Monday, August 05, 2013

ഒരു അപൂര്‍വ്വ സൗഹൃദത്തിന്റെ ഓര്‍മ്മയ്ക്ക് ...

      അന്ന്  “എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ” നടത്തിയ “ജൂനിയര്‍ എക്സിക്യുട്ടീവ്‌ എന്‍ജിനീയര്‍” തസ്തികയിലേക്കുള്ള പരീക്ഷയില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഞാന്‍. അന്ന് രാവിലെയാണ് തിരുവനന്തപുരത്ത്  എത്തിയത്. ഒരു ഹോട്ടലില്‍ റൂമെടുത്ത് കുളിച്ചു ഫ്രഷായി പരീക്ഷക്കിറങ്ങി. ബി.എന്‍.വി.വി.എച്ച്.എസ്.എസ്. തിരുവല്ലം ആയിരുന്നു പരീക്ഷാകേന്ദ്രം. തമ്പാനൂരില്‍ നിന്നും  ബസ് കയറി തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു മുന്നില്‍ എത്തി. വിശപ്പ് ശല്യം ചെയ്യാന്‍ തുടങ്ങിയിരുന്നു. ചുറ്റിലും നോക്കിയപ്പോള്‍ നല്ല ഹോട്ടലുകളൊന്നും കണ്ടില്ല. അവസാനം അവിടെ കണ്ട ഒരു ചെറിയൊരു ഹോട്ടലില്‍ കയറി. ഹോട്ടലില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. മിക്കവാറും ആളുകള്‍ അവിടെ ക്ഷേത്രത്തില്‍ തൊഴാന്‍ വന്നവരാണെന്ന് അവരുടെ വേഷവിധാനത്തില്‍ നിന്ന് തന്നെ മനസ്സിലാവും.

               സപ്ലയര്‍ അടുത്ത് വന്ന് “അപ്പം…പൊറോട്ട…ഏതു വേണം..?” എന്നുറക്കെ ചോദിച്ചു.
അപ്പവും കറിയും മതിയെന്ന് പറഞ്ഞു (ഞങ്ങളുടെ നാട്ടില്‍ അപ്പം എന്ന് സാധാരണ പറയുന്നത്
നെയ്യപ്പം, ഉണ്ണിയപ്പം മുതലായ സാധനങ്ങളെയാണ്) മുന്നില്‍ ഭക്ഷണമെത്തി. പുളിപ്പും മധുരവും കലര്‍ന്ന ഒരു വൃത്തികെട്ട രുചിയായിരുന്നു കറിയ്ക്ക്. ഞാന്‍ കറിയിലേക്ക് അറപ്പോടെ നോക്കുന്നത് കണ്ട സപ്ലയര്‍ ദേഷ്യത്തോടെ എന്നെ അടിമുടിയൊന്നു നോക്കിയ ശേഷം കടന്നു പോയി…

“എക്സാം എഴുതാന്‍ വന്നതാണോ…?”
ആ ചോദ്യം കേട്ടപ്പോള്‍ അപ്പവും കറിയുമായുള്ള  മല്ലയുദ്ധം താല്‍ക്കാലികമായി അവസാനിപ്പിച്ച് ഞാന്‍ തലയുയര്‍ത്തി നോക്കി. ഏകദേശം എന്റെ അതേ പ്രായം വരുന്ന ഒരു പയ്യന്‍.
“ആതെ”
ബി.എന്‍.വി.വി.എച്ച്.എസ്.എസ് ആണോ സെന്റര്‍..?
“ആതെ”
“എനിക്കും അവിടെത്തന്നെയാണ് സെന്റര്‍”

         എനിക്ക് സന്തോഷമായി. സംസാരിക്കാന്‍ ഒരാളെ കിട്ടിയല്ലോ. ഞങ്ങള്‍ ഭക്ഷണം കഴിച്ചു ഹോട്ടലില്‍ നിന്നും ഇറങ്ങുമ്പോള്‍ കാഷിയറോട് സ്കൂള്‍ എവിടെയാണെന്ന് ചോദിച്ചു. “ഇവിടെ നിന്ന് ഒരു നൂറു മീറ്റര്‍ പോയാല്‍ മതി” എന്ന് മറുപടി വന്നു. അത്രയല്ലേ ഉള്ളു എന്ന് കരുതി നടക്കാന്‍ തുടങ്ങി. നൂറു മീറ്ററുകള്‍ പലതു കഴിഞ്ഞിട്ടും സ്കൂള്‍ എത്തിയില്ല. ഏകദേശം ഒന്നര കിലോമീറ്ററോളം
നടന്നപ്പോഴാണ് സ്കൂള്‍ കണ്ടത്. ഓരോ കാര്യങ്ങള്‍ സംസാരിച്ചു നടന്നത് കൊണ്ട് അതൊരു വലിയ ദൂരമായി തോന്നിയില്ല. കാര്യമായിട്ട് അവന്‍ തന്നെയാണ് സംസാരിച്ചത്. ഞാന്‍ വെറും കേള്‍വിക്കാരനായിരുന്നു. തമ്മില്‍ കണ്ടിട്ട് പത്തു മിനിറ്റേ ആയിട്ടുള്ളൂ എങ്കിലും പത്തു വര്‍ഷത്തെ അടുപ്പത്തോടെയുള്ള അവന്റെ സംസാരം ശരിക്കും എന്നില്‍ കൗതുകമുണര്‍ത്തി .
   
         ഒരു കുന്നിനു മുകളിലാണ് സ്കൂള്‍. അവിടെ ചെന്നപ്പോള്‍ കുറച്ച പേര്‍ അങ്ങിങ്ങായി നില്‍ക്കുന്നത് കണ്ടു. കയറി ചെല്ലുന്നിടത് തന്നെ ഒരു ബോര്‍ഡ് തൂക്കിയിരുന്നു. അതിലാണ് രജിസ്റ്റര്‍ നമ്പറും ക്ലാസും എഴുതിയിരുന്നത്. അവന്റെ രജിസ്റ്റര്‍ നമ്പര്‍ പെട്ടന്ന് കണ്ടു പിടിച്ചു. എത്ര തിരഞ്ഞിട്ടും എന്റെ നമ്പര്‍ അതില്‍ കണ്ടില്ല. ഒടുവില്‍ അവിടെയുള്ള ഒരു ഒഫീസ് സ്റ്റാഫിനോട്  ഞാന്‍ കാര്യമന്വേഷിച്ചു. അയാള്‍ എന്റെ കൂടെ വന്നു നോട്ടീസ് ബോര്‍ഡിലെ നമ്പറുകളുമായി എന്റെ നമ്പര്‍ ഒത്തുനോക്കി. നോട്ടീസ് ബോര്‍ഡില്‍ രജിസ്റ്റര്‍ നമ്പര്‍ ഇല്ലെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞ് അയാള്‍ കൈ മലര്‍ത്തി. ഞാന്‍ ഇടിവേട്ടേറ്റ പോലെയായി. പാലക്കാട് നിന്നും ഇത്ര കഷ്ടപ്പെട്ട് വന്നിട്ട് നോട്ടീസ് ബോര്‍ഡില്‍ പേരില്ലെന്ന്. ഇതെന്തൊരു അക്രമമാണെന്ന് എനിക്ക് ഉറക്കെ ചോദിക്കാന്‍ തോന്നി. പക്ഷെ ആരോട്‌…? ഹോട്ടലില്‍ വച്ച് പരിചയപ്പെട്ട സുഹൃത്തിനോട് യാത്ര പറയാന്‍ പോലും നില്‍ക്കാതെ ഞാന്‍ തിരിച്ചു നടന്നു. മനസ്സില്‍ സങ്കടം, ദേഷ്യം... അങ്ങനെ ഒരുപാട് വികാരങ്ങളുടെ വേലിയേറ്റം നടക്കുകയായിരുന്നു. ഞാന്‍ ബസ്‌ സ്റ്റോപ്പിലെത്തി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ബസ്‌ വന്നു. ഞാന്‍ ബസ്സില്‍ കയറാനൊരുങ്ങുമ്പോള്‍ പിന്നില്‍ നിന്നാരോ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചു. ഞാന്‍ ബസ്സില്‍ കയറാതെ പിന്നിലേക്ക് നോക്കി. ”ഹോട്ടലില്‍ വച്ച് പരിചയപ്പെട്ട സുഹൃത്ത്”. അവന്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു… “നിന്റെ രജിസ്റ്റര്‍ നമ്പര്‍ അപ്പുറത്തെ സ്കൂളിലുണ്ട്. ഈ സ്കൂളിന്റെ തന്നെ ‘ഗേള്‍സ്‌ സ്കൂള്‍ ‘ ആണ് അപ്പുറത്ത്… ഞാന്‍ പോയി നോക്കി…. നമ്പര്‍ അവിടെ ഉണ്ട്….”

         അവന്‍ ഒറ്റശ്വാസത്തില്‍ ആ വാചകം പറഞ്ഞ് തീര്‍ത്തു. എനിക്ക് അവനെയെടുത്ത് പൊക്കാന്‍ തോന്നി. റോഡില്‍ ആണ് നില്‍ക്കുന്നത് എന്ന ബോധം പെട്ടന്ന് മനസ്സിലേക്കൊടിയെത്തിയതിനാല്‍ അത് ചെയ്തില്ല. ഒരുപാട് ഓടിയത് കൊണ്ടാവണം അവന്‍ കിതച്ചു കൊണ്ടേയിരിക്കുകയായിരുന്നു. ഞാന്‍ ആണെങ്കില്‍ അവനോട് എങ്ങനെ നന്ദി പറയണം എന്ന ചിന്തയിലായിരുന്നു. അവന്റെ സ്ഥാനത്ത് വേറെ ആരാണെങ്കിലും അല്‍പ്പസമയം മുമ്പ് മാത്രം പരിചയപ്പെട്ട ഒരാള്‍ക്ക് ഇത്ര വലിയ സഹായം ചെയ്യുമോ എന്ന് ഞാന്‍ ചിന്തിച്ചു. ഞാന്‍ തന്നെ വേണ്ടെന്നു വച്ച ഒരു കാര്യം എനിക്ക് വേണ്ടി ചെയ്തു തന്നിരിക്കുന്നു. പക്ഷെ ഒന്നും സംഭവിച്ചിട്ടില്ലാത്ത ഭാവമായിരുന്നു അവന്റെ മുഖത്ത്.

          ഞങ്ങള്‍ വീണ്ടും സ്കൂളിനു മുന്നില്‍ എത്തി. അവനോട്‌ യാത്രയും നന്ദിയും പറഞ്ഞ് എന്റെ സ്കൂളിലേക്ക് നടന്നു. അതിനു മുമ്പ് അവനോട്‌ എക്സാം കഴിഞ്ഞാല്‍ അവന്റെ  സ്കൂളിനു മുന്നില്‍ വെയിറ്റ് ചെയ്യാന്‍ പറയുകയും ചെയ്തു. എക്സാം കഴിഞ്ഞു ഞാന്‍ സ്കൂളില്‍ നിന്നിറങ്ങി. ഇറങ്ങിയപ്പോള്‍ ആ സുഹൃത്ത് എന്റെ സ്കൂളിന്റെ മുന്നില്‍ ഉണ്ടായിരുന്നു…!!! ഞങ്ങള്‍ പലതും പറഞ്ഞ് ബസ് സ്റ്റോപ്പിലേക്ക്  നടന്നു…ബസ്‌ സ്റ്റോപ്പില്‍ നല്ല തിരക്കുണ്ടായിരുന്നു… കുറച്ചു സമയത്തെ കാത്തുനില്‍പ്പിന് ശേഷം ഒരു കെ.എസ്.ആര്‍.ടി.സി ബസ്‌ വന്നു. ഞാന്‍ എങ്ങനെയൊക്കെയോ അതില്‍ കയറിക്കൂടി. അവന് കയറാന്‍ പറ്റിയില്ലെന്ന് പിന്നെയാണ് മനസ്സിലായത്. ഞാന്‍ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ എന്റെ പിന്നിലുള്ളവര്‍ എന്നെ മുന്നിലേക്ക് തള്ളുകയാണ് ചെയ്തത്. അപ്പോഴേക്കും ബസ്‌ നീങ്ങിത്തുടങ്ങിയിരുന്നു. അവന്‍ ചിരിച്ചുകൊണ്ട് കൈവീശി. ഞാനും….

           ബസ്‌ യാത്രക്കിടയിലാണ് അവന്റെ പേര് എന്തെന്നോ നാട് എവിടെയെന്നോ ഒന്നും ഞാന്‍ അന്വേഷിച്ചില്ല എന്ന അബദ്ധം മനസ്സിലായത്. മടക്കയാത്രയില്‍ “രാജധാനി എക്സ്പ്രസ്സില്‍” ഇരിക്കുമ്പോള്‍ എന്റെ മനസ്സ് മുഴുവന്‍ ആ സുഹൃത്തിന്റെ മുഖമായിരുന്നു. വെറും മൂന്നു മണിക്കൂര്‍ കൊണ്ട് ഒരിക്കലും മറക്കാത്ത ഒരു സൗഹൃദം സമ്മാനിച്ച് പേരു പോലും പറയാതെ പോയ്മറഞ്ഞ സുഹൃത്ത്. ആ തിരുവനന്തപുരം യാത്ര ഞാന്‍ ഓര്‍ക്കുക ആ സുഹൃത്തിന്റെ പേരിലായിരിക്കും. അവന്‍ എനിക്ക് സമ്മാനിച്ച സൗഹൃദത്തിന്റെ പേരിലായിരിക്കും.

8 comments:

 1. ചില മിത്രങ്ങൾ ജീവിതത്തിലേക്ക്
  കയറി വരുന്നത് ഇങ്ങിനെയൊക്കെ തന്നേയാണ്...

  ReplyDelete
  Replies
  1. തീര്‍ച്ചയായും....മണിക്കൂറുകളുടെ പരിചയം മാത്രമേ ഉള്ളൂ എങ്കിലും എന്റെ മനസ്സിലെന്നും ഒരു നല്ല കൂട്ടുകാരനായി അവനുണ്ടാവും...

   Delete
 2. ഇത്തരം സൗഹൃദം എനിക്കും ഉണ്ടായിട്ടുണ്ട് ..എന്റെ സൌഹൃദത്തെ പറ്റി ഉള്ള ബ്ലോഗ്‌ പോസ്റ്റില്‍ അത് പറഞ്ഞിട്ടുണ്ട് "............ ട്രെയിന്ല്‍ ഒരിക്കല്‍ ഒരുമിച്ചു യാത്ര ചെയ്തു പിന്നേ ഒരിക്കല്‍ കൂടി മാത്രം കണ്ട ആള്‍ എന്റെ നിതാന്ത സൌഹൃദ ലിസ്റ്റില്‍ ഉണ്ട്. ..............." http://anwarikal.blogspot.in/2012/11/blog-post_11.html

  ReplyDelete
  Replies
  1. ഞാന്‍ വായിക്കാം...ഞാന്‍ അവനെ പിന്നീട് കണ്ടിട്ടേയില്ല എന്നതാണ് ഏറ്റവും ദുഖകരമായ കാര്യം...

   Delete
 3. ചില സുഹൃത്തുക്കൾ അങ്ങനെയാണ്.. മനുഷ്യർ ഇപ്പോഴും ഈ ഭൂമുഖത്തുണ്ട് എന്നോർമ്മിപ്പിച്ചു കൊണ്ട്..

  ReplyDelete
  Replies
  1. അതെ... ഇങ്ങനെ വിരലിലെണ്ണാവുന്ന ചിലര്‍...

   Delete