Monday, January 26, 2015

താത്ത!

 
              നീലം മുക്കി അലക്കിത്തേച്ച വെള്ള നിറമുള്ള പോളിയെസ്റ്റര്‍ മുണ്ടും ഷര്‍ട്ടും ധരിച്ചിരുന്ന, വെണ്‍ചാമരം പോലത്തെ മുടിയുള്ള, ചുണ്ടിലൊരു ഒരു ചെറു പുഞ്ചിരിയും കണ്ണിലൊരു കടലോളം ദുഃഖവും കാത്തു സൂക്ഷിച്ചിരുന്ന ആ കുറിയ മനുഷ്യനെ ഞങ്ങളെല്ലാം താത്തയെന്നാണ് വിളിച്ചിരുന്നത്. താത്ത കറുത്തിട്ടായിരുന്നു. കറുപ്പെന്നു വെച്ചാല്‍ എണ്ണക്കറുപ്പ്. താത്തയെന്ന വാക്കിന് തമിഴില്‍ മുത്തച്ഛനെന്നാണര്‍ത്ഥം. ഒരു പക്ഷേ മുരുകേശന്‍, പെരിയസാമി എന്നിങ്ങനെയുള്ള ദ്രാവിഡത്തനിമ തുളുമ്പി നില്‍ക്കുന്ന ഏതെങ്കിലുമൊരു പേരായിരുന്നിരിക്കാം അദ്ദേഹത്തിന്റേത്. പക്ഷേ ഞങ്ങളെല്ലാം വിളിക്കാനും അദ്ദേഹം കേള്‍ക്കാനും ഇഷ്ടപ്പെട്ടിരുന്നത് താത്തയെന്ന പേര് തന്നെയായിരുന്നു. ആ പേരുമായി അത്രയധികം ഇഴുകിച്ചേര്‍ന്നിരുന്നു ആ മനുഷ്യന്‍.

             കോയമ്പത്തൂരില്‍ ഞാന്‍ പഠിച്ചിരുന്ന കോളേജിലെ ഹോസ്റ്റല്‍ മനേജരായിരുന്നു താത്ത. എഴുപതിനോടടുത്ത പ്രായത്തിലും പതിനേഴുകാരന്റെ ഊര്‍ജ്ജ്വസ്വലത അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലും പ്രകടമായിരുന്നു. ദിവസേന ഹോസ്റ്റല്‍ വൃത്തിയാക്കുന്നതു മുതല്‍ ഞങ്ങള്‍ക്ക് മൂന്നു നേരവും ഭക്ഷണം തയ്യാറാക്കുന്നത് വരെയുള്ള ഒട്ടേറെ കാര്യങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് താത്തയാണ്. ചെയ്യുന്ന പ്രവൃത്തി, അതെന്തായാലും കൃത്യതയോടെയും കണിശതയോടെയും ചെയ്തു തീര്‍ത്തിരുന്നു അദ്ദേഹം. രാവിലെ നേരത്തെ എഴുന്നേറ്റു കഴിഞ്ഞാല്‍ പിന്നെ അടുക്കളയിലും, ഹോസ്റ്റല്‍ വരാന്തയിലും, കോളേജിലെ ഒഫീസിലുമെല്ലാം അദ്ദേഹത്തെ കാണാം. ഇടയ്ക്കിടെ ഭക്ഷണത്തിന്റെ സ്വാദിനെക്കുറിച്ചും, ഹോസ്റ്റലിലെ സൗകര്യങ്ങളെക്കുറിച്ചുമെല്ലാം അന്വേഷിക്കും. കുറ്റങ്ങളും കുറവുകളും തിരുത്തും. താത്ത അങ്ങനെ ആരോടും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല. ദേഷ്യപ്പെടുമായിരുന്നുവെങ്കില്‍ അത് പാതിമലയാളിയായ പാചകക്കാരന്‍ ചന്ദ്രേട്ടനോടായിരുന്നു. ചായയില്‍ മധുരം കൂടുകയോ സാമ്പാറില്‍ ഉപ്പ് കുറയുകയോ മറ്റോ ചെയ്‌താല്‍ താത്ത കണക്കിന് ശാസിക്കും. ചന്ദ്രേട്ടന്‍ ഒരു ഇളിഭ്യച്ചിരിയും പാസ്സാക്കി എല്ലാം കേട്ടു നില്‍ക്കും.

           വിരലിലെണ്ണാവുന്ന മലയാളികളേ ഹോസ്റ്റലില്‍ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളോട് ഒരു പ്രത്യേക ഇഷ്ടം താത്തയ്ക്കുണ്ടായിരുന്നു. തമിഴ്നാട്ടിലെ ഭക്ഷണശൈലിയോടുള്ള ഞങ്ങളുടെ ഇഷ്ടക്കേടിനെക്കുറിച്ച് താത്ത നല്ല പോലെ  ബോധവാനായിരുന്നു. തൈര്‍ സാദമാണ്‌ ബുധനാഴ്ചകളിലെ പ്രഭാത ഭക്ഷണം. ഞങ്ങള്‍ മലയാളികള്‍ക്കാണെങ്കില്‍ അത് കാണുന്നതേ ചതുര്‍ത്ഥിയാണ്. തൈര്‍ സാദത്തിനൊപ്പം കിട്ടുന്ന ഉഴുന്നുവടയിലാണ് പിന്നെയുള്ള പ്രതീക്ഷ. വെറുമൊരു ഉഴുന്നുവട കൊണ്ട് ഞങ്ങളുടെ വിശപ്പാറില്ലെന്നു നന്നായറിയാവുന്ന താത്ത തമിഴരെല്ലാം ഭക്ഷണം കഴിച്ച ശേഷം ഞങ്ങളോട് വരാന്‍ പറയും. ആരും കാണുന്നില്ലെന്നുറപ്പു വരുത്തി ഈരണ്ട് ഉഴുന്നുവടകള്‍ പ്ലേറ്റില്‍ വെച്ചു തരും. അമ്മ വെച്ചു വിളമ്പി തരുന്ന ഭക്ഷണം കഴിഞ്ഞാല്‍ ഒരു പക്ഷേ ജീവിതത്തില്‍ ഏറ്റവും രുചിയോടെ കഴിച്ച ആഹാരം അതായിരിക്കും.

       എഞ്ചിനീയറിംഗ് മാത്തമാറ്റിക്സ് അദ്ധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനും കൂടിയായ വിജയകുമാറിന് മാത്രമാണ് താത്തയോട് കുറച്ചെങ്കിലും നീരസം ഉണ്ടായിരുന്നത്. ഞങ്ങള്‍ക്കിടയില്‍ താത്തയ്ക്കുള്ള സ്വീകാര്യത, ഇംഗ്ലീഷ് ഭാഷയിലുള്ള താത്തയുടെ പ്രാവീണ്യം... ഇതെല്ലാമായിരുന്നു ആ നീരസത്തിനുള്ള പ്രധാന കാരണങ്ങള്‍. ഉണ്ണാനും ഉറങ്ങാനുമെല്ലാം ഒന്നിച്ച് നടന്നിരുന്ന ഞങ്ങള്‍ മലയാളികളേയും വാര്‍ഡന് കണ്ണെടുത്താല്‍ കണ്ടു കൂടായിരുന്നു. ഹോസ്റ്റലിലും കോളേജിലും മൊബൈല്‍ ഫോണ്‍ നിഷിദ്ധമാണ്. പിന്നെയുള്ള ആശ്രയം കോയിന്‍ ബോക്സ്‌ ഫോണുകളാണ്. അതിലാണെങ്കില്‍ തിരക്കൊഴിഞ്ഞ സമയവുമില്ല. വീട്ടുകാര്‍ക്ക് ഞങ്ങളുമായി സംസാരിക്കണമെന്നുണ്ടെങ്കില്‍ വാര്‍ഡന്റെ മുറിയിലുള്ള ലാന്റ് ഫോണിലേക്ക് വിളിക്കണം. അതിലും നല്ലത് വിളിക്കാതിരിക്കുകയാണെന്ന കാര്യം ഞങ്ങള്‍ക്കും വീട്ടുകാര്‍ക്കും ഒരുപോലെ അറിയാമായിരുന്നതുകൊണ്ട് വീട്ടുകാര്‍ പലപ്പോഴും ആശ്രയിച്ചിരുന്നത് താത്തയുടെ ഫോണിനെയാണ്. വീട്ടില്‍ നിന്നും ഫോണ്‍ വന്നാല്‍ താത്ത വാര്‍ഡന്‍ കാണാതെ അതുമെടുത്ത് ഞങ്ങളുടെ മുറിയിലെത്തും. ഇക്കാര്യം അറിഞ്ഞ ശേഷം വാര്‍ഡന്‍ താത്തയെ താക്കീത് ചെയ്തെങ്കിലും ഞങ്ങളോടുള്ള സ്നേഹത്തിനു മുന്നില്‍ ആ താക്കീത് വിലപ്പോയില്ല. ഞങ്ങള്‍ പഠിക്കുന്ന കോഴ്സുകളെക്കുറിച്ചും, ഞങ്ങളുടെ കുടുംബാംഗങ്ങളെക്കുറിച്ചു പോലും വ്യക്തമായ ധാരണ താത്തയ്ക്ക് ഉണ്ടായിരുന്നു. ചിലപ്പോള്‍ അടുത്തിരുത്തി ഉപദേശിക്കും...പഠനകാര്യങ്ങള്‍ അന്വേഷിക്കും...ഒരു മകനോടെന്ന പോലെ...പേരക്കുട്ടിയോടെന്ന പോലെ... 

        എനിക്ക് ഒരു വയസ്സ് തികയും മുമ്പ് അച്ഛച്ഛനും, ഏഴാം വയസ്സില്‍ അമ്മയുടെ അച്ഛനും എന്നെ വിട്ട് പിരിഞ്ഞതിനാല്‍ ആ പ്രായത്തിലുള്ള ആളുകളോട് അന്നും ഇന്നും ഒരിഷ്ടക്കൂടുതലുണ്ട്. സ്വാഭാവികമായും ആ ഇഷ്ടം താത്തയോടും ഉണ്ടായിരുന്നു. സംഭവബഹുലമായ ഒരു വര്‍ഷത്തെ ഹോസ്റ്റല്‍ ജീവിതത്തിനു ശേഷം കോളേജില്‍ നിന്നും ഏതാണ്ട് പത്ത് കിലോമീറ്റര്‍ അകലെയുള്ള ഒരിടത്ത് വീട് വാടകയ്ക്കെടുത്ത് ഞങ്ങള്‍ കുറച്ചു പേര്‍ താമസം തുടങ്ങി. ഹോസ്റ്റലിലേക്കുള്ള വരവ് തീര്‍ത്തും ഇല്ലാതായി. എങ്കിലും കാന്റീനിലോ, ഓഫീസ് റൂമിനു മുന്നിലെ വരാന്തയിലോ എവിടെയെങ്കിലുമൊക്കെ വെച്ച് താത്തയെ ഇടയ്ക്കൊക്കെ കാണുമായിരുന്നു. താത്ത സന്തോഷത്തോടെ അരികില്‍ വരും... കൈ പിടിക്കും... കവിളില്‍ തലോടും... ഉപദേശിക്കും... സുഖവിവരങ്ങള്‍ അന്വേഷിക്കും... പതിയെ നടന്നകലും...

       മാസങ്ങള്‍ പലത് പിന്നെയും പൊഴിഞ്ഞു വീണു. ഏതോ വിരസമായ ക്ലാസിന്റെ ഇടവേളയില്‍ ഒരു തമിഴന്‍ സുഹൃത്തുമായി സംസാരിച്ചിരിക്കുകയായിരുന്നു ഞാന്‍.

"നമ്മ താത്താവൈ പാത്ത് റൊമ്പ നാളാച്ച്.."

       ഞങ്ങളുടെ സംസാരം പ്രൊഫസര്‍ കാണാതിരിക്കാന്‍ വേണ്ടി തല താഴ്ത്തപ്പിടിച്ചുകൊണ്ട് ഞാന്‍ അവനോട് പറഞ്ഞു.

 "യേണ്ടാ...പൈത്യം പുടിച്ചിടിച്ചാ ഉനക്ക്?"

ആ ചോദ്യത്തിനുള്ള എന്റെ മറുപടിയെന്നവണ്ണം ഞാന്‍ അവനെ നോക്കി മിഴിച്ചിരുന്നു.

"താത്താ ഇരന്തു പോന വിഷയം തെരിയലിയാ ഉനക്ക്?"

          ഉള്ളൊന്നു പിടഞ്ഞു. ഞാന്‍ തല കുനിച്ചിരുന്നു. കവിളിലൂടെ അരിച്ചിറങ്ങാന്‍ വെമ്പി നിന്നിരുന്ന കണ്ണീര്‍ത്തുള്ളികളെ മറ്റാരും കാണാതെ തുടച്ചു മാറ്റാന്‍ നന്നേ പാടു പെട്ടു.

       ഒരു നാള്‍ എല്ലാവര്‍ക്കും പ്രഭാതഭക്ഷണം വിളമ്പി മുറിയില്‍ പോയി കിടന്ന താത്ത പിന്നീട് എണീറ്റില്ലത്രേ. ഈ കുറിപ്പ് എഴുതി തുടങ്ങുന്നതിനു മുമ്പ് താത്തയുടെ ഒരു ഫോട്ടോ കിട്ടുമോ എന്ന് ഞാന്‍ പല സുഹൃത്തുക്കളോടും അന്വേഷിച്ചിരുന്നു. ആരുടെ കയ്യിലുമില്ല. അല്ലെങ്കില്‍ തന്നെ ചില മനുഷ്യരെ ഓര്‍ക്കാന്‍ നമുക്ക് ഫോട്ടോയുടെ ആവശ്യമില്ല. ലോകത്തിലെ ഏറ്റവും മികച്ച ക്യാമറയില്‍ എടുത്തതിനേക്കാള്‍ ആയിരം ഇരട്ടി വ്യക്തതയോടെ അവരുടെ ചിത്രം നമ്മുടെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കും... മരണം വരെ...

27 comments:

 1. Thatha poyashesham, Hostel um Mess um ellam valare mosam aayi.. Students Food nannakan Samaram Vare nadathendi vannu..

  ReplyDelete
  Replies
  1. എന്നേക്കാൾ ഓർമ്മകൾ നിനക്കായിരിക്കും...

   Delete
 2. ജീവനുള്ള ഓര്‍മ്മകള്‍.. ജീവസ്സുറ്റ എഴുത്ത്..

  ReplyDelete
  Replies
  1. താങ്ക്സ് മനോജേട്ടാ...

   Delete
 3. സുമനസ്സുകളെ ദൈവം നരകിപ്പിക്കാതെ വിളിക്കും എന്ന് അച്ചമ്മ പറഞ്ഞത് ഈ താത്തയെ കുറിച്ചാകുമോ ??

  ReplyDelete
  Replies
  1. അങ്ങനെ ആവാനേ തരമുള്ളൂ...അത്രയ്ക്ക് നല്ല മനുഷ്യനായിരുന്നു അദ്ദേഹം...

   Delete
 4. ഈ ഓർമ്മകൾ താത്ത കാണാതിരിക്കില്ല... ഇതുപോലുള്ള താത്തമാരുടെ മനസ്സാണ് നമ്മുക്ക് ഇന്നു ആവശ്യവും

  ReplyDelete
  Replies
  1. അതെ... സുമനസ്സുകൾ ഉണ്ടാവട്ടെ...

   Delete
 5. ഒരു യാത്രാമൊഴിപോലും പറയാതെ കടന്നു പോവുന്നവർ

  ReplyDelete
  Replies
  1. പോയ ശേഷമായിരിക്കും അവരുടെ വേർപ്പാട് നമ്മളിൽ എത്ര വലിയ മുറിവുണ്ടാക്കി എന്ന് മനസ്സിലാവുക...

   Delete
 6. ഓര്‍ത്തിരിക്കുമ്പോള്‍ മനോമുകുരത്തില്‍ തെളിയുന്ന ചില രൂപങ്ങള്‍,ഓര്‍മ്മകള്‍;
  അത് നമ്മെ ചിന്തയുടെയും,തിരിച്ചറിവിന്‍റെയും പാതയിലേക്ക് കൊണ്ടുപോകുന്നു!
  സന്മനസ്സുള്ള വ്യക്തികളുടെ വേര്‍പാട്‌ മനസ്സിലൊരു വടുവായി,നൊമ്പരമായി നിലനില്‍ക്കുകതന്നെ ചെയ്യും...എനിക്കും അനുഭവമാണ്....ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി തങ്കപ്പൻ ചേട്ടാ...

   Delete
 7. ഒരിക്കലും മായാത്ത ഓർമ്മകൾ... :(

  ReplyDelete
  Replies
  1. ചില ഓർമ്മകൾ അങ്ങനെയാണ് മനസ്സിൽ മായാതെ നിൽക്കും. മരണം വരെയും...

   Delete
 8. ethra nalla ormakkuripp, enthu nalla vaakkukal

  ReplyDelete
 9. ആരേയും വേദനിപ്പിക്കാതെ....താത്ത.
  മനോഹരമായി എഴുതി.

  ReplyDelete
  Replies
  1. നന്ദി റാംജി സാർ...

   Delete
 10. രസമുള്ള എഴുത്ത്, നല്ല രുചി , ഗ്രാമീണസൗകുമാര്യം

  ReplyDelete
 11. അവസാന വരികള്‍ കണ്ണുകളെ നിറച്ചു കളഞ്ഞു....
  അദ്ദേഹത്തിന് വേദനിച്ചോ, മരണാസന്നനായോ ദീർഘനാള്‍ കിടക്കേണ്ടിവന്നില്ലല്ലോയെന്ന് സമാധാനിക്കാം.... ഓര്‍മകള്‍ ഇനിയും അക്ഷരങ്ങളായി വിടരട്ടെ..!!!

  ReplyDelete

 12. സംഗീതിന്റെ കഥ നന്നായിരുന്നു. അവസാന വരികൾ കണ്ണു നനയിച്ചു. ആശംസകൾ

  ReplyDelete
  Replies
  1. കഥയല്ല അനുഭവമാണ്...നന്ദി...

   Delete
 13. ishtam sangeeth.... marikkatha ormayAayirikkatte .....ennum

  ReplyDelete