മുറ്റത്തെ വൈക്കോല്‍ക്കൂനയും തൊടിയിലെ അയിനി പ്ലാവും
പിന്നിട്ട് ശങ്കുണ്ണിയുടെ നോട്ടം മലര്‍ക്കെ
തുറന്നിട്ടിരിക്കുന്ന ഇല്ലിപ്പടിയിലേക്ക് നീണ്ടു. വീടിന്റെ വരാന്തയില്‍ ഒരു
സന്ന്യാസി കണക്കെ ചമ്രം പടിഞ്ഞുള്ള ഇരിപ്പ് തുടങ്ങിയിട്ട് മണിക്കൂറുകള്‍
പലതായി. അയാള്‍ക്ക് വല്ലാത്ത മുഷിച്ചില് അനുഭവപ്പെട്ടു. വേണമെങ്കില്‍
അയാള്‍ക്ക് അന്നും പതിവുപോലെ വല്ലാത്ത മുഷിച്ചില് അനുഭവപ്പെട്ടു എന്നും
പറയാം. കാരണം കഴിഞ്ഞു പോയ രണ്ട് ദശാബ്ദങ്ങളില്‍ ഭൂരിഭാഗം സമയവും ആയാള്‍
വീടിന്റെ മുറ്റത്തേയ്ക്കും, അതിനപ്പുറം തൊടിയില്‍ മുളച്ചു പൊന്തിയ പല ജാതി
മരങ്ങളിലേയ്ക്കും മാറി മാറി നോക്കിക്കൊണ്ടിരിയ്ക്കുകയായിരുന്നു. അതുകൊണ്ട്
തന്നെ ആ ഇരിപ്പും, തന്മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന മുഷിച്ചിലുമെല്ലാം
അയാളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു.
മുറ്റത്തു
നിന്നും വെയില് അരിച്ചരിച്ച് വരാന്തയിലേക്ക് പടര്‍ന്നു കയറാനുള്ള ഒരുക്കത്തിലാണ്.
വയറ്റില്‍ വിശപ്പ് തായമ്പക നടത്താന്‍ തുടങ്ങിയിട്ട്
നേരമേറെയായെങ്കിലും കഞ്ഞിക്കുള്ള വിളി മാത്രം ഇതുവരെയും വന്നില്ല.
"ഒന്നു പുറത്തേയ്ക്കിറങ്ങിയാലോ...? പാറുത്തള്ളയുടെ ചായപ്പീടിക വരെ...നാണുവിന്റെ മുറുക്കാന്‍ കട വരെയെങ്കിലും..."
മലര്‍ക്കെ തുറന്നിട്ടിരിക്കുന്ന ഇല്ലിപ്പടി അയാളില്‍ മോഹങ്ങളുടെ വിത്തുകള്‍ പാകി.
'പാടില്ല, അന്നദായിനിയായ അമ്മിണിയമ്മയുടെ കല്‍പ്പന ധിക്കരിച്ചുകൂടാ.....'
മനസ്സില്‍ മുളച്ചുപൊന്തിയ മോഹങ്ങളെ ആയാള്‍ ക്ഷണനേരം കൊണ്ട് മണ്ണിട്ടു മൂടി. അമ്മിണിയമ്മ
അയാളുടെ അമ്മയോ യജമാനത്തിയോ അല്ല, ഭാര്യയാണ്. സ്ഥാനം കൊണ്ട് മാത്രമാണ്
ഭാര്യ. പെരുമാറ്റം കൊണ്ട് മൂവാണ്ടന്‍ മാവിനടുത്തുള്ള മണ്ണിനടിയില്‍
നിദ്രകൊള്ളുന്ന അമ്മയ്ക്കും, അച്ഛനും നല്കിയിട്ടുള്ളതിനേക്കാള് ബഹുമാനം അയാള്‍
ഇന്ന് ഭാര്യയ്ക്ക് നല്‍കുന്നുണ്ട്. മൂന്ന് നേരവും മുന്നിലെത്തുന്ന
ഉപ്പില്ലാത്ത കഞ്ഞിയുടെയും, നാലാണ്ടു കൂടുമ്പോള്‍ കിട്ടുന്ന
ഓണക്കോടിയുടേയും, വീടിന്റെ ചായ്പ്പില് താന്‍ അന്തിയുറങ്ങുന്ന ദ്വാരങ്ങള്‍
വീണ പുല്ലുപായയുടേയും വില കൂടിയാണത്.
കുറച്ച് നാളായി
കാലിലൂടെ ഒരു തരിപ്പ് മേലാസകലം പടര്‍ന്നു കയറുന്നു. അതിനൊപ്പം വല്ലാത്തൊരു
കടച്ചിലും വേദനയും. ശങ്കുണ്ണി കൈകള്‍ കൊണ്ട് കാലുകള്‍ മെല്ലെയുഴിഞ്ഞു. എന്തൊക്കെയൊ ആലോചിച്ചുകൊണ്ട് ദീര്ഘമായൊന്നു
നിശ്വസിച്ച ശേഷം ഇരുകാലുകളും മുന്നിലേക്ക് നീട്ടി വച്ച് അയാള്‍ ചുവരില്‍
ചാരിയിരുന്നു. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന പേരക്കുട്ടികള്‍
അപ്പോഴാണയാളുടെ ശ്രദ്ധയില്‍പ്പെട്ടത്. പേരക്കുട്ടികള്‍ എന്നതിനേക്കാള്‍
അവര്‍ക്കനുയോജ്യമായ പേര് 'ചാരക്കുട്ടികള്' എന്നാണെന്ന് അയാള്‍ക്ക് തോന്നി.
മുത്തച്ചന് വീട്ടുവളപ്പില്‍ നിന്നും പുറത്തേക്കിറങ്ങുന്നുണ്ടോ
എന്നറിയാന്‍ അമ്മിണിയമ്മ നിയോഗിച്ചിരിക്കുകയാണവരെ. പ്രതിഫലമായി വൈകുന്നേരം
കിട്ടുന്ന മിഠായിക്കോ, ബിസ്ക്കറ്റിനോ വേണ്ടി അവര്‍ കൃത്യമായി ജോലി
ചെയ്യും. ഒരു തള്ളക്കോഴി ഈയിടെ വിരിഞ്ഞിറങ്ങിയ തന്റെ കുഞ്ഞുങ്ങളേയും കൊണ്ട്
ഇല്ലിപ്പടി കടന്ന് റോഡിലേക്ക് സവാരിക്കിറങ്ങുന്നത് അയാള്‍ അസൂയയോടെ
നോക്കിയിരുന്നു. അതുകണ്ട് തൊടിയില്‍ മേഞ്ഞുകൊണ്ടിരുന്ന പശുക്കളിലൊന്ന്
പുല്ലു തിന്നുന്നതിനിടയിലും അയാളെ നോക്കി പരിഹസിച്ചു ചിരിച്ചു. അയാള്‍
കണ്ണുകള്‍ ഇറുക്കിയടച്ചു.
ഓര്മ്മക്കടലിലൂടെ അയാള്‍
ഇരുപത് വര്‍ഷം പിറകിലോട്ട് നീന്തി. അന്നും ഇന്നും മാറ്റമില്ലാത്തതായി
ശങ്കുണ്ണിയെന്ന പേരു മാത്രമേ ഉള്ളൂ. ബാക്കിയെല്ലാം മാറിയിരിക്കുന്നു.
അല്ലെങ്കില്‍ പലരും ചേര്‍ന്ന് മാറ്റിയിരിക്കുന്നു. അന്ന് ആരോഗ്യദൃഢഗാത്രനായ
ഒരു കര്‍ഷകനായിരുന്നു. പാടവും പറമ്പുമായി തനിക്കുണ്ടായിരുന്ന നാലേക്കര്‍
സ്ഥലത്ത് അറിയാവുന്ന കൃഷിപ്പണികളെല്ലാം ചെയ്തിട്ടും ദാരിദ്ര്യം അയാളുടെ
കുടുംബത്തെ വേട്ടയാടിയിരുന്നു. കാരണം ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനാവണം എന്ന
ശങ്കുണ്ണിയുടെ മോഹസഫലീകരണത്തിനായി ഏട്ടാണ്മക്കളെയാണ് അമ്മിണിയമ്മ
പെറ്റുകൂട്ടിയത്. ഒടുവില്‍ അയാളുടെ മോഹം മാത്രം അവശേഷിച്ചു.
ചോര
നീരാക്കിയുണ്ടാക്കിയ പണമത്രയും തടിമാടന്മാരായ മക്കളെ തീറ്റിപ്പോറ്റാനായി
അയാള്‍ ചെലവഴിച്ചു. സ്വന്തം ആവശ്യങ്ങള്‍ക്ക് അയാള്‍ പണം
ചിലവാക്കുമായിരുന്നെങ്കില് അത് പുകവലിക്കാന്‍ വേണ്ടി മാത്രമായിരുന്നു.
ബീഡികളോടായിരുന്നു പഥ്യം. അതും വീടിന് ഒന്നര മൈലപ്പുറത്തുള്ള നാണുവിന്റെ
മുറുക്കാന്‍ പീടികയിലെ നാണു തെറുത്തെടുത്ത ബീഡികളോട്. ഒരു
ശീലത്തേക്കാളുപരി ബീഡിവലി അയാള്‍ക്കൊരു ഹരമായിരുന്നു. ചെയ്യുന്ന ജോലി
ഏതായാലും കൃത്യമായ ഇടവേളകളില്‍ ശങ്കുണ്ണി ബീഡിയ്ക്ക് തീ കൊളുത്തും.
കണ്ണുകള്‍ ഇറുക്കിയടച്ച് അതിന്റെ പുക വായിലേക്ക് ആവുന്നത്ര വലിച്ചു
കയറ്റും. നാസാരന്ധ്രങ്ങളിലൂടെ ധവളവളയങ്ങള് പുറത്തേയ്ക്ക് പറത്തി വിട്ടു
രസിക്കും. ചിലപ്പോള്‍ കുറേ സമയം വായ്ക്കകത്ത് പുക നിറച്ച് ശ്വാസം പുറത്തു
വിടാതെ ഇരിക്കും. ഈ കാഴ്ചയെല്ലാം കാണുന്നവര്‍ ശങ്കുണ്ണിയെ കളിയാക്കും. അയാള്‍ അത്
ഗൗനിക്കാതെ സ്വന്തം പ്രവൃത്തികളില്‍ വ്യാപൃതനാവും. ദിവസങ്ങള്‍
മുന്നോട്ട് നീങ്ങുന്തോറും ശങ്കുണ്ണിയുടെ മക്കളുടെ നീളവും വീതിയും
കൂടിക്കൂടി വന്നു. അതിനനുസരിച്ച് അയാളുടെ ജോലിഭാരവും വര്‍ദ്ധിച്ചു. ഇടി
വെട്ടിയവനെ പാമ്പു കടിച്ചവണ്ണം ഒരുനാള്‍ ശങ്കുണ്ണിയുടെ
ഉള്ളിലുറങ്ങിക്കിടന്നിരുന്ന ആസ്ത്മയെന്ന ഭൂതം പുറത്തു വന്നു. അയാള്‍
ജീവിതത്തിലാദ്യമായി ആശുപത്രിയുടെ പടി കയറി. കയ്യിലുള്ള കാശ്
കുറഞ്ഞുവെന്നല്ലാതെ ആസ്ത്മ കുറഞ്ഞില്ല. വീടിന്റെ വരാന്തയിലിരുന്ന്
അയല്‍വാസികള്‍ക്ക് പോലും കേള്‍ക്കാവുന്നത്ര ഒച്ചയില്‍ ശങ്കുണ്ണി ആഞ്ഞ്
ശ്വാസം വലിച്ചു. ആ ശ്വാസം വലിയും ഇരിപ്പും അയാളെ വലിയൊരു കടക്കാരനാക്കി.
പിന്നീടയാള്‍ ഒരു പണിക്കും പോയില്ല. കുടുംബം മുഴുവന്‍ പട്ടിണി കിടന്ന്
ചാവുമെന്നുറപ്പായപ്പോള് അമ്മിണിയമ്മ മക്കളെ കളത്തിലിറക്കി. എട്ടിലും
ഒമ്പതിലും പഠിക്കുന്ന രണ്ടാണ്മക്കളെ ഹോട്ടല്പ്പണിയെടുക്കുവാന് അവര്‍
തമിഴ്നാട്ടിലേക്ക് വണ്ടി കയറ്റി വിട്ടു. ഹോട്ടലുടമയുടെ അടിയും തൊഴിയും
കൊണ്ട് മക്കള്‍ സമ്പാദിച്ച കാശുകൊണ്ട് അമ്മിണിയമ്മ കടങ്ങള്‍ വീട്ടി. നാല്
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ട് മക്കളെക്കൂടി അതിര്‍ത്തി കടത്തിയതോടെ
അമ്മിണിയമ്മയുടെ ശുക്രദശ ആരംഭിച്ചു. ശങ്കുണ്ണിയുടെ ശനിദശയും.
സ്വന്തം രൂപത്തെ
അമ്മിണിയമ്മ വളരെയേറെ വെറുത്തിരുന്നു. കരിക്കട്ടയുടെ നിറമായിരുന്നു
അമ്മിണിയമ്മയ്ക്ക്. സുന്ദരിയാവണം എന്ന ചിന്ത തലയില്‍ വെള്ളിവര വീണ
വേളയിലും അവരുടെ മനസ്സിനെ വല്ലാതെ മഥിച്ചിരുന്നു. അങ്ങാടിയില്‍ നിന്ന്
കിട്ടിയ സൗന്ദര്യലേപനങ്ങളെല്ലാം മുഖത്ത് പുരട്ടിയിട്ടും പ്രത്യേകിച്ച്
ഗുണമൊന്നുമുണ്ടായില്ലെങ്കിലും സൗന്ദര്യ പരീക്ഷണങ്ങള്‍ അവര്‍
തുടര്‍ന്നുകൊണ്ടേയിരുന്നു. കറുത്തിരുണ്ട തന്റെ രൂപത്തെക്കാള്‍ വലിയ ശാപമായി
അവര്‍ കണ്ടത് ശങ്കുണ്ണിയേയും അയാളുടെ പുകവലി എന്ന അയാളുടെ
ദുശ്ശീലത്തേയുമായിരുന്നു. അമ്മിണിയമ്മ ബീഡി വാങ്ങാനായി പണം നല്‍കില്ല എന്ന്
നന്നായറിയാവുന്ന ശങ്കുണ്ണി മക്കളെയാണ് അതിനായി സമീപിച്ചിരുന്നത്. മരുന്നും
കഷായവുമൊക്കെ വാങ്ങണം എന്ന് നുണ പറഞ്ഞ് മക്കളില്‍ നിന്ന് വാങ്ങിയിരുന്ന
പണമത്രയും ശങ്കുണ്ണി നാണുവിന്റെ മുറുക്കാന്‍ കടയിലെത്തിച്ചു. ഒരു
നാള് ആസ്ത്മ അധികമായി ആശുപത്രിയിലെത്തിയ ശങ്കുണ്ണിയെ ബീഡിവലി
നിര്‍ത്താത്ത കാരണത്തിന് ഡോക്ടര്‍ വേണ്ടുവോളം വഴക്ക് പറഞ്ഞു.
കൂടെയുണ്ടായിരുന്ന ഇളയ മകന് അക്കാര്യം പൊടിപ്പും തൊങ്ങലും വച്ച്
അമ്മയോട് പറയുകയും കൂടി ചെയ്തതോടെ ശങ്കുണ്ണിയുടെ ബീഡിവലി വഴിമുട്ടി.
ആകെയുണ്ടായിരുന്ന ഒരു നേരമ്പോക്കും അതോടെ അവസാനിച്ചു. മക്കള്‍ ചില്ലിക്കാശ്
പോലും കൊടുക്കാതെയായി. നാണു ഒന്നുരണ്ട് തവണ ബീഡിക്കെട്ടുകള്‍ ഇഷ്ടദാനമായി
നല്‍കിയെങ്കിലും മക്കളിടപെട്ട് നാണുവിനെ ഭീഷണിപ്പെടുത്തിയതോടെ അതും
അവസാനിച്ചു.
തന്റെ വാക്കുകള്‍ ധിക്കരിച്ചുകൊണ്ടുള്ള
ശങ്കുണ്ണിയുടെ നടപടികള്‍ അമ്മിണിയമ്മയെ കോപിഷ്ഠയാക്കി. ശങ്കുണ്ണിയെ
നിലയ്ക്ക് നിര്‍ത്താന്‍ അവര്‍ പല മാര്‍ഗ്ഗങ്ങളും ചിന്തിച്ചു.
ഭര്‍ത്താവിനെ കിടപ്പുമുറിയില്‍ നിന്നും വീടിന്റെ ചായ്പ്പിലേക്ക്
ചവിട്ടിപ്പുറത്താക്കിയ ധീരവനിതകളുടെ പട്ടികയില്‍ എന്നേ സ്ഥാനം പിടിച്ചു
കഴിഞ്ഞിരുന്നതിനാല്‍ അത്രയും പോന്നതോ, അതിനേക്കാള്‍ കൂടിയതോ ആയ ഒരു ശിക്ഷ
ശങ്കുണ്ണിയ്ക്ക് വിധിക്കാന്‍ അമ്മിണിയമ്മയുടെ മനസ്സ് കൊതിച്ചു. അതിന്റെ
പരിണിതഫലമായാണ് ശങ്കുണ്ണി വീട്ടുതടങ്കലിലായത്.
"നിക്കൊരു ഷര്‍ട്ടോ മുണ്ടോ വാങ്ങിത്തരണില്ല, സമയാസമയത്ത് ഭക്ഷണം കിട്ടണില്ല, ഒരു ഗ്ലാസ് കട്ടന്‍ചായ പോലും തരണില്ല..."
പലപ്പോഴും
ഭാര്യയോടും മക്കളോടുമായി ഉറക്കെ വിളിച്ചു പറയാന്‍ ആഗ്രഹിച്ച ഈ
വാചകങ്ങളെല്ലാം ശങ്കുണ്ണിയുടെ തലച്ചോറില്‍ നിന്നും തൊണ്ടയിലേക്കുള്ള
യാത്രാമദ്ധ്യേ അകാലമൃത്യു വരിച്ചു. ദിവസങ്ങള്‍
പിന്നിട്ടപ്പോള്‍ പുകവലിയില്‍ നിന്നും താന്‍ പൂര്‍ണ്ണമായും മോചിതനായി
എന്നൊരു തോന്നല്‍ എല്ലാവരിലും ഉണ്ടാക്കിയെടുക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു.
അതിനായി അയാള്‍ വീട്ടില്‍ നിന്നിറങ്ങാതെയായി, മക്കളോട് പണം കടം
ചോദിയ്ക്കാതെയായി. ആ തന്ത്രത്തില്‍ ആയാള്‍ വിജയം വരിക്കുകയും ചെയ്തു.
വൈകുന്നേരങ്ങളില്‍ പതിവായി അല്‍പ്പനേരം നടക്കാന്‍ പോകണം എന്നുള്ള അയാളുടെ
ആഗ്രഹത്തെ തുടക്കത്തില്‍ അമ്മിണിയമ്മ ചോദ്യം ചെയ്തെങ്കിലും, വ്യായാമം
ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന അയാളുടെ വാദം
അമ്മിണിയമ്മയുടെ കോടതിയില്‍ അംഗീകരിക്കപ്പെട്ടു. ഡോക്ടറെ കാണാന്‍ കൂടെ
ചെല്ലാറുള്ള ഇളയ മകന് അത് ശരി വയ്ക്കുക കൂടി ചെയ്തതോടെ ആ 'നടത്തത്തില്‍'
ആര്‍ക്കും ഒരസ്വഭാവികതയും തോന്നിയതുമില്ല.
എന്നും അയാളുടെ നടത്തം വീട്ടില്‍ നിന്നും രണ്ടു മൈലപ്പുറത്തുള്ള
ചായക്കടയില്‍ അവസാനിച്ചു. അറുപത് വയസ്സ് പിന്നിട്ട പാറുത്തള്ളയായിരുന്നു ആ
ഒറ്റമുറിപ്പീടികയില്‍ കച്ചവടം നടത്തിയിരുന്നത്. അവര്‍ രാവിലെ
വീട്ടിലുണ്ടാക്കിയ പലഹാരങ്ങളും ചായയും വെവ്വേറെ പാത്രങ്ങളിലാക്കി
തലയിലേറ്റി കൊണ്ടു വരും. ഏതാണ്ട് പതിനൊന്ന് മണിയോടെ കച്ചവടം തീരുകയും അവര്‍
വീട്ടിലേക്ക് മടങ്ങുകയും ചെയ്യും. ആ പ്രദേശത്തെ മരം വെട്ടുകാരും,
ലോഡിംഗുകാരുമെല്ലാമായിരുന്നു അവിടുത്തെ സ്ഥിരം സന്ദര്‍ശകര്‍. രാവിലെ ഭക്ഷണം
കഴിക്കാന്‍ വന്നവരില്‍ പലരും രാത്രിയും അവിടെ വരും. കയ്യില്‍ കള്ളോ
ചാരായമോ ഉണ്ടാവും. അവര്‍ മദ്യപിക്കും, പുകവലിക്കും, അവര്‍ക്കിടയിലെ
ഗായകര്‍ ഉറക്കെ പാട്ട് പാടും. അടുത്തുവട്ടത്ത് വേറെ
വീടുകളൊന്നുമില്ലാത്തതിനാല്‍ അവരെ ആരും ചോദ്യം ചെയ്തില്ല. അവരെല്ലാം കടയിലെ
നിത്യ സന്ദര്ശകരായതുകൊണ്ടും തനിക്ക് വേറെ വരുമാന
മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാത്തതുകൊണ്ടും കടയുടെ ഉടമസ്ഥയായ പാറുത്തള്ള അവരുടെ
ചെയ്തികള്‍ക്കെല്ലാം മൗനാനുവാദം നല്കി.
ശങ്കുണ്ണി
എല്ലാ വൈകുന്നേരങ്ങളിലും പതിവായി അവിടെയെത്തും. പരിസരം മുഴുവന്‍
വീക്ഷിക്കും. അടുത്തെങ്ങും ആരുമില്ലെന്ന് ഉറപ്പായാല്‍ അവിടെ കഴിക്കാനും
കുടിക്കാനും വരുന്നവര്‍ വലിച്ചു തള്ളിയ ബീഡിക്കുറ്റികള്‍
പെറുക്കിയെടുക്കും. മടിയിലൊളിപ്പിച്ചു വച്ച തീപ്പെട്ടിയെടുത്ത്
ബീഡികളോരോന്നായെടുത്ത് കത്തിക്കും. ബീഡിപ്പുകയുടെ ഗന്ധം ആവോളമാസ്വദിക്കും.
ബീഡിപ്പുക കൊണ്ട് വെള്ളി വളയങ്ങള്‍ തീര്‍ക്കും. ഇക്കാര്യം ആരുമറിഞ്ഞില്ല.
അറിയാന്‍ അയാള്‍ ഇടവരുത്തിയതുമില്ല. അങ്ങനെ പുകവലി എന്ന ദുശ്ശീലം ഏറെ
പണിപ്പെട്ട് ഒഴിവാക്കിയ ഭര്‍ത്താവായും, അച്ഛനായും, അമ്മായിയച്ഛനായും,
മുത്തച്ചനായും അയാള്‍ ആ വീട്ടില്‍ ജീവിച്ചു.
''കഞ്ഞി കുടിയ്ക്കാന്‍ വിളിക്ക്ണു ''
പേരക്കുട്ടിയുടെ
വിളി കേട്ടപ്പോഴാണ് അയാള്‍ മയക്കത്തില്‍ നിന്നുമുണര്‍ന്നത്. അറിയാതെ
ഇരുന്നുറങ്ങിപ്പോയി. ഉപ്പില്ലാത്ത കഞ്ഞി തലേദിവസത്തെ പുളിച്ച ചമ്മന്തി
കൂട്ടി കുടിച്ച് ശങ്കുണ്ണി വീണ്ടും വരാന്തയിലേക്ക് തിരിച്ച് വന്നു.
തോളിലിട്ടിരിക്കുന്ന തോര്‍ത്ത് നിലത്ത് വിരിച്ച് അതില്‍ കിടന്ന്
നന്നായൊന്നു മയങ്ങി. ആ ഉറക്കം സൂര്യന്റെ നിറം മാറിത്തുടങ്ങും വരെ നീണ്ടു.
രാവിലെ ഭക്ഷണം കിട്ടാന്‍ വൈകുന്ന ദിവസങ്ങളില്‍ ഉച്ചഭക്ഷണം പതിവില്ല.
ഉണര്‍ന്ന ശേഷം തണുത്ത വെള്ളത്തില്‍ മുഖമൊന്നു കഴുകി പതിവു സവാരിക്കിറങ്ങി.
നാണുവിന്റെ മുറുക്കാന്‍ കട പതിവില്ലാതെ അടച്ചിട്ടിരിക്കുന്നത് കണ്ടപ്പോള്‍
അന്നേ ദിവസം കൊടുങ്ങല്ലൂര്‍ ഭരണിയാണെന്ന് ഉറപ്പിച്ചു. കഴിഞ്ഞ ആഴ്ച
കണ്ടപ്പോള്‍ കൊടുങ്ങല്ലൂര്‍ ഭരണിയ്ക്ക് പോകുന്ന കാര്യം നാണു
സൂചിപ്പിച്ചിരുന്നു. മക്കള്‍ ബീഡി കൊടുത്തതിന് വഴക്ക് പറഞ്ഞതിന് ശേഷം നാണു
ആദ്യമായി സംസാരിച്ചത് കഴിഞ്ഞ അന്നാണ്. അതും അടുത്തെങ്ങും ആരുമില്ല എന്ന്
ഉറപ്പാക്കിയ ശേഷം മാത്രം. ശങ്കുണ്ണി വീണ്ടും നടന്നു.
പാറുത്തള്ളയുടെ കടയെത്തിയപ്പോള്‍ പതിവു പോലെ പരിസരം മുഴുവന്‍ വീക്ഷിച്ച്
കടയ്ക്കകത്ത് കയറി ബീഡിവലി തുടങ്ങി. ആ സമയത്താണ് പാല്ക്കാരന് രാജന്റെ ഇളയ
ചെക്കന് വീടുകളിലേയ്ക്കുള്ള പാലുമായി അതിലേ വന്നത്. സാധാരണ എല്ലാ
ദിവസവും സൈക്കിളിലാണ് ചെക്കന്റെ യാത്ര. പക്ഷേ അന്ന് രണ്ടു കയ്യിലും
പാല്‍പ്പാത്രങ്ങളും തൂക്കി നടന്നായിരുന്നു വരവ്. ആളും അനക്കവുമില്ലാത്ത
ചായക്കടയില്‍ നിന്നും പുകയുയരുന്നത് കണ്ട് ചെക്കന് എന്തോ ഒരു പന്തികേട്
തോന്നി. കാര്യമെന്തെന്നറിയാന്‍ പതുങ്ങിച്ചെന്നപ്പോള് പെറുക്കിക്കൂട്ടിയ
ബീഡിക്കുറ്റികളോരോന്നായി വലിച്ചുതീര്‍ക്കുന്ന ശങ്കുണ്ണിയെയാണ് കണ്ടത്.
"കൊള്ളപ്പലിശക്കാരിയും,
തന്റേടിയും, എട്ട് മക്കളുടെ തള്ളയും, സര്‍വ്വോപരി കെട്ടിയവന് പുല്ലുവില
കല്പ്പിക്കാത്തവളുമായ അമ്മിണിയമ്മയുടെ ഭര്‍ത്താവ് ശങ്കുണ്ണിയതാ പാറുത്തള്ളയുടെ ചായപ്പീടികയിലിരുന്ന് ആരൊക്കെയൊ വലിച്ചെറിഞ്ഞ
ബീഡിക്കുറ്റികള്‍ പെറുക്കിയെടുത്ത് പുകച്ചു തള്ളുന്നു."
പാലു
പോലും കൊടുക്കാതെ ചെക്കന് ഓടിച്ചെന്ന് ആ വിവരം സ്വന്തം വീട്ടിലറിയിച്ചു.
അവര്‍ അക്കാര്യം തൊട്ടടുത്ത വീട്ടുകാരോടും, തൊട്ടടുത്ത വീട്ടുകാര്‍
നാട്ടുകാരില്‍ പലരോടും പറഞ്ഞു. അങ്ങനെ അല്‍പ്പസമയം കൊണ്ട് ആ വാര്‍ത്ത
അറിയാത്തവരായി നാട്ടിലാരും തന്നെ ഇല്ലെന്നായി.
താന്‍
ഇത്രയും കാലം ഒളിപ്പിച്ചു വച്ച രഹസ്യം വീട്ടുകാരറിഞ്ഞിരിക്കുന്നു എന്ന
കാര്യം ശങ്കുണ്ണിയുടെ ചെവിയിലുമെത്തിയതിനാല് പാതിരാത്രി കഴിഞ്ഞിട്ടാണ്
അയാള്‍ വീട്ടിലെത്തിയത്. എന്നാല്‍ പതിവിനു വിപരീതമായി അന്നവിടെ ആരും
ഉറങ്ങിയിരുന്നില്ല. എന്തോ വലിയ കാര്യം സംഭവിക്കാന്‍ പോകുന്നു എന്ന് മാത്രം
മനസ്സിലാക്കിക്കൊണ്ട് കൊച്ചു കുട്ടികള്‍ പോലും ഉറക്കച്ചടവോടെ
ശങ്കുണ്ണിയേയും കാത്തിരിക്കുകയായിരുന്നു. അമ്മിണിയമ്മയെ വീടിന്റെ
ഉമ്മറത്തു തന്നെ പ്രതിഷ്ഠിച്ചിരുന്നു. വീട്ടിനകത്തേയ്ക്ക് കടക്കാനാഞ്ഞ
ശങ്കുണ്ണിയെ അമ്മിണിയമ്മ മുറ്റത്തേയ്ക്ക് പിടിച്ചു തള്ളി. ഒരു വലിയ
ശബ്ദത്തോടെ അയാള്‍ മുറ്റത്ത് മലര്‍ന്നടിച്ച് വീഴുകയും അയാളുടെ കണ്ണട
മുഖത്തു നിന്നും തെറിച്ചു പോവുകയും ചെയ്തു. മക്കളും, മരുമക്കളും അവരെ
പിന്തിരിപ്പിക്കാന് ആവുന്നത്ര ശ്രമിച്ചെങ്കിലും ആ ശ്രമങ്ങളെല്ലാം
വിഫലമായി. കൊടുങ്ങല്ലൂരില്‍ പോകാതെ തന്നെ അന്ന് അയല്‍വാസികളെല്ലാം
അമ്മിണിയമ്മയുടെ വക ഭരണിപ്പാട്ട് കേട്ടു. അവരുടെ കണ്ണുകള്‍ ജ്വലിച്ചു,
കറുത്ത് കരിക്കട്ട പോലെയുള്ള മുഖം കൂടുതല്‍ വികൃതമായി.
'ഠേ'
എന്നൊരു ഒച്ചയും 'നിര്‍ത്തെടീ ചൂലേ നിന്റെ അധിക പ്രസംഗം' എന്ന
ശങ്കുണ്ണിയുടെ സ്വരവുമാണ് പിന്നീടവിടെ മുഴങ്ങിക്കേട്ടത്. കവിളില്‍ കൈ വച്ച്
അന്തം വിട്ടു നില്‍ക്കുകയായിരുന്നു അമ്മിണിയമ്മ. തൊട്ടപ്പുറത്ത് ഏങ്ങി
വലിച്ചുകൊണ്ട് നിന്നിരുന്ന ശങ്കുണ്ണിയെ മക്കളും, മരുമക്കളും,
പേരക്കുട്ടികളും, വേലിക്കപ്പുറത്ത് ഈ കാഴ്ച ആസ്വദിച്ചുകൊണ്ട് നിന്നിരുന്ന
അയല്‍വാസികളും ഭയഭക്തി ബഹുമാനത്തോടെ നോക്കി നിന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക്
ശേഷം തന്റെ ആണത്തം നഷ്ടപ്പെട്ടിട്ടില്ലെന്നും, അമ്മിണിയമ്മ തന്റെ
ഭര്‍ത്താവല്ല ഭാര്യയാണെന്നും ശങ്കുണ്ണി തെളിയിച്ചിരിക്കുന്നു. ഫണം
വിടര്‍ത്തിയാടിയിരുന്ന അമ്മിണിയമ്മയുടെ പത്തിക്കേറ്റ അടി മക്കളും,
മരുമക്കളുമുള്പ്പെടെയുള്ള എല്ലാവരെയും സന്തോഷത്തിലാറാടിച്ചു. അന്ന് ആ
വീട്ടില്‍ പലര്‍ക്കും ഉറക്കം വന്നില്ല. അവരുടെയെല്ലാം മനസ്സുകളില്‍
അദ്ഭുതം, ആഹ്ലാദം, ആകാംക്ഷ എന്നിങ്ങനെ പല പല വികാരങ്ങളുടെ വേലിയേറ്റം
നടക്കുകയായിരുന്നു. രാജഭരണം അവസാനിച്ച് ജനാധിപത്യം പുലരാന്‍ പോകുന്നതിന്റെ
സന്തോഷത്തിലായിരുന്നു മറ്റു ചിലര്‍.
രാവിലെ
കിടക്കപ്പായില്‍ നിന്നെഴുന്നേറ്റ് മൂത്രമൊഴിക്കാനായി പുറത്തേക്ക് പോയ
അമ്മിണിയമ്മയുടെ പേരക്കുട്ടികളിലൊരുവന്‍ തൊടിയിലെ അയനിപ്ലാവില്
തൂങ്ങിയാടുന്ന ശങ്കുണ്ണിയെക്കണ്ട് അദ്ഭുതപ്പെട്ടു. ആമ്മിണിയമ്മ കരഞ്ഞില്ല.
അതുകൊണ്ട് മക്കളും കരഞ്ഞില്ല. ആരും കരഞ്ഞില്ല.
ദിവസങ്ങള്‍
പലത് കഴിഞ്ഞു. ആളൊഴിഞ്ഞ വരാന്തയില്‍ നിന്നും
ശങ്കുണ്ണിയുടെ മരണം അവശേഷിപ്പിച്ച ഓര്‍മ്മകള്‍ പതിയെ കെട്ടടങ്ങി.
പതിവുപോലെ
പേരക്കുട്ടികള്‍ മുറ്റത്ത് കളിക്കുകയും, കോഴികള്‍ ഇല്ലിപ്പടിയ്ക്കപ്പുറം
കവാത്ത് പോകുകയും ചെയ്തു. പക്ഷെ അമ്മിണിയമ്മ മിക്ക ദിവസങ്ങളിലും അധികമാരോടും സംസാരിക്കാതെ ദൂരേയ്ക്ക് കണ്ണും നട്ട് വരാന്തയിലിരിക്കാന്‍
തുടങ്ങി. ഒരു ദിവസം നട്ടുച്ചയ്ക്ക് അമ്മിണിയമ്മയെ കാണാതായി. പാടത്തും,
പറമ്പിലും, കുളത്തിലും, കിണറിലുമെല്ലാം മക്കള്‍ തിരഞ്ഞു. എവിടെയും
അമ്മിണിയമ്മയെ കണ്ടില്ല. പലരോടും അന്വേഷിച്ചു. അവരാരും അമ്മിണിയമ്മയെ
കണ്ടിരുന്നില്ല. അവര്‍ പാറുത്തള്ളയുടെ ചായക്കടയില്‍ ബീഡിക്കുറ്റികള്‍
പെറുക്കുന്ന തിരക്കിലായിരുന്നു.
Climax ishtaayi
ReplyDeleteനന്ദി ബാസില്‍... :)
Deleteകഥ ഇഷ്ടായി.... :)
ReplyDeleteബന്ധങ്ങളിലെ കാഠിന്യം ബന്ധനമായി തോന്നുന്നത് മാത്രമാണോ! അവസാനം വിധിയുടെ വെളിപ്പെടുത്തലുകൾക്ക് ദൃഷ്ടാക്കൾ ആകുമ്പോൾ മാത്രമാണോ തിരിച്ചറിവുണ്ടാകുന്നത് ബന്ധനത്തിന്റെ കയ്പ്പിനു പുറകിൽ ഒളിഞ്ഞിരുന്ന കരുതലിന്റെ ഒരു മാധുര്യം ഉണ്ടായിരുന്നു എന്ന്? വൈകിപ്പോയല്ലോ എന്ന് ചിന്തിപ്പിക്കുന്നതിനു മരണം എപ്പോഴും ഒരു കാരണമാകണോ!!!
നന്ദി... :-)
Deleteവായിച്ചു, അവസാനഭാഗത്ത് എത്തിയപ്പോൾ എവെടെയോ ഒരു നൊമ്പരം മൊട്ടിട്ടു..ഇനിയും എഴുതുക വായിക്കാൻ ഞങ്ങളുണ്ട്. ആശംസപ്പൂക്കൾ..
ReplyDeleteനന്ദി... :-)
Deleteആവേശത്തോടെ ആഞ്ഞുവലിച്ച് ഊതിവിട്ട കട്ടിയായ നീലപ്പുക വായുവില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതായ പോലെ ശങ്കുണ്ണി........
ReplyDeleteനന്ദി സുഹൃത്തേ... :-)
Deleteവളരെ വൈകി മാത്രമാണ് പലപ്പോഴും ബന്ധവും അതിന്റെ ആഴവും മനസ്സില്‍ നിന്ന് അറുത്തുമാറ്റാനാവാത്തവിധം അള്ളിപ്പിടിച്ചതാണെന്ന് തിരിച്ചറിയുന്നത്. അതിനിടയിലുള്ള ശകാരവും വഴക്കും വികാരവും എല്ലാം സ്നേഹത്തിന്റെ തിരിച്ചറിയാന്‍ കഴിയാത്ത ഭാവങ്ങളാണ്. അമ്മിണിയമ്മയും ശങ്കുണ്ണിയും നാണിയമ്മയും എല്ലാം നമ്മുടെ ചുറ്റം കാണുന്നവര്‍.
ReplyDeleteനന്ദി റാംജി ചേട്ടാ... :-)
Deleteബന്ധങ്ങളുടെ ആഴം സ്പര്‍ശിക്കുന്ന കഥകൾ എത്ര ആവര്‍ത്തിച്ചാലും അത് ക്ലീഷേ ആവില്ലാ. സ്നേഹം വറ്റി വരണ്ട ഈ കാലത്ത് ഈ കഥകൾ വായിക്കപ്പെടെണ്ടതുണ്ട്..നല്ല പ്രതിപാദ്യവും ഭാഷയും ഇതിനെ ശ്രദ്ധേയമാക്കുന്നു
ReplyDeleteനന്ദി അന്‍വര്‍ക്കാ... :-)
Deleteപഴയ മട്ടിലുള്ള കഥാകഥനശൈലി. വിഷയത്തിലും അത്രകണ്ട് പുതുമ തോന്നിയില്ല. ചിലയിടത്തെങ്കിലും കഥയ്ക്കാവശ്യമില്ലാത്ത വിധം വിവരണങ്ങൾ സ്ഥൂലമാണ്. ക്ലൈമാക്സും അതിരുകടക്കുന്ന കോഴിയെ പോലുള്ള ചില സൂക്ഷ്മചിത്രീകരണങ്ങളും നന്നായി തോന്നി.
ReplyDeleteഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് കഥയുടെ ജനനം. അതുകൊണ്ട് തന്നെ പലയിടത്തും കഥ വിവരണത്തിലേക്ക് വഴി മാറിയോ എന്ന് എനിക്കും തോന്നിയിരുന്നു... ശരിതെറ്റുകള്‍ ചൂണ്ടിക്കാണിച്ചതില്‍ സന്തോഷം... :-)
Deleteക്ലൈമാക്സിന്റെ മനോഹാരിതയിൽ നിന്നും പുറകോട്ടു ചിന്തിക്കുമ്പോൾ കഥ പറഞ്ഞ രീതി ഒരൊഴുക്കൻ രീതി പോലെ തോന്നിച്ചു. പറഞ്ഞുപോകും പോലെ. എങ്കിലും മനസ്സിൽ തങ്ങുംവിധം കഥ അവസാനിക്കുന്നു.
ReplyDeleteനന്ദി പ്രദീപേട്ടാ... :-)
Deleteസംഗ്ഗീത്.. കഥ ഇഷ്ടമായി.. ചിലവിവരണങ്ങളിലൂടെ കഥാ പാത്രവും സന്ദർഭവും മുന്നിൽ സ്ക്രീനിലേതുപോലെ തെളിഞ്ഞു വന്നു. ആവിശ്യമില്ലാത്ത ചില വലിച്ചു നീട്ടലുകൾ ഉള്ളതായി തോന്നി.
ReplyDeleteചില തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്...നന്ദി... :-)
Deleteകഥ വായിച്ചു സംഗീത്...വളരെ നന്നായിരിക്കുന്നു...ശങ്കുണ്ണി മനസ്സിനെ വല്ലാതെ നോവിച്ചു...
ReplyDeleteസന്തോഷം അനീഷ്... :-)
Deleteപതിവ് തെറ്റിച്ചില്ല.. നന്നായിരിക്കുന്നു... നമ്മുടെ ചുറ്റുവട്ടത്ത് എന്തിനു സ്വന്തം വീട്ടിൽ കാണാറുണ്ട് 'ശങ്കുണ്ണിയെ'..
ReplyDeleteസവാരിക്കിറങ്ങുന്ന കോഴിയും കുഞ്ഞുങ്ങളും പുച് ഛ ഭാവത്തിൽ നോക്കുന്ന പശുക്കളും നന്നായി ഇഷ്ടപ്പെട്ടു.. ശങ്കുണ്ണിയുടെ മരണം അവതരിപ്പിച്ച രീതി ഉഷാറായി.. climax അപ്രതീക്ഷിതമായിരുന്നു.. അവസാനം ഒരു വേദന അവശേഷിപ്പിച്ചുകൊണ്ടാണ് നിർത്തുന്നതെങ്കിലും, This is one of your best.. no doubt..
ഒത്തിരി നന്ദിയുണ്ട് രേഷ്മ ഈ നല്ല വാക്കുകള്‍ക്ക്... :-)
Deleteക്ളൈമാക്സ് നന്നായി .അവിശ്വസനീയത ഉണ്ടെങ്കിൽ പോലും.ദുർബ്ബലമായ പ്വ്രപ്രമേയം ആഖ്യാനരീതി കൊണ്ട് മറി കടക്കാനുമായില്ല
ReplyDeleteനന്ദി സിയാഫ്ക്കാ...
Deleteഇഷ്ടപ്പെട്ടു. ഇനിയും നല്ല നല്ല കഥകള്‍ ഇവിടെ വായിക്കുവാന്‍ ഇടയാവട്ടെ. ആശംസകള്‍.
ReplyDeleteസന്തോഷം സുഹൃത്തേ...
Deleteകഥ ഇഷ്ടായി ഇഷ്ടാ ...!
ReplyDeleteഇപ്പറഞ്ഞത് എനിക്കും ഇഷ്ടായി... :-)
Deleteപ്രമേയപ്പഴമ അല്ലെങ്കില്‍ പുതുമ എന്നതിലപ്പുറം എന്നിലെ വായനക്കാരന് ഇഷ്ടപ്പെടുന്നത് കഥാകാരന്റെ ആഖ്യാന മികവിനെയാണ്. അത്രക്കങ്ങു ഔന്നത്യങ്ങളില്‍ എത്തിയില്ലെങ്കിലും മടുപ്പിക്കാത്ത വിധം കഥ പറഞ്ഞതും തികച്ചും വ്യത്യസ്തമായൊരു കഥാന്ത്യം നല്കിയതും എടുത്തു പറയേണ്ട കാര്യങ്ങള്‍ തന്നെ. ആശംസകള്‍ സംഗീത്
ReplyDeleteനന്ദി സര് ഈ വരവിനും അഭിപ്രായത്തിനും... :-)
Deleteനല്ല കഥ.. :)
ReplyDeleteതാങ്ക്സ് മനോജേട്ടാ... :-)
Deleteഎന്നും അങ്ങനെയാണ്...നല്ലതിന് വേണ്ടി നിലകൊള്ളുന്നവര്‍ അവസാനം ഒറ്റപെടും...ബീഡി കുറ്റികള്ക്ക് ഞാന്‍ എതിരായതിനാല്‍ ഞാന്‍ അമ്മിണിയമ്മയുടെ പക്ഷത്താണ്...അമ്മിണിയമ്മ കീ ജയ്...
ReplyDelete(ശങ്കുണ്ണികള് തുലയട്ടെ.....അമ്മിണിയമ്മമാര്‍ വിജയിക്കട്ടെ...)
ശങ്കുണ്ണികള് തുലയട്ടെ.....അമ്മിണിയമ്മമാര്‍ വിജയിക്കട്ടെ... :-)
Deleteഇനിയും കൂടുതൽ നല്ല കഥകൾ പ്രതീക്ഷിക്കുന്നു......
ReplyDeleteതീര്‍ച്ചയായും മാഷേ...
Deletekozhikal kavathu natathukayum cheythu enna bhagath nirthiyirunnenkil katha ujjwalamayene, ente thonnalaanu ktto. karanam anganeyanu sadharana natakkaru ee lokathil. athozhichal i have no words to express my happiness after reading this, kathareethi pazhanjano puthiyatho ennalla katha nammale sparshicho ennanu nokkendath, In that aspect this story is very very good, go ahead....
ReplyDeleteThank you so much... :-)
Deleteഒരു പാടു പറഞ്ഞു പഴകിയ തീമായാതിന്റെ ഒരു പ്രശ്നമുണ്ട്..അതിന്റെ വിരസത ക്ലൈമാക്സ് കൊണ്ടു തീര്‍ത്തു, പുതിയ, അധികം പറയാത്ത തീമും അതിനീ മാതിരി ക്ലൈമാക്സും ആയിരുന്നെങ്കില്‍ സൂപ്പര്‍ എന്നു പറയാമായിരുന്നു...എഴുതി എഴുതി കൂടുതല്‍ നന്നാകട്ടെ...പറഞ്ഞതില്‍ വിഷമം ആകില്ലന്നു കരുതുന്നു..ഒരു വായനക്കാരിയുടെ സ്വാതന്ത്ര്യം എടുത്തതാണെ....
ReplyDeleteതുറന്നു പറച്ചിലുകളില്‍ സന്തോഷം മാത്രമേ ഉള്ളൂ...അത് എന്റെ എഴുത്ത് നന്നാക്കനല്ലേ ഉപകരിക്കൂ...നന്ദി ഈ വരവിനും അഭിപ്രായത്തിനും... :-)
Deleteകഥ നന്നായി.
ReplyDeleteപഴയ ഏതോ ഒരു സിനിമയില്‍ ദിവസവും കുടിച്ചിട്ട് വന്ന് തന്നെ തല്ലുന്ന കെട്ട്യോനോട് (എസ് പി പിള്ള യോ മറ്റോ ആണെന്ന് തോന്നുന്നു) വഴക്കുണ്ടാക്കുന്ന കെ പി എസ് സി ലളിതയുടെ കഥാപാത്രം, കഥാവസാനത്തോടടുക്കുമ്പോള് കാലൊടിഞ്ഞ് വയ്യാതെ കിടക്കുന്നാതേ ഭര്‍ത്താവിന് കുടിയ്ക്കാന്‍ ഒരു കുപ്പിയും വാങ്ങിക്കൊണ്ട് പോകുന്ന ഒരു സീന്‍ ഉണ്ട്. അതോര്‍മ്മിപ്പിച്ചു, ക്ലൈമാക്സ്
നന്ദി... :-)
Deleteകഥ വായിക്കാന്‍ വൈകി. നന്നായി. ഇഷ്ടപ്പെട്ടു.
ReplyDeleteഞാന്‍ താങ്കളുടെ കഥകളുടെ ആരാധകനായാതുകൊണ്ടാവണം ഇത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു...
Delete