Wednesday, April 22, 2015

"ഒറ്റയാന്‍"


നളിനി:
           മേലാസകലം ക്ഷതമേറ്റ ഒരു സ്ത്രീശരീരവും, തൊട്ടടുത്ത് കിടന്നിരുന്ന കീറിപ്പറഞ്ഞ വസ്ത്രങ്ങളും. അന്നു പുലര്‍ച്ചെ നടന്ന അതിക്രൂരമായ ബലാത്സംഗത്തിന്റെ ശേഷിപ്പുകളായിരുന്നു അവ. നഗ്നയായി കിടന്നിരുന്ന അവളുടെ വെളുത്ത മേനിയിലേക്ക് സൂര്യരശ്മികള്‍ പലകുറി എത്തി നോക്കി. പിന്നെയവ നാണിച്ച് തിരിച്ച് പോയി. ഇരുളിന്റെ മറ പിടിച്ചെത്തിയ അതിക്രൂരനും ക്ഷണിക്കപ്പെടാത്തവനുമായ അതിഥി തന്നില്‍ നിന്നുമപഹരിച്ച പാതിവ്രത്യത്തേക്കാള്‍ കൂടുതല്‍ അപ്പോള്‍ നളിനിയെ അലട്ടിയിരുന്നത് ബോധം മറയുന്നതിന് തൊട്ടു മുമ്പ് അത്യുച്ചത്തില്‍ മുഴങ്ങിക്കേട്ട തന്റെ ഭര്‍ത്താവിന്റെ ദീനരോദനത്തെക്കുറിച്ചുള്ള ചിന്തയാണ്. പല തവണ അവള്‍ കണ്ണുകള്‍ തുറക്കാനുള്ള ശ്രമം നടത്തി. ശരീരമാസകലം പടര്‍ന്നു കയറുന്ന വേദന കണ്ണുകളെ ഇറുക്കിയടപ്പിച്ചു. മണ്ണു തറയില്‍ കിടന്ന് ഞരങ്ങി. വളര്‍ത്തു കോഴികളിലൊരെണ്ണം ഇടയ്ക്കെപ്പോഴോ തുറന്നിട്ട വാതിലിലൂടെ അകത്തേക്ക് കയറി. നളിനിയുടെ പാദത്തിലും കൈത്തണ്ടയിലും ചെറുതായൊന്നു കൊത്തിയ ശേഷം അത് വന്ന വഴിയേ തിരിച്ചു പോയി.

             ഞരങ്ങിക്കൊണ്ട് വാതില്‍ക്കലെത്താനുള്ള അവളുടെ ശ്രമം ഒടുവില്‍ വിജയം കണ്ടു. മുറ്റത്ത് തളം കെട്ടി നിന്നിരുന്ന മഴവെള്ളത്തില്‍ മേലാകെ ചെമ്മണ്ണ് പുരണ്ട് കിടന്നിരുന്നത്   രാഘവനാണ്. നളിനിയുടെ കെട്ടിയവന്‍. അവനെ നോക്കി അവളെന്തോ പറയാനാഞ്ഞുവെങ്കിലും വറ്റി വരണ്ട തൊണ്ടയ്ക്കപ്പുറം പോകാനാകാതെ ആ സ്വരം പാതി വഴിയില്‍ വെട്ടേറ്റു വീണു. കഷണ്ടി കീഴടക്കിയ ശിരസ്സില്‍ നിന്നും രക്തമൊലിച്ച് , വിറച്ചുകൊണ്ട് കുറച്ചകലെയായി രാഘവന്റെ അനിയന്‍ കിടന്നിരുന്നു. കാത് കേള്‍ക്കാത്ത, കരയാന്‍ മാത്രമറിയുന്ന പൊട്ടന്‍ പ്രഭാകരന്‍.

              തലേന്ന് രാത്രി ആശാരിപ്പണി കഴിഞ്ഞ് രാഘവന്‍ വീട്ടിലെത്തിയപ്പോഴേക്കും നേരമിരുട്ടിയിരുന്നു. അപ്പോഴേക്കും എല്ലാം നടന്നു കഴിഞ്ഞിരുന്നു. നളിനി ആദ്യം മുഴങ്ങിക്കേട്ടത് രാഘവന്റെ അമ്മയുടെ നിലവിളിയാണ്. അത് കഴിഞ്ഞ് പൊട്ടന്‍ പട്ടിയെപ്പോലെ നിര്‍ത്താതെ മോങ്ങുന്നത് കേട്ടു. അച്ഛനെയും നേരിട്ടതിന് ശേഷമാണ് ശത്രു നളിനിയുടെ അടുക്കലെത്തിയത്. മയക്കത്തില്‍ നിന്നും പിടഞ്ഞെണീറ്റ് ചിമ്മിനി വിളക്ക് കൊളുത്താനുള്ള അവളുടെ ശ്രമമവസാനിച്ചത് നടുവിനേറ്റ ഒരു ചവിട്ടോടെയാണ്. വസ്ത്രമുതിര്‍ന്നു വീണു. മുഖത്തും വയറ്റത്തും പ്രഹരമേറ്റു. അലറിക്കരഞ്ഞു. അര കിലോമീറ്റര്‍ അകലെയുള്ള ഏറ്റവുമടുത്ത വീട്ടിലേക്കുള്ള മാര്‍ഗമദ്ധ്യേ അവളുടെ കണ്ഠത്തില്‍ നിന്നുമുതിര്‍ന്ന ശബ്ദം പെരുമഴയത്ത് മരിച്ചു വീണു. ശത്രു ഇരുളിന്റെ മറ പിടിച്ച് രാഘവനേയും കാത്തിരുന്നു. വയറു നിറച്ച് കുടിച്ചു കയറ്റിയ പുളിച്ച കള്ളിന്റെ ലഹരിയാസ്വദിച്ച്  രാഘവന്‍ ആടിയാടി വന്നു. ശത്രുവിന് മുന്നില്‍ ഒരു പ്രതിരോധം പോലും തീര്‍ക്കാനാവാതെ ഭൂമിയില്‍ പതിച്ചു.

             പോലീസുകാര്‍ വന്നു. പിന്നാലെ മണത്തു കൊണ്ട് പട്ടിയും വന്നു. നാട്ടുകാര്‍ അന്യോന്യം സങ്കടം പറഞ്ഞു. ചിലര്‍ കരഞ്ഞു. മറ്റു ചിലര്‍ നളിനിയുടെ കീറിയ വസ്ത്രങ്ങളെക്കുറിച്ച് പറഞ്ഞു. വീട്ടുമുറ്റത്തേക്ക് ചാഞ്ഞു നിന്നിരുന്ന മൂവാണ്ടന്‍ മാവൊരെണ്ണം തല തല്ലി ചെരിഞ്ഞു വീണു. വളപ്പിന്റെ വടക്കേ അതിരില്‍ രാഘവന്‍ എരിഞ്ഞമര്‍ന്നു. പോലീസുകാര്‍ പോയി. തല താഴ്ത്തിക്കൊണ്ട് പട്ടിയും പിറകെ പോയി. പിന്നെ ആരും വന്നില്ല. മാവ് നിന്നിടത്ത്‌ ആരോ പാകിയ വിത്തൊരെണ്ണം പുതുമഴയ്ക്ക് മുള പൊട്ടി. ആളുകള്‍ അടക്കം പറഞ്ഞു. പൊട്ടന്‍ വിശന്നു കരഞ്ഞു. അച്ഛനും അമ്മയും കൂടെ കരഞ്ഞു. നളിനി വീര്‍ത്ത വയര്‍ ഇരുകൈകള്‍ കൊണ്ടും അമര്‍ത്തിപ്പിടിച്ച് കരഞ്ഞു. ആരും കേട്ടില്ല. ആരും വന്നില്ല. മുള പൊട്ടിയ വിത്ത് വളര്‍ന്നു. ചെടിയായി. മരമായി. ഒരു നാള്‍ ഫലമൊരെണ്ണം ഞെട്ടറ്റു വീണു. നളിനി ഇങ്ക് കുറുക്കിയില്ല. മുലകള്‍ അമൃത് ചുരത്തിയില്ല. തൊട്ടില്‍ കെട്ടിയില്ല. കുഞ്ഞു ജീവന്‍ തൊണ്ട കീറിക്കരഞ്ഞു. കരഞ്ഞു മടുക്കുമ്പോള്‍ തളര്‍ന്നുറങ്ങി. കരച്ചില്‍ കേള്‍ക്കാനും, കരച്ചിലിന്റെ ഉടമയെക്കാണാനും പലരും പതുങ്ങിപ്പതുങ്ങി വന്നു.

വറീത് മാപ്ല: 
           നട്ടുച്ച. ബോധോദയം വന്ന പോലെ നളിനി പിടഞ്ഞെണീറ്റു. തകരപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്ന വാസനസോപ്പെടുത്തു. ജട പിടിച്ച തലയില്‍ കാച്ചെണ്ണ തേച്ച് കുളത്തിലേക്ക് നടന്നു. വിസ്തരിച്ചൊന്നു കുളിച്ചു. തിരികെ വന്ന് അതേ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന കസവുമുണ്ടും നേര്യതും ഞൊറിഞ്ഞുടുത്തു.  കണ്ണെഴുതി. വട്ടപ്പൊട്ടു തൊട്ടു. വാതില്‍ തുറന്ന് വലിഞ്ഞു നടന്നു. പറങ്കിമാവിന്‍ തോട്ടത്തില്‍ കാച്ചെണ്ണയുടെ ഗന്ധം പരന്നു. നളിനിയെ കണ്ട് പാമ്പൊരെണ്ണം പത്തി വിടര്‍ത്തി. കാട്ടു പൂച്ച മുരണ്ടുകൊണ്ട് പിന്തുടര്‍ന്നു. അണ്ണാന്‍ ചിലച്ചു കൊണ്ടേയിരുന്നു. പിന്നെ അവയെല്ലാം ചേര്‍ന്ന് ആര്‍ത്തു ചിരിച്ചു.
           വാതിലില്‍ ആരോ കൊട്ടുന്നത് കേട്ട് വറീത് മാപ്ല ഉച്ചയുറക്കത്തില്‍ നിന്നും ഞെട്ടിയെണീറ്റു. ഉറക്കച്ചടവോടെ വാതില്‍ തുറന്നപ്പോള്‍ ഉച്ചവെയിലേറ്റ് തിളങ്ങുന്ന വെളുത്തു തുടുത്ത സ്ത്രീശരീരം കണ്ട് തെല്ലൊന്നമ്പരന്നു. പ്രേതാലയം പോലൊരു വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ ധൈര്യമുള്ള വറീത് മാപ്ലയുടെ കണ്ണിലെ പരിഭ്രമം കണ്ട് നളിനിക്ക് ചിരി പൊട്ടി. വറീത് മാപ്ലയും ചിരിച്ചു.  അന്നും അയാള്‍ ഇതുപോലെയാണ് ചിരിച്ചത്. വാങ്ങിച്ച പണം തിരികെ കൊടുക്കാത്തതിന് രാഘവനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ബഹളം വെച്ചപ്പോള്‍. ബഹളത്തിനൊടുവില്‍ രാഘവനെ ചവിട്ടി താഴെയിട്ടപ്പോള്‍.

    " നിന്റെ കടം ഈ ജന്മത്തില്‍ ഞാന്‍ വീട്ടാന്‍ പോകുന്നില്ലെടാ" എന്നും പറഞ്ഞ് വഴിവക്കില്‍ വെച്ച് രാഘവന്‍ വറീത് മാപ്ലയുടെ കരണക്കുറ്റിക്കിട്ട് കണക്ക് തീര്‍ക്കുമ്പോള്‍ പക്ഷേ അയാളുടെ കണ്ണുകളിലെരിഞ്ഞിരുന്നത് പകയുടെ കനലുകളായിരുന്നു. നളിനി പിന്നെയും ചിരിച്ചു. വറീത് മാപ്ലയും ചിരിച്ചു. മാനത്ത് സൂര്യന്‍ നിന്നു കത്തി. അകലെ കൊടികുത്തി മലയുടെ ഉയര്‍ച്ച താഴ്ചകളില്‍ സൂര്യപ്രകാശം പടര്‍ന്നു കയറി. പതിയെ കെട്ടടങ്ങി.

      പറങ്കി മാവിന്‍ തോപ്പിലൂടെ തിരികെ നടക്കുമ്പോള്‍ നളിനി ഇരുളിന്റെ മറ പിടിച്ചെത്തിയ ഒറ്റയാനെക്കുറിച്ചോര്‍ത്തു. ഒരു പ്രതിരോധവും എശാത്തവന്‍. ശക്തന്‍. പാവം വറീത് മാപ്ല. ശക്തനെങ്കിലും ഒറ്റയാനോളം വരില്ല. ഇരുളിന്റെ മറ പിടിച്ചെത്തിയവന് സങ്കല്‍പ്പിക്കാവുന്ന മൂന്ന് മുഖങ്ങളില്‍ നിന്നും ഒരാള്‍ രക്ഷപ്പെട്ടിരിക്കുന്നു. ഇനിയുമുണ്ട് രണ്ടു പേര്‍. ആ കാളരാത്രിയുടെ ആവര്‍ത്തനങ്ങള്‍ കൂടിയേ തീരൂ. നളിനിയുടെ വലതുകയ്യിലിരുന്ന് കൂര്‍ത്ത കഠാരയൊരെണ്ണം ഞെരിഞ്ഞമര്‍ന്നു.

വാസു:
           കൊടികുത്തി മലയുടെ താഴെ പന്തലിച്ച് നില്‍ക്കുന്ന അരയാലിന്റെ ചുവട്ടില്‍ പോക്കുവെയിലുമേറ്റ് നളിനി നിന്നു. 1982 മോഡല്‍ മഹീന്ദ്ര ജീപ്പൊരെണ്ണം പൊടി പറത്തിക്കൊണ്ട് പാഞ്ഞു വന്നു. നളിനി റോഡരികിലേക്ക് കയറി നിന്നു. അവളുടെ അടുത്തെത്തുന്തോറും ജീപ്പിന്റെ മുരള്‍ച്ച കുറഞ്ഞു വന്നു. പിന്നീടത് നിശബ്ദമായി. അരയാലിനെ തനിച്ചാക്കി ജീപ്പ് മുന്നോട്ട് പാഞ്ഞു.

"ദേഷ്യം ണ്ടോ നിനക്കെന്നോട്?"

വലതുകൈ കൊണ്ട് വളയത്തിലും ഇടതു കൈ കൊണ്ട് നളിനിയുടെ ചുമലിലും പിടിച്ച് വാസു ചോദിച്ചു.

"എന്തിന് ?"

"നെന്റെ കെട്ടിയോനെ നടുറോട്ടിലിട്ട് തല്ലിയോനല്ലേ ഞാന്‍. ഓന്‍ ചെയ്ത തെണ്ടിത്തരത്തിന് വെട്ടി നുറുക്കണായിരുന്നു. പക്ഷേ അത് ചെയ്യാന്‍ നിക്ക് യോഗംണ്ടായില്ല."

          പുഴവക്കത്തെ കണ്ടല്‍ക്കാടിനരികില്‍ ജീപ്പ് വിറച്ചു കൊണ്ട് നിന്നു. വാസു ജീപ്പില്‍ നിന്നും പുറത്തിറങ്ങി. നളിനിയും. പരന്നു കിടന്നിരുന്ന വെളുത്ത മണല്‍പ്പരപ്പിനെ പുണര്‍ന്ന് പുഴവെള്ളം ആര്‍ത്തിയോടെ ഒഴുകിക്കൊണ്ടിരുന്നു. മാനത്ത് അന്തിച്ചോപ്പ്‌ കണ്ടു. ദേഹത്ത് പറ്റിപ്പിടിച്ച മണല്‍ത്തരികള്‍ തട്ടി മാറ്റി, വിയര്‍പ്പുതുള്ളികള്‍ തുടച്ച് നളിനി എഴുന്നേറ്റു. തിരിഞ്ഞ് നോക്കാതെ നടന്നു.
  
ജോസ്:
             "രാത്രി ഈ കാട്ടില്‍ക്കൂടെ ഒറ്റയ്ക്ക് നടക്കാന്‍ പേടില്ലേ നെനക്ക്?"

നനഞ്ഞ മണ്ണിലൂടെ ചെരിപ്പിടാത്ത കാലമര്‍ത്തി പതിയെ നടന്നു നീങ്ങുന്നതിനിടയില്‍ ജോസ് നളിനിയോട് ചോദിച്ചു.

          "ഒറ്റയ്ക്കക്കല്ലല്ലോ ജോസ് ണ്ടല്ലോ ന്റെ കൂടെ"

           തെല്ലൊരു നാണത്തോടെ അത് പറയുമ്പോള്‍ അവളുടെ കവിളില്‍ ചന്തമുള്ള നുണക്കുഴി തെളിഞ്ഞു വന്നു. പിന്നെ ജോസ് കാണാതെ കണ്ണീര്‍ തുടച്ചു. "കാടിനു നടുക്ക് ഒറ്റയ്ക്ക് കഴിയുന്ന നിങ്ങളെ ഞാന്‍ ഒറ്റയാനെന്നു വിളിച്ചോട്ടേ" എന്നു ചോദിച്ച് ജോസിന്റെ നെഞ്ചിലേക്ക് ചായുമ്പോള്‍ അവളുടെ ചുണ്ടുകള്‍ ഗൂഢമായൊരു മന്ദസ്മിതം പൊഴിച്ചു. പൗര്‍ണ്ണമിയായിരുന്നിട്ടും പുറത്ത് ഇരുട്ട് പരന്നു കിടന്നു. നിലാവുദിച്ചില്ല. വൃക്ഷലതാതികളെ തഴുകിയില്ല. ജോസ് വിയര്‍ത്ത് വിറങ്ങലിച്ച് കിടന്നു. അപമാനഭാരം മറച്ചു വെയ്ക്കാന്‍ ഉറക്കം നടിച്ചു. പോകും മുമ്പ് ജോസ് നളിനിയോട് ഒരു കഥ പറഞ്ഞു. ഇതു വരെ കേള്‍ക്കാത്ത കഥ. ഒരൊറ്റയാന്റെ കഥ. താനും, വാസുവും, വറീത് മാപ്ലയും നാട്ടിലെ സകല കൊമ്പന്മാരും പേടിക്കുന്ന ഒരു ഒറ്റയാന്റെ കഥ. നളിനിക്ക് ജോസിനോട് വല്ലാത്തൊരിഷ്ടം തോന്നി. അവന്റെ നെറുകയില്‍ അമര്‍ത്തി ചുംബിച്ച് അവള്‍ എഴുന്നേറ്റു.
   
ഒറ്റയാന്‍: 
            രാഘവന്റെ ആണ്ടായിരുന്നു. നളിനിക്ക് മുന്നിലിരുന്നിരുന്ന ചോറും, കറികളും ആറിത്തണുത്തു. എല്ലാവരും ഉറങ്ങി. കറുത്ത് തടിച്ച ശരീരവും വെളുത്ത രണ്ട് കോമ്പല്ലുകളുമുള്ള ഒരു ഭീകരസത്വം മുറച്ചെവികളുമാട്ടി കുലുങ്ങി കുലുങ്ങി വരുന്നതും കാത്ത് വീടിന്റെ കതകും തുറന്നിട്ട്‌ നളിനി മാത്രം ഉണര്‍ന്നിരുന്നു. ഇടയ്ക്കിടെ കൂര്‍ത്ത കഠാരയുടെ മൂര്‍ച്ച പരിശോധിച്ചു. പുറത്ത് മഴ കോരിച്ചൊരിഞ്ഞു.

         പെട്ടന്ന് പൊട്ടന്റെ തേങ്ങല്‍ കേട്ടു. ചിമ്മിനി വിളക്കും കയ്യിലേന്തി നളിനി അങ്ങോട്ട്‌ ചെന്നു. തുറന്നിട്ട ജാലകവാതിലിലൂടെ മഴവെള്ളം പൊട്ടന്റെ ദേഹത്തേക്ക് വീശിയടിക്കുന്നുണ്ടായിരുന്നു. പൊട്ടന്‍ കിടന്നു വിറച്ചു. ജാലകവാതിലടച്ച് തിരികെ നടക്കുമ്പോള്‍ നളിനിയുടെ കാലുകളില്‍ ഒരു പിടി മുറുകി. ചിമ്മിനി വിളക്കിലെ തിരിനാളമണഞ്ഞു. നളിനി തറയില്‍ കമിഴ്ന്നടിച്ച് വീണു. കൂരിരുളില്‍ നളിനി കൈകള്‍ കൊണ്ട് ചുറ്റിലും പരതി. നീണ്ട തുമ്പിക്കൈ. മസ്തകം. കൊമ്പുകള്‍.... സര്‍വ്വശക്തിയുമെടുത്ത് അവള്‍ കുതറി മാറി. മുറിയുടെ മൂലയില്‍ വെച്ചിരുന്ന മരപ്പെട്ടിക്കു മുകളില്‍ എന്തോ തിരഞ്ഞു. കൈകളില്‍ രാഘവന്റെ പണിയായുധ സഞ്ചി തടഞ്ഞു. വീതുളി, ചുറ്റിക, മെല്ലുളി, ചിന്തേര്, തമര്  ഇവയെല്ലാം തഴക്കം വന്നൊരു തച്ചനേപ്പോലെ നളിനി ഇരുകൈകളിലും മാറി മാറിയെടുത്തു. നിമിഷങ്ങള്‍ പലത് പൊഴിഞ്ഞു വീണു. മുറച്ചെവി മുറിഞ്ഞ, കാലുകള്‍ നഷ്ടപ്പെട്ട, മസ്തകം തകര്‍ന്ന ശില്‍പ്പമൊരെണ്ണം പിറവി കൊണ്ടു.

          ആപാദചൂഡം പുരണ്ട രക്തവുമായി അട്ടഹസിച്ചു കൊണ്ട് നളിനി പെരുമഴയത്തുകൂടെ വീടിന് പുറത്തേക്കോടി. അകത്ത് നിന്നും ഒരു കുഞ്ഞു ജീവന്റെ കരച്ചില്‍ കേട്ടു. ജോസും, വാസുവും, വറീത് മാപ്ലയും നാട്ടിലെ സകല കൊമ്പന്മാരും പേടിക്കുന്നൊരുത്തന്‍ രാഘവന്റെ വീട് ലക്ഷ്യമാക്കി പാടവരമ്പിലൂടെ നടന്നു വരുന്നുണ്ടായിരുന്നു.

(ഇ-മഷി ഏപ്രിൽ 2015)
തുടര്‍ന്ന് വായിക്കുക...

Sunday, March 22, 2015

ഒരു മണ്‍ചട്ടിയും, അതിലിത്തിരി വെള്ളവും.


            'മേടത്തില്‍ മേടുരുകും' എന്ന പഴഞ്ചൊല്ലില്‍ കുറെയൊക്കെ സത്യമില്ലാതില്ല. അത്രയ്ക്കുണ്ട് വേനല്‍ച്ചൂട്. ഇനി താപനിലയും, സൂര്യാഘാതവും മറ്റും സംബന്ധിച്ച വാര്‍ത്തകള്‍ കൊണ്ട് പത്രത്താളുകള്‍ നിറയും. സൂര്യതാപത്തില്‍ നിന്നും രക്ഷ നേടാന്‍ ഫാനും എ.സിയും മുതല്‍ സണ്‍ പ്രൊട്ടക്ഷന്‍ ക്രീം വരെ വിപണിയില്‍ സുലഭമാണ്. നീര മുതല്‍ കോള വരെ വേണ്ടുവോളം ശീതളപാനീയങ്ങളും. ഇതെല്ലാം നമ്മള്‍ മനുഷ്യരുടെ കാര്യം. പക്ഷിമൃഗാദികള്‍ക്കുമില്ലേ ചൂടും ദാഹവുമെല്ലാം...? വരള്‍ച്ച മൂലം ഓരോ വര്‍ഷവും ലക്ഷക്കണക്കിന് പക്ഷികളും മൃഗങ്ങളും ചത്തൊടുങ്ങുന്നു എന്നാണ് പറയപ്പെടുന്നത്. ഒരിറ്റു ജലത്തിനു വേണ്ടി അവറ്റകള്‍ എത്രയോ ദൂരം സഞ്ചരിക്കുന്നു. ചൂടില്‍ നിന്നും രക്ഷ നേടാനും തൊണ്ടയൊന്നു നനയ്ക്കാനും അവറ്റകള്‍ക്ക് എന്താണൊരു മാര്‍ഗ്ഗം...? സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഈ ചിന്തയ്ക്ക് ചൂട് പിടിച്ചപ്പോഴാണ് ഒടുവിലൊരുപായം തോന്നിയത്.

'ഒരു മണ്‍ചട്ടിയും, അതിലിത്തിരി വെള്ളവും'

                പിന്നെ മടിച്ചു നിന്നില്ല. ചെറിയൊരു മണ്‍ചട്ടി വാങ്ങി. അതില്‍ വെള്ളം നിറച്ച് മുറ്റത്ത് കൊണ്ടു പോയി വെച്ചു. അതിലേക്ക് കണ്ണും നട്ടിരുന്നു. ആദ്യമൊന്നും പക്ഷികള്‍ അവിടേക്ക് തിരിഞ്ഞു നോക്കിയതു പോലുമില്ല. ചട്ടി വാങ്ങിയ കാശ് കൊണ്ട് മിഠായി വാങ്ങാമായിരുന്നു എന്ന ആലോചനയില്‍ അന്നത്തെ ദിവസം കടന്നു പോയി. പിറ്റേന്ന് അമ്മയാണ് ആ കാഴ്ച കാണിച്ചു തന്നത്. ചട്ടിക്ക് ചുറ്റും ഒരു കൂട്ടം പൂത്താംകീരികള്‍. അവ കുടിച്ചും കുളിച്ചും രസിക്കുകയാണ്. മനസ്സില്‍ ഒരു വേനല്‍ മഴ പെയ്തിറങ്ങിയ പ്രതീതി. പിന്നീടുള്ള ദിവസങ്ങളില്‍ മഞ്ഞക്കിളിയും, തത്തമ്മയും, മൈനയും, കുരുവിയും, കാക്കയും, കുയിലും, ചെമ്പോത്തുമെല്ലാം മണ്‍ചട്ടിയിലെ തെളിനീരു തേടിയെത്തി. അവ  ദാഹം തീര്‍ക്കും. കുളിക്കും. കുളി കഴിഞ്ഞ് തൊട്ടപ്പുറത്ത് മതിലിലിരുന്ന് ചിറകിലെ വെള്ളം കുടഞ്ഞ് തൂവലുകള്‍ വൃത്തിയാക്കും. പരസ്പരം കൊക്കുരുമ്മി സ്‌നേഹം പ്രകടിപ്പിക്കും. പ്രണയിക്കും.




            കൂട്ടമായെത്തുന്ന പൂത്താംകീരികളാണ് കൂട്ടത്തിലെ കലാപകാരികള്‍. മണ്‍ചട്ടിയില്‍ കയറാനും കുളിക്കാനുമെല്ലാം പരസ്പരം മത്സരമാണ്. ഒരുമാതിരിപ്പെട്ട മറ്റു പക്ഷികള്‍ക്കെല്ലാം അവയെ പേടിയുമാണ്. ചില പക്ഷികളാകട്ടെ ആര്‍ക്കും ശല്യമുണ്ടാക്കാതെ സ്വന്തം കാര്യം നോക്കി വേഗം സ്ഥലം കാലിയാക്കും. വല്ല കെണിയോ മറ്റോ ആണോ എന്ന പരിഭ്രമത്താലാവണം പേടിച്ചു പേടിച്ചാണ് ചില കിളികള്‍ മണ്‍ചട്ടിയുടെ സമീപമെത്തുക. ചെറിയ മണ്‍ചട്ടിയില്‍ കുളിക്കാനുള്ള കാക്കയുടെയും ചെമ്പോത്തിന്റെയുമെല്ലാം ദയാനീയാവസ്ഥ കണ്ടപ്പോള്‍ കുറച്ചു കൂടി വലിപ്പമുള്ളത് വാങ്ങേണ്ടി വന്നു.
       
     
           പക്ഷികള്‍ മാത്രമല്ല വിരുന്നുകാരായെത്തിയിരുന്നത്. ഇടയ്ക്ക് പൂച്ചയും, പട്ടിയും, തേനീച്ചയും, പൂമ്പാറ്റയും, വണ്ടുകളുമെല്ലാം ദാഹജലം തേടിയെത്തും. ചട്ടി പൊട്ടുക മിക്കവാറും പട്ടികള്‍ വരുമ്പോഴായിരിക്കും. എങ്കിലും പുതിയത് വാങ്ങും. പിന്നീട് പക്ഷികള്‍ക്ക് മാത്രമായി മരക്കൊമ്പത്ത് ഒരു മണ്‍ചട്ടി സ്ഥാപിച്ചു. അതിനു ശേഷം കൂടുതല്‍ പക്ഷികള്‍ വരാറുള്ളത് അതിലേക്കാണ്. പതിനഞ്ച് വര്‍ഷത്തോളമായി എല്ലാ വേനലിലും ഇത് ചെയ്യാറുണ്ട്.

        ഒരര്‍ത്ഥത്തില്‍ ഈ മിണ്ടാപ്രാണികളുടെ ഇത്തരത്തിലുള്ള  അവസ്ഥയ്ക്ക് നമ്മള്‍ തന്നെയാണ് കാരണക്കാര്‍. പാടങ്ങളും, കുളങ്ങളും, പുഴകളുമെല്ലാം വറ്റി വരണ്ടതിന് ഉത്തരവാദികള്‍ നമ്മള്‍ തന്നെയല്ലേ? വികസനത്തിന്റെ പേരും പറഞ്ഞ് ജലസ്രോതസ്സുകള്‍ നികത്തി അവയ്ക്ക് മുകളില്‍ കോണ്‍ക്രീറ്റ് വനങ്ങള്‍ പണിതതും നമ്മളല്ലേ? അപ്പോള്‍ ന്യായമായും തെളിനീരിനായി കേഴുന്ന ഈ ജീവജാലങ്ങളെയെല്ലാം സഹായിക്കേണ്ട കടമയും നമ്മുടേത് തന്നെയാണ്. അതിനായി ആകെ വേണ്ടത് ഇത്ര മാത്രം-ഒരു മണ്‍ചട്ടിയും അതിലിത്തിരി വെള്ളവും.


"ഇന്ന് മാര്‍ച്ച് 22 : ലോക ജലദിനം"

തുടര്‍ന്ന് വായിക്കുക...

Monday, January 26, 2015

താത്ത!

 
              നീലം മുക്കി അലക്കിത്തേച്ച വെള്ള നിറമുള്ള പോളിയെസ്റ്റര്‍ മുണ്ടും ഷര്‍ട്ടും ധരിച്ചിരുന്ന, വെണ്‍ചാമരം പോലത്തെ മുടിയുള്ള, ചുണ്ടിലൊരു ഒരു ചെറു പുഞ്ചിരിയും കണ്ണിലൊരു കടലോളം ദുഃഖവും കാത്തു സൂക്ഷിച്ചിരുന്ന ആ കുറിയ മനുഷ്യനെ ഞങ്ങളെല്ലാം താത്തയെന്നാണ് വിളിച്ചിരുന്നത്. താത്ത കറുത്തിട്ടായിരുന്നു. കറുപ്പെന്നു വെച്ചാല്‍ എണ്ണക്കറുപ്പ്. താത്തയെന്ന വാക്കിന് തമിഴില്‍ മുത്തച്ഛനെന്നാണര്‍ത്ഥം. ഒരു പക്ഷേ മുരുകേശന്‍, പെരിയസാമി എന്നിങ്ങനെയുള്ള ദ്രാവിഡത്തനിമ തുളുമ്പി നില്‍ക്കുന്ന ഏതെങ്കിലുമൊരു പേരായിരുന്നിരിക്കാം അദ്ദേഹത്തിന്റേത്. പക്ഷേ ഞങ്ങളെല്ലാം വിളിക്കാനും അദ്ദേഹം കേള്‍ക്കാനും ഇഷ്ടപ്പെട്ടിരുന്നത് താത്തയെന്ന പേര് തന്നെയായിരുന്നു. ആ പേരുമായി അത്രയധികം ഇഴുകിച്ചേര്‍ന്നിരുന്നു ആ മനുഷ്യന്‍.

             കോയമ്പത്തൂരില്‍ ഞാന്‍ പഠിച്ചിരുന്ന കോളേജിലെ ഹോസ്റ്റല്‍ മനേജരായിരുന്നു താത്ത. എഴുപതിനോടടുത്ത പ്രായത്തിലും പതിനേഴുകാരന്റെ ഊര്‍ജ്ജ്വസ്വലത അദ്ദേഹത്തിന്റെ വാക്കിലും പ്രവൃത്തിയിലും പ്രകടമായിരുന്നു. ദിവസേന ഹോസ്റ്റല്‍ വൃത്തിയാക്കുന്നതു മുതല്‍ ഞങ്ങള്‍ക്ക് മൂന്നു നേരവും ഭക്ഷണം തയ്യാറാക്കുന്നത് വരെയുള്ള ഒട്ടേറെ കാര്യങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് താത്തയാണ്. ചെയ്യുന്ന പ്രവൃത്തി, അതെന്തായാലും കൃത്യതയോടെയും കണിശതയോടെയും ചെയ്തു തീര്‍ത്തിരുന്നു അദ്ദേഹം. രാവിലെ നേരത്തെ എഴുന്നേറ്റു കഴിഞ്ഞാല്‍ പിന്നെ അടുക്കളയിലും, ഹോസ്റ്റല്‍ വരാന്തയിലും, കോളേജിലെ ഒഫീസിലുമെല്ലാം അദ്ദേഹത്തെ കാണാം. ഇടയ്ക്കിടെ ഭക്ഷണത്തിന്റെ സ്വാദിനെക്കുറിച്ചും, ഹോസ്റ്റലിലെ സൗകര്യങ്ങളെക്കുറിച്ചുമെല്ലാം അന്വേഷിക്കും. കുറ്റങ്ങളും കുറവുകളും തിരുത്തും. താത്ത അങ്ങനെ ആരോടും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല. ദേഷ്യപ്പെടുമായിരുന്നുവെങ്കില്‍ അത് പാതിമലയാളിയായ പാചകക്കാരന്‍ ചന്ദ്രേട്ടനോടായിരുന്നു. ചായയില്‍ മധുരം കൂടുകയോ സാമ്പാറില്‍ ഉപ്പ് കുറയുകയോ മറ്റോ ചെയ്‌താല്‍ താത്ത കണക്കിന് ശാസിക്കും. ചന്ദ്രേട്ടന്‍ ഒരു ഇളിഭ്യച്ചിരിയും പാസ്സാക്കി എല്ലാം കേട്ടു നില്‍ക്കും.

           വിരലിലെണ്ണാവുന്ന മലയാളികളേ ഹോസ്റ്റലില്‍ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളോട് ഒരു പ്രത്യേക ഇഷ്ടം താത്തയ്ക്കുണ്ടായിരുന്നു. തമിഴ്നാട്ടിലെ ഭക്ഷണശൈലിയോടുള്ള ഞങ്ങളുടെ ഇഷ്ടക്കേടിനെക്കുറിച്ച് താത്ത നല്ല പോലെ  ബോധവാനായിരുന്നു. തൈര്‍ സാദമാണ്‌ ബുധനാഴ്ചകളിലെ പ്രഭാത ഭക്ഷണം. ഞങ്ങള്‍ മലയാളികള്‍ക്കാണെങ്കില്‍ അത് കാണുന്നതേ ചതുര്‍ത്ഥിയാണ്. തൈര്‍ സാദത്തിനൊപ്പം കിട്ടുന്ന ഉഴുന്നുവടയിലാണ് പിന്നെയുള്ള പ്രതീക്ഷ. വെറുമൊരു ഉഴുന്നുവട കൊണ്ട് ഞങ്ങളുടെ വിശപ്പാറില്ലെന്നു നന്നായറിയാവുന്ന താത്ത തമിഴരെല്ലാം ഭക്ഷണം കഴിച്ച ശേഷം ഞങ്ങളോട് വരാന്‍ പറയും. ആരും കാണുന്നില്ലെന്നുറപ്പു വരുത്തി ഈരണ്ട് ഉഴുന്നുവടകള്‍ പ്ലേറ്റില്‍ വെച്ചു തരും. അമ്മ വെച്ചു വിളമ്പി തരുന്ന ഭക്ഷണം കഴിഞ്ഞാല്‍ ഒരു പക്ഷേ ജീവിതത്തില്‍ ഏറ്റവും രുചിയോടെ കഴിച്ച ആഹാരം അതായിരിക്കും.

       എഞ്ചിനീയറിംഗ് മാത്തമാറ്റിക്സ് അദ്ധ്യാപകനും ഹോസ്റ്റല്‍ വാര്‍ഡനും കൂടിയായ വിജയകുമാറിന് മാത്രമാണ് താത്തയോട് കുറച്ചെങ്കിലും നീരസം ഉണ്ടായിരുന്നത്. ഞങ്ങള്‍ക്കിടയില്‍ താത്തയ്ക്കുള്ള സ്വീകാര്യത, ഇംഗ്ലീഷ് ഭാഷയിലുള്ള താത്തയുടെ പ്രാവീണ്യം... ഇതെല്ലാമായിരുന്നു ആ നീരസത്തിനുള്ള പ്രധാന കാരണങ്ങള്‍. ഉണ്ണാനും ഉറങ്ങാനുമെല്ലാം ഒന്നിച്ച് നടന്നിരുന്ന ഞങ്ങള്‍ മലയാളികളേയും വാര്‍ഡന് കണ്ണെടുത്താല്‍ കണ്ടു കൂടായിരുന്നു. ഹോസ്റ്റലിലും കോളേജിലും മൊബൈല്‍ ഫോണ്‍ നിഷിദ്ധമാണ്. പിന്നെയുള്ള ആശ്രയം കോയിന്‍ ബോക്സ്‌ ഫോണുകളാണ്. അതിലാണെങ്കില്‍ തിരക്കൊഴിഞ്ഞ സമയവുമില്ല. വീട്ടുകാര്‍ക്ക് ഞങ്ങളുമായി സംസാരിക്കണമെന്നുണ്ടെങ്കില്‍ വാര്‍ഡന്റെ മുറിയിലുള്ള ലാന്റ് ഫോണിലേക്ക് വിളിക്കണം. അതിലും നല്ലത് വിളിക്കാതിരിക്കുകയാണെന്ന കാര്യം ഞങ്ങള്‍ക്കും വീട്ടുകാര്‍ക്കും ഒരുപോലെ അറിയാമായിരുന്നതുകൊണ്ട് വീട്ടുകാര്‍ പലപ്പോഴും ആശ്രയിച്ചിരുന്നത് താത്തയുടെ ഫോണിനെയാണ്. വീട്ടില്‍ നിന്നും ഫോണ്‍ വന്നാല്‍ താത്ത വാര്‍ഡന്‍ കാണാതെ അതുമെടുത്ത് ഞങ്ങളുടെ മുറിയിലെത്തും. ഇക്കാര്യം അറിഞ്ഞ ശേഷം വാര്‍ഡന്‍ താത്തയെ താക്കീത് ചെയ്തെങ്കിലും ഞങ്ങളോടുള്ള സ്നേഹത്തിനു മുന്നില്‍ ആ താക്കീത് വിലപ്പോയില്ല. ഞങ്ങള്‍ പഠിക്കുന്ന കോഴ്സുകളെക്കുറിച്ചും, ഞങ്ങളുടെ കുടുംബാംഗങ്ങളെക്കുറിച്ചു പോലും വ്യക്തമായ ധാരണ താത്തയ്ക്ക് ഉണ്ടായിരുന്നു. ചിലപ്പോള്‍ അടുത്തിരുത്തി ഉപദേശിക്കും...പഠനകാര്യങ്ങള്‍ അന്വേഷിക്കും...ഒരു മകനോടെന്ന പോലെ...പേരക്കുട്ടിയോടെന്ന പോലെ... 

        എനിക്ക് ഒരു വയസ്സ് തികയും മുമ്പ് അച്ഛച്ഛനും, ഏഴാം വയസ്സില്‍ അമ്മയുടെ അച്ഛനും എന്നെ വിട്ട് പിരിഞ്ഞതിനാല്‍ ആ പ്രായത്തിലുള്ള ആളുകളോട് അന്നും ഇന്നും ഒരിഷ്ടക്കൂടുതലുണ്ട്. സ്വാഭാവികമായും ആ ഇഷ്ടം താത്തയോടും ഉണ്ടായിരുന്നു. സംഭവബഹുലമായ ഒരു വര്‍ഷത്തെ ഹോസ്റ്റല്‍ ജീവിതത്തിനു ശേഷം കോളേജില്‍ നിന്നും ഏതാണ്ട് പത്ത് കിലോമീറ്റര്‍ അകലെയുള്ള ഒരിടത്ത് വീട് വാടകയ്ക്കെടുത്ത് ഞങ്ങള്‍ കുറച്ചു പേര്‍ താമസം തുടങ്ങി. ഹോസ്റ്റലിലേക്കുള്ള വരവ് തീര്‍ത്തും ഇല്ലാതായി. എങ്കിലും കാന്റീനിലോ, ഓഫീസ് റൂമിനു മുന്നിലെ വരാന്തയിലോ എവിടെയെങ്കിലുമൊക്കെ വെച്ച് താത്തയെ ഇടയ്ക്കൊക്കെ കാണുമായിരുന്നു. താത്ത സന്തോഷത്തോടെ അരികില്‍ വരും... കൈ പിടിക്കും... കവിളില്‍ തലോടും... ഉപദേശിക്കും... സുഖവിവരങ്ങള്‍ അന്വേഷിക്കും... പതിയെ നടന്നകലും...

       മാസങ്ങള്‍ പലത് പിന്നെയും പൊഴിഞ്ഞു വീണു. ഏതോ വിരസമായ ക്ലാസിന്റെ ഇടവേളയില്‍ ഒരു തമിഴന്‍ സുഹൃത്തുമായി സംസാരിച്ചിരിക്കുകയായിരുന്നു ഞാന്‍.

"നമ്മ താത്താവൈ പാത്ത് റൊമ്പ നാളാച്ച്.."

       ഞങ്ങളുടെ സംസാരം പ്രൊഫസര്‍ കാണാതിരിക്കാന്‍ വേണ്ടി തല താഴ്ത്തപ്പിടിച്ചുകൊണ്ട് ഞാന്‍ അവനോട് പറഞ്ഞു.

 "യേണ്ടാ...പൈത്യം പുടിച്ചിടിച്ചാ ഉനക്ക്?"

ആ ചോദ്യത്തിനുള്ള എന്റെ മറുപടിയെന്നവണ്ണം ഞാന്‍ അവനെ നോക്കി മിഴിച്ചിരുന്നു.

"താത്താ ഇരന്തു പോന വിഷയം തെരിയലിയാ ഉനക്ക്?"

          ഉള്ളൊന്നു പിടഞ്ഞു. ഞാന്‍ തല കുനിച്ചിരുന്നു. കവിളിലൂടെ അരിച്ചിറങ്ങാന്‍ വെമ്പി നിന്നിരുന്ന കണ്ണീര്‍ത്തുള്ളികളെ മറ്റാരും കാണാതെ തുടച്ചു മാറ്റാന്‍ നന്നേ പാടു പെട്ടു.

       ഒരു നാള്‍ എല്ലാവര്‍ക്കും പ്രഭാതഭക്ഷണം വിളമ്പി മുറിയില്‍ പോയി കിടന്ന താത്ത പിന്നീട് എണീറ്റില്ലത്രേ. ഈ കുറിപ്പ് എഴുതി തുടങ്ങുന്നതിനു മുമ്പ് താത്തയുടെ ഒരു ഫോട്ടോ കിട്ടുമോ എന്ന് ഞാന്‍ പല സുഹൃത്തുക്കളോടും അന്വേഷിച്ചിരുന്നു. ആരുടെ കയ്യിലുമില്ല. അല്ലെങ്കില്‍ തന്നെ ചില മനുഷ്യരെ ഓര്‍ക്കാന്‍ നമുക്ക് ഫോട്ടോയുടെ ആവശ്യമില്ല. ലോകത്തിലെ ഏറ്റവും മികച്ച ക്യാമറയില്‍ എടുത്തതിനേക്കാള്‍ ആയിരം ഇരട്ടി വ്യക്തതയോടെ അവരുടെ ചിത്രം നമ്മുടെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കും... മരണം വരെ...

തുടര്‍ന്ന് വായിക്കുക...

Sunday, January 18, 2015

കലോത്സവവും മെഴുകുതിരി സമരവും പിന്നെ ഞാനും...

              സംഭവം നടന്നത് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ കാലത്ത് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ്. തിരൂരില്‍ വച്ചായിരുന്നു ആ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവം. സംസ്കൃതം കവിതാരചനയും സമസ്യാപൂരണവുമായിരുന്നു എനിക്ക് പങ്കെടുക്കേണ്ടിയിരുന്ന ഇനങ്ങള്‍. തിരൂര്‍ ടൌണില്‍ നിന്നും കുറച്ചകലെയുള്ള ഒരു സ്കൂളായിരുന്നു സംസ്കൃതം രചനാമത്സരങ്ങള്‍ക്കുള്ള വേദിയായി നിശ്ചയിച്ചിരുന്നത്. രാത്രി എട്ട്‌ മണിക്കോ മറ്റോ ആയിരുന്നു മത്സരം തുടങ്ങേണ്ടിയിരുന്നത്. അച്ഛനുമുണ്ടായിരുന്നു എന്റെ കൂടെ. ഞങ്ങള്‍ സ്കൂള്‍ തേടിപ്പിടിച്ച് എത്തിയപ്പോള്‍ അവിടെ ഒരു മനുഷ്യന്റെ കുട്ടി പോലുമില്ല. സ്ഥലം മാറിപ്പോയോ എന്ന് ആദ്യം ശങ്കിച്ചു. സ്കൂളിനു മുന്നിലെ ഒരു പെട്ടിക്കടക്കാരനോട് ചോദിച്ച് വേദി അത് തന്നെയാണെന്ന് ഉറപ്പു വരുത്തുകയപ്പോഴാണ് ശ്വാസം നേരെ വീണത്. കുറച്ച് സമയം കൂടി കഴിഞ്ഞപ്പോള്‍ മത്സരാര്‍ത്ഥികള്‍ ഓരോരുത്തരായി എത്തിത്തുടങ്ങി. നേരമിരുട്ടിത്തുടങ്ങിയിരുന്നു. സ്കൂളില്‍ വെള്ളമോ വെളിച്ചമോ ഇല്ല. കലോത്സവത്തിന്റെ സംഘാടകരുടെ പൊടി പോലുമില്ല. മത്സരാര്‍ത്ഥികളും കൂടെ വന്നവരും എന്ത് ചെയ്യണമെന്നറിയാതെ മുഖത്തോടു മുഖം നോക്കി അന്തം വിട്ടു നിന്നു.

           കുറച്ചു സമയം കൂടി കഴിഞ്ഞു. സ്കൂളിനു മുന്നിലെ റോഡില്‍ നിന്ന് ഈ സംഭവങ്ങളെല്ലാം സാകൂതം നിരീക്ഷിച്ചിരുന്ന ഒരാള്‍ പതുക്കെ എന്റെ അരികില്‍ വന്നു.

"എന്താ ബടെ പ്രശ്നം?

" ഇവിടെ വച്ചാ മല്‍സരം...പക്ഷേ കലോത്സവത്തിന്റെ ആള്‍ക്കാരൊന്നും എത്തീട്ടില്ല. ലൈറ്റ് അറേഞ്ച്മെന്റ് പോലും നടത്തീട്ടില്ല."

"മോനെവ്ട്ന്നാ വര്ണ്..?"

"മണ്ണാര്‍ക്കാട്ട്ന്നാ...പാലക്കാട് ജില്ലേന്ന്..."
.....
.....
.....
.....

"നിങ്ങടെ സ്കൂളിലെങ്ങനെ...എസ്സഫൈയൊക്കെ ണ്ടോ?"

"ല്ല്യ...പക്ഷേ ചെലപ്പഴൊക്കെ വേണംന്ന് തൊന്നീട്ട്ണ്ട്"

"ആഹാ...അപ്പൊ മ്മടെ ആളാ ല്ലേ?"

          ഞാന്‍ അതിനുള്ള മറുപടിയെന്നവണ്ണം ചെറുതായൊന്നു ചിരിച്ചു. അയാള്‍ പിന്നെയും അവിടെ ചുറ്റിത്തിരിയുന്നതും ആരോടൊക്കെയോ എന്തൊക്കെയോ വിവരങ്ങള്‍ ചോദിച്ചറിയുന്നതും കണ്ടു. പിന്നെ കക്ഷിയെ കാണാതായി. സമയം പിന്നെയും മുന്നോട്ടു നീങ്ങി. നേരം വല്ലാതെയിരുട്ടി. റോഡില്‍ ഒരു ജീപ്പ് സഡന്‍ ബ്രേക്കിട്ട് നിന്നു. ഒരു കൂട്ടം ആളുകള്‍ ചാടിയിറങ്ങി. എല്ലാവരുടെയും കയ്യില്‍ ചെങ്കൊടിയുണ്ട്. സഖാക്കളാണ്. അവര്‍ സ്കൂള്‍ മുറ്റത്തേക്ക് ഇരച്ചു കയറി. കൂട്ടത്തില്‍ നേതാവെന്ന് തോന്നിച്ചയാള്‍ ആളുകളോട് വിവരങ്ങള്‍ തിരക്കി.

"ഡാ...വണ്ടീന്ന് സാധനമെടുക്ക്..."

            നേതാവ് അനുചരന്‍മാരിലൊരാളോട് പറഞ്ഞു. അയാള്‍ കേട്ട പാതി കേള്‍ക്കാത്ത പാതി കയ്യിലൊരു പൊതിയുമായി തിരിച്ചെത്തി. നേതാവ് മത്സരാര്‍ത്ഥികളെയെല്ലാം വിളിച്ച് റോഡിലേക്ക് നടന്നു. എല്ലാവരെയും നടു റോഡില്‍ നിരത്തിയിരുത്തി. അനുചരന്റെ കയ്യിലെ പൊതിയഴിച്ചു. എല്ലാവരുടേയും കണ്ണുകള്‍ ആ പൊതിയിലേക്ക് നീണ്ടു. ഒരു കൂട്ടം മെഴുകുതിരികള്‍...! നേതാവ് ഒരു മെഴുകുതിരി കത്തിച്ചു. ബാക്കിയുള്ള മെഴുകുതിരികളിലേക്ക് അനുചരന്മാരുടെ സഹായത്തോടെ അഗ്നി പകര്‍ന്ന് റോഡില്‍ നിരന്നിരുന്നിരുന്ന കുട്ടികള്‍ക്ക് നല്‍കി. ഞാനിതെല്ലാം കണ്ട് രസം പിടിച്ച് സ്കൂളിന്റെ മതിലിലങ്ങനെ ചാരി നില്‍ക്കുമ്പോള്‍ ചുമലിലൊരു പിടി വീണു. ആദ്യം കണ്ട സഖാവ്.

"മോന്‍ വാ...അവിടെ പോയി ഇരിക്ക്..."

"അതൊന്നും വേണ്ട ചേട്ടാ...."

"അതെങ്ങനെയാ ശരിയാവാ? നമ്മളൊക്കെ സഖാക്കളല്ലേ...? അനീതിക്കെതിരെ പൊരുതണ്ടോരല്ലേ?"

            ഞാന്‍ വരാന്‍ താത്പര്യമില്ല എന്നുള്ള എന്റെ തീരുമാനത്തില്‍ ഉറച്ചങ്ങനെ നില്‍ക്കുമ്പോള്‍ അനുചരന്മാരില്‍ ഒരാള്‍ കൂടി ഞങ്ങളുടെ അടുത്തേക്ക് വന്നു. പിന്നീട് കുറച്ച് സമയത്തേക്ക് എന്റെ ശരീരം വായുവിലായിരുന്നു. ബലിഷ്ടമായ അവരുടെ കരങ്ങള്‍ എന്നെ പൊക്കിയെടുത്ത് സുരക്ഷിതമായി നടു റോഡില്‍ ലാന്റ് ചെയ്യിപ്പിച്ചു. കയ്യിലൊരു കത്തിച്ച മെഴുകുതിരിയും തന്ന് റോഡില്‍ മറ്റുള്ള കുട്ടികളോടൊപ്പം ഇരുത്തി. ഇ.എം.എസ്സിനേയും എ.കെ.ജിയേയും മനസ്സില്‍ ധ്യാനിച്ച് മറ്റുള്ളവരോടൊപ്പം ഞാനും ഉറക്കെ വിളിച്ചു.

"വെള്ളമില്ല വെളിച്ചമില്ല...മെഴുകുതിരിസമരം സിന്ദാബാദ്"

അപ്പോഴേക്കും കാവിക്കൊടികളുമായി അടുത്ത സംഘം എത്തി.

              മുസ്ലീം ലീഗുകാരനായ മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ വെച്ചു നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സംസ്കൃതഭാഷയ്ക്ക് അവഗണന...!!! പോരേ പൂരം? എങ്കിലും' നമ്മളൊരല്‍പ്പം വൈകിയോ' എന്ന നിരാശ കാവിക്കൊടിയേന്തിയ ഓരോരുത്തരുടെയും മുഖത്ത് പ്രകടമായിരുന്നു.

"വിദ്യാഭ്യാസ മന്ത്രീ മൂരാച്ചീ...രാജി വെക്കൂ പുറത്ത് പോകൂ..."

                അവരുടെ ദേഷ്യം മുഴുവന്‍ വിദ്യാഭ്യാസ മന്ത്രിയോടായിരുന്നു.

കലോത്സവ നഗരിയില്‍ മെഴുകുതിരി സമരം...!!!!

             മാധ്യമപ്പട പാഞ്ഞെത്തി. പിറകെ പോലീസും. പോലീസിടപെട്ട് റോഡില്‍ നിന്നും എല്ലാവരേയും  ഒഴിപ്പിച്ചു. അപ്പോഴേക്കും സ്റ്റേറ്റ് കാറെത്തി. അതാ വരുന്നു സാക്ഷാല്‍ ഇ.ടി.മുഹമ്മദ്‌ ബഷീര്‍. മന്ത്രി നേരെ വന്നത് ഞങ്ങള്‍ കുട്ടികള്‍ക്കരികിലേക്കാണ്.

"എന്താ മക്കളേ ബടെ പ്രശ്നം...?"

           മൂപ്പര്‍ സ്വതസിദ്ധമായ ശൈലിയില്‍ പതിഞ്ഞ സ്വരത്തില്‍ ഞങ്ങളോട് ചോദിച്ചു. കുട്ടിപ്പട്ടാളത്തിന്റെ മുന്‍നിരയില്‍ നീന്നിരുന്ന ഞാന്‍ പതുക്കെ പിന്നിലേക്ക് വലിയാന്‍ ശ്രമിച്ചു. പെട്ടന്ന് പിന്നില്‍ നിന്നൊരു തള്ള്. ഞാന്‍ മന്ത്രിയുടെ തൊട്ടു മുന്നില്‍. പണി നൈസായിട്ട് പാളി. ഞാന്‍ കുട്ടികളുടെ പ്രതിനിധിയായി മുന്നോട്ടു വന്നതാണെന്ന ധാരണയില്‍ മന്ത്രി തോളില്‍ കൈ വെച്ച് ശാന്തനായി വീണ്ടും ചോദിച്ചു.

" എന്താ മോനേ ബടെ പ്രശ്നം...?"

               ചോദ്യത്തിന്റെ ഉത്തരം കാത്തു നില്‍ക്കുന്ന വിദ്യാഭ്യാസമന്ത്രി . പിന്നില്‍ തുറിച്ചു നോക്കുന്ന ഒരു കൊമ്പന്‍ മീശക്കാരന്‍ പോലീസ്. ആള്‍ക്കൂട്ടത്തിനിടയില്‍ കണ്ണുരുട്ടിക്കൊണ്ട് നില്‍ക്കുന്ന ആദ്യം പരിചയപ്പെട്ട സഖാവ്. ഇതിനെല്ലാം പുറമേ ഇക്കാരണം കൊണ്ട് എന്നെയെങ്ങാനും മത്സരത്തില്‍  പങ്കെടുപ്പിക്കാതിരിക്കുമോ എന്നുള്ള ആശങ്കയും. എന്റെ കൈകാലുകള്‍ വിറയ്ക്കുന്നതും ദേഹം മുഴുവന്‍ വിയര്‍ക്കുന്നതും ഞാന്‍ അറിഞ്ഞു. എങ്ങനെയൊക്കെയോ ഒരു വിധത്തില്‍ കാര്യങ്ങള്‍ പറഞ്ഞൊപ്പിച്ചു. വിദ്യാഭ്യാസമന്ത്രി വീണ്ടും പലരോടും കാര്യങ്ങള്‍ തിരക്കി. പിന്നെ എല്ലാം ശടപടേ ശടപടേന്നായിരുന്നു. ഒരു ബസ് സ്കൂളിനു മുന്നില്‍ പാഞ്ഞെത്തി. മത്സരാര്‍ത്ഥികളേയും കൂടെ വന്നവരേയും ബസില്‍ കയറ്റിയ ശേഷം വിദ്യാഭ്യാസമന്ത്രിയും ആ ബസില്‍ കയറി.

               "പോട്ടെ...റൈറ്റ്..." എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം തന്നെയാണ് ബസ്സിന് ബെല്ലടിച്ചത്. ബസ് ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴേക്കും ഞങ്ങള്‍ക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും അവിടെ ഒരുക്കിയിരുന്നു. പ്രശങ്ങളെല്ലാം അവസാനിച്ചു എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ബഷീര്‍ സാഹിബ് അവിടം വിട്ടു പോയത്. എട്ട് മണിയോടെ നടക്കേണ്ട രചനാമത്സരങ്ങള്‍ തുടങ്ങിയപ്പോഴേക്കും പാതിരാത്രിയായി. ഞങ്ങള്‍ ഉറക്കം തൂങ്ങിക്കൊണ്ട് കവിത രചിച്ചു. സമസ്യാപൂരണം നടത്തി. പുലര്‍ച്ചെ റിസള്‍ട്ട് പ്രഖ്യാപിച്ചു. രണ്ടിനങ്ങളിലും 'എ' ഗ്രേഡ്.

           അന്ന് ഉച്ചയോടെ നാട്ടിലെത്തി. രണ്ടിനങ്ങളില്‍ 'എ' ഗ്രേഡ് കിട്ടിയിട്ടും എന്റെ ഫോട്ടോ ഒന്നും  പത്രത്തില്‍ വന്നില്ല. പക്ഷേ നടുറോഡില്‍ മെഴുകുതിരിയും പിടിച്ചിരുന്നതിന്റെ സചിത്രവാര്‍ത്ത എല്ലാ പത്രങ്ങളിലും വരികയും ചെയ്തു... :-) രണ്ട് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കലോത്സവം അവസാനിച്ചു. പാലക്കാട് ജില്ല ഒന്നാമതായി. സ്വര്‍ണ്ണക്കപ്പുയര്‍ത്തി. അതില്‍ എന്റെ പത്ത് പോയന്റും ഉണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ ഞാന്‍ ഹാപ്പി. വീട്ടുകാരും, നാട്ടുകാരും, കൂട്ടുകാരും എല്ലാവരും ഹാപ്പി... :-)
തുടര്‍ന്ന് വായിക്കുക...