയതായിരിക്കും. അല്ലെങ്കില്‍ നിങ്ങള്‍ക്ക് മാനസികമായ എന്തോ തകരാറുണ്ട്. ലെറ്റ്‌ അസ് സ്റ്റോപ്പ്‌ ദിസ്‌ റബ്ബിഷ് ടോക്ക് ഹിയര്‍"

"മിസ്റ്റര്‍ തപന്‍, ഈവന്‍ ദോ യു ആര്‍ എ വെരി ബാഡ് റൈറ്റര്‍, യു ആര്‍ ആന്‍ എക്സലന്റ് ആക്ടര്‍. എത്ര മനോഹരമായിട്ടാണ് നിങ്ങള്‍ അഭിനയിക്കുന്നത്. പിന്നെ മാനസിക വിഭ്രാന്തിയുടെ കാര്യം. ഭാവിയില്‍ അതുണ്ടാവാനുള്ള എല്ലാ സാഹചര്യങ്ങളും നിങ്ങളായിട്ട് തന്നെ ഒരുക്കിയിട്ടുണ്ടല്ലോ. എന്തായാലും ഇപ്പോള്‍ എനിക്ക് മാനസികമായി യാതൊരു തകരാറുമില്ല."

"നിങ്ങള്‍ പറഞ്ഞതില്‍ രണ്ട് കാര്യങ്ങള്‍ സത്യം തന്നെയാണ്. എന്റെ പേര് തപന്‍ ചാറ്റര്‍ജി എന്നു തന്നെയാണ്. ഞാനൊരെഴുത്തുകാരനുമാണ്. പക്ഷേ ബാക്കിയുള്ള കാര്യങ്ങളുമായൊന്നും എനിക്ക് യാതൊരു ബന്ധവുമില്ല."

"ഹാവൂ! ഒടുവില്‍ അത്രയെങ്കിലും സമ്മതിച്ചുവല്ലോ...എഴുത്തുകാരനായ തപന്‍ ചാറ്റര്‍ജി നിങ്ങളാണെങ്കില്‍ എന്റെ ബന്ധുക്കള്‍ മുഴുവന്‍ എന്നെ ഉപേക്ഷിച്ചതിനും, ഞാനിന്ന് നടുത്തെരുവില്‍ നില്‍ക്കേണ്ടി വന്നതിനും നിങ്ങള്‍ തന്നെയാണ് കാരണക്കാരന്‍"

             യുവതിയുടെ ആ ആരോപണം അയാളുടെ ചിന്തകളെ വീണ്ടും പിറകിലോട്ട് നയിച്ചു. ജോലി ചെയ്ത ഒഫീസുകളും, പഠിച്ച കലാലയവും, വിദ്യാലയങ്ങളും പിന്നിട്ട് ആ സഞ്ചാരം അയാളുടെ ഓര്‍മ്മയുടെ തുടക്കം വരെ നീണ്ടു...ഇല്ല...ഈ മുഖത്തിന്റെ നേര്‍ത്ത ഓര്‍മ്മ പോലും എവിടെയുമില്ല...

"എന്തസംബന്ധമാണ് നിങ്ങളീ പറയുന്നത്? ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ ഭാര്യയോടും മകനോടുമൊത്ത് ഒതുങ്ങിക്കൂടി ജീവിക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍. എനിക്ക് യാതൊരു പരിചയവുമില്ലാത്ത നിങ്ങളുടെ ഈ അവസ്ഥയ്ക്ക് ഞാന്‍ എങ്ങനെ കാരണക്കാരനായി?"

"നിങ്ങള്‍ അവസാനമെഴുതിയ നോവലിലെ കഥാപാത്രങ്ങളുടെ സൃഷ്ടിക്ക് നിങ്ങള്‍ ആധാരമാക്കിയത് എന്റെ ജീവിതമായിരുന്നു എന്ന് നമുക്ക് രണ്ടു പേര്‍ക്കും വളരെ നന്നായറിയാം. ഇവിടെയാണെങ്കില്‍ നമ്മള്‍ രണ്ടു പേരും മാത്രമേയുള്ളൂ. പിന്നെ ആരെ ബോധിപ്പിക്കുന്നതിനു വേണ്ടിയാണ് നിങ്ങളിങ്ങനെ പച്ചക്കള്ളം പറയുന്നത്?"

       പിന്നീട് കുറെ സമയത്തേക്ക് ഇരുവര്‍ക്കുമിടയിലെ സംഭാഷണത്തിന്റെ ജോലി മൗനം ഏറ്റെടുത്തു. എന്തു മറുപടി പറയണം എന്നറിയാതെ തരിച്ചിരിക്കുകയായിരുന്നു തപന്‍ ചാറ്റര്‍ജി. യുവതിയുടെ കാതുകളാവട്ടെ തപന്റെ വായില്‍ നിന്നുതിരാന്‍ പോകുന്ന വാക്കുകളുടെ ആഗമനവും പ്രതീക്ഷിച്ചുകൊണ്ടിരുന്നു.

"നിങ്ങള്‍ പറഞ്ഞതെല്ലാം സത്യമാണോ എന്ന് എനിക്കിപ്പോഴും അറിയില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് തികച്ചും യാദൃച്ഛികം മാത്രമാണ്. എന്റെ ഭാവനയില്‍ വികസിപ്പിച്ചെടുത്ത ഒരു കഥ മാത്രമാണ് ആ നോവലിലേത്."

"യാദൃച്ഛികം പോലും! നിങ്ങള്‍ കാരണം എന്റെ ജീവിതത്തിലുണ്ടായ ഒരിക്കലും നികത്താനാവാത്ത നഷ്ടങ്ങളെ എത്ര സമര്‍ത്ഥമായാണ് നിങ്ങള്‍ യാദൃച്ഛികം എന്ന വെറുമൊരു പദമാക്കി ചുരുക്കിയത്. മഹാ സൂത്രശാലിയാണ് നിങ്ങള്‍. ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണെന്നും. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തികളുമായി ഇതിലെ കഥാപത്രങ്ങള്‍ക്കു സാദൃശ്യമുണ്ടെങ്കില്‍ അതു തികച്ചും യാദൃച്ഛികം മാത്രമാണെന്നുമുള്ള വാചകങ്ങള്‍ നിങ്ങളുടെ നോവലിന്റെ അഞ്ചാം പേജില്‍ ഞാനും വായിച്ചതാണ്. ഞാനൊരു മാനനഷ്ടക്കേസ് ഫയല്‍ ചെയ്താല്‍ കോടതിയില്‍ വാദിച്ചു ജയിക്കാന്‍ ഒരു പക്ഷേ ആ വാചകങ്ങള്‍ നിങ്ങളെ സഹായിച്ചെന്നിരിക്കും. പക്ഷേ ദൈവത്തിന്റെ കോടതിയില്‍ നിങ്ങള്‍ കൊടും കുറ്റവാളി തന്നെയാണ്. നിങ്ങള്‍ വളരെ നിസ്സാരമായി പറഞ്ഞുവല്ലോ എല്ലാം യാദൃച്ഛികമാണെന്ന്. ആ നോവലില്‍ നിങ്ങളെഴുതിയിട്ടുള്ള മിക്കവാറും സംഭവങ്ങളും എന്റെ ജീവിതാനുഭവങ്ങള്‍ തന്നെയാണ്. എന്തിനധികം പറയുന്നു, അതിലെ പേരുകള്‍ പോലും എന്റെ ജീവിതത്തോട് ഏറെക്കുറെ സമാനമാണ്. പിന്നെയങ്ങനെ യാദൃച്ഛികം എന്ന പദത്തെ കൂട്ടുപിടിച്ച് നിങ്ങള്‍ക്ക് രക്ഷപ്പെടാനാവും? "

          തന്റെ വാദങ്ങളുടെ ശക്തി ക്ഷയിച്ചു വരുന്നതായും, യുവതിയുടെ ഓരോ മറുപടികളും തന്നെയൊരു മഹാപരാധിയായി മാറ്റുന്നതായും തപന്‍ തിരിച്ചറിഞ്ഞു. മറ്റു യാത്രക്കാരുടെയോ, ടി.ടി.ആറുടേയോ കാല്‍പ്പെരുമാറ്റത്തിനായി അയാള്‍ കാതോര്‍ത്തു. നാഴികയ്ക്ക് നാല്‍പ്പതു വട്ടം 'കോഫീ...ടീ...' വിളികളുമായി വരുന്ന റെയില്‍വേ കാന്റീന്‍ ജീവനക്കാരുടെ ശബ്ദം പോലും കേള്‍ക്കാനില്ല. തീവണ്ടിയിലിപ്പോള്‍ ആകെ രണ്ട് യാത്രക്കാര്‍ മാത്രമേ ഉള്ളൂ എന്നും, അത് തങ്ങളാണെന്നും അയാള്‍ക്ക് തോന്നി. ഒന്നു രണ്ടു തവണ തൂങ്ങിക്കിടക്കുന്ന അപായച്ചങ്ങലയിലേക്കും അയാളുടെ കണ്ണുകള്‍ പാഞ്ഞു.

"ഇത്രയൊക്കെ പറഞ്ഞിട്ടും എന്റെ നോവല്‍ എന്ത് പ്രശ്നമാണ് നിങ്ങളുടെ ജീവിതത്തിലുണ്ടാക്കിയത് എന്നു മാത്രം പറഞ്ഞില്ല."

"എന്റെ ജീവിതം കൊണ്ട് നോവലെഴുതിയ ആള്‍ക്ക് ആ നോവലല്‍ മൂലം എന്റെ ജീവിതത്തിലുണ്ടായ പ്രശ്നമെന്തെന്നറിയില്ലെന്ന പച്ചക്കള്ളം വിശ്വസിക്കാന്‍ മാത്രം വിഡ്ഢിയൊന്നുമല്ല ഞാന്‍. എനിക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ എന്റെ നാവില്‍ നിന്നു തന്നെ കേട്ട് സന്തോഷിക്കാനാഗ്രഹിക്കുന്ന നിങ്ങളിലെ സാഡിസ്റ്റാണ് നിങ്ങളെക്കൊണ്ട് ഈ ചോദ്യം ചോദിപ്പിച്ചത് എന്നെനിക്ക് വളരെ നന്നായറിയാം. എല്ലാം നഷ്ടപ്പെട്ട എനിക്ക് ഈ ചെറിയ കാര്യത്തിന് നിങ്ങളുടെ മുന്നില്‍ വിജയിക്കണം എന്ന് ആശ്ശേഷം ആഗ്രഹമില്ല. അതും ഞാന്‍ തന്നെ പറയാം. എന്റെ തോല്‍വിയും നിങ്ങളുടെ വിജയവും പൂര്‍ണമാവട്ടെ... നിങ്ങള്‍ ആ നോവലില്‍ കുറിച്ചത് എന്റെ ജീവിതമായിരുന്നെങ്കിലും പൈങ്കിളി വാരികകളേപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ളതും ഞാന്‍ വായിച്ചിട്ടുള്ളതില്‍ വെച്ച് തന്നെ ഏറ്റവും മോശം നോവലുമായിരുന്നു അത്. എങ്കിലും അതിലെ പതിനൊന്നാം അദ്ധ്യായം വരെ, അതായത് എന്റെ ഭര്‍ത്താവിന്റെ മരണം വരെയുള്ള കാര്യങ്ങളത്രയും അക്ഷരം പ്രതി സത്യമാണ്. അതെല്ലാം നിങ്ങള്‍ ലോകത്തെ അറിയിച്ചതില്‍ എനിക്ക് പരാതിയുമില്ല. കോളേജില്‍ പഠിക്കുമ്പോള്‍ സുബോധ് ഗുപ്തയുമായി പ്രണയത്തിലായിരുന്ന കാര്യം പെണ്ണുകാണാനെത്തിയ ബിശ്വജിത്തിനോട് ഞാന്‍ തുറന്നു പറഞ്ഞതാണ്. എന്നിട്ടും അദ്ദേഹം വിവാഹത്തിന് സമ്മതിച്ചു. മരണം വരെയും അക്കാര്യത്തെക്കുറിച്ച് ഒന്നു സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. പക്ഷേ നിങ്ങള്‍ എന്തെല്ലാം വൃത്തികേടുകളാണ് പന്ത്രണ്ട് മുതല്‍ പതിനഞ്ച് വരെയുള്ള അദ്ധ്യായങ്ങളില്‍ എഴുതിക്കൂട്ടിയത്? കാര്‍ഡിയാക്ക് അറസ്റ്റ് എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ അദ്ദേഹത്തിന്റെ മരണത്തെ ആ നശിച്ച നോവലില്‍ നിങ്ങളൊരു കൊലപാതകമാക്കി മാറ്റി. എന്നെയൊരു കൊലപാതകിയും. എന്തിനേറെ പറയുന്നു എനിക്ക് സുബോധിലുണ്ടായ മകളാണ് നന്ദിത എന്ന് വരെ നിങ്ങള്‍ എഴുതി. കോളേജ് വിദ്യാഭാസത്തിനു ശേഷം ഒരിക്കല്‍ പോലും ഞാന്‍ സുബോധിനെ കണ്ടിട്ടില്ല. എന്നിട്ടും നിങ്ങള്‍......"

           അത് കേട്ടപ്പോള്‍ തപന്‍ ശരിക്കും നടുങ്ങി. അയാള്‍ക്ക് തൊണ്ട വരളുന്നതായി തോന്നി. സീറ്റില്‍ കിടന്നിരുന്ന കാലിയായ വെള്ളക്കുപ്പി അയാളെ തന്റെ നിസ്സഹായത അറിയിച്ചു. വായു ശീതീകരണ യന്ത്രത്തെ അതിജീവിച്ച് അയാളുടെ തൊലിപ്പുറത്ത് വിയര്‍പ്പു കുമിളകള്‍ പ്രത്യക്ഷപ്പെട്ടു.

"സംഘമിത്ര"

            തപന്റെ കണ്ഠത്തില്‍ നിന്നും യാന്ത്രികമായാണ് ആ പേര് ഉയര്‍ന്നു വന്നത്. ഒരു മായികലോകത്ത് എത്തിപ്പെട്ട അവസ്ഥയിലായിരുന്നു  അപ്പോള്‍ അയാള്‍. തന്റെ ഭാവനയില്‍ പിറവിയെടുത്ത  നോവലിലെ നായികാ കഥാപാത്രമാണ് സംഘമിത്ര. അത് താനാണെന്ന അവകാശവാദമാണ് യുവതി ഉന്നയിച്ചുകൊണ്ടിരിക്കുന്നത് എന്ന സത്യം സ്വപ്നമല്ലെന്ന് സ്വയം ബോധ്യപ്പെടുത്താന്‍ ആയാള്‍ നന്നേ പാട് പെട്ടു.

"നോവലിന്റെ അവസാന ഭാഗത്തെഴുതിയതെല്ലാം യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണെന്ന് നിങ്ങള്‍ക്ക് എല്ലാവരോടും പറയാമായിരുന്നില്ലേ? "

                ഒരു വിധത്തില്‍ ആ വാചകം പറഞ്ഞൊപ്പിക്കുമ്പോള്‍ അയാളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു. വല്ലാത്തൊരു ഭീതിയോടെയാണ് അവളുടെ മുഖത്ത് നോക്കി അയാള്‍ ആ ചോദ്യം ചോദിച്ചത്.

"എല്ലാവരുടെയും മുന്നില്‍ എന്റെ നിരപരാധിത്വം തെളിയിക്കേണ്ട ആവശ്യമുള്ളതായി എനിക്ക് ഇന്നേ വരെ തോന്നിയിട്ടില്ല. പക്ഷേ സത്യമെന്താണെന്ന് എനിക്കെന്റെ മകളെ അറിയിക്കണമായിരുന്നു. എല്ലാം ഞാനവളോട് തുറന്നു പറയുകയും ചെയ്തതാണ്. വിവാഹം വരെയുള്ള നോവലിലെ കാര്യങ്ങള്‍ സത്യമാണോ എന്നാണ് വെറും പതിമൂന്നു വയസ്സുകാരിയായ മകള്‍ എന്നോട് ചോദിച്ചത്. അതെയെന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍, എങ്കില്‍ ബാക്കിയുള്ളവയും സത്യം തന്നെയാണെന്ന് അവള്‍ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. എന്റെ എല്ലാ വിശദീകരണങ്ങളും അതോടെ അവസാനിച്ചു. അവളെ സംബന്ധിച്ചിടത്തോളം ഇന്ന് ഞാനവളുടെ അമ്മയല്ല, കൊലപാതകിയാണ്‌. കാമുകന്റെ കൂടെ കഴിയാന്‍ വേണ്ടി ഭര്‍ത്താവിനെ കൊന്നവള്‍"

             യുവതിയുമായുള്ള വാക്ക് യുദ്ധത്തില്‍ താന്‍ പരാജയത്തോടടുക്കുകയാണെന്നും ഏതു സമയവും താനൊരു കുറ്റവാളിയായി മാറിയേക്കാമെന്നും അയാള്‍ കണക്കു കൂട്ടി. തന്നെ സംബന്ധിച്ചിടത്തോളം അത് മനപൂര്‍വ്വമല്ലാത്ത തെറ്റാണ്. എന്നാല്‍ അക്കാര്യം യുവതിയെ ബോധ്യപ്പെടുത്തുക എന്നത് തീര്‍ത്തും അസാധ്യമായ കാര്യവും. കുറ്റസമ്മതം എന്ന മാര്‍ഗ്ഗം മാത്രമാണ് ഇനി അവശേഷിക്കുന്നത് എന്നായാള്‍ ഉറപ്പിച്ചു. പക്ഷേ എഴുത്തുകാരനില്‍ നിന്നും ഒളിഞ്ഞുനോട്ടക്കാരനിലേക്കുള്ള തന്റെ പതനത്തിനായിരിക്കും കുറ്റസമ്മതം വഴി വയ്ക്കുക എന്ന ചിന്ത അയാള്‍ക്ക് വീണ്ടും പൊരുതാനുള്ള ശക്തി നല്‍കി...അവസാനമായി ഒരു ചോദ്യം കൂടി...ഒരേയൊരു ചോദ്യം...

"നിങ്ങള്‍ ഇത്രയധികം കാര്യങ്ങള്‍ പറഞ്ഞുവല്ലോ. ഇതെല്ലാം സത്യമാണെന്നതിന് എന്ത് തെളിവാണുള്ളത്...? എന്റെ ശത്രുക്കളാരെങ്കിലും പണം തന്ന് നിങ്ങളെ നാടകം കളിക്കാന്‍ വിട്ടതാണെങ്കിലോ...?"

             അത്രയും സമയത്തിനിടയില്‍ യുവതി ആദ്യമായൊന്നു മന്ദഹസിച്ചു. അപ്പോള്‍ അവളുടെ മുഖത്തൊരു വിജയീഭാവം നിഴലിച്ചിരുന്നു. സീറ്റിനടിയില്‍ നിന്നും നീളത്തിലുള്ള ഒരു ബാഗ് വലിച്ചെടുത്ത് അത് അയാളിരുന്നിരുന്ന സീറ്റില്‍ വെച്ച് സമീപത്തായി യുവതിയും ഇരുന്നു. ആ ബാഗ് സാവധാനം  തുറക്കപ്പെട്ടു.

 "കള്ളനേയും പോലീസിനേയും സൃഷ്ടിക്കുന്ന നിങ്ങളെഴുത്തുകാര്‍ക്ക് സത്യം നുണയാക്കാനും, നുണ സത്യമാക്കാനും നിഷ്‌പ്രയാസം കഴിയുമെന്നെനിക്കറിയാം. അതുകൊണ്ടു തന്നെ ഈ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചതുമാണ്. ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിയിക്കാന്‍ ആവശ്യമായതെല്ലാം ഇതിലുണ്ട്. ഐഡന്റിറ്റി കാര്‍ഡുകളുടെ കോപ്പികള്‍ മുതല്‍ എന്റെ മകളെ വിട്ടു കിട്ടാന്‍ വേണ്ടി ഭര്‍ത്താവിന്റെ വീട്ടുകാര്‍ കോടതിയില്‍ ഉന്നയിച്ചിരിക്കുന്ന കാരണങ്ങള്‍ വരെ."

             സ്റ്റേഷനുകള്‍ പലത് പിന്നിട്ട് തീവണ്ടിയും, അതോടൊപ്പം സമയവും മുന്നോട്ടു പാഞ്ഞു. ബാഗിനകത്തെ രഹസ്യ അറയില്‍ നിന്നും ഒരു റിവോള്‍വര്‍ പുറത്തേക്ക് നീളുന്നത് കണ്ടെങ്കിലും അയാള്‍ അനങ്ങിയില്ല. മനപൂര്‍വ്വമല്ലാത്ത തെറ്റിന് ലഭിക്കേണ്ട ആനുകൂല്യത്തെക്കുറിച്ചറിയാന്‍ ഒരു നിയമജ്ഞന്റെ സാന്നിധ്യം ഇടയ്ക്കെപ്പോഴോ ആഗ്രഹിച്ചുവെങ്കിലും ചില ഉറച്ച തീരുമാനങ്ങള്‍ അതില്‍ നിന്നെല്ലാം അയാളെ പിന്തിരിപ്പിച്ചു.

"നിങ്ങള്‍ക്കെന്നെ ശിക്ഷിക്കാം. ഏതു ശിക്ഷയും ഏറ്റു വാങ്ങാന്‍ ഞാന്‍ തയ്യാറാണ്. മരണമാണെങ്കില്‍ അതും."

            അതും പറഞ്ഞു കൊണ്ട് ആയാള്‍ യുവതിയുടെ കാല്‍ച്ചുവട്ടില്‍ കണ്ണുകളടച്ച് തല കുനിച്ചിരുന്നു.

"നിങ്ങളെന്നെ വീണ്ടും പരിഹസിക്കുകയാണ് തപന്‍. ഈ റിവോള്‍വര്‍ കൊണ്ട് എനിക്കെങ്ങനെ നിങ്ങളെ കൊല്ലാന്‍ കഴിയും? നിങ്ങളൊരു മനുഷ്യനായിരുന്നുവെങ്കില്‍ വെടിയേറ്റാല്‍ നിങ്ങള്‍ മരിക്കുമായിരുന്നു. പക്ഷേ നിങ്ങളൊരു ചെകുത്താനല്ലേ... അതുകൊണ്ടല്ലേ ഞാന്‍ മനസ്സില്‍ ചിന്തിച്ച കാര്യങ്ങള്‍ പോലും നിങ്ങളാ നോവലിലെഴുതിയത്? നിങ്ങളതിലെഴുതിയ വിവാഹാനന്തരമുള്ള എന്റെ കഥയും ഒരര്‍ത്ഥത്തില്‍ സത്യം തന്നെയാണല്ലോ. കിടപ്പറയില്‍ എനിക്ക് കാവല്‍ കിടന്നിരുന്ന അയാളുടെ മരണം ചിലപ്പോഴെങ്കിലും ഞാന്‍ ആശിച്ചിരുന്നില്ലേ...?! ജീവിച്ചത് ബിശ്വജിത്തിനോടൊപ്പമായിരുന്നുവെങ്കിലും ഞാന്‍ മനസ്സിലെന്നും ഭര്‍ത്താവായി കണ്ടിരുന്നത് സുബോധിനെയല്ലേ...?  മനസ്സുകൊണ്ട് എത്രയോ തവണ ഞാന്‍ സുബോധുമായി കിടപ്പറ പങ്കിട്ടിരിക്കുന്നു...എന്നെ സംബന്ധിച്ചിടത്തോളം അവള്‍ സുബോധിന്റെ മകള്‍ തന്നെയല്ലേ..?

            ഒരു വെടിയൊച്ച ആ തീവണ്ടി മുറിയെ പ്രകമ്പനം കൊള്ളിക്കുകയും ഒരലര്‍ച്ചയുടെ അകമ്പടിയോടെ ആത്മാവ് ശരീരം വിട്ടകലുകയും ചെയ്തു.

തുടര്‍ന്ന് വായിക്കുക...

Sunday, November 24, 2013

മോചനം

     അയാള്‍ ക്ലോക്കിലേക്ക്   നോക്കി. സമയം ഒമ്പത് മണിയോടടുക്കുന്നു. അയാളൊരു യാത്രക്കൊരുങ്ങുകയാണ്. കൂട്ടിനു ഭാര്യയും രണ്ടു മക്കളുമുണ്ട്. യാത്രയുടെ ലക്ഷ്യസ്ഥാനം
അയാള്‍ക്കറിയില്ല. പക്ഷെ ഒന്നറിയാം. ഈ യാത്ര അവസാനത്തേതാണ്. ഇതിനൊരു മടക്കമില്ല…!!! തൊട്ടപ്പുറത്ത് അയാളുടെ ഭാര്യ ഇരിപ്പുണ്ട്. അയാള്‍ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അവള്‍ ഒരു ഭാവഭേദവുമില്ലാതെ ഇരിക്കാന്‍ തുടങ്ങിയിട്ടു മണിക്കൂറുകളായി. ഇത്രയും കാലം ജീവിക്കാന്‍ ധൈര്യം തന്നത് അവളാണ്. എല്ലാം അവസാനിപ്പിക്കാനുള്ള തീരുമാനവും അവളുടേത്‌ തന്നെയായിരുന്നു. ഇല്ലെങ്കില്‍ തന്നെ ഇങ്ങനെയൊരു ജീവിതത്തില്‍ എന്തര്‍ത്ഥമാണുള്ളത്…?! കടം തിരിച്ചു കൊടുക്കാന്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ തങ്ങളെ വേണ്ടത്. ആ പട്ടികയില്‍ എത്ര പേരുണ്ടെന്ന് തന്നെ അയാള്‍ക്ക്‌ നിശ്ചയമില്ല.

            തൊട്ടപ്പുറത്തെ വീടുകളില്‍ നിന്നും സീരിയലുകളുടെ ബഹളം കേള്‍ക്കാം. സാങ്കല്‍പ്പികമായ ജീവിതം കണ്ടു കരയുന്ന കുറെ വിഡ്ഢികകള്‍. എന്തുകൊണ്ട് തന്റെ ജീവിതം ഒരു മെഗാസീരിയല്‍ ആക്കിക്കൂടാ എന്ന് അയാള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. അത് കണ്ടു പൊട്ടിക്കരയുന്ന വീട്ടമ്മമാരുടെ മുഖം അയാള്‍ മനസ്സില്‍ സങ്കല്‍പ്പിക്കാറുമുണ്ട്. സീരിയലുകളുടെ ബഹളം തീരുന്നതിനു മുമ്പ് എല്ലാം അവസാനിക്കണം. ആര്‍ക്കും ഒരു സംശയവും തോന്നാന്‍ പാടില്ല. നാളെ രാവിലെ ചേതനയറ്റ നാലു ദേഹങ്ങള്‍ കാണുമ്പോഴേ എല്ലാവരും അറിയാന്‍ പാടുള്ളൂ… അയാള്‍ സാവധാനം എഴുന്നേറ്റു. ഇനിയും എന്തിനാണീ കാത്തിരിപ്പ്….? ആദ്യം മക്കളുടെ ഊഴമാണ്. പിന്നീട് ഭാര്യയുടെ. എന്നിട്ട് സ്വയം മരണം വരിക്കണം. എല്ലാം അയാള്‍ തീരുമാനിച്ചിട്ടുണ്ട്. മക്കള്‍ ഉറങ്ങുകയാണ്.അവരെ ഉണര്‍ത്തി ഭക്ഷണം കൊടുക്കണം. ഒരുപാട് കാലത്തിനു ശേഷമാണ് അവര്‍ക്ക് ഇഷ്ടമുള്ള ആഹാരം ഉണ്ടാക്കുന്നത്. ഇനിയുണ്ടാക്കാന്‍ പറ്റില്ലല്ലോ. അയാള്‍ മക്കളെ ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിച്ചു. അവര്‍ക്കുള്ള അന്ത്യ അത്താഴം തയ്യാറായി കഴിഞ്ഞു.

         അത്രയും സമയം നിര്‍വ്വികാരയായി ഇരുന്നിരുന്ന ഭാര്യ ഒരു ഭ്രാന്തിയെപ്പോലെ മക്കളുടെ അടുത്തേക്കോടി. ഇരുവരെയും കെട്ടിപ്പിടിച്ച് അവരുടെ കവിളുകളില്‍ തുരുതുരെ ചുംബിച്ചു. യാതൊന്നുമറിയാതെ  തന്നെ നോക്കി പകച്ചു നില്‍ക്കുന്ന മക്കളെ കണ്ടപ്പോഴാണ് അവള്‍ക്ക് സ്ഥലകാലബോധം കൈവന്നത്. അമ്മക്കിളി കുഞ്ഞുങ്ങള്‍ക്ക്‌ തീറ്റ നല്‍കുന്ന പോലെ അവള്‍ മക്കള്‍ക്ക് ആഹാരം നല്‍കിത്തുടങ്ങി. അതില്‍ അവളുടെ കണ്ണീരിലെ ഉപ്പും കലര്‍ന്നിരുന്നു. മക്കളുടെ കൈ കഴുകിച്ച് അവള്‍ കിടക്കയില്‍ കൊണ്ട് പോയി കിടത്തി. ആ കുരുന്നു ശരീരങ്ങള്‍ പിടയുന്നത് കാണാന്‍ തനിക്കാവില്ലെന്ന ബോധ്യം അവള്‍ക്കുണ്ടായിരുന്നു. അവള്‍ അവിടെ നിന്നും തിരിച്ചു വന്നു. ഇനി തന്റെ ഊഴമാണെന്നവള്‍ക്കറിയാം. അവള്‍ തന്റെ ഭര്‍ത്താവിനെ നോക്കി അവസാനമായൊന്നു മന്ദഹസിക്കാന്‍ ശ്രമിച്ചു. ആ മന്ദഹാസം ഒരു ദീനരോദനമായി പരിണമിച്ചു.

          അയാള്‍ അവളോട്‌ മനസ്സുകൊണ്ട് യാത്ര പറഞ്ഞു. അവളും യാത്രയാവുകയാണ്. തന്റെ മനസ്സാം മരുഭൂമിയില്‍ കുളിര്‍മഴയായി പെയ്തിറങ്ങിയവള്‍….. തന്റെ നോക്കിലും നിശ്വാസത്തിലും അര്‍ത്ഥങ്ങള്‍ കണ്ടെത്തിയവള്‍…. തന്നെ സ്വപ്നം കാണാന്‍ പഠിപ്പിച്ചവള്‍…. ഒടുവില്‍
കണ്ടതെല്ലാം വെറും സ്വപ്‌നങ്ങള്‍ മാത്രമാണെന്നു ബോധ്യം വന്നപ്പോള്‍ അവസാനയാത്രയ്ക്കായി പ്രേരിപ്പിച്ചവള്‍… ഇനി തന്റെ ഊഴമാണ്. അതിനു മുമ്പ് എല്ലാവരും യാത്രയായി എന്ന് ഉറപ്പു വരുത്തണം. അയാളുടെ കണക്കുകൂട്ടലുകളില്‍ കരിനിഴല്‍ വീണത്‌ പെട്ടന്നായിരുന്നു. ആരൊക്കെയോ കതകില്‍ മുട്ടുന്ന ശബ്ദം.ചുറ്റിലും ആക്രോശങ്ങള്‍…. കതകു ചവിട്ടി തുറന്ന് ആരൊക്കെയോ അകത്തേക്ക് പ്രവേശിക്കുന്നു…. കൈകള്‍ ബന്ധിക്കപ്പെടുകയാണ്…. “കൊലപാതകി….ക്രൂരന്‍… ” ഒരുപാട് വിശേഷണങ്ങള്‍ അയാളുടെ കാതുകളില്‍ മുഴങ്ങി. നിമിഷങ്ങള്‍ കൊണ്ട് അയാള്‍ ഒരു കൊലയാളി ആയി മാറിയിരിക്കുന്നു. വീടിന്റെ മുറ്റം ജനസാഗരമായി മാറുകയാണ്. പോലീസ് ജീപ്പിന്റെയും ആംബുലന്‍സിന്റെയും ചൂളം വിളികള്‍. ഒരു  പരാജിതനെപ്പോലെ അയാള്‍ ചുറ്റിലും നോക്കി. ഇപ്പോള്‍ ചാനലുകളിലെ ബ്രേക്കിംഗ് ന്യൂസുകളില്‍ താനായിരിക്കും….. “ഭാര്യയെയും മക്കളെയും  നിഷ്ക്കരുണം വധിച്ചവന്‍ …. മനുഷ്യമൃഗം…” ഇതൊക്കെയായിരിക്കും തന്നെക്കുറിച്ചുള്ള വിശേഷണങ്ങള്‍ . പോലീസ് വിലങ്ങു  വെച്ച് കൊണ്ട് പോകുമ്പോള്‍ ആംബുലന്‍സിലേക്ക് കയറ്റുന്ന ചേതനയറ്റ ആ ശരീരങ്ങളെ അയാള്‍ നോക്കി. അവരെങ്കിലും രക്ഷപ്പെട്ടല്ലോ എന്ന ചിന്ത അയാള്‍ക്ക് കരുത്തേകി. അയാള്‍ ഊറിച്ചിരിച്ചു……

വോയ്സ്‌ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്.
തുടര്‍ന്ന് വായിക്കുക...