Thursday, September 05, 2013

പുത്രോ ന രക്ഷതി വാര്‍ദ്ധക്യേ

              ഐ.സി.യുവില്‍ കിടക്കുന്ന ഒരു ബന്ധുവിനെ കാണാന്‍ ബാംഗ്ലൂരില്‍ ഉള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയതായിരുന്നു ഞാന്‍. രാവിലെ 11 മണിക്ക് ശേഷമാണ് ഐ.സി.യുവിലെ സന്ദര്‍ശനസമയം. ഒന്നര മണിക്കൂര്‍ ഇനിയും ബാക്കിയുണ്ട്. കുറച്ചപ്പുറത്തായി സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. ഞാന്‍ അങ്ങോട്ട് നടന്നു. അവിടെ അങ്ങിങ്ങായി കുറച്ചു പേര്‍ ഇരിക്കുന്നു. പലരുടെയും മുഖത്ത് നല്ല ഉറക്കക്ഷീണം.

          എന്റെ അടുത്തിരുന്നിരുന്നത് ഒരു തമിഴ്‌നാട്ടുകാരനാണ്. കണ്ടാല്‍ എഴുപതു വയസ്സിനടുത്ത് പ്രായം വരും. കറുത്തു മെലിഞ്ഞ് ഉയരം കുറഞ്ഞ ഒരാള്‍. പാടേ നരച്ച താടിയും മുടിയും അയാളുടെ മുഖത്തെ സുന്ദരമാക്കുന്നുണ്ടെന്നു തോന്നി. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ഏതോ ഉള്‍ഗ്രാമത്തിലാണ് അയാള്‍ ജനിച്ചത്. പക്ഷേ തമിഴ്‌നാടുമായി ഇപ്പോള്‍ അയാള്‍ക്കുള്ള ബന്ധം സംസാരിക്കുന്ന ഭാഷ മാത്രമാണ്. തമിഴിലാണ് സംസാരമെങ്കിലും ഇടയ്ക്കിടെ കന്നഡ വാക്കുകള്‍ കയറി വരുന്നു. എനിക്ക് തമിഴ് അറിയാം എന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക് സന്തോഷമായി, അയാള്‍ വാചാലനായി. ബാംഗ്ലൂരില്‍ പതിനഞ്ചാം വയസ്സില്‍ എത്തിയതാണ്. പിന്നീടങ്ങോട്ട് പല തൊഴിലുകളും ചെയ്തു. കുറേ കഴിഞ്ഞപ്പോള്‍ ഗവണ്‍മെന്റ് ഓഫീസ്സില്‍ സ്വീപ്പര്‍ ആയി ജോലി കിട്ടി. മുപ്പതാം വയസ്സില്‍ വിവാഹിതനായി. വിവാഹം അയാള്‍ക്ക് നല്ലവളായ ഒരു ഭാര്യയേയും മനുഷ്യത്വം തൊട്ടു തീണ്ടാത്ത അഞ്ചു മക്കളേയും സമ്മാനിച്ചു.

         സ്വീപ്പര്‍ ജോലിക്ക് പുറമേ പല ജോലികളും അയാള്‍ ചെയ്തു. അയാളുടെ ഭാഷയില്‍ പറഞ്ഞാല്‍ ''ഒരു കപ്പ് കാഫി കൂടെ കുടിക്കാമെ മാടു മാതിരി വേലൈ സെഞ്ചേന്‍''. ചെയ്തിരുന്ന ജോലികളുടെ കാഠിന്യമോ,  അവയില്‍ നിന്നുമുള്ള വരുമാനമോ ഒന്നും അയാള്‍ ഭാര്യയേയോ മക്കളേയോ അറിയിച്ചില്ല. എങ്കിലും അവര്‍ക്കു വേണ്ടതും, വേണ്ടതിലധികവും അയാള്‍ നല്‍കി. മൂന്ന് ആണ്മക്കളും രണ്ട് പെണ്മക്കളുമായിരുന്നു അയാള്‍ക്ക്. അഞ്ചു പേരെയും നല്ല രീതിയില്‍ പഠിപ്പിച്ചു. രണ്ടു പെണ്മക്കളെ വിവാഹം ചെയ്തയച്ചു. അവര്‍ സുഖമായി കഴിയുന്നു. അയാള്‍ ജോലി ചെയ്തിരുന്ന ഹോസ്പിറ്റലില്‍ തന്നെ മൂത്ത മകന് നഴ്‌സായി ജോലി കിട്ടി. പക്ഷെ ആ ജോലി കിട്ടാന്‍ വേണ്ടി കൈക്കൂലിയിനത്തില്‍ അയാള്‍ക്ക് അഞ്ചു ലക്ഷം രൂപ ചിലവാക്കേണ്ടി വന്നു. രണ്ടാമത്തെ മകനും കൈക്കൂലി കൊടുത്താല്‍ ജോലി കിട്ടും എന്ന അവസ്ഥ വന്നു. കൊടുത്തു തീര്‍ക്കാനുള്ള കടങ്ങളുടെ കണക്ക് അയാളെ ആ ഉദ്യമത്തില്‍ നിന്നും പിന്തിരിപ്പിച്ചു. പക്ഷേ ദൈവം അയാളെ കൈവെടിഞ്ഞില്ല. ബാംഗ്ലൂരില്‍ വന്ന കാലത്ത് തിയേറ്ററില്‍ ജോലി ചെയ്തിരുന്ന സമയത്ത് അയാളുടെ റൂമില്‍ താമസിച്ചിരുന്ന ഒരു പഞ്ചായത്ത് മെമ്പര്‍ ഇന്ന് എം.എല്‍.എ ആണ്. എം.എല്‍.എ യുടെ റെക്കമെന്റേഷനില്‍ രണ്ടാമത്തെ മകനും ജോലി കിട്ടി. ജോലി കിട്ടി മാസങ്ങള്‍ പിന്നിടും മുമ്പേ ഇരുവരും വേറെ വീടുകളിലേക്ക് താമസം മാറി. മൂന്നാമത്തെ മകന്‍ ഹോസ്റ്റലില്‍ നിന്നു പഠിക്കുകയാണ്. പഠിക്കാന്‍ മിടുക്കനായതിനാല്‍ അവനു ജോലി ആക്കി കൊടുക്കേണ്ടി വരില്ല എന്ന ഉറച്ച വിശ്വാസമുണ്ട് അയാള്‍ക്ക്.

           സംസാരത്തിനിടയില്‍ ഐ.സി.യുവില്‍ നിന്നും പുറത്തേക്കിറങ്ങിയ നഴ്‌സിനോട് അയാള്‍ എന്തോ തിരക്കി. വീണ്ടും യഥാസ്ഥാനത്ത് വന്നിരുന്ന് സംസാരം തുടര്‍ന്നു. അയാളുടെ ഭാര്യയാണ് ഐ.സി.യുവില്‍ കിടക്കുന്നത്. ഒരാഴ്ച്ചയായി കിടപ്പ് തുടങ്ങിയിട്ട് . രോഗം എന്തെന്ന് അയാള്‍ പറഞ്ഞില്ല. ചികിത്സിച്ചാലും ഭേദമാവില്ല എന്നു മാത്രം പറഞ്ഞു. അഡ്മിറ്റ് ചെയ്ത ദിവസം തന്നെ മക്കളെ എല്ലാവരെയും വിവരമറിയിച്ചതാണ്. ആരും വന്നില്ല. പലരേയും കണ്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പെണ്മക്കള്‍ വരാത്തതിനെ കുറിച്ച് അയാള്‍ക്ക് പരാതിയില്ല. പക്ഷേ ആണ്മക്കള്‍ക്ക് ഒന്ന് വന്നുകൂടെ? അവര്‍ ഹോസ്പിറ്റലില്‍ കൂടെ നില്‍ക്കണമെന്നൊ ഹോസ്പിറ്റല്‍ ബില്‍ അടക്കണമെന്നോ അയാള്‍ക്ക് ആഗ്രഹമില്ല. പക്ഷെ അവര്‍ക്ക് വരാമായിരുന്നു. അയാള്‍ വീണ്ടും വീണ്ടും അത് തന്നെ പറഞ്ഞു.

          രോഗവിവരം അറിഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്യാം എന്നാണ് ഭാര്യ പറഞ്ഞത്. ജീവിതത്തില്‍ നിന്നും ഒളിച്ചോടാന്‍ താന്‍ ഒരുക്കമല്ല. വിശ്വസിച്ച് കൈ പിടിച്ചവളെ വഞ്ചിക്കാന്‍ വയ്യ. ജീവിക്കാനുള്ള തുക പെന്‍ഷന്‍ ആയി കിട്ടുന്നുണ്ട്. മക്കളുടെ ഔദാര്യത്തില്‍ കഴിയേണ്ട കാര്യമില്ല. കടം വാങ്ങിയിട്ടായാലും കിടപ്പാടം വിറ്റിട്ടായാലും അവളെ നോക്കണം. രോഗം ഭേദമാക്കാന്‍ ശ്രമിക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ മരണം വരെ വേദനയില്ലാതെ ജീവിക്കാന്‍ വേണ്ട എല്ലാ ചികിത്സയും ചെയ്യണം. അതു പറയുമ്പോള്‍ അയാളുടെ മുഖത്ത് ആത്മവിശ്വാസത്തിന്റെ കനലുകളെരിയുന്നത് ഞാന്‍ കണ്ടു. ഐ.സി.യുവിന്റെ മുന്നിലേക്ക് തന്റെ ഊന്നുവടി കുത്തിപ്പിടിച്ച് അയാള്‍ നടന്നു നീങ്ങുമ്പോള്‍ ഞാന്‍ തരിച്ചിരിക്കുകയായ്യിരുന്നു...

34 comments:

 1. ഒരിക്കലും തളരാത്ത പോരാളികള്‍

  ReplyDelete
  Replies
  1. ശരിക്കും ഒരു പോരാളി തന്നെയാണയാള്‍...വേണ്ടപ്പെട്ടവരെല്ലാം കൈവിട്ടിട്ടും അതിനെയെല്ലാം അതിജീവിച്ച് ജീവിക്കാനുള്ള മോഹം അയാളുടെ സംസാരത്തിലുടനീളം നിഴലിച്ചിരുന്നു...

   Delete
 2. സത്യത്തിൽ ഇപ്പോ വയസ്സാകുമല്ലോ എന്നാണെന്റെ പേടി............

  ReplyDelete
  Replies
  1. തീര്‍ച്ചയായും വളരെയധികം പേടിക്കേണ്ട കാലമാണ് വരുന്നത്... :)

   Delete
 3. ഹൃദയ സ്പർശിയായ കഥ.

  ഇവിടെയുള്ള വേർഡ് വെരിഫിക്കേഷൻ കൂടി നീക്കിയാൽ കൂദുതൽ വായനക്കാർ എന്തെങ്കിലും പറഞ്ഞു- പോകും .

  ReplyDelete
  Replies
  1. സത്യത്തില്‍ ഇതൊരു കഥയായി എഴുതിയതല്ല...വേണമെങ്കില്‍ അനുഭവകഥ എന്നു പറയാം... അഞ്ചാറു മാസങ്ങള്‍ക്കു മുമ്പ് ബാംഗ്ലൂരില്‍ വച്ചുണ്ടായ അനുഭവമാണ്...
   വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിയിട്ടുണ്ട്...ബ്ലോഗ്‌ തുടങ്ങിയിട്ട് കുറച്ചു നാളേ ആയുള്ളൂ...ഇന്നാണ് അങ്ങനെയൊരു പ്രശ്നം ഉണ്ടെന്നു മനസ്സിലായത്...പറഞ്ഞു തന്നതിന് വളരെ നന്ദി... :)

   Delete
 4. ellam panam nadathum indhrajaala prakadangal....
  ivide snehamennaal......pazhayorufilm song orma vannu...

  ReplyDelete
  Replies
  1. എല്ലാവര്‍ക്കും പണം മാത്രമേ വേണ്ടു...മനുഷ്യന് ഒരു വിലയുമില്ല...

   Delete
 5. ഹൃദയസ്പര്‍ശിയായ വിധത്തില്‍ എഴുതിയിരിക്കുന്നു

  ReplyDelete
  Replies
  1. വളരെയധികം നന്ദി :)

   Delete
 6. മനുഷ്യത്വം മരിച്ചു കൊണ്ടിരിക്കുന്നു ഇവിടെ
  മക്കൾക്കായി സകലതും നല്കിയവര്
  കഷ്ടം കാലം മാറുന്നു, എല്ലാവർക്കും
  അവരവരുടെ കാര്യം, വളരെ നന്നായി
  പറഞ്ഞു. എഴുതുക അറിയിക്കുക
  ഈ പുതു ലോകത്തേക്ക് സ്വാഗതം
  ബ്ലോഗ്‌ arrangement വളരെ ഇഷ്ടായി
  തുടരുക യാത്ര!
  ആശംസകൾ

  ReplyDelete
  Replies
  1. പോസ്റ്റും ബ്ലോഗും ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം :)

   Delete

  2. മനുഷ്യത്വം മരിച്ചു കൊണ്ടിരിയ്ക്കുകയല്ല.
   മനുഷ്യത്വം മനുഷ്യരിൽ സ്വാഭാവീക മായി ജനിക്കുന്നില്ല . ജനിച്ചിട്ട്‌ വേണ്ടേ മരിക്കുവാൻ ?
   സ്വാഭാവീക മായി ജനിക്കുന്നത് സ്വാർഥതയാണ് .
   മാതാ പിതാക്കൾ മക്കളെ പഠി പ്പിക്കുന്നതും സ്വാർഥതയാണ്.
   മനുഷ്യത്വം സ്വാർഥതയുടെ എതിർദിശയിൽ സഞ്ചരിക്കുന്ന ദൈവീകമായ നന്മയാണ് .
   ദൈവ ബിംബങ്ങളെ ആരാധിക്കുന്ന സംസ്കാരത്തിൽ മനുഷ്യത്വം ഒരിക്കലും മനുഷ്യരിൽ ജനിക്കുന്നില്ല .

   Delete
 7. ഒരു അനുഭവം അസ്സ്ലലായി പങ്കുവെച്ചിരിക്കുന്നൂ...

  ReplyDelete
  Replies
  1. വളരെ നന്ദി ഈ അഭിപ്രായത്തിന് :)

   Delete
 8. മക്കളെക്കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത് എന്നല്ലേ... എന്നാലും ഇത്തരം അനുഭവങ്ങളെക്കുറിച്ചറിയുമ്പോള്‍ മനസ്സില്‍ ഒരു നീറ്റല്‍ ...

  ReplyDelete
  Replies
  1. ശരിയാണ്....ഇതുപോലെയും ഇതിലധികവും നടക്കുന്നുണ്ട് നമ്മുടെ നാട്ടില്‍...ചിലതൊക്കെ നമ്മള്‍ അറിയുന്നു...മറ്റു ചിലത് ആരുമറിയുന്നില്ല...

   Delete
 9. ചില മനുഷ്യര്‍ ... എന്നെയും ഇതുപോലെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്

  ReplyDelete
  Replies
  1. ഇതുപോലെയുള്ളവര്‍ ഉണ്ട് ...ഒരു വിധിക്കു മുന്നിലും മുട്ടു മടക്കാത്തവര്‍...

   Delete
 10. പെറ്റെവരെന്നും മുടക്ക്മുതല്‍ ആശിക്കാറില്ല. ആ മക്കള്‍ക്കും കാലം കാത്ത് വെച്ചിരിക്കുന്നു.

  ReplyDelete
 11. മനുഷ്യത്വം മരിച്ചു കൊണ്ടിരിയ്ക്കുകയല്ല.
  മനുഷ്യത്വം മനുഷ്യരിൽ സ്വാഭാവീക മായി ജനിക്കുന്നില്ല . ജനിച്ചിട്ട്‌ വേണ്ടേ മരിക്കുവാൻ ?
  സ്വാഭാവീക മായി ജനിക്കുന്നത് സ്വാർഥതയാണ് .
  മാതാ പിതാക്കൾ മക്കളെ പഠി പ്പിക്കുന്നതും സ്വാർഥതയാണ്.
  മനുഷ്യത്വം സ്വാർഥതയുടെ എതിർദിശയിൽ സഞ്ചരിക്കുന്ന ദൈവീകമായ നന്മയാണ് .
  ദൈവ ബിംബങ്ങളെ ആരാധിക്കുന്ന സംസ്കാരത്തിൽ മനുഷ്യത്വം ഒരിക്കലും മനുഷ്യരിൽ ജനിക്കുന്നില്ല .

  ReplyDelete
  Replies
  1. വളരെയധികം നന്ദി ഈ അഭിപ്രായത്തിന്...

   Delete
 12. വന്ന വഴി മറക്കൂന്ന ഗുരുത്വമില്ലാത്ത മക്കൾ പെരുകുന്ന ലോകത്തിപ്പോൾ ഇത്തരം വാർത്തകൾക്ക് പഞ്ഞമില്ലാതായിരിക്കുന്നു.

  ReplyDelete
  Replies
  1. ശരിയാണ്...ഇതുപോലെ എത്രയോ പത്രവാര്‍ത്തകള്‍ ദിവസേന നമ്മള്‍ കാണുന്നു...

   Delete
 13. ഇത് ഇപ്പൊ നിത്യ സംഭവം അല്ലെ? നമ്മുടെ പോക്ക് എങ്ങോട്ടാണ്?

  ReplyDelete
  Replies
  1. ശരിയാണ്.... ഇതൊന്നും ഒരു വാര്‍ത്തയേ അല്ലാതായി മാറിയിരിക്കുന്നു.....

   Delete
 14. വല്ലാത്ത ധൈര്യം തന്നെ അയാളുടെ.

  ReplyDelete
 15. Athyam nammal nammudey parentisiney nokanam ennaley nammudey makkal nammaley varthakyathil nokukayullooo....

  ReplyDelete
 16. നമ്മുടെയും ഭാവി ഇതൊക്കെ തന്നെ :(

  ReplyDelete