Wednesday, March 26, 2014

തികച്ചും യാദൃച്ഛികം

            'ഗണദേവത'യുടെ അവസാന താളും പിന്നിട്ട് മുഖത്തെ കട്ടിക്കണ്ണട ഊരി മാറ്റുമ്പോള്‍ തപന്‍ ചാറ്റര്‍ജി ദീര്‍ഘമായൊന്നു നിശ്വസിച്ചു. താനെന്ന നോവലിസ്റ്റിനോടുള്ള അവജ്ഞയോ, താരാശങ്കര്‍ ബന്ദോപാധ്യായയോടുള്ള അസൂയയോ ആ നിശ്വാസവായുവില്‍ തളം കെട്ടി നിന്നിരുന്നു. ഇതുപോലൊരു നോവല്‍...എഴുതിത്തുടങ്ങിയപ്പോള്‍ മുതല്‍ക്കുള്ള സ്വപ്നമാണത്. പലരും പറഞ്ഞ കഥകള്‍ തന്നെ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞ് വെറുമൊരു നാലാം കിട എഴുത്തുകാരനായുള്ള ഈ ജീവിതം മടുത്തിരിക്കുന്നു. ദേവ്നാഥ് ഘോഷിനേയും ദുര്‍ഗ്ഗയേയും പോലെയുള്ള, വായനയ്ക്ക് ശേഷവും മനസ്സു വിട്ടകലാത്ത കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ കഴിവുള്ളവരായിരിക്കണം എഴുത്തുകാര്‍. ആശക്തവും അപൂര്‍ണ്ണവുമായ കുറേ കഥാപാത്രങ്ങളെ മാത്രം സൃഷ്ടിക്കാന്‍ സാധിച്ചിട്ടുള്ള തന്റെ ഭാവനയ്ക്ക് ഒരിക്കലും അതിനാവില്ലെന്ന ദുഃഖസത്യം ഇനിയെങ്കിലും ഉള്‍ക്കൊണ്ടേ മതിയാവൂ. പരിമിതികളും പരിധികളുമുള്ള തന്റെ ഭാവനാലോകത്തു നിന്നും തനിക്ക് ചുറ്റുമുള്ള അനന്തമായ ജീവിതക്കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലണം.

            വാരാണസിയില്‍ നിന്നും രാമേശ്വരത്തേക്കുള്ള തീവണ്ടി യാത്രയിലാണിപ്പോള്‍. അവിടെ നിന്നും ധനുഷ്കോടിയിലേക്ക്. കാശിദര്‍ശനത്തിന്റെ പൂര്‍ണ്ണത തേടിയുള്ള യാത്രയാണിതെങ്കിലും കാലങ്ങളായി മനസ്സില്‍ സൂക്ഷിക്കുന്ന ധനുഷ്കോടി യാത്രയെന്ന സ്വപ്നമാണ് സഫലമാവാന്‍ പോകുന്നത്. പുതിയ നോവലിനാവശ്യമായ കഥയും കഥാപാത്രങ്ങളുമെല്ലാം ഈ യാത്രയോടെ മനസ്സില്‍ ഉരുത്തിരിയുമെന്ന് അയാളിലെ കാളീഭക്തന്‍ ഉറച്ചു വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ യാത്ര പുറപ്പെട്ടതു മുതല്‍ അയാള്‍ കഥാപാത്രങ്ങളെ തേടുന്ന തിരക്കിലായിരുന്നു. ചുവന്ന കൊക്കും ബഹുവര്‍ണത്തൂവലുകളുമുള്ള പക്ഷികള്‍...അവയുടെ മാംസം കച്ചവടം ചെയ്ത് ജീവിക്കുന്ന ചെന്നായ്ക്കള്‍...വിശന്ന് വാവിട്ട് കരയുന്ന എല്ലുന്തിയ ആട്ടിന്‍കുട്ടികള്‍...അങ്ങനെ പല ജീവജാലങ്ങളെയും കണ്ടു. പക്ഷേ അവയ്ക്കെല്ലാം ഏതൊക്കെയോ എഴുത്തുകാരാല്‍ ഇതിനോടകം സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളുടെ ച്ഛായയിരുന്നു.

            തീവണ്ടിയുടെ ജാലകച്ചില്ല് തുളച്ച് അകത്തേക്ക് പ്രവേശിച്ച അസ്തമയസൂര്യന്റെ കിരണങ്ങള്‍ പലകുറി അയാളെ എത്തിനോക്കി കടന്നു പോയി. തീവണ്ടി ഇപ്പോള്‍ ചന്ദ്രപുര്‍ പിന്നിട്ടിട്ടുണ്ടാവും എന്നയാള്‍ കണക്കു കൂട്ടി. ഒരു ദിവസത്തോളമായി തുടരുന്ന തീവണ്ടിയാത്ര ഏല്‍പ്പിച്ച ക്ഷീണം ഉറക്കമായി അയാളിലേക്ക് പടര്‍ന്നു കയറി. കാറ്റു നിറയ്ക്കുന്ന തലയിണയില്‍ തല ചായ്ച്ച് ചെറുതായൊന്നു മയങ്ങിയതേ ഉള്ളൂ. അപ്പോഴേക്കും ട്രെയിന്‍ ബല്‍ഹര്‍ഷാ സ്റ്റേഷനിലേക്ക് പ്രവേശിക്കുകയും അവിടെ മുഴങ്ങിക്കേട്ട മറാത്തി ഭാഷയിലുള്ള അനൗണ്‍സ്മെന്റ് അയാളെ നിദ്രയില്‍ നിന്നും മോചിതനാക്കുകയും ചെയ്തു. ഒന്നു മൂരി നിവര്‍ന്നുകൊണ്ട് കണ്ണുകള്‍ തുറന്നപ്പോള്‍ കഷ്ടിച്ച് മുപ്പത്തിയഞ്ച് വയസ്സ് പ്രായം വരുന്ന ഒരു യുവതി തന്നെയും തുറിച്ചു നോക്കിക്കൊണ്ട് എതിര്‍സീറ്റിലിരിക്കുന്നതാണ് കണ്ടത്. നിറം മങ്ങിയതെങ്കിലും ഭംഗി നഷ്ടപ്പെടാത്ത ഒരു സല്‍വാറും കമ്മീസുമായിരുന്നു അവളുടെ വേഷം. ആയാള്‍ അവളെ നോക്കി പുഞ്ചിരിച്ചുവെങ്കിലും അവള്‍ അതിന് മറുപടി നല്‍കിയില്ലെന്ന് മാത്രമല്ല യാതൊരു ഭാവഭേദവുമില്ലാതെ ആ നോട്ടം തുടരുകയും ചെയ്തു. അവളുടെ ചുവന്നു തുടുത്ത കവിള്‍ത്തടങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീര്‍ച്ചാലുകളില്‍ അയാളൊരു കഥയുടെ തിരയിളക്കം കണ്ടു. അവളുടെ തീക്ഷ്ണമായ നോട്ടത്തില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന കടങ്കഥയുടെ ഉത്തരമാണ് തന്റെ പുതിയ നോവലിലേക്കുള്ള ദൂരം എന്നയാള്‍ കണക്കു കൂട്ടി. ഒരിക്കല്‍ക്കൂടി അയാള്‍ യുവതിയെ പാളി നോക്കി. അവളുടെ ദൃഷ്ടി ഇപ്പോഴും തന്റെ മുഖത്താണെന്ന യാഥാര്‍ത്ഥ്യം  അയാളില്‍ ചെറിയൊരമ്പരപ്പ് സൃഷ്ടിച്ചു. താനും യുവതിയും മാത്രമേ ആ തീവണ്ടിമുറിയില്‍ ഉള്ളൂ എന്ന സത്യം അമ്പരപ്പിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഒരു കുറ്റവാളിയെയെന്ന പോലെ യുവതി തന്നെ വീക്ഷിക്കുന്നതിനു പിന്നിലെ സാംഗത്യം മാത്രം എത്ര ചിന്തിച്ചിട്ടും അയാള്‍ക്ക് പിടികിട്ടിയില്ല. അയാള്‍ ഓര്‍മ്മകളുടെ ആഴക്കയത്തിലേക്ക് ഊളിയിട്ടു. എവിടെയും ഈ മുഖം കണ്ടിട്ടില്ല, തീര്‍ച്ച. ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങള്‍ അയാളുടെ ചിന്താമണ്ഡലത്തില്‍ പിറവി കൊള്ളുകയും അവ ക്ഷണനേരം കൊണ്ട് പെറ്റു പെരുകുകയും ചെയ്തു. ഒടുവില്‍ ഇരുവര്‍ക്കുമിടയില്‍ തളം കെട്ടി നിന്നിരുന്ന മൗനത്തിന്റെ കുരുക്കഴിക്കാന്‍ തന്നെ തപന്‍ ചാറ്റര്‍ജി തീരുമാനിച്ചു.

"എങ്ങോട്ടാണ് യാത്ര...?"

          അവളൊരു ബംഗാളിയായിരിക്കും എന്ന ധാരണയില്‍ അയാളുടെ ചോദ്യവും ബംഗാളി ഭാഷയിലായിരുന്നു.

"ഒരാളെ യാത്രയാക്കാന്‍"

        യുവതി അയാളുടെ ധാരണ തെറ്റിച്ചില്ല എന്നു മാത്രമല്ല, ഈ ചോദ്യം താന്‍ പ്രതീക്ഷിച്ചതാണെന്ന മട്ടില്‍ വളരെ പെട്ടന്നായിരുന്നു അവളുടെ മറുപടി. ആ മറുപടിക്ക് ശേഷം 'ഈ ലോകത്ത് നിന്നു തന്നെ യാത്രയാക്കാന്‍' എന്ന് യുവതി മന്ത്രിച്ചുവെങ്കിലും തപന്റെ കാത് വരെ സഞ്ചരിക്കാനുള്ള ശേഷി ആ ശബ്ദത്തിനുണ്ടായിരുന്നില്ല. ആയാള്‍ ആ സംഭാഷണം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണം എന്ന് നിനച്ചിരിക്കേ പെട്ടന്ന് യുവതി ഇരുകരങ്ങള്‍ കൊണ്ടും തന്റെ മുഖം പൊത്തിപ്പിടിച്ച് വിതുമ്പി.

"എന്തെങ്കിലും പ്രശ്നമുണ്ടോ മാഡം...?"

മനസ്സിലെ അമ്പരപ്പ്  മുഖത്ത് കാണിക്കാതെ അയാള്‍ ചോദിച്ചു.

"എന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും നിങ്ങള്‍ തന്നെയല്ലേ കാരണം...? എന്നിട്ടിപ്പോള്‍..."

           അപ്രതീക്ഷിതമായ ആ മറുചോദ്യത്തില്‍ അയാള്‍ വല്ലാതെ നടുങ്ങുകയും, ആ നടുക്കത്തില്‍ നിന്ന്  മോചിതനാകാനും, അത് മുഖത്ത് പ്രതിഫലിക്കാതിരിക്കാനും വളരെയേറെ പാടുപെടുകയും ചെയ്തു.

"നിങ്ങളെന്താണീ പറയുന്നത്? എനിക്കൊന്നും മനസിലാവുന്നില്ല."

"മിസ്റ്റര്‍ തപന്‍ ചാറ്റര്‍ജി, നിങ്ങള്‍ക്കെന്താണ് മനസ്സിലാവാത്തത്?"

"ഹൗ ഡു യൂ നോ മൈ നെയിം?"

"ഇനിയും നിങ്ങള്‍ വെറുതെ അഭിനയിക്കരുത്. അതും എന്റെ മുന്നില്‍."

"ഞാന്‍ എന്തിനഭിനയിക്കണം? നിങ്ങള്‍ ആരാണെന്നോ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നോ എനിക്കറിഞ്ഞുകൂടാ."

"ഓഹോ! അപ്പോള്‍ നിങ്ങള്‍ക്ക് യാതൊന്നും അറിയില്ലെന്നാണോ പറഞ്ഞു വരുന്നത്? എന്നെക്കുറിച്ച് എന്നേക്കാളേറെ അറിയാവുന്ന ആളല്ലേ നിങ്ങള്‍?"

"വാട്ട്‌ നോണ്‍സണ്‍സ് ആര്‍ യു ടോക്കിംഗ്? ഒന്നുകില്‍ നിങ്ങള്‍ക്ക് ആളു മാറിയതായിരിക്കും. അല്ലെങ്കില്‍ നിങ്ങള്‍ക്ക് മാനസികമായ എന്തോ തകരാറുണ്ട്. ലെറ്റ്‌ അസ് സ്റ്റോപ്പ്‌ ദിസ്‌ റബ്ബിഷ് ടോക്ക് ഹിയര്‍"

"മിസ്റ്റര്‍ തപന്‍, ഈവന്‍ ദോ യു ആര്‍ എ വെരി ബാഡ് റൈറ്റര്‍, യു ആര്‍ ആന്‍ എക്സലന്റ് ആക്ടര്‍. എത്ര മനോഹരമായിട്ടാണ് നിങ്ങള്‍ അഭിനയിക്കുന്നത്. പിന്നെ മാനസിക വിഭ്രാന്തിയുടെ കാര്യം. ഭാവിയില്‍ അതുണ്ടാവാനുള്ള എല്ലാ സാഹചര്യങ്ങളും നിങ്ങളായിട്ട് തന്നെ ഒരുക്കിയിട്ടുണ്ടല്ലോ. എന്തായാലും ഇപ്പോള്‍ എനിക്ക് മാനസികമായി യാതൊരു തകരാറുമില്ല."

"നിങ്ങള്‍ പറഞ്ഞതില്‍ രണ്ട് കാര്യങ്ങള്‍ സത്യം തന്നെയാണ്. എന്റെ പേര് തപന്‍ ചാറ്റര്‍ജി എന്നു തന്നെയാണ്. ഞാനൊരെഴുത്തുകാരനുമാണ്. പക്ഷേ ബാക്കിയുള്ള കാര്യങ്ങളുമായൊന്നും എനിക്ക് യാതൊരു ബന്ധവുമില്ല."

"ഹാവൂ! ഒടുവില്‍ അത്രയെങ്കിലും സമ്മതിച്ചുവല്ലോ...എഴുത്തുകാരനായ തപന്‍ ചാറ്റര്‍ജി നിങ്ങളാണെങ്കില്‍ എന്റെ ബന്ധുക്കള്‍ മുഴുവന്‍ എന്നെ ഉപേക്ഷിച്ചതിനും, ഞാനിന്ന് നടുത്തെരുവില്‍ നില്‍ക്കേണ്ടി വന്നതിനും നിങ്ങള്‍ തന്നെയാണ് കാരണക്കാരന്‍"

             യുവതിയുടെ ആ ആരോപണം അയാളുടെ ചിന്തകളെ വീണ്ടും പിറകിലോട്ട് നയിച്ചു. ജോലി ചെയ്ത ഒഫീസുകളും, പഠിച്ച കലാലയവും, വിദ്യാലയങ്ങളും പിന്നിട്ട് ആ സഞ്ചാരം അയാളുടെ ഓര്‍മ്മയുടെ തുടക്കം വരെ നീണ്ടു...ഇല്ല...ഈ മുഖത്തിന്റെ നേര്‍ത്ത ഓര്‍മ്മ പോലും എവിടെയുമില്ല...

"എന്തസംബന്ധമാണ് നിങ്ങളീ പറയുന്നത്? ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ ഭാര്യയോടും മകനോടുമൊത്ത് ഒതുങ്ങിക്കൂടി ജീവിക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍. എനിക്ക് യാതൊരു പരിചയവുമില്ലാത്ത നിങ്ങളുടെ ഈ അവസ്ഥയ്ക്ക് ഞാന്‍ എങ്ങനെ കാരണക്കാരനായി?"

"നിങ്ങള്‍ അവസാനമെഴുതിയ നോവലിലെ കഥാപാത്രങ്ങളുടെ സൃഷ്ടിക്ക് നിങ്ങള്‍ ആധാരമാക്കിയത് എന്റെ ജീവിതമായിരുന്നു എന്ന് നമുക്ക് രണ്ടു പേര്‍ക്കും വളരെ നന്നായറിയാം. ഇവിടെയാണെങ്കില്‍ നമ്മള്‍ രണ്ടു പേരും മാത്രമേയുള്ളൂ. പിന്നെ ആരെ ബോധിപ്പിക്കുന്നതിനു വേണ്ടിയാണ് നിങ്ങളിങ്ങനെ പച്ചക്കള്ളം പറയുന്നത്?"

       പിന്നീട് കുറെ സമയത്തേക്ക് ഇരുവര്‍ക്കുമിടയിലെ സംഭാഷണത്തിന്റെ ജോലി മൗനം ഏറ്റെടുത്തു. എന്തു മറുപടി പറയണം എന്നറിയാതെ തരിച്ചിരിക്കുകയായിരുന്നു തപന്‍ ചാറ്റര്‍ജി. യുവതിയുടെ കാതുകളാവട്ടെ തപന്റെ വായില്‍ നിന്നുതിരാന്‍ പോകുന്ന വാക്കുകളുടെ ആഗമനവും പ്രതീക്ഷിച്ചുകൊണ്ടിരുന്നു.

"നിങ്ങള്‍ പറഞ്ഞതെല്ലാം സത്യമാണോ എന്ന് എനിക്കിപ്പോഴും അറിയില്ല. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് തികച്ചും യാദൃച്ഛികം മാത്രമാണ്. എന്റെ ഭാവനയില്‍ വികസിപ്പിച്ചെടുത്ത ഒരു കഥ മാത്രമാണ് ആ നോവലിലേത്."

"യാദൃച്ഛികം പോലും! നിങ്ങള്‍ കാരണം എന്റെ ജീവിതത്തിലുണ്ടായ ഒരിക്കലും നികത്താനാവാത്ത നഷ്ടങ്ങളെ എത്ര സമര്‍ത്ഥമായാണ് നിങ്ങള്‍ യാദൃച്ഛികം എന്ന വെറുമൊരു പദമാക്കി ചുരുക്കിയത്. മഹാ സൂത്രശാലിയാണ് നിങ്ങള്‍. ഈ കഥയും ഇതിലെ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രമാണെന്നും. ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തികളുമായി ഇതിലെ കഥാപത്രങ്ങള്‍ക്കു സാദൃശ്യമുണ്ടെങ്കില്‍ അതു തികച്ചും യാദൃച്ഛികം മാത്രമാണെന്നുമുള്ള വാചകങ്ങള്‍ നിങ്ങളുടെ നോവലിന്റെ അഞ്ചാം പേജില്‍ ഞാനും വായിച്ചതാണ്. ഞാനൊരു മാനനഷ്ടക്കേസ് ഫയല്‍ ചെയ്താല്‍ കോടതിയില്‍ വാദിച്ചു ജയിക്കാന്‍ ഒരു പക്ഷേ ആ വാചകങ്ങള്‍ നിങ്ങളെ സഹായിച്ചെന്നിരിക്കും. പക്ഷേ ദൈവത്തിന്റെ കോടതിയില്‍ നിങ്ങള്‍ കൊടും കുറ്റവാളി തന്നെയാണ്. നിങ്ങള്‍ വളരെ നിസ്സാരമായി പറഞ്ഞുവല്ലോ എല്ലാം യാദൃച്ഛികമാണെന്ന്. ആ നോവലില്‍ നിങ്ങളെഴുതിയിട്ടുള്ള മിക്കവാറും സംഭവങ്ങളും എന്റെ ജീവിതാനുഭവങ്ങള്‍ തന്നെയാണ്. എന്തിനധികം പറയുന്നു, അതിലെ പേരുകള്‍ പോലും എന്റെ ജീവിതത്തോട് ഏറെക്കുറെ സമാനമാണ്. പിന്നെയങ്ങനെ യാദൃച്ഛികം എന്ന പദത്തെ കൂട്ടുപിടിച്ച് നിങ്ങള്‍ക്ക് രക്ഷപ്പെടാനാവും? "

          തന്റെ വാദങ്ങളുടെ ശക്തി ക്ഷയിച്ചു വരുന്നതായും, യുവതിയുടെ ഓരോ മറുപടികളും തന്നെയൊരു മഹാപരാധിയായി മാറ്റുന്നതായും തപന്‍ തിരിച്ചറിഞ്ഞു. മറ്റു യാത്രക്കാരുടെയോ, ടി.ടി.ആറുടേയോ കാല്‍പ്പെരുമാറ്റത്തിനായി അയാള്‍ കാതോര്‍ത്തു. നാഴികയ്ക്ക് നാല്‍പ്പതു വട്ടം 'കോഫീ...ടീ...' വിളികളുമായി വരുന്ന റെയില്‍വേ കാന്റീന്‍ ജീവനക്കാരുടെ ശബ്ദം പോലും കേള്‍ക്കാനില്ല. തീവണ്ടിയിലിപ്പോള്‍ ആകെ രണ്ട് യാത്രക്കാര്‍ മാത്രമേ ഉള്ളൂ എന്നും, അത് തങ്ങളാണെന്നും അയാള്‍ക്ക് തോന്നി. ഒന്നു രണ്ടു തവണ തൂങ്ങിക്കിടക്കുന്ന അപായച്ചങ്ങലയിലേക്കും അയാളുടെ കണ്ണുകള്‍ പാഞ്ഞു.

"ഇത്രയൊക്കെ പറഞ്ഞിട്ടും എന്റെ നോവല്‍ എന്ത് പ്രശ്നമാണ് നിങ്ങളുടെ ജീവിതത്തിലുണ്ടാക്കിയത് എന്നു മാത്രം പറഞ്ഞില്ല."

"എന്റെ ജീവിതം കൊണ്ട് നോവലെഴുതിയ ആള്‍ക്ക് ആ നോവലല്‍ മൂലം എന്റെ ജീവിതത്തിലുണ്ടായ പ്രശ്നമെന്തെന്നറിയില്ലെന്ന പച്ചക്കള്ളം വിശ്വസിക്കാന്‍ മാത്രം വിഡ്ഢിയൊന്നുമല്ല ഞാന്‍. എനിക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ എന്റെ നാവില്‍ നിന്നു തന്നെ കേട്ട് സന്തോഷിക്കാനാഗ്രഹിക്കുന്ന നിങ്ങളിലെ സാഡിസ്റ്റാണ് നിങ്ങളെക്കൊണ്ട് ഈ ചോദ്യം ചോദിപ്പിച്ചത് എന്നെനിക്ക് വളരെ നന്നായറിയാം. എല്ലാം നഷ്ടപ്പെട്ട എനിക്ക് ഈ ചെറിയ കാര്യത്തിന് നിങ്ങളുടെ മുന്നില്‍ വിജയിക്കണം എന്ന് ആശ്ശേഷം ആഗ്രഹമില്ല. അതും ഞാന്‍ തന്നെ പറയാം. എന്റെ തോല്‍വിയും നിങ്ങളുടെ വിജയവും പൂര്‍ണമാവട്ടെ... നിങ്ങള്‍ ആ നോവലില്‍ കുറിച്ചത് എന്റെ ജീവിതമായിരുന്നെങ്കിലും പൈങ്കിളി വാരികകളേപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ളതും ഞാന്‍ വായിച്ചിട്ടുള്ളതില്‍ വെച്ച് തന്നെ ഏറ്റവും മോശം നോവലുമായിരുന്നു അത്. എങ്കിലും അതിലെ പതിനൊന്നാം അദ്ധ്യായം വരെ, അതായത് എന്റെ ഭര്‍ത്താവിന്റെ മരണം വരെയുള്ള കാര്യങ്ങളത്രയും അക്ഷരം പ്രതി സത്യമാണ്. അതെല്ലാം നിങ്ങള്‍ ലോകത്തെ അറിയിച്ചതില്‍ എനിക്ക് പരാതിയുമില്ല. കോളേജില്‍ പഠിക്കുമ്പോള്‍ സുബോധ് ഗുപ്തയുമായി പ്രണയത്തിലായിരുന്ന കാര്യം പെണ്ണുകാണാനെത്തിയ ബിശ്വജിത്തിനോട് ഞാന്‍ തുറന്നു പറഞ്ഞതാണ്. എന്നിട്ടും അദ്ദേഹം വിവാഹത്തിന് സമ്മതിച്ചു. മരണം വരെയും അക്കാര്യത്തെക്കുറിച്ച് ഒന്നു സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. പക്ഷേ നിങ്ങള്‍ എന്തെല്ലാം വൃത്തികേടുകളാണ് പന്ത്രണ്ട് മുതല്‍ പതിനഞ്ച് വരെയുള്ള അദ്ധ്യായങ്ങളില്‍ എഴുതിക്കൂട്ടിയത്? കാര്‍ഡിയാക്ക് അറസ്റ്റ് എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ അദ്ദേഹത്തിന്റെ മരണത്തെ ആ നശിച്ച നോവലില്‍ നിങ്ങളൊരു കൊലപാതകമാക്കി മാറ്റി. എന്നെയൊരു കൊലപാതകിയും. എന്തിനേറെ പറയുന്നു എനിക്ക് സുബോധിലുണ്ടായ മകളാണ് നന്ദിത എന്ന് വരെ നിങ്ങള്‍ എഴുതി. കോളേജ് വിദ്യാഭാസത്തിനു ശേഷം ഒരിക്കല്‍ പോലും ഞാന്‍ സുബോധിനെ കണ്ടിട്ടില്ല. എന്നിട്ടും നിങ്ങള്‍......"

           അത് കേട്ടപ്പോള്‍ തപന്‍ ശരിക്കും നടുങ്ങി. അയാള്‍ക്ക് തൊണ്ട വരളുന്നതായി തോന്നി. സീറ്റില്‍ കിടന്നിരുന്ന കാലിയായ വെള്ളക്കുപ്പി അയാളെ തന്റെ നിസ്സഹായത അറിയിച്ചു. വായു ശീതീകരണ യന്ത്രത്തെ അതിജീവിച്ച് അയാളുടെ തൊലിപ്പുറത്ത് വിയര്‍പ്പു കുമിളകള്‍ പ്രത്യക്ഷപ്പെട്ടു.

"സംഘമിത്ര"

            തപന്റെ കണ്ഠത്തില്‍ നിന്നും യാന്ത്രികമായാണ് ആ പേര് ഉയര്‍ന്നു വന്നത്. ഒരു മായികലോകത്ത് എത്തിപ്പെട്ട അവസ്ഥയിലായിരുന്നു  അപ്പോള്‍ അയാള്‍. തന്റെ ഭാവനയില്‍ പിറവിയെടുത്ത  നോവലിലെ നായികാ കഥാപാത്രമാണ് സംഘമിത്ര. അത് താനാണെന്ന അവകാശവാദമാണ് യുവതി ഉന്നയിച്ചുകൊണ്ടിരിക്കുന്നത് എന്ന സത്യം സ്വപ്നമല്ലെന്ന് സ്വയം ബോധ്യപ്പെടുത്താന്‍ ആയാള്‍ നന്നേ പാട് പെട്ടു.

"നോവലിന്റെ അവസാന ഭാഗത്തെഴുതിയതെല്ലാം യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണെന്ന് നിങ്ങള്‍ക്ക് എല്ലാവരോടും പറയാമായിരുന്നില്ലേ? "

                ഒരു വിധത്തില്‍ ആ വാചകം പറഞ്ഞൊപ്പിക്കുമ്പോള്‍ അയാളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു. വല്ലാത്തൊരു ഭീതിയോടെയാണ് അവളുടെ മുഖത്ത് നോക്കി അയാള്‍ ആ ചോദ്യം ചോദിച്ചത്.

"എല്ലാവരുടെയും മുന്നില്‍ എന്റെ നിരപരാധിത്വം തെളിയിക്കേണ്ട ആവശ്യമുള്ളതായി എനിക്ക് ഇന്നേ വരെ തോന്നിയിട്ടില്ല. പക്ഷേ സത്യമെന്താണെന്ന് എനിക്കെന്റെ മകളെ അറിയിക്കണമായിരുന്നു. എല്ലാം ഞാനവളോട് തുറന്നു പറയുകയും ചെയ്തതാണ്. വിവാഹം വരെയുള്ള നോവലിലെ കാര്യങ്ങള്‍ സത്യമാണോ എന്നാണ് വെറും പതിമൂന്നു വയസ്സുകാരിയായ മകള്‍ എന്നോട് ചോദിച്ചത്. അതെയെന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍, എങ്കില്‍ ബാക്കിയുള്ളവയും സത്യം തന്നെയാണെന്ന് അവള്‍ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. എന്റെ എല്ലാ വിശദീകരണങ്ങളും അതോടെ അവസാനിച്ചു. അവളെ സംബന്ധിച്ചിടത്തോളം ഇന്ന് ഞാനവളുടെ അമ്മയല്ല, കൊലപാതകിയാണ്‌. കാമുകന്റെ കൂടെ കഴിയാന്‍ വേണ്ടി ഭര്‍ത്താവിനെ കൊന്നവള്‍"

             യുവതിയുമായുള്ള വാക്ക് യുദ്ധത്തില്‍ താന്‍ പരാജയത്തോടടുക്കുകയാണെന്നും ഏതു സമയവും താനൊരു കുറ്റവാളിയായി മാറിയേക്കാമെന്നും അയാള്‍ കണക്കു കൂട്ടി. തന്നെ സംബന്ധിച്ചിടത്തോളം അത് മനപൂര്‍വ്വമല്ലാത്ത തെറ്റാണ്. എന്നാല്‍ അക്കാര്യം യുവതിയെ ബോധ്യപ്പെടുത്തുക എന്നത് തീര്‍ത്തും അസാധ്യമായ കാര്യവും. കുറ്റസമ്മതം എന്ന മാര്‍ഗ്ഗം മാത്രമാണ് ഇനി അവശേഷിക്കുന്നത് എന്നായാള്‍ ഉറപ്പിച്ചു. പക്ഷേ എഴുത്തുകാരനില്‍ നിന്നും ഒളിഞ്ഞുനോട്ടക്കാരനിലേക്കുള്ള തന്റെ പതനത്തിനായിരിക്കും കുറ്റസമ്മതം വഴി വയ്ക്കുക എന്ന ചിന്ത അയാള്‍ക്ക് വീണ്ടും പൊരുതാനുള്ള ശക്തി നല്‍കി...അവസാനമായി ഒരു ചോദ്യം കൂടി...ഒരേയൊരു ചോദ്യം...

"നിങ്ങള്‍ ഇത്രയധികം കാര്യങ്ങള്‍ പറഞ്ഞുവല്ലോ. ഇതെല്ലാം സത്യമാണെന്നതിന് എന്ത് തെളിവാണുള്ളത്...? എന്റെ ശത്രുക്കളാരെങ്കിലും പണം തന്ന് നിങ്ങളെ നാടകം കളിക്കാന്‍ വിട്ടതാണെങ്കിലോ...?"

             അത്രയും സമയത്തിനിടയില്‍ യുവതി ആദ്യമായൊന്നു മന്ദഹസിച്ചു. അപ്പോള്‍ അവളുടെ മുഖത്തൊരു വിജയീഭാവം നിഴലിച്ചിരുന്നു. സീറ്റിനടിയില്‍ നിന്നും നീളത്തിലുള്ള ഒരു ബാഗ് വലിച്ചെടുത്ത് അത് അയാളിരുന്നിരുന്ന സീറ്റില്‍ വെച്ച് സമീപത്തായി യുവതിയും ഇരുന്നു. ആ ബാഗ് സാവധാനം  തുറക്കപ്പെട്ടു.

 "കള്ളനേയും പോലീസിനേയും സൃഷ്ടിക്കുന്ന നിങ്ങളെഴുത്തുകാര്‍ക്ക് സത്യം നുണയാക്കാനും, നുണ സത്യമാക്കാനും നിഷ്‌പ്രയാസം കഴിയുമെന്നെനിക്കറിയാം. അതുകൊണ്ടു തന്നെ ഈ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചതുമാണ്. ഞാന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിയിക്കാന്‍ ആവശ്യമായതെല്ലാം ഇതിലുണ്ട്. ഐഡന്റിറ്റി കാര്‍ഡുകളുടെ കോപ്പികള്‍ മുതല്‍ എന്റെ മകളെ വിട്ടു കിട്ടാന്‍ വേണ്ടി ഭര്‍ത്താവിന്റെ വീട്ടുകാര്‍ കോടതിയില്‍ ഉന്നയിച്ചിരിക്കുന്ന കാരണങ്ങള്‍ വരെ."

             സ്റ്റേഷനുകള്‍ പലത് പിന്നിട്ട് തീവണ്ടിയും, അതോടൊപ്പം സമയവും മുന്നോട്ടു പാഞ്ഞു. ബാഗിനകത്തെ രഹസ്യ അറയില്‍ നിന്നും ഒരു റിവോള്‍വര്‍ പുറത്തേക്ക് നീളുന്നത് കണ്ടെങ്കിലും അയാള്‍ അനങ്ങിയില്ല. മനപൂര്‍വ്വമല്ലാത്ത തെറ്റിന് ലഭിക്കേണ്ട ആനുകൂല്യത്തെക്കുറിച്ചറിയാന്‍ ഒരു നിയമജ്ഞന്റെ സാന്നിധ്യം ഇടയ്ക്കെപ്പോഴോ ആഗ്രഹിച്ചുവെങ്കിലും ചില ഉറച്ച തീരുമാനങ്ങള്‍ അതില്‍ നിന്നെല്ലാം അയാളെ പിന്തിരിപ്പിച്ചു.

"നിങ്ങള്‍ക്കെന്നെ ശിക്ഷിക്കാം. ഏതു ശിക്ഷയും ഏറ്റു വാങ്ങാന്‍ ഞാന്‍ തയ്യാറാണ്. മരണമാണെങ്കില്‍ അതും."

            അതും പറഞ്ഞു കൊണ്ട് ആയാള്‍ യുവതിയുടെ കാല്‍ച്ചുവട്ടില്‍ കണ്ണുകളടച്ച് തല കുനിച്ചിരുന്നു.

"നിങ്ങളെന്നെ വീണ്ടും പരിഹസിക്കുകയാണ് തപന്‍. ഈ റിവോള്‍വര്‍ കൊണ്ട് എനിക്കെങ്ങനെ നിങ്ങളെ കൊല്ലാന്‍ കഴിയും? നിങ്ങളൊരു മനുഷ്യനായിരുന്നുവെങ്കില്‍ വെടിയേറ്റാല്‍ നിങ്ങള്‍ മരിക്കുമായിരുന്നു. പക്ഷേ നിങ്ങളൊരു ചെകുത്താനല്ലേ... അതുകൊണ്ടല്ലേ ഞാന്‍ മനസ്സില്‍ ചിന്തിച്ച കാര്യങ്ങള്‍ പോലും നിങ്ങളാ നോവലിലെഴുതിയത്? നിങ്ങളതിലെഴുതിയ വിവാഹാനന്തരമുള്ള എന്റെ കഥയും ഒരര്‍ത്ഥത്തില്‍ സത്യം തന്നെയാണല്ലോ. കിടപ്പറയില്‍ എനിക്ക് കാവല്‍ കിടന്നിരുന്ന അയാളുടെ മരണം ചിലപ്പോഴെങ്കിലും ഞാന്‍ ആശിച്ചിരുന്നില്ലേ...?! ജീവിച്ചത് ബിശ്വജിത്തിനോടൊപ്പമായിരുന്നുവെങ്കിലും ഞാന്‍ മനസ്സിലെന്നും ഭര്‍ത്താവായി കണ്ടിരുന്നത് സുബോധിനെയല്ലേ...?  മനസ്സുകൊണ്ട് എത്രയോ തവണ ഞാന്‍ സുബോധുമായി കിടപ്പറ പങ്കിട്ടിരിക്കുന്നു...എന്നെ സംബന്ധിച്ചിടത്തോളം അവള്‍ സുബോധിന്റെ മകള്‍ തന്നെയല്ലേ..?

            ഒരു വെടിയൊച്ച ആ തീവണ്ടി മുറിയെ പ്രകമ്പനം കൊള്ളിക്കുകയും ഒരലര്‍ച്ചയുടെ അകമ്പടിയോടെ ആത്മാവ് ശരീരം വിട്ടകലുകയും ചെയ്തു.

79 comments:

 1. അങ്ങിനേയും സംഭാവിക്കുമായിരിക്കാം അല്ലെ?
  മനസ്സിന്റെ ആഗ്രഹങ്ങള്‍ കഥയുമായി ബന്ധപ്പെടുത്തി
  സ്വയം തൃപ്തി അടയുന്നതായും കരുതാം

  വളരെ ലളിതമായി ഭംഗിയായി പറഞ്ഞു.

  ReplyDelete
  Replies
  1. വളരെയധികം നന്ദി റാംജി ചേട്ടാ... :-)

   Delete
 2. ഹായ് സംഗീത്, വളരെ നന്നായിരിക്കുന്നു , നിന്നില്ലുള്ള കഥാകരന്റെ പരകായ പ്രവേശനം തന്നെയാണോ തപാൻ ചാറ്റർജീ എന്ന് സംശയിക്ക പ്പെടുന്നു .

  ReplyDelete
  Replies
  1. നന്ദി സൂരജ്... തപന്‍ ചാറ്റര്‍ജി ഭാവനയില്‍ ഉരുത്തിരിഞ്ഞ ഒരു കഥാപാത്രമാണ്... :-)

   Delete
 3. കഥയെ വായിച്ചു - കഥയുടെ ലോകത്തിലൂടെ സഞ്ചരിച്ചു - ഒരു കഥയെ നിയന്ത്രിച്ച് മുന്നോട്ടു നയിക്കാനുള്ള ഭാഷയും, ആഖ്യാനരീതിയും ഈ കഥാകൃത്തിന്റെ കൈവശമുണ്ട് -

  ReplyDelete
  Replies
  1. വളരെയധികം നന്ദി മാഷേ... മാഷിനെപ്പോലെ ഞാന്‍ ഇഷ്ടപ്പെടുന്ന എഴുത്തുകാരില്‍ നിന്നും ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്നത് ഒരുപാട് സന്തോഷമുള്ള കാര്യമാണ്... :-)

   Delete
 4. തപൻ ചാറ്റർജിയെ വായിച്ചില്ലാത്തതു കൊണ്ട്, കഥയെ ഉൾക്കൊള്ളാനാവുമോ എന്ന ഭയം വായനയിൽ നിന്ന് പിന്തിരിപ്പിച്ചു. ക്ഷമിക്കുക.

  ReplyDelete
  Replies
  1. തപന്‍ ചാറ്റര്‍ജി കഥയിലെ ഒരു കഥാപാത്രം മാത്രമാണ്...അതിനാല്‍ താങ്കള്‍ തുടര്‍ന്നു വായിക്കും എന്ന് പ്രതീക്ഷിക്കുന്നു... :-)

   Delete
  2. ഇപ്പോഴാണ് കഥ വായിച്ചത്.

   ആകർഷണീയമായ രീതിയിൽ കഥ പറഞ്ഞിരിക്കുന്നു. നല്ല ഒഴുക്ക്.

   എഴുതുന്ന സ്വഭാവമുള്ളതുകൊണ്ടത്, 'സംഘമിത്ര'യുടെ വാദങ്ങൾക്കു മുമ്പിൽ തപൻ ചാറ്റർജി കീഴടങ്ങുന്നതിൽ വിഷമവും അസ്വാഭാവികതയും തോന്നി. ഞാൻ അങ്ങനെ കീഴടങ്ങുമായിരുന്നില്ല. :)

   ആത്മാവ് വിട്ടകന്ന ശരീരം സംഘമിത്രയുടേതാണല്ലോ അല്ലേ ?

   Delete
  3. വളരെയധികം നന്ദി ഈ അഭിപ്രായത്തിന്...കുറേ കാലത്തിന് ശേഷമാണ് ഒരു കഥ എഴുതുന്നത്...അതുകൊണ്ട് തന്നെ ഈ കഥ പോസ്റ്റ്‌ ചെയ്യുമ്പോള്‍ വായനക്കാര്‍ എങ്ങനെ സ്വീകരിക്കും എന്നോര്‍ത്ത് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു... എന്നിലെ എഴുത്തുകാരന് എന്തെങ്കിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടോ എന്നറിയാനുള്ള ആകാക്ഷയും മനസ്സിലുണ്ടായിരുന്നിരിക്കാം...

   Delete
 5. ജീവിതത്തിലൂടെ പായുന്ന
  അടിവേരുകള്‍...rr

  ReplyDelete
 6. തികച്ചും യാദൃച്ഛികം!!

  ReplyDelete
  Replies
  1. തികച്ചും യാദൃച്ഛികം... :-)

   Delete
 7. കൊള്ളം.നന്നായി പറഞ്ഞു.അഭിനന്ദനങ്ങള്‍ !

  ReplyDelete
 8. ആകെ ഒരു പുക ,അഞ്ചാം പേജില്‍ എഴുതിയ സംഗതികള്‍ ഉള്‍പടെ പലതും പല വഴിയ്ക്കുള്ള ചിന്തയിലേക്ക് കൊണ്ടുപോയി വായനയെ.

  ReplyDelete
  Replies
  1. ആ ഭാഗത്ത് എന്തേ അങ്ങനെയൊരു കണ്‍ഫ്യൂഷന്‍ തോന്നാന്‍...?

   Delete
 9. കഥ വായിച്ചു.... കൊള്ളാട്ടോ.

  ReplyDelete
 10. വായിച്ചു . നന്നായിട്ടുണ്ട്

  ReplyDelete
 11. കഥയിലെ കയ്യടക്കവും ആഖ്യാനവും കഥാപാത്രങ്ങളുടെ പേരും എല്ലാ മികച്ചു നിന്നു. ഭാഷ മനപ്പൂര്‍വം ദൃഡമാക്കുവാന്‍ വരുത്തിയ ശ്രമങ്ങള്‍ വായനാസുഖത്തെ ബാധിക്കുന്നുണ്ട്. അല്പം കൂടി ലളിതമായി പറയാമായിരുന്നു.

  ReplyDelete
  Replies
  1. സൂക്ഷ്മവായനയ്ക്കും, ശരിതെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിനും ഒരുപാട് നന്ദി... :-)

   Delete
 12. കഥ കിടിലനായിട്ടുണ്ട് ഭായ്. ഒടുക്കം അങ്ങനെയൊരു സസ്പെന്‍സ് പ്രതീക്ഷിച്ചതേയില്ല.

  ReplyDelete
  Replies
  1. താങ്ക്സ് ഭായ്... :-)

   Delete
 13. ഭാവനയില്‍ സൃഷ്ടിച്ച കഥാപാത്രം ദുരന്തങ്ങളുമായി നേരിട്ടു മുന്നിലെത്തുമ്പോള്‍
  രചയിതാവിനുണ്ടാവുന്ന മാനസിക സമര്‍ദ്ദം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.നല്ല ശൈലി...
  ആശംസകള്‍

  ReplyDelete
  Replies
  1. ഈ കഥയിലൂടെ ഞാന്‍ ഉദ്ദ്യേശിച്ച ആശയം ഒറ്റ വരിയില്‍ പറഞ്ഞു... :-)
   നന്ദി സാര്‍ ഈ വരവിനും അഭിപ്രായത്തിനും... :-)

   Delete
 14. കഥ നന്നായിട്ടുണ്ട്..
  ആശംസകള്‍

  ReplyDelete
 15. പ്രിയ സംഗീത്, എനിക്ക് പോസ്റ്റ്‌ വായിക്കാന്‍ ആകുന്നില്ല. മാറ്റര്‍ കുത്തുകള്‍ ആയി മാത്രമേ കാണാന്‍ ഉള്ളൂ.

  ReplyDelete
 16. വളരെ നന്നായി എഴുതി , സംഗീത് ഭായ്.. ഒരു ഒഴുക്കില്‍ വായിച്ചു പോയി.. എഴുത്തുക്കാരന്‍റെ ആത്മസംഘര്‍ഷങ്ങള്‍ സൃഷ്ട്ടിയില്‍ ഊഴ്ന്നിറങ്ങാതെ തന്നെ അനുഭവവേദ്യമായി... വായനയുടെ ഓരോ നിമിഷവും ഉദ്യോഗഭരിതമായി കടന്നു പോയപ്പോള്‍ തപനോടൊപ്പം ഞാനും ഒരുപാട് വിഷമിച്ചു.. ശക്തമായ ഭാഷയും ആഖ്യാനവും ചേര്‍ന്ന് നില്‍ക്കുന്ന എഴുത്തിന്‍റെ മികവ് എടുത്ത് പറയേണ്ടതാണ്.... ഒരു എഴുത്തുക്കാരന്‍ എന്ന നിലയ്ക്ക് ക്രൂശിക്കപ്പെടുന്ന തപന്‍ , ഒരു മാറ്റത്തിന്‍റെ പാതയിലേയ്ക്ക് കാലെടുത്ത് വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് അയാളുടെ ചിന്തകളെയും കാഴ്ചപ്പാടുകളെയും മാറ്റിമറിക്കാനുതകും വിധം അപ്രതീക്ഷിതമായി ആ ട്രെയിന്‍ യാത്രയിലെ അനുഭവം.... ആകസ്മികമായ കഥാന്ത്യം സൃഷ്ട്ടിക്കുക വഴി വായനക്കാരന്‍റെ ചിന്തയ്ക്ക് തുടര്‍ക്കഥയെ എറിഞ്ഞുകൊടുക്കാന്‍ കഴിഞ്ഞതാണ് രചനയുടെ ഏറ്റവും വലിയ നേട്ടം... ഇനിയും എഴുതൂ സഹോദരാ... ഭാവുകങ്ങള്‍ .. :)

  ReplyDelete
  Replies
  1. സൂക്ഷ്മവായനയ്ക്കും ഈ വിലയേറിയ അഭിപ്രായത്തിനും വളരെയധികം നന്ദി വൈശാഖ്... ഈ കഥയെഴുതുമ്പോള്‍ ഞാന്‍ മനസ്സിലുദ്ദ്യേശിച്ച ആശയങ്ങളെല്ലാം താങ്കളുടെ ഈ വിലയിരുത്തലിലുണ്ട്... അതു തന്നെയാണ് ഏറ്റവുമധികം സന്തോഷം നല്‍കുന്ന കാര്യവും...ഇതുപോലെയുള്ള അഭിപ്രായങ്ങള്‍ തന്നെയാണ് വീണ്ടും എഴുതാന്‍ ശക്തി തരുന്നതും...

   Delete
 17. വളരെ നന്നായി പറഞ്ഞു

  കഥയ്ക്കുള്ളില്‍ മറ്റൊരു കഥ .....

  ഇനിയും ഭാവനയും ഭാഷയും ഒന്നിക്കട്ടെ...... പുതിയ കഥകള്‍ വിരിയട്ടെ.....

  ആശംസകള്‍..........

  ReplyDelete
  Replies
  1. വളരെയധികം നന്ദി... :-)

   Delete
 18. ഒരു ആത്മാവുള്ള കഥ വായിച്ചു എന്ന് തോന്നിപ്പിക്കുന്ന കഥ...എനിക്ക് ഇഷ്ടായിട്ടോ..എനിക്കാ ലാസ്റ്റ് വരിയില്‍ എന്തോ ഒരു കുറവുള്ള പോലെ തോന്നി ..

  ReplyDelete
  Replies
  1. നന്ദി നിസാര്‍ ഭായ്...

   Delete
 19. കൊള്ളാം സംഗീത് ഭായ്... ഇനിയും നല്ല കഥകളെഴുതുവാന്‍ കഴിയുമാറാകട്ടെ. ആശംസകള്‍.

  ReplyDelete
  Replies
  1. താങ്ക്സ് ഭായ്... :-)

   Delete
 20. ശരിക്കും ഇങ്ങനെയൊക്കെ സംഭവിച്ചാലോ?? നന്നായിട്ടുണ്ട് കഥയ്ക്കുള്ളിലെ കഥ! :)

  ReplyDelete
  Replies
  1. സംഭവിച്ചുകൂടായ്കയില്ല...നന്ദി... :-)

   Delete
 21. ഒരു കഥാപാത്രത്തിനു ജീവന്‍ നല്‍കുന്നത് വഴി നല്ലൊരു പുതുമയാര്‍ന്ന കഥയായി മാറി 'തികച്ചും യാദൃശ്ചികം'. വായനയുടെ അവസാനം വരെ ആകാംഷ നിലനിന്നും. ഒട്ടും മുഷിപ്പിക്കാതെ, മടുപ്പിക്കാതെ രസകരമായി തന്നെ പറഞ്ഞു. കഥാകാരന് ആശംസകള്‍...

  ReplyDelete
  Replies
  1. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം... :-)

   Delete
 22. ആദ്യാവസാനം വായിച്ചു പോവാന്‍ കഴിയുന്ന ഒരു ആകാംക്ഷ നിലനിര്‍ത്താന്‍ കഴിഞ്ഞു.കഥയ്ക്കുള്ളിലെ കഥ പറച്ചിലും ഇഷ്ടായി ,മുകളിലാരോ പറഞ്ഞപോലെ ഒന്ന് കൂടി ലളിതമായി പറയാമായിരുന്നു എന്ന് തോന്നി , ആശംസകള്‍ സംഗീത് .

  ReplyDelete
  Replies
  1. വളരെയധികം നന്ദി... :-)

   Delete
 23. eda kadha nannayittundu... :-)

  ReplyDelete
 24. നന്നായിരിക്കുന്നു...

  ReplyDelete
 25. എഴുത്ത് ഇഷ്ടപ്പെട്ടു സംഗീത്..... പറഞ്ഞ രീതിയും! തുടരുക!

  ReplyDelete
 26. വളരെ നല്ല കഥ. അവതരണ ശൈലി എടുത്തുപറയാതെ വയ്യ.
  അഭിനന്ദനം.

  ReplyDelete
 27. കഥ, അവതരണം നന്നായി.
  ആശംസകൾ.

  ReplyDelete
 28. കഥ നന്നായിരുന്നു.. മനോഹരമായി താങ്കൾ എഴുതി.. വിസ്തരിച്ച് വായിക്കണം എന്നു കരുതിയാണ്‌ വരാൻ വൈകിയത്.. ആശംസകൾ...

  ReplyDelete
 29. സംഘമിത്ര ജീവിച്ചിരിക്കുന്നുണ്ട് ... സംഗീത് , അവൾ താങ്കളെ തേടി എത്താതിരിക്കട്ടെ!!!
  മനോഹരമായ ആഖ്യാന രീതി... ഇഷ്ടപ്പെട്ടു കഥനം...

  ReplyDelete
  Replies
  1. ചുമ്മാ ഇങ്ങനെ പേടിപ്പിക്കല്ലേ.... :-)

   Delete
 30. കഥയ്ക്കുള്ളിൽ കഥ. തികച്ചും അപ്രതീക്ഷിതമായ മുഹൂർത്തം വളരെ ഭംഗിയായി പറഞ്ഞു. തപൻ, സംഘമിത്ര എന്നീ പേരുകൾ ഇഷ്ടമായി. ബംഗാളിപ്പെണ്ണുങ്ങളുടെ വസ്ത്രധാരണ രീതികളോട് പണ്ടെയിഷ്ട്ടം. ബംഗാളി കഥകൾ വായിക്കനിഷ്ട്ടം. ബംഗാൾ ചരിത്രം അതിലും ഇഷ്ട്ടം. ആ ഇഷ്ടങ്ങൾക്കൊപ്പംഈ കഥയും ഇഷ്ട്ടായി. ആശംസകൾ

  ReplyDelete
  Replies
  1. എല്ലാ ഇഷ്ടങ്ങള്‍ക്കുമൊപ്പം കഥയും ഈ കഥയും ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം... :-)

   Delete
 31. its STRANGER THAN FICTION:) ARE these characters from a real novel? or a figment of imagination? both ways, GOOD STORY dear sangeeth :)

  ReplyDelete
  Replies
  1. ഈ കഥയും നോവലുമായി യാതൊരു ബന്ധവും ഇല്ല...നന്ദി ഉട്ടോപ്പ്യന്‍... :-)

   Delete
 32. നല്ല അവതരണം. തപന്‍ ചാറ്റര്‍ജി അപായച്ചങ്ങലയിലേക്ക് നോക്കാന്‍ മാത്രം ഗൌരവമായ സംഭവവികാസങ്ങള്‍ അവിടെ നടന്നിട്ടില്ല. അദ്ദേഹത്തിന് അത്രമാത്രം ഭീതി തോന്നേണ്ടുന്ന സാഹചര്യം കഥാനായികയുടെ സംസാരത്തില്‍ നിന്നും ഉണ്ടാകുന്നതായി വായനയില്‍ തോന്നുന്നില്ല. പിന്നെ നായികയുടെ അവസാനം പറയുന്ന സംഭാഷണം ഉജ്ജ്വലമായി.

  ReplyDelete
 33. വളരെ വൈകിയാണെങ്കിലും, താങ്കളുടെ സൃഷ്ടി വായിക്കുവാനായത് ഭാഗ്യമായി കരുതുന്നു. മനസ്സില്‍ ഉടലെടുത്ത ആശയത്തെ കുറച്ചുവരികളിലൂടെ ഇത്രയും മനോഹരമായി വരച്ചുകാട്ടിയ താങ്കള്‍ക്ക് എന്‍റെ ആശംസകള്‍....

  ReplyDelete
  Replies
  1. വളരെയധികം നന്ദി ഈ നല്ല വാക്കുകള്‍ക്ക്...

   Delete
 34. Da nannayittundu, kollaam ..

  ReplyDelete

 35. കഥ പറയുന്ന രീതി വളരെ മികവു പുലർത്തി, ഒപ്പം കഥാപാത്രങ്ങളുടെ പേരും. അവസാനം വരെ ആകാംക്ഷയോടെ കൂട്ടിക്കൊണ്ടുപോവാൻ കഥാകൃത്തിനു കഴിഞ്ഞിരിക്കുന്നു. ആശംസകൾ

  ReplyDelete