Friday, July 05, 2013

ഒരു ബ്ലോഗ്‌ ഉണ്ടാക്കിയ കഥ

          ഒരു ബ്ലോഗ് ഉണ്ടാക്കാന്‍ എത്ര സമയം വേണം...?

        കൂടിപ്പോയാല്‍ പത്തു മിനിറ്റ്. ഇനിയിപ്പോള്‍ ഒരു നല്ല ടെമ്പ്ലേറ്റ്  എല്ലാം ഡിസൈന്‍ ചെയ്ത് ഒരു കിടിലന്‍ ബ്ലോഗ് തുടങ്ങാനാണ് പരിപാടിയെങ്കില്‍ ഒരു മാസം വരെ എടുത്തേക്കാം. ഇതെല്ലാം ബ്ലോഗ് എന്തെന്നോ, ബ്ലോഗ്ഗര്‍ എന്തെന്നോ, വേഡ്പ്രസ്സ് എന്തെന്നോ എല്ലാം അറിയാവുന്നവരുടെ കാര്യം. എന്നാല്‍ ജീവിതത്തില്‍ ആകെ നമ്മുടെ ലാലേട്ടന്റെ ബ്ലോഗ് മാത്രം വായിച്ചിട്ടുള്ള ഒരാള്‍ ബ്ലോഗ് തുടങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ...?

      വേഡ്പ്രസ്സ് ആണ് പ്ലാറ്റ്‌ഫോം ആയി തിരഞ്ഞെടുത്തത്. മോശം പറയരുതല്ലോ ബ്ലോഗ് തുടങ്ങാന്‍ പറഞ്ഞ കൂട്ടുകാരെല്ലാം ആദ്യം ഭയങ്കര സപ്പോര്‍ട്ട് ആയിരുന്നു. ഹോ...എന്തൊക്കെ ആയിരുന്നു... ബ്ലോഗിലെ സൃഷ്ടികളെല്ലാം വായിക്കുന്നു... അഭിപ്രായം പറയുന്നു... ഉപദേശങ്ങള്‍ തരുന്നു... എനിക്കെന്താണീ ബുദ്ധി നേരത്തെ തോന്നാതിരുന്നത് എന്നു പല വട്ടം ചിന്തിച്ചെങ്കിലും 'എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്' എന്ന 'വിജയവാക്യത്തില്‍' ഞാന്‍ സമാധാനം കണ്ടെത്തി. ഇനി കാര്യത്തിലേക്ക് കടക്കാം. ഈ കഥയിലെ നായകന്‍ ഞാനും ഉപനായകന്‍ എന്റെ ബ്ലോഗും ആണ്. സുഹൃത്തുക്കള്‍ പലരും നിര്‍ബന്ധിച്ചപ്പോഴാണ് ഒന്നര വര്‍ഷം മുമ്പ് ഒരു ബ്ലോഗ് തുടങ്ങാന്‍ തീരുമാനിച്ചത്. സ്വതവേ മടിയനായ എന്നെക്കൊണ്ട് ഇത് വല്ലതും നടക്കുമോ എന്ന  ചിന്ത തുടക്കത്തിലേ ഉണ്ടായിരുന്നു. എന്തൊക്കെയായാലും രണ്ടും കല്‍പ്പിച്ച്  ''Sangeeth Writes'' എന്ന പേരില്‍ ഒരു ബ്ലോഗ് തുടങ്ങി.

      'പവനായി ശവമായത്' കുറച്ചു നാള്‍ കഴിഞ്ഞപ്പോഴാണ്. രണ്ടു മൂന്നു മാസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ എന്റെ ബ്ലോഗില്‍ ആളനക്കമില്ലാതായി. പ്രതാപകാലത്തിന്റെ ഓര്‍മ്മകളില്‍ ജീവിക്കുന്ന, നിലം പൊത്താറായ തറവാട്ടിലെ കാരണവരെ പോലെ ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി. അങ്ങനെയിരിക്കേയാണ് ദൈവദൂതനേപ്പോലെ എന്റെയൊരു കൂട്ടുകാരാന്‍ പ്രത്യക്ഷപ്പെട്ടത്. അവനോട് ഞാന്‍ എന്റെ 'ബ്ലോഗനുഭവം' വിവരിച്ചു.

           ''നിന്റെ ബ്ലോഗ് അഡ്രസ്സ് എന്താണെന്നാ പറഞ്ഞത്...?''

           ''Sangeeth Writes'' എങ്ങനെയുണ്ട്...? കിടിലനല്ലേ....?''

     ''എടാ പൊട്ടാ...മലയാളത്തിലെ 99% ബ്ലോഗുകളും ബ്ലോഗ്ഗര്‍ ആണ് പ്ലാറ്റ്‌ഫോം ആയി തിരഞ്ഞെടുക്കുന്നത്. നിനക്ക് അതില്‍ തുടങ്ങാമായിരുന്നുല്ലേ...? ബ്ലോഗിന്റെ അആഇഉ അറിയാത്തവനാ ബ്ലോഗ് എഴുതാന്‍ നടക്കുന്നത്''

      അതെനിക്കൊരു പുത്തനറിവായിരുന്നു. പിന്നീട് ഞാന്‍ പലരോടും അന്വേഷിച്ചു. ചില ബ്ലോഗെഴുത്തുകാരോടും വിവരങ്ങള്‍ തിരക്കി. എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. ''ബ്ലോഗ്ഗര്‍ ആണ് എല്ലാം കൊണ്ടും നല്ലത്. മറ്റു ബ്ലോഗുകളെ പിന്തുടരാനും, കമന്റിടാനും എല്ലാം അതാണ് നല്ലത്.

       വേഡ്പ്രസ്സില്‍ ബ്ലോഗ് തുടങ്ങാന്‍ ഉപദേശിച്ചതും വേറെ ഒരു കൂട്ടുകാരനായിരുന്നു. അവനെയങ്ങു തല്ലിക്കൊന്നു ജയിലില്‍ പോയാലോ എന്ന് വരെ ഞാന്‍ ചിന്തിച്ചു. അക്രമം ഒന്നിനും പരിഹാരമാല്ലല്ലോ :) സംയമനം പാലിക്കണം. പുതിയൊരു ബ്ലോഗ് തുടങ്ങണം. അങ്ങനെ വേഡ്പ്രസ്സുമൊത്തുള്ള ജീവിതം കേവലം നാല് മാസങ്ങള്‍ കൊണ്ട് ഞാന്‍ അവസാനിപ്പിച്ചു. തെല്ലു ദുഖത്തോടെയാണെങ്കിലും വേഡ്പ്രസ്സിനെ 'ലീഗലി ഡിവോഴ്‌സ്' ചെയ്ത് ബ്ലോഗ്ഗറിന്റെ കൂടെ ഒരു പുതുജീവിതം ആരംഭിച്ചു. ആദ്യം പേരിടല്‍ ചടങ്ങായിരുന്നു. പേരിന്റെ കാര്യത്തില്‍ എനിക്ക് ഒരേയൊരു നിര്‍ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളു. ആ പേരില്‍ വേറെ ബ്ലോഗ് ഒന്നും ഉണ്ടാവാന്‍ പാടില്ല. കുറച്ചു നാളത്തെ ആലോചനയ്‌ക്കൊടുവില്‍ 'അക്ഷരം' എന്ന പേര് തീരുമാനിച്ചു. അങ്ങനെ പുതിയ ബ്ലോഗ് തുടങ്ങിയ കാര്യം എല്ലാവരേയും അറിയിക്കാന്‍ തീരുമാനിച്ചു. പക്ഷെ അതിനു കുറച്ചു സമയം മുമ്പ് ഒരു ഉള്‍വിളിയുണ്ടായി. 'എന്നെ ബ്ലോഗ്ഗറില്‍ എത്തിച്ച കൂട്ടുകാരനോട് ഈ കാര്യം പറയണ്ടേ...? അതല്ലേ അതിന്റെയൊരു മര്യാദ...? ' മൊബൈല്‍ എടുത്ത് അവനെ വിളിച്ചു.

          ''നീ പറഞ്ഞ പോലെ ഞാന്‍ ബ്ലോഗ്ഗറില്‍ പുതിയ ബ്ലോഗ് തുടങ്ങി''

         ''നന്നായി...എന്താ ബ്ലോഗിന്റെ പേര്...?''

         '' 'അക്ഷരം'. എങ്ങനെയുണ്ട്...? പൊളിച്ചില്ലേ...? ''

         '' സംഗതി പൊളിച്ചു. പക്ഷെ ഈ പേരില്‍ പത്തു പതിനഞ്ചു ബ്ലോഗെങ്കിലും ഉണ്ടാവും.''

        ഫാനിന്റെ തണുത്ത കാറ്റിലും വിയര്‍ക്കുന്നത് ഞാന്‍ അറിഞ്ഞു. ഇടി വെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ :(

        '' തൂലിക എന്ന പേര് എങ്ങനെയുണ്ട്....?''
     
         ഞെട്ടലില്‍ നിന്നും മുക്തനായപ്പോള്‍ ഞാന്‍ ചോദിച്ചു.
     
        '' ആ പേരില്‍ അഞ്ചാറു ബ്ലോഗ് ഉണ്ടാവും''

        തോറ്റു പിന്മാറാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. സാഹിതി, സപര്യ, സര്‍ഗ്ഗം, സൃഷ്ടി, സമസ്യ, സ്മൃതി, ഉദിതി, നിനവ്, നിമിഷാന്തരം, മയൂഖം, നീരദം, താളിയോല, മലയാഴ്മ, ദളം, ചില്ല, വാതായനം, ജലകണം, തുടി, തുഹിനം, ദീപസ്തംഭം, നിനാദം, നിരുക്തം, മുകുളം, അപൂര്‍ണ്ണം, പുതുമഴ, നീഹാരം, മുകില്‍, രവം, സാരംഗം, ഹൃദന്തം, തുഷാരബിന്ദുക്കള്‍, വൈതരണി, വല്ലരി, ആര്‍ദ്രം, ഗ്രീഷ്മം, ശ്രാവണം..... അങ്ങനെ നൂറു കണക്കിനു പേരുകള്‍ എന്റെ ബ്ലോഗിനായി ഞാന്‍ കണ്ടെത്തി. നിര്‍ഭാഗ്യവശാല്‍ ആ പേരുകളിലെല്ലാം ബ്ലോഗുകള്‍ ഉണ്ടായിരുന്നു....തുടര്‍ന്ന് ഞാന്‍ നടത്തിയ വിശദമായ അന്വേഷണത്തില്‍ നിന്നും എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. മലയാളത്തിലെ ഒരുവിധം നല്ല വാക്കുകളെല്ലാം ബ്ലോഗിന്റെ പേരുകളായും url ആയും ഇതിനോടകം എടുത്തു കഴിഞ്ഞിരിക്കുന്നു. ഒന്നുകില്‍ ആരുമുപയോഗിക്കാത്ത പേര് എന്ന നിര്‍ബന്ധം ഞാന്‍ ഒഴിവാക്കണം. അതിനു ഞാന്‍ തയ്യാറായിരുന്നില്ല. ഇനി എന്റെ ബ്ലോഗിന് വേറെ എവിടെയും കാണാത്ത പേരിടണമെങ്കില്‍ ഞാനായിട്ട് വല്ല വാക്കും നിര്‍മ്മിക്കണം. അങ്ങനെയൊരു സാഹസത്തിനു മുതിരുന്നതിനേക്കാള്‍ '"Sangeeth Writes"' എന്ന പഴയ പേരുപയോഗിച്ച് ബ്ലോഗ് തുടങ്ങുകയാണ് നല്ലത് എന്ന തീരുമാനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. അപ്പോഴേക്കും മാസങ്ങള്‍ ഒരുപാട് പിന്നിട്ടിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഒരു ബ്ലോഗ് തുടങ്ങുന്നതിനു ഞാന്‍ എടുത്ത സമയം ഒന്നര വര്‍ഷമാണ്.

     എന്റെ ബ്ലോഗിനെക്കുറിച്ച് യാതൊരു വിധ അവകാശവാദങ്ങളും എനിക്കില്ല. കാക്കത്തൊള്ളായിരം ബ്ലോഗര്‍മാരും അതിലധികം ബ്ലോഗുകളുമുള്ള നമ്മുടെ കേരളത്തിലെ അറിയപ്പെടുന്ന ഒരു ബ്ലോഗര്‍ ആയി മാറണം എന്ന അത്യാഗ്രഹമൊന്നും എനിക്കില്ല. എന്റെ രചനകള്‍ എല്ലാവരുമായി പങ്കു വയ്ക്കാനും അതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ അറിയാനുമുള്ള ഒരു മാര്‍ഗ്ഗമായാണ് ഞാന്‍ ബ്ലോഗിനെ കാണുന്നത്. നിങ്ങള്‍ ഓരോരുത്തരുടെയും വിലയേറിയ അഭിപ്രായങ്ങളും ഉപദേശങ്ങളും പ്രതീക്ഷിക്കുന്നു.

-സസ്‌നേഹം സംഗീത്‌

12 comments:

 1. Replies
  1. വളരെയധികം നന്ദി :)

   Delete
 2. പേരിലല്ലല്ലോ കാര്യം സംഗീത് ....

  ReplyDelete
 3. കഷ്ടപ്പെട്ടിട്ടാണെങ്കിലും ഒടുവില്‍ ഒരു ബ്ലോഗ്‌ ഉണ്ടാക്കിയല്ലോ.

  ReplyDelete
  Replies
  1. അതോര്‍ത്താണ് ഇപ്പോഴത്തെ ആശ്വാസം :-)

   Delete
 4. ഇതിപ്പോഴാണ് വായിച്ചത്, കണ്ടില്ലേ ബ്ലോഗിന്റെ ഗുണം

  ReplyDelete
  Replies
  1. ബ്ലോഗിന്റെ ഗുണങ്ങള്‍ ആസ്വദിച്ചു തുടങ്ങിയപ്പോള്‍ തോന്നി ഈ ബുദ്ധി എനിക്ക് നേരത്തേ തോന്നിയില്ലല്ലോ എന്ന്... :-)

   Delete
 5. ബ്ളോഗ് തുടങ്ങിയ അനുഭവം സരസമായി വിവരിച്ചു !
  നന്നായിട്ടുണ്ട്.ആശംസകൾ.

  ReplyDelete
  Replies
  1. വളരെയധികം നന്ദി :)

   Delete