Sunday, November 16, 2014

പട്ടാള ദൈവങ്ങള്‍

               വീര ചരമം പ്രാപിച്ച ചില ജവാന്മാരെ ദൈവങ്ങളായി സങ്കല്‍പ്പിച്ച് അമ്പലം പണിത് ആരാധിക്കുക. അവര്‍ക്ക് അവധിയും സ്ഥാനക്കയറ്റവും ശമ്പളവും അടക്കമുള്ള സകല ആനുകൂല്യങ്ങളും നല്‍കുക. ഇതെല്ലാം കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ ഒരു കെട്ടുകഥ പോലെ തോന്നിയേക്കാം. എന്നാല്‍ ദശകങ്ങളായി ഇന്ത്യന്‍ ആര്‍മിയില്‍ നടന്നു പോരുന്ന വിചിത്രമായ ആചാരങ്ങളാണിവ. മരണം വരെ സാധാരണ ജവാന്മാരായി ജീവിക്കുകയും മരണശേഷം ദൈവങ്ങളായി മാറുകയും ചെയ്ത ആ പട്ടാളക്കാരെ പരിചയപ്പെടാം.


        ഇന്ത്യ-ചൈന യുദ്ധത്തില്‍ പങ്കെടുത്ത് വീരമൃത്യു വരിച്ച ധീര ജവാനാണ് ജസ്വന്ത് സിംഗ് റാവത്. മരണാനന്തര ബഹുമതിയായി രാജ്യം അദ്ദേഹത്തെ മഹാവീരചക്ര നല്‍കി ആദരിക്കുകയുണ്ടായി. മരിക്കുമ്പോള്‍ റൈഫിള്‍ മാന്‍ പദവിയിലുണ്ടായിരുന്ന അദ്ദേഹത്തിന് അമ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴുള്ളത് മേജര്‍ ജനറല്‍ പദവിയാണ്‌. ലീവും ശമ്പള വര്‍ദ്ധനയും മറ്റെല്ലാ ആനുകൂല്യങ്ങളും മരണശേഷവും അദ്ദേഹത്തിന് ലഭിച്ചു പോരുന്നു. അദ്ദേഹത്തിന് ലീവ് അനുവദിച്ചാല്‍ അദ്ദേഹത്തിന്റെ ഒരു ഫോട്ടോയോടൊപ്പം സാധനസാമഗ്രികളുമായി ജവാന്മാര്‍ തീവണ്ടിയില്‍ പ്രത്യേകം റിസര്‍വ് ചെയ്ത ബെര്‍ത്തില്‍ അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് യാത്രയാവുന്നു. ലീവ് അവസാനിക്കുമ്പോള്‍ കൊണ്ടു പോയ വസ്തുക്കളെല്ലാം അതേ പ്രകാരത്തില്‍ തിരിച്ചു കൊണ്ടു വരികയും ചെയ്യുന്നു.

        1962ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ യുദ്ധം നടക്കവേ നവംബര്‍ പതിനേഴാം തിയ്യതി ചൈനീസ് പട്ടാളം ആക്രമണം രൂക്ഷമാക്കിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് അതിര്‍ത്തിയില്‍ നിന്നും പിന്‍വാങ്ങേണ്ടതായി വന്നു. എല്ലാ പട്ടാളക്കാരും തിരികെ പോയിട്ടും ജസ്വന്ത് സിംഗ് റാവത് മാത്രം അവിടെ നിലയുറപ്പിക്കുകയും ചൈനീസ് പട്ടാളത്തോട് ഒറ്റയ്ക്ക് ഏറ്റുമുട്ടുകയും ചെയ്തു. ഇന്ത്യന്‍ പട്ടാളക്കാര്‍ പിന്തിരിഞ്ഞ് പോയില്ലെന്ന് ചൈനീസ് ആര്‍മിയെ തെറ്റിദ്ധരിപ്പിക്കാനായി ഒരുപാട് പോസ്റ്റുകള്‍ അദ്ദേഹം ഒറ്റയ്ക്ക് കൈകാര്യം ചെയ്തു. ജസ്വന്തിനെ സഹായിക്കാനായി അവിടെ ആകെയുണ്ടായിരുന്നത് സേല, നൂറ എന്നീ പേരുകളുള്ള രണ്ട് പെണ്‍കുട്ടികള്‍ മാത്രമാണ്. അങ്ങനെ മൂന്ന് ദിവസത്തോളം ആ പെണ്‍കുട്ടികളുടെ സഹായത്തോടെ ചൈനീസ് പട്ടാളത്തിന് നേരെ അദ്ദേഹം അതിശക്തമായ ആക്രമണം അഴിച്ചു വിട്ടു. ഒടുവില്‍ ഒരു ഇന്ത്യന്‍ ജവാന്‍ മാത്രമേ അവിടെ അവശേഷിക്കുന്നുള്ളൂ എന്ന് തിരിച്ചറിഞ്ഞ ചൈനീസ് ആര്‍മി നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികളും കൊല്ലപ്പെടുകയും പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ജസ്വന്ത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്തു. മുന്നൂറിലധികം ജവാന്മാരെയാണ് ജസ്വന്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ ചൈനയ്ക്ക് നഷ്ടമായത്. ജസ്വന്തിനോടുള്ള പ്രതികാരമെന്നവണ്ണം ചൈനീസ് പട ജസ്വന്തിന്റെ തല വെട്ടിയെടുത്ത് ചൈനയിലേക്ക് കൊണ്ടു പോയി. യുദ്ധം അവസാനിച്ച ശേഷം ജസ്വന്തിനോട് ആരാധന തോന്നിയ ചൈനീസ് പട്ടാളം ജസ്വന്തിന്റെ തലയോടൊപ്പം അദ്ദേഹത്തിന്റെ രൂപം കൊത്തിവച്ച ഒരു വെങ്കല പ്രതിമയും ഇന്ത്യക്ക് കൈമാറി. തുടര്‍ന്ന് അരുണാചല്‍ പ്രദേശിലെ നുരനാംഗ് എന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഇന്ത്യന്‍ ആര്‍മി ഒരു മന്ദിരം പണി കഴിപ്പിച്ചു. 'ജസ്വന്ത് ഘര്‍' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

          പട്ടാളക്കാരുടെ മനസ്സില്‍ ജസ്വന്ത് സിംഗ് റാവത് ഒരു ആരാധനാമൂര്‍ത്തിയാണ്. അവര്‍ ആ പേരിനൊപ്പം ബാബ എന്ന് ചേര്‍ത്ത് വിളിക്കുന്നു. ബാബ ജസ്വന്ത് സിംഗ്  തങ്ങളെ എല്ലാ അപകടങ്ങളില്‍ നിന്നും രക്ഷിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. സിനോ-ഇന്ത്യന്‍ അതിര്‍ത്തി വഴി യാത്ര ചെയ്യുന്ന പട്ടാളക്കാരും മറ്റാളുകളും ജസ്വന്ത് സിംഗിന്റെ അമ്പലത്തില്‍ കയറി പ്രാര്‍ത്ഥിക്കാറുണ്ട്. അമ്പലത്തില്‍ അദ്ദേഹത്തിന്റെ പരിചരണത്തിനായി അഞ്ച് പട്ടാളക്കാരെയാണ് സേന നിയോഗിച്ചിരിക്കുന്നത്. മരണത്തിന് മുമ്പ് ജസ്വന്ത് സിംഗ് ഉപയോഗിച്ചിരുന്ന വസ്തുക്കളെല്ലാം ഇപ്പോഴും അവിടെ സൂക്ഷിക്കുന്നുണ്ട്. കൂടാതെ ദിവസേന അദ്ദേഹത്തിന്റെ യൂണീഫോം, ഷൂസ്, കിടക്ക തുടങ്ങിയവ വൃത്തിയാക്കി വെയ്ക്കുകയും ചെയ്യുന്നു. കൃത്യ സമയത്ത് അദ്ദേഹത്തിനുള്ള ആഹാരവും തയ്യാറാക്കുന്നു. വര്‍ഷങ്ങളായി ഈ കാര്യങ്ങളെല്ലാം യാതൊരു മുടക്കവുമില്ലാതെ ചെയ്തു പോരുന്നു.


            1941 ആഗസ്റ്റ്‌ 3ന് പഞ്ചാബിലെ ഒരു ഗ്രാമത്തിലായിരുന്നു ഹര്‍ഭജന്‍ സിംഗ് ജനിച്ചത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ഇന്ത്യന്‍ ആര്‍മിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഇന്ത്യ-ചൈന യുദ്ധത്തില്‍ പങ്കെടുക്കവേ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള സഞ്ചാരപാതയായ നാഥു ലാ ചുരത്തിനടുത്ത് വച്ചാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുമ്പോള്‍ കേവലം ഇരുപത്തിയാറ് വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം. 'ഹീറോ ഓഫ് നാഥു ലാ' എന്നറിയപ്പെടുന്ന അദ്ദേഹത്തെ രാജ്യം പരമവീരചക്ര നല്‍കി ആദരിച്ചു.

        കോവര്‍ കഴുതയുടെ പുറത്ത് സൈനികര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വെച്ച് കെട്ടി കൊണ്ടു പോകവേ ഒരു ഹിമാനിയില്‍ വീണായിരുന്നു അദ്ദേഹത്തിന്റെ മരണം. മരിച്ച് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞ് കണ്ടെത്തിയ അദ്ദേഹത്തിന്റെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. ഹര്‍ഭജന്‍ സിംഗ് തന്നെയാണ് തന്റെ മൃതശരീരം കണ്ടെടുക്കാനായി തിരച്ചില്‍സംഘത്തെ സഹായിച്ചത് എന്നാണ് പട്ടാളക്കാര്‍ക്കിടയിലെ വിശ്വാസം. കുറച്ച് നാളുകള്‍ക്ക് ശേഷം സഹപ്രവര്‍ത്തകരില്‍ ഒരാളുടെ സ്വപ്നത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുകയും തന്റെ ഓര്‍മ്മയ്ക്കായി അമ്പലം നിര്‍മ്മിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവത്രേ. അന്നു തൊട്ട് അതിര്‍ത്തി കാക്കുന്ന സൈനികരെ അദ്ദേഹം സംരക്ഷിച്ചു പോരുന്നു. അദ്ദേഹത്തിനു വേണ്ടി ഒരുക്കിയ അമ്പലത്തില്‍ ദിവസേന അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ കഴുകി വൃത്തിയാക്കുകയും ഷൂ പോളീഷ് ചെയ്യുകയും കിടക്ക ഒരുക്കുകയും ചെയ്യുന്നു. ഓരോ ദിവസവും അദ്ദേഹം യൂണീഫോമും ബൂട്സും ധരിച്ച് രാത്രികാലങ്ങളില്‍ റൗണ്ട്സിനിറങ്ങുമത്രേ.

           ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ യുദ്ധമുണ്ടാകുന്ന സമയത്ത് മൂന്ന് ദിവസം മുമ്പ് തന്നെ ഇന്ത്യന്‍ സൈനികര്‍ക്ക് ബാബ ഹര്‍ഭജന്‍ സിംഗിന്റെ ആത്മാവ് ഇതേക്കുറിച്ച് താക്കീത് നല്‍കുമെന്നും പട്ടാളക്കാര്‍ വിശ്വസിച്ചു വരുന്നു. ഇന്ത്യ-ചൈന ഫ്ലാഗ് മീറ്റ്‌ നടക്കുന്ന വേളയിലെല്ലാം ചൈനീസ് പട്ടാളം ഹര്‍ഭജന്‍ സിംഗിന് വേണ്ടി ഒരു കസേര ഒഴിച്ചിടാറുണ്ട്. എല്ലാ വര്‍ഷവും പശ്ചിമ ബംഗാളിലെ ന്യൂ ജല്‍പായ് ഗുഡി റെയില്‍വേ സ്റ്റേഷനിലേക്ക് അദ്ദേഹത്തിന്റെ സാധനസാമഗ്രികള്‍ വഹിച്ച ഒരു വാഹനം എത്തിച്ചേരും. അദ്ദേഹത്തിന്റെ പേരില്‍ റിസര്‍വ് ചെയ്ത ബെര്‍ത്തില്‍ വച്ച് അവ  കൊണ്ടു പോയി അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിക്കുകയും തിരിച്ച് കൊണ്ട് വരികയും ചെയ്യുന്നു. മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ശമ്പളം മരണശേഷവും അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.


             1980 കളില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വെച്ച് ഇന്ത്യന്‍ ആര്‍മി പാക്കിസ്ഥാന്‍ പട്ടാളവുമായി ഏറ്റുമുട്ടുകയുണ്ടായി. 'ഓപ്പറേഷന്‍ മേഘദൂത്' എന്നായിരുന്നു ഈ ഏറ്റുമുട്ടലിന് സൈന്യം നല്‍കിയ പേര്. ഏറ്റുമുട്ടലിനിടെ മുഴുവന്‍ സൈന്യത്തേയും ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് തിരിച്ചു വിളിപ്പിച്ചു. എന്നാല്‍ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ഓം പ്രകാശ് മാത്രം തിരികെ പോകാതെ ഒറ്റയ്ക്ക് യുദ്ധം ചെയ്തു. പിന്നീട് അദ്ദേഹത്തിന് എന്ത് സംഭവിച്ചു എന്നത് ഇന്നും അജ്ഞാതമായി തുടരുന്നു.

               അതിനു ശേഷം പല സൈനികരേയും അപകടങ്ങളില്‍ നിന്നും രക്ഷിക്കാനായി ഓം പ്രകാശ്‌ ബാബ അവര്‍ക്ക് സ്വപ്നത്തില്‍ ദല്‍ശനം നല്‍കുന്നതായി പറയപ്പെടുന്നു. ഓം പ്രകാശ് ബാബയ്ക്ക് വേണ്ടിയും ഒരു അമ്പലം ഇന്ത്യന്‍ ആര്‍മി പണി കഴിച്ചിട്ടുണ്ട്. ഓരോ മിഷനു മുമ്പും പിമ്പും വിശദമായ റിപ്പോര്‍ട്ട് സൈനികര്‍ ഇന്നും അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി സിയാച്ചിന്‍ മലനിരകളില്‍ സേവനമനുഷ്ഠിക്കേണ്ടി വരുന്ന സൈനികര്‍ മദ്യവും, പുകവലിയും, മാംസാഹാരവും ഒഴിവാക്കാറാണ് പതിവ്. അതേ സമയം മദ്യവും മാംസാഹാരവുമെല്ലാം ഉപയോഗിച്ച ആളുകള്‍ക്ക് പല ദുരനുഭവങ്ങളും ഉണ്ടായതായും പറയപ്പെടുന്നു.

           പ്ലാറ്റോ നാഥ് ബാബ ഒരു സൈനികനല്ലെങ്കിലും അദ്ദേഹത്തിന്റെ ജീവിതവും ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ടതാണ്. കാര്‍ഗില്‍ ഒരു കൊച്ചു കുടിലില്‍ താമസിച്ചിരുന്ന വൃദ്ധനായിരുന്നു അദ്ദേഹം. 1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് പാക്കിസ്ഥാന്‍ വര്‍ഷിച്ചിരുന്ന ബോംബുകള്‍ അദ്ദേഹം താമസിച്ചിരുന്ന വീടിനടുത്ത് വീണിരുന്നുവെങ്കിലും ആ ബോംബുകള്‍ പൊട്ടിയിരുന്നില്ല. അതോടെ അദ്ദേഹത്തിന് ദൈവീകത്വം കല്‍പ്പിക്കപ്പെട്ടു. തന്റെ വീടിന് ചുറ്റും ആളുകള്‍ക്ക് ഭീഷണിയുയര്‍ത്തി പൊട്ടാതെ കിടന്നിരുന്ന ബോംബുകള്‍ ഓരോന്നായി എടുത്ത് അദ്ദേഹം അടുത്തുള്ള നദിയില്‍ കൊണ്ട് പോയി ഇട്ട് നിര്‍വ്വീര്യമാക്കുമായിരുന്നത്രേ. ദൂരദേശങ്ങളില്‍ നിന്നും ആളുകള്‍ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാന്‍ വരുമായിരുന്നു. അവരോട് പരമശിവനെ പ്രാര്‍ത്ഥിക്കുവാനും തിങ്കളാഴ്ച ദിവസങ്ങളില്‍ മാംസാഹാരം വര്‍ജ്ജിക്കുവാനും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.

         പിന്നീട് അദ്ദേഹം താമസിച്ചിരുന്ന കുടിലിന്റെ സ്ഥാനത്ത് ഒരു മന്ദിരം പണി കഴിപ്പിക്കുകയുണ്ടായി. 1999 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് കനത്ത ഷെല്ലാക്രമണം നേരിട്ടിട്ടും ഈ ക്ഷേത്രത്തിന് യാതൊരു വിധ കേടുപാടുകളും സംഭവിച്ചില്ലെന്ന് പറയപ്പെടുന്നു.

       ആര്‍മിയിലെ ഇത്തരം ആചാരങ്ങളെ രണ്ട് രീതിയില്‍ കാണാം. ഒന്നുകില്‍ സൈനികരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗമെന്ന നിലയില്‍ ഉന്നതാധികാരികളുടെ മൗനാനുവാദത്തോടു കൂടി നടക്കുന്നതാവാം ഇതെല്ലാം. അല്ലെങ്കില്‍ മനുഷ്യന് അപ്രാപ്യമായ എന്തെങ്കിലുമൊക്കെ സത്യങ്ങള്‍ ഇതിനു പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ടാവാം.

          കടപ്പാട്: ആര്‍മിയില്‍ ജോലി ചെയ്യുന്ന എന്റെ കസിന്‍ ദിലീപ് ആണ് ഒരു ട്രെയിന്‍ യാത്രയ്ക്കിടെ ഓം പ്രകാശ് ബാബയുടെ കഥ പറഞ്ഞു തന്നത്. പിന്നീട് ആര്‍മിയില്‍ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ പലരോടും തിരക്കിയപ്പോള്‍ ഓം പ്രകാശ് ബാബയേപ്പോലെ വേറെയും ചിലര്‍ ഉണ്ടെന്നറിഞ്ഞു. മറ്റു വിവരങ്ങളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിച്ചവയാണ്.

36 comments:

 1. Rasakaramaya oru arivu.. thanks for sharing..:)

  ReplyDelete
 2. ഇന്ത്യന്‍ സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച കേണലിനെ കാനഡയില്‍ വെച്ച് കണ്ടുമുട്ടി. അദ്ദേഹമാണ് ഒരിക്കല്‍ പട്ടാള ദൈവങ്ങളെ കുറിച്ച് പറഞ്ഞ് തന്നത്. പിന്നീട് കേണല്‍ ഇവരെ കുറിച്ച് ഇംഗ്ലീഷില്‍ എഴുതിയ ലേഖനം ഞാന്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി....

  ReplyDelete
  Replies
  1. ബ്ലോഗിലാണോ എഴുതിയത് ? എനിക്ക് വായിക്കണമെന്നുണ്ട്...

   Delete
 3. അതിർത്തികൾ മതം ആകുമ്പോൾ
  പട്ടാളക്കാർ ദൈവങ്ങളായേ തീരൂ,
  അവർ ദൈവീകമായി നമുക്ക് വേണ്ടി ജീവിക്കുന്നു
  നല്ല ലേഖനം മനോഹരമായി അവതരണവും

  ReplyDelete

 4. നമുക്ക് ചുറ്റും നടക്കുന്ന , എന്നാൽ നമ്മളറിയാതെ പോകുന്ന വിചിത്രമായ സംഭവങ്ങൾ :) നല്ലൊരു വായനാനുഭവം :) thanks

  ReplyDelete
  Replies
  1. ഞാനും അറിഞ്ഞത്...ഈയിടെയാണ്... :-)

   Delete
 5. വിശ്വാസമല്ലേ എല്ലാം!
  ആശംസകള്‍

  ReplyDelete
  Replies
  1. അതെ....വിശ്വാസം...അതല്ലേ എല്ലാം...

   Delete
 6. രസകരമായി സംഗീത് . അറിയപ്പെടാതെ കിടക്കുന്ന കാര്യങ്ങൾ അറിയുമ്പോളുള്ള കൌതുകം, നല്ല എഴുത്തിലൂടെ അത് പകർന്നു തന്നു.

  ReplyDelete
  Replies
  1. നന്ദി...പ്രദീപേട്ടാ...

   Delete
 7. നല്ല കുറച്ച് അറിവുകൾ ..

  ReplyDelete
 8. നിയ്ക്കും പുതു അറിവാണു ഏറേയും..
  മെയ്യും മനസ്സും ഒരു രാജ്യത്തിനായി അർപ്പിക്കുന്നവരെ ഇന്നത്തെ ചുറ്റുപടുകളിൽ ദൈവങ്ങളാക്കുക തന്നെ വേണം..
  സ്ഥാനമാനങ്ങൾ അർഹിക്കുന്നവരിൽ എത്താത്ത രാജ്യനീതി ആയിപ്പോയില്ലേ നമ്മുടേത്‌.. :(

  ReplyDelete
  Replies
  1. ശരിയാണ്...അവരുടെ ത്യാഗങ്ങള്‍ പലപ്പോഴും നാം അറിയാതെ പോകുന്നു...

   Delete
 9. ഭാരതാംബയുടെ ഈ ധീരപുത്രന്മാർക്കായി ഓരോ ഭാരതീയനും മനസ്സിൽ ദേവാലയങ്ങൾ പണിയേണ്ടിയിരിക്കുന്നു.....

  ReplyDelete
 10. വിശ്വാസം അതല്ലേ എല്ലാം? ജീവിക്കുവാന്‍,യുദ്ധം ചെയ്യാന്‍ ....നമുക്കോരോ മിത്തുകള്‍ വേണം.അവ പലപ്പോഴും ഒരു കൈത്താങ് തന്നെയാവും.

  ReplyDelete
  Replies
  1. അതെ...ചില വിശ്വാസങ്ങളില്‍ സത്യമൊന്നും ഇല്ലെങ്കില്‍ കൂടി ചിലപ്പോഴത് നമ്മുടെ രക്ഷയ്ക്കെത്തും...

   Delete
 11. ബാബ ഹർഭജൻ സിംഗിനെക്കുറിച്ച് മുൻപ് കേട്ടിട്ടുണ്ട്. ഈ രീതിയിൽ ആരാധിക്കപ്പെടുന്ന ഒന്നിലധികം പേരുണ്ടെന്ന് ഇപ്പോഴാണ്‌ അറിയുന്നത്.

  ഈ ലേഖനം എനിക്ക് വളരെ ഉപകാരപ്പെട്ടു. ഇഷ്ടവിഷയവുമാണ്‌. ആശംസകൾ...

  ReplyDelete
  Replies
  1. ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം...

   Delete
 12. ആദ്ഭുതം തോന്നുന്നു...ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം കേള്‍ക്കുന്നത്...

  ReplyDelete
  Replies
  1. സന്തോഷം അനീഷ്‌... :-)

   Delete
 13. ഞാനും ആദ്യമായാണ്‌ പട്ടാള ദൈവങ്ങളെ കുറിച്ച് കേള്ക്കുന്നത്. മനോഹരമായ വിവരണം.

  ReplyDelete
 14. 40 out of 400,000 soldiers dies per year enna kettu thazhampitcha aa pazhaya kanakukalil, njan aa 40 ill othumghi koodilla enna pratheekshayum pinnae veetilurunnu prathikunna eppozhatheyum polae ammayum bharyayum eenathu matramanu oru pattalkaranu pratheekshayayullathu. ISL um IPL um World Cup um matramannu rajya sneham prakadippikannulla margam ennunu karuthunna njan adakkamulla bhoori bhagam INDIA karuku vendi, maranam thalaku mukalil thoonghunna vaalu polae nilkumbozhum thanithuvarae neril kadittillatha aalukale samrakshikan vendi manushya nirmithamaya athirthikal kaakunnavarudae manasika vyaparanghal nammudaellam pratheekshakalkappurathayirikum.

  If u translate it to Malayalam will be appreciate :)

  ReplyDelete
  Replies
  1. ശരിയാണ്...പട്ടാളക്കാരെ നാം പലപ്പോഴും മറന്നു പോകുന്നു...നന്ദി സുഹൃത്തേ...

   Delete