Sunday, January 18, 2015

കലോത്സവവും മെഴുകുതിരി സമരവും പിന്നെ ഞാനും...

              സംഭവം നടന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ കാലത്ത് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ്. തിരൂരില്‍ വച്ചായിരുന്നു ആ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം. സംസ്കൃതം കവിതാരചനയും സമസ്യാപൂരണവുമായിരുന്നു എനിക്ക് പങ്കെടുക്കേണ്ടിയിരുന്ന ഇനങ്ങള്‍. തിരൂര്‍ ടൌണില്‍ നിന്നും കുറച്ചകലെയുള്ള ഒരു സ്കൂളായിരുന്നു സംസ്കൃതം രചനാമത്സരങ്ങള്‍ക്കുള്ള വേദിയായി നിശ്ചയിച്ചിരുന്നത്. രാത്രി എട്ട്‌ മണിക്കോ മറ്റോ ആയിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്. അച്ഛനുമുണ്ടായിരുന്നു എന്റെ കൂടെ. ഞങ്ങള്‍ സ്കൂള്‍ തേടിപ്പിടിച്ച് എത്തിയപ്പോള്‍ അവിടെ ഒരു മനുഷ്യന്റെ കുട്ടി പോലുമില്ല. സ്ഥലം മാറിപ്പോയോ എന്ന് ആദ്യം ശങ്കിച്ചു. സ്കൂളിനു മുന്നിലെ ഒരു പെട്ടിക്കടക്കാരനോട് ചോദിച്ച് വേദി അത് തന്നെയാണെന്ന് ഉറപ്പു വരുത്തുകയപ്പോഴാണ് ശ്വാസം നേരെ വീണത്. കുറച്ച് സമയം കൂടി കഴിഞ്ഞപ്പോള്‍ മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. നേരമിരുട്ടിത്തുടങ്ങിയിരുന്നു. സ്കൂളില്‍ വെള്ളമോ വെളിച്ചമോ ഇല്ല. കലോത്സവത്തിന്റെ സംഘാടകരുടെ പൊടി പോലുമില്ല. മത്സരാര്‍ത്ഥികളും കൂടെ വന്നവരും എന്ത് ചെയ്യണമെന്നറിയാതെ മുഖത്തോടു മുഖം നോക്കി അന്തം വിട്ടു നിന്നു.

           കുറച്ചു സമയം കൂടി കഴിഞ്ഞു. സ്കൂളിനു മുന്നിലെ റോഡില്‍ നിന്ന് ഈ സംഭവങ്ങളെല്ലാം സാകൂതം നിരീക്ഷിച്ചിരുന്ന ഒരാള്‍ പതുക്കെ എന്റെ അരികില്‍ വന്നു.

"എന്താ ബടെ പ്രശ്നം?

" ഇവിടെ വച്ചാ മല്‍സരം...പക്ഷേ കലോത്സവത്തിന്റെ ആള്‍ക്കാരൊന്നും എത്തീട്ടില്ല. ലൈറ്റ് അറേഞ്ച്മെന്റ് പോലും നടത്തീട്ടില്ല."

"മോനെവ്ട്ന്നാ വര്ണ്..?"

"മണ്ണാര്‍ക്കാട്ട്ന്നാ...പാലക്കാട് ജില്ലേന്ന്..."
.....
.....
.....
.....

"നിങ്ങടെ സ്കൂളിലെങ്ങനെ...എസ്സഫൈയൊക്കെ ണ്ടോ?"

"ല്ല്യ...പക്ഷേ ചെലപ്പഴൊക്കെ വേണംന്ന് തൊന്നീട്ട്ണ്ട്"

"ആഹാ...അപ്പൊ മ്മടെ ആളാ ല്ലേ?"

          ഞാന്‍ അതിനുള്ള മറുപടിയെന്നവണ്ണം ചെറുതായൊന്നു ചിരിച്ചു. അയാള്‍ പിന്നെയും അവിടെ ചുറ്റിത്തിരിയുന്നതും ആരോടൊക്കെയോ എന്തൊക്കെയോ വിവരങ്ങള്‍ ചോദിച്ചറിയുന്നതും കണ്ടു. പിന്നെ കക്ഷിയെ കാണാതായി. സമയം പിന്നെയും മുന്നോട്ടു നീങ്ങി. നേരം വല്ലാതെയിരുട്ടി. റോഡില്‍ ഒരു ജീപ്പ് സഡന്‍ ബ്രേക്കിട്ട് നിന്നു. ഒരു കൂട്ടം ആളുകള്‍ ചാടിയിറങ്ങി. എല്ലാവരുടെയും കയ്യില്‍ ചെങ്കൊടിയുണ്ട്. സഖാക്കളാണ്. അവര്‍ സ്കൂള്‍ മുറ്റത്തേക്ക് ഇരച്ചു കയറി. കൂട്ടത്തില്‍ നേതാവെന്ന് തോന്നിച്ചയാള്‍ ആളുകളോട് വിവരങ്ങള്‍ തിരക്കി.

"ഡാ...വണ്ടീന്ന് സാധനമെടുക്ക്..."

            നേതാവ് അനുചരന്‍മാരിലൊരാളോട് പറഞ്ഞു. അയാള്‍ കേട്ട പാതി കേള്‍ക്കാത്ത പാതി കയ്യിലൊരു പൊതിയുമായി തിരിച്ചെത്തി. നേതാവ് മത്സരാര്‍ത്ഥികളെയെല്ലാം വിളിച്ച് റോഡിലേക്ക് നടന്നു. എല്ലാവരെയും നടു റോഡില്‍ നിരത്തിയിരുത്തി. അനുചരന്റെ കയ്യിലെ പൊതിയഴിച്ചു. എല്ലാവരുടേയും കണ്ണുകള്‍ ആ പൊതിയിലേക്ക് നീണ്ടു. ഒരു കൂട്ടം മെഴുകുതിരികള്‍...! നേതാവ് ഒരു മെഴുകുതിരി കത്തിച്ചു. ബാക്കിയുള്ള മെഴുകുതിരികളിലേക്ക് അനുചരന്മാരുടെ സഹായത്തോടെ അഗ്നി പകര്‍ന്ന് റോഡില്‍ നിരന്നിരുന്നിരുന്ന കുട്ടികള്‍ക്ക് നല്‍കി. ഞാനിതെല്ലാം കണ്ട് രസം പിടിച്ച് സ്കൂളിന്റെ മതിലിലങ്ങനെ ചാരി നില്‍ക്കുമ്പോള്‍ ചുമലിലൊരു പിടി വീണു. ആദ്യം കണ്ട സഖാവ്.

"മോന്‍ വാ...അവിടെ പോയി ഇരിക്ക്..."

"അതൊന്നും വേണ്ട ചേട്ടാ...."

"അതെങ്ങനെയാ ശരിയാവാ? നമ്മളൊക്കെ സഖാക്കളല്ലേ...? അനീതിക്കെതിരെ പൊരുതണ്ടോരല്ലേ?"

            ഞാന്‍ വരാന്‍ താത്പര്യമില്ല എന്നുള്ള എന്റെ തീരുമാനത്തില്‍ ഉറച്ചങ്ങനെ നില്‍ക്കുമ്പോള്‍ അനുചരന്മാരില്‍ ഒരാള്‍ കൂടി ഞങ്ങളുടെ അടുത്തേക്ക് വന്നു. പിന്നീട് കുറച്ച് സമയത്തേക്ക് എന്റെ ശരീരം വായുവിലായിരുന്നു. ബലിഷ്ടമായ അവരുടെ കരങ്ങള്‍ എന്നെ പൊക്കിയെടുത്ത് സുരക്ഷിതമായി നടു റോഡില്‍ ലാന്റ് ചെയ്യിപ്പിച്ചു. കയ്യിലൊരു കത്തിച്ച മെഴുകുതിരിയും തന്ന് റോഡില്‍ മറ്റുള്ള കുട്ടികളോടൊപ്പം ഇരുത്തി. ഇ.എം.എസ്സിനേയും എ.കെ.ജിയേയും മനസ്സില്‍ ധ്യാനിച്ച് മറ്റുള്ളവരോടൊപ്പം ഞാനും ഉറക്കെ വിളിച്ചു.

"വെള്ളമില്ല വെളിച്ചമില്ല...മെഴുകുതിരിസമരം സിന്ദാബാദ്"

അപ്പോഴേക്കും കാവിക്കൊടികളുമായി അടുത്ത സംഘം എത്തി.

              മുസ്ലീം ലീഗുകാരനായ മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ വെച്ചു നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സംസ്കൃതഭാഷയ്ക്ക് അവഗണന...!!! പോരേ പൂരം? എങ്കിലും' നമ്മളൊരല്‍പ്പം വൈകിയോ' എന്ന നിരാശ കാവിക്കൊടിയേന്തിയ ഓരോരുത്തരുടെയും മുഖത്ത് പ്രകടമായിരുന്നു.

"വിദ്യാഭ്യാസ മന്ത്രീ മൂരാച്ചീ...രാജി വെക്കൂ പുറത്ത് പോകൂ..."

                അവരുടെ ദേഷ്യം മുഴുവന്‍ വിദ്യാഭ്യാസ മന്ത്രിയോടായിരുന്നു.

കലോത്സവ നഗരിയില്‍ മെഴുകുതിരി സമരം...!!!!

             മാധ്യമപ്പട പാഞ്ഞെത്തി. പിറകെ പോലീസും. പോലീസിടപെട്ട് റോഡില്‍ നിന്നും എല്ലാവരേയും  ഒഴിപ്പിച്ചു. അപ്പോഴേക്കും സ്റ്റേറ്റ് കാറെത്തി. അതാ വരുന്നു സാക്ഷാല്‍ ഇ.ടി.മുഹമ്മദ്‌ ബഷീര്‍. മന്ത്രി നേരെ വന്നത് ഞങ്ങള്‍ കുട്ടികള്‍ക്കരികിലേക്കാണ്.

"എന്താ മക്കളേ ബടെ പ്രശ്നം...?"

           മൂപ്പര്‍ സ്വതസിദ്ധമായ ശൈലിയില്‍ പതിഞ്ഞ സ്വരത്തില്‍ ഞങ്ങളോട് ചോദിച്ചു. കുട്ടിപ്പട്ടാളത്തിന്റെ മുന്‍നിരയില്‍ നീന്നിരുന്ന ഞാന്‍ പതുക്കെ പിന്നിലേക്ക് വലിയാന്‍ ശ്രമിച്ചു. പെട്ടന്ന് പിന്നില്‍ നിന്നൊരു തള്ള്. ഞാന്‍ മന്ത്രിയുടെ തൊട്ടു മുന്നില്‍. പണി നൈസായിട്ട് പാളി. ഞാന്‍ കുട്ടികളുടെ പ്രതിനിധിയായി മുന്നോട്ടു വന്നതാണെന്ന ധാരണയില്‍ മന്ത്രി തോളില്‍ കൈ വെച്ച് ശാന്തനായി വീണ്ടും ചോദിച്ചു.

" എന്താ മോനേ ബടെ പ്രശ്നം...?"

               ചോദ്യത്തിന്റെ ഉത്തരം കാത്തു നില്‍ക്കുന്ന വിദ്യാഭ്യാസമന്ത്രി . പിന്നില്‍ തുറിച്ചു നോക്കുന്ന ഒരു കൊമ്പന്‍ മീശക്കാരന്‍ പോലീസ്. ആള്‍ക്കൂട്ടത്തിനിടയില്‍ കണ്ണുരുട്ടിക്കൊണ്ട് നില്‍ക്കുന്ന ആദ്യം പരിചയപ്പെട്ട സഖാവ്. ഇതിനെല്ലാം പുറമേ ഇക്കാരണം കൊണ്ട് എന്നെയെങ്ങാനും മത്സരത്തില്‍  പങ്കെടുപ്പിക്കാതിരിക്കുമോ എന്നുള്ള ആശങ്കയും. എന്റെ കൈകാലുകള്‍ വിറയ്ക്കുന്നതും ദേഹം മുഴുവന്‍ വിയര്‍ക്കുന്നതും ഞാന്‍ അറിഞ്ഞു. എങ്ങനെയൊക്കെയോ ഒരു വിധത്തില്‍ കാര്യങ്ങള്‍ പറഞ്ഞൊപ്പിച്ചു. വിദ്യാഭ്യാസമന്ത്രി വീണ്ടും പലരോടും കാര്യങ്ങള്‍ തിരക്കി. പിന്നെ എല്ലാം ശടപടേ ശടപടേന്നായിരുന്നു. ഒരു ബസ് സ്കൂളിനു മുന്നില്‍ പാഞ്ഞെത്തി. മത്സരാര്‍ത്ഥികളേയും കൂടെ വന്നവരേയും ബസില്‍ കയറ്റിയ ശേഷം വിദ്യാഭ്യാസമന്ത്രിയും ആ ബസില്‍ കയറി.

               "പോട്ടെ...റൈറ്റ്..." എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം തന്നെയാണ് ബസ്സിന് ബെല്ലടിച്ചത്. ബസ് ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴേക്കും ഞങ്ങള്‍ക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും അവിടെ ഒരുക്കിയിരുന്നു. പ്രശങ്ങളെല്ലാം അവസാനിച്ചു എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ബഷീര്‍ സാഹിബ് അവിടം വിട്ടു പോയത്. എട്ട് മണിയോടെ നടക്കേണ്ട രചനാമത്സരങ്ങള്‍ തുടങ്ങിയപ്പോഴേക്കും പാതിരാത്രിയായി. ഞങ്ങള്‍ ഉറക്കം തൂങ്ങിക്കൊണ്ട് കവിത രചിച്ചു. സമസ്യാപൂരണം നടത്തി. പുലര്‍ച്ചെ റിസള്‍ട്ട് പ്രഖ്യാപിച്ചു. രണ്ടിനങ്ങളിലും 'എ' ഗ്രേഡ്.

           അന്ന് ഉച്ചയോടെ നാട്ടിലെത്തി. രണ്ടിനങ്ങളില്‍ 'എ' ഗ്രേഡ് കിട്ടിയിട്ടും എന്റെ ഫോട്ടോ ഒന്നും  പത്രത്തില്‍ വന്നില്ല. പക്ഷേ നടുറോഡില്‍ മെഴുകുതിരിയും പിടിച്ചിരുന്നതിന്റെ സചിത്രവാര്‍ത്ത എല്ലാ പത്രങ്ങളിലും വരികയും ചെയ്തു... :-) രണ്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കലോത്സവം അവസാനിച്ചു. പാലക്കാട് ജില്ല ഒന്നാമതായി. സ്വര്‍ണ്ണക്കപ്പുയര്‍ത്തി. അതില്‍ എന്റെ പത്ത് പോയന്റും ഉണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ ഹാപ്പി. വീട്ടുകാരും, നാട്ടുകാരും, കൂട്ടുകാരും എല്ലാവരും ഹാപ്പി... :-)

40 comments:

 1. അത് കലക്കീ സംഗീത് ഭായ്. ഓര്‍മ്മകുറിപ്പ് നന്നായി. എന്തായാലും ആ ചോപ്പന്‍ നേതാവിനെ എനിക്കിഷ്ടായിട്ടോ...

  ReplyDelete
  Replies
  1. താങ്ക്സ് സുധീര്‍ ഭായ്...പുള്ളിയെ ഞാന്‍ മറക്കില്ലൊരിക്കലും... :-)

   Delete
 2. കലക്ക വെള്ളത്തിലെ മീന്‍ പിടുത്തം. (ഉത്സവം-അതൊക്കെ കോഴിക്കോട്ടുകാരെ കണ്ടു പഠിക്കണം)

  ReplyDelete
  Replies
  1. കോഴിക്കോട് കലോത്സവം ഗംഭീരമായി എന്നു കേട്ടു...പോകണം എന്ന് കരുതിയതാ...നടന്നില്ല...

   Delete
 3. സമംഗളം ലക്ഷ്യസ്ഥാനത്തെത്തി സമ്മാനാര്‍ഹനായി സന്തോഷവാനായി മടങ്ങാന്‍ കഴിഞ്ഞല്ലോ!
  ആശംസകള്‍

  ReplyDelete
 4. കിട്ടിയ അവസരം മുതലാക്കിയ ആ നേതാവിനെ പിന്നെ കണ്ടിരുന്നോ? ഓര്‍മ്മകുറിപ്പ് ഇഷ്ടായി...

  ReplyDelete
  Replies
  1. പിന്നെ കണ്ടിട്ടില്ല... പക്ഷേ ഏതു പാതിരാത്രിയില്‍ കണ്ടാലും പുള്ളിയെ ഞാന്‍ തിരിച്ചറിയും... :-)

   Delete
 5. ലാല്‍ സലാം സഖാവേ.. :)

  സംസ്കൃതോക്കെ പഠിച്ചിട്ടുണ്ടല്ലേ... :)

  ReplyDelete
  Replies
  1. ലാല്‍സലാം...
   ഹിഹി...അങ്ങനെയൊക്കെ സംഭവിച്ചു പോയി... :-)

   Delete
 6. സംഗീത് അത്ര ഇന്നസൻറ് ഒന്നും ആകണ്ട."ചെ ലപ്പോഴൊക്കെ SFI വേണമെന്ന് തോന്നിയിട്ടുണ്ട്" എന്ന പറച്ചിൽ വളരെ ബുദ്ധിപരമായ പറച്ചിൽ ആയിരുന്നു. പിന്നെ അവരുടെ അവസരോചിതമായ ഇടപെടൽ ആണ്, സംസ്കൃത സ്നേഹികളെയും അതിലുപരിയായി മാധ്യമ പ്പടയെയും എത്തിച്ചത്. മാധ്യമത്തെ പേടിച്ചു തന്നാണ് മന്ത്രി കാര്യങ്ങൾ പെട്ടെന്ന് ശരിയാക്കിയത്.

  പിന്നെ സംഗീതിന് ആകെ പറ്റിയ അബദ്ധം ആ മീശക്കാരൻ പോലീസിനെ കണ്ടു വിരണ്ടു പോയതാണ്. പോട്ടെ,പയ്യൻസ് അല്ലെ അന്ന് . മന്ത്രിയുടെ മുന്നിൽ സ്റ്റൈൽ ആയിട്ട് രണ്ടു വാക്ക് പറഞ്ഞിരുന്നുവെങ്കിൽ പത്രത്തിൽ പടവും വന്ന് നാട്ടിൽ ഷൈൻ ചെയ്യാ മായിരുന്നു. മന്ത്രി പറഞ്ഞത്‌ പോലെ "പോട്ടേ".

  ഇത്തവണയും കിരീടം പാലക്കാട് കരസ്ഥമാക്കും എന്ന ലക്ഷണമാണല്ലോ.

  ReplyDelete
  Replies
  1. അന്ന് അതിനൊക്കെയുള്ള ധൈര്യം വേണ്ടേ? മന്ത്രി എന്തൊക്കെയോ ചോദിച്ചു...ഞാനെന്തൊക്കെയോ പറഞ്ഞു... മത്സരത്തില്‍ പങ്കെടുപ്പിക്കാതെ വീട്ടിലേക്ക് പറഞ്ഞു വിടുമോ എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ടെന്‍ഷന്‍... :-)
   താങ്ക്സ് ട്ടോ... :-)

   Delete
 7. ഇന്നത്തെ കാലം ആയിരുന്നേൽ 'സെൽഫി' എടുക്കാമായിരുന്നു

  ReplyDelete
  Replies
  1. അത് ശരിയാ...വല്ല്യ നഷ്ടമായിപ്പോയി... :-)

   Delete
 8. :D ഞാനും സംസ്കൃത കലോത്സവത്തിന് പോയിട്ടുണ്ട് ഏഴാം ക്ലാസ്സ്‌ വരെ.. സംസ്കൃതം പ്രസംഗവും കധാകഥനവും ഒക്കെ ആരുന്നു.. ഇപ്പോളും ഇടയ്ക്ക് പറഞ്ഞു നോക്കും "മാന്യാഹ സഭാസദഹ യൂഷ്മഭ്യം നമഹ " അതൊക്കെ പകലായിരുന്നതുകൊണ്ട് മെഴുകുതിരി സമരത്തിനു ആരും വന്നില്ല.. ;)

  ReplyDelete
  Replies
  1. ആഹാ...കൊള്ളാലോ...ഞാന്‍ കുറേ കാലമായിട്ട് സംസ്കൃതവുമായി ടച്ച് തീരെയില്ല...എല്ലാം ഒന്നു പൊടി തട്ടിയെടുക്കണം... :-)

   Delete
 9. Anubhavam rasakaramayitundu. Angane oru kutty samaranayakanayi

  ReplyDelete
 10. സംസ്ഥാന സ്കൂൾ യുവജനോത്സത്തിൽ രണ്ട് ഇനങ്ങളിൽ എ ഗ്രേഡ് നേടി സ്വന്തം ജില്ലക്ക് പത്ത് പോയന്റ് സമ്മാനിച്ച് സ്വർണക്കപ്പ് ഉയർത്താൻ സഹായിച്ചു എന്നത് വായിച്ചതോടെ മറ്റെല്ലാ കാര്യങ്ങളും ഞാൻ മറന്നു.....

  പത്തു വർഷത്തിനിപ്പുറത്ത് നിന്ന് അഭിനന്ദനങ്ങൾ.... അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. ഒരുപാട് നന്ദി മാഷേ... :-)

   Delete
 11. Replies
  1. ഞാനും ഹാപ്പി... :-)

   Delete
 12. ഇതേ മന്ത്രി തന്നെയായിരുന്നു കേരളത്തിലെ ആദ്യ സംസ്കൃത സര്‍വ്വകലാ ശാല സ്ഥാപിച്ചതും....
  സന്തോഷം, അവതരണത്തിലെ ഈ സജീവതക്ക്.....

  ReplyDelete
 13. എസ് എഫ് ഐ യുടെ ഇടപെടൽ തെറ്റായി തോന്നിയില്ല. മന്ത്രിയുടെ നടപടിയും കൃത്യമായിരുന്നു. എല്ലാവരും ഹാപ്പിയാവട്ടെ..

  ReplyDelete
  Replies
  1. അതെ...എല്ലാവരും .ഹാപ്പിയാവട്ടെ.. :-)

   Delete
 14. നന്നായിരിക്കുന്നു.ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി സുഹൃത്തേ... :)

   Delete
 15. സംഗീതേ.കലക്കി.ഓർമ്മകൾ ഉണ്ടായാൽ മാത്രം പോരാ,അതിങ്ങനെ വൃത്തിയായി അടുക്കി വെച്ചിരിക്കുന്നതു കൊണ്ട്‌ കാഴ്ച കാണുന്നതു പോലെ വായിക്കാൻ പറ്റി.

  ReplyDelete
 16. ഹഹഹ! ഇങ്ങനെ ഒരു കണ്ടു മുട്ടൽ പ്രതീക്ഷിച്ചില്ല സുഹൃത്തേ! ആ മെഴുകുതിരി സമരത്തിന്റെ മറ്റൊരു മുന്നണിപ്പോരാളിയാണ് ഇത് എഴുതുന്നത്. ഓർമ്മകൾ എത്ര കൃത്യം!
  ഇതാ എന്റെ കണ്ണിലൂടെ ആ സംഭവം.
  http://kdkazhchakal.blogspot.ae/2015/01/blog-post_62.html

  ReplyDelete
  Replies
  1. ഹഹഹ...ഞെട്ടിപ്പിച്ചല്ലോ ചങ്ങാതീ...
   കുറേ നാളായി ബ്ലോഗിൽ കയറാത്തതു കൊണ്ട് കമന്റ് കണ്ടില്ല...
   പത്തു കൊല്ലം മുമ്പ് ഉണ്ടായ സംഭവം താങ്കളും ഞാനും ഒരേ വർഷത്തിൽ തന്നെ വീണ്ടും ഓർത്തെടുത്ത് ബ്ലോഗിൽ കുറിച്ചു എന്നതാണ് ഏറെ അതിശയം...
   അതിഗംഭീരമായി എഴുതി...

   Delete