Wednesday, April 22, 2015

"ഒറ്റയാന്‍"


നളിനി:
           മേലാസകലം ക്ഷതമേറ്റ ഒരു സ്ത്രീശരീരവും, തൊട്ടടുത്ത് കിടന്നിരുന്ന കീറിപ്പറഞ്ഞ വസ്ത്രങ്ങളും. അന്നു പുലര്‍ച്ചെ നടന്ന അതിക്രൂരമായ ബലാത്സംഗത്തിന്റെ ശേഷിപ്പുകളായിരുന്നു അവ. നഗ്നയായി കിടന്നിരുന്ന അവളുടെ വെളുത്ത മേനിയിലേക്ക് സൂര്യരശ്മികള്‍ പലകുറി എത്തി നോക്കി. പിന്നെയവ നാണിച്ച് തിരിച്ച് പോയി. ഇരുളിന്റെ മറ പിടിച്ചെത്തിയ അതിക്രൂരനും ക്ഷണിക്കപ്പെടാത്തവനുമായ അതിഥി തന്നില്‍ നിന്നുമപഹരിച്ച പാതിവ്രത്യത്തേക്കാള്‍ കൂടുതല്‍ അപ്പോള്‍ നളിനിയെ അലട്ടിയിരുന്നത് ബോധം മറയുന്നതിന് തൊട്ടു മുമ്പ് അത്യുച്ചത്തില്‍ മുഴങ്ങിക്കേട്ട തന്റെ ഭര്‍ത്താവിന്റെ ദീനരോദനത്തെക്കുറിച്ചുള്ള ചിന്തയാണ്. പല തവണ അവള്‍ കണ്ണുകള്‍ തുറക്കാനുള്ള ശ്രമം നടത്തി. ശരീരമാസകലം പടര്‍ന്നു കയറുന്ന വേദന കണ്ണുകളെ ഇറുക്കിയടപ്പിച്ചു. മണ്ണു തറയില്‍ കിടന്ന് ഞരങ്ങി. വളര്‍ത്തു കോഴികളിലൊരെണ്ണം ഇടയ്ക്കെപ്പോഴോ തുറന്നിട്ട വാതിലിലൂടെ അകത്തേക്ക് കയറി. നളിനിയുടെ പാദത്തിലും കൈത്തണ്ടയിലും ചെറുതായൊന്നു കൊത്തിയ ശേഷം അത് വന്ന വഴിയേ തിരിച്ചു പോയി.

             ഞരങ്ങിക്കൊണ്ട് വാതില്‍ക്കലെത്താനുള്ള അവളുടെ ശ്രമം ഒടുവില്‍ വിജയം കണ്ടു. മുറ്റത്ത് തളം കെട്ടി നിന്നിരുന്ന മഴവെള്ളത്തില്‍ മേലാകെ ചെമ്മണ്ണ് പുരണ്ട് കിടന്നിരുന്നത്   രാഘവനാണ്. നളിനിയുടെ കെട്ടിയവന്‍. അവനെ നോക്കി അവളെന്തോ പറയാനാഞ്ഞുവെങ്കിലും വറ്റി വരണ്ട തൊണ്ടയ്ക്കപ്പുറം പോകാനാകാതെ ആ സ്വരം പാതി വഴിയില്‍ വെട്ടേറ്റു വീണു. കഷണ്ടി കീഴടക്കിയ ശിരസ്സില്‍ നിന്നും രക്തമൊലിച്ച് , വിറച്ചുകൊണ്ട് കുറച്ചകലെയായി രാഘവന്റെ അനിയന്‍ കിടന്നിരുന്നു. കാത് കേള്‍ക്കാത്ത, കരയാന്‍ മാത്രമറിയുന്ന പൊട്ടന്‍ പ്രഭാകരന്‍.

              തലേന്ന് രാത്രി ആശാരിപ്പണി കഴിഞ്ഞ് രാഘവന്‍ വീട്ടിലെത്തിയപ്പോഴേക്കും നേരമിരുട്ടിയിരുന്നു. അപ്പോഴേക്കും എല്ലാം നടന്നു കഴിഞ്ഞിരുന്നു. നളിനി ആദ്യം മുഴങ്ങിക്കേട്ടത് രാഘവന്റെ അമ്മയുടെ നിലവിളിയാണ്. അത് കഴിഞ്ഞ് പൊട്ടന്‍ പട്ടിയെപ്പോലെ നിര്‍ത്താതെ മോങ്ങുന്നത് കേട്ടു. അച്ഛനെയും നേരിട്ടതിന് ശേഷമാണ് ശത്രു നളിനിയുടെ അടുക്കലെത്തിയത്. മയക്കത്തില്‍ നിന്നും പിടഞ്ഞെണീറ്റ് ചിമ്മിനി വിളക്ക് കൊളുത്താനുള്ള അവളുടെ ശ്രമമവസാനിച്ചത് നടുവിനേറ്റ ഒരു ചവിട്ടോടെയാണ്. വസ്ത്രമുതിര്‍ന്നു വീണു. മുഖത്തും വയറ്റത്തും പ്രഹരമേറ്റു. അലറിക്കരഞ്ഞു. അര കിലോമീറ്റര്‍ അകലെയുള്ള ഏറ്റവുമടുത്ത വീട്ടിലേക്കുള്ള മാര്‍ഗമദ്ധ്യേ അവളുടെ കണ്ഠത്തില്‍ നിന്നുമുതിര്‍ന്ന ശബ്ദം പെരുമഴയത്ത് മരിച്ചു വീണു. ശത്രു ഇരുളിന്റെ മറ പിടിച്ച് രാഘവനേയും കാത്തിരുന്നു. വയറു നിറച്ച് കുടിച്ചു കയറ്റിയ പുളിച്ച കള്ളിന്റെ ലഹരിയാസ്വദിച്ച്  രാഘവന്‍ ആടിയാടി വന്നു. ശത്രുവിന് മുന്നില്‍ ഒരു പ്രതിരോധം പോലും തീര്‍ക്കാനാവാതെ ഭൂമിയില്‍ പതിച്ചു.

             പോലീസുകാര്‍ വന്നു. പിന്നാലെ മണത്തു കൊണ്ട് പട്ടിയും വന്നു. നാട്ടുകാര്‍ അന്യോന്യം സങ്കടം പറഞ്ഞു. ചിലര്‍ കരഞ്ഞു. മറ്റു ചിലര്‍ നളിനിയുടെ കീറിയ വസ്ത്രങ്ങളെക്കുറിച്ച് പറഞ്ഞു. വീട്ടുമുറ്റത്തേക്ക് ചാഞ്ഞു നിന്നിരുന്ന മൂവാണ്ടന്‍ മാവൊരെണ്ണം തല തല്ലി ചെരിഞ്ഞു വീണു. വളപ്പിന്റെ വടക്കേ അതിരില്‍ രാഘവന്‍ എരിഞ്ഞമര്‍ന്നു. പോലീസുകാര്‍ പോയി. തല താഴ്ത്തിക്കൊണ്ട് പട്ടിയും പിറകെ പോയി. പിന്നെ ആരും വന്നില്ല. മാവ് നിന്നിടത്ത്‌ ആരോ പാകിയ വിത്തൊരെണ്ണം പുതുമഴയ്ക്ക് മുള പൊട്ടി. ആളുകള്‍ അടക്കം പറഞ്ഞു. പൊട്ടന്‍ വിശന്നു കരഞ്ഞു. അച്ഛനും അമ്മയും കൂടെ കരഞ്ഞു. നളിനി വീര്‍ത്ത വയര്‍ ഇരുകൈകള്‍ കൊണ്ടും അമര്‍ത്തിപ്പിടിച്ച് കരഞ്ഞു. ആരും കേട്ടില്ല. ആരും വന്നില്ല. മുള പൊട്ടിയ വിത്ത് വളര്‍ന്നു. ചെടിയായി. മരമായി. ഒരു നാള്‍ ഫലമൊരെണ്ണം ഞെട്ടറ്റു വീണു. നളിനി ഇങ്ക് കുറുക്കിയില്ല. മുലകള്‍ അമൃത് ചുരത്തിയില്ല. തൊട്ടില്‍ കെട്ടിയില്ല. കുഞ്ഞു ജീവന്‍ തൊണ്ട കീറിക്കരഞ്ഞു. കരഞ്ഞു മടുക്കുമ്പോള്‍ തളര്‍ന്നുറങ്ങി. കരച്ചില്‍ കേള്‍ക്കാനും, കരച്ചിലിന്റെ ഉടമയെക്കാണാനും പലരും പതുങ്ങിപ്പതുങ്ങി വന്നു.

വറീത് മാപ്ല: 
           നട്ടുച്ച. ബോധോദയം വന്ന പോലെ നളിനി പിടഞ്ഞെണീറ്റു. തകരപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്ന വാസനസോപ്പെടുത്തു. ജട പിടിച്ച തലയില്‍ കാച്ചെണ്ണ തേച്ച് കുളത്തിലേക്ക് നടന്നു. വിസ്തരിച്ചൊന്നു കുളിച്ചു. തിരികെ വന്ന് അതേ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന കസവുമുണ്ടും നേര്യതും ഞൊറിഞ്ഞുടുത്തു.  കണ്ണെഴുതി. വട്ടപ്പൊട്ടു തൊട്ടു. വാതില്‍ തുറന്ന് വലിഞ്ഞു നടന്നു. പറങ്കിമാവിന്‍ തോട്ടത്തില്‍ കാച്ചെണ്ണയുടെ ഗന്ധം പരന്നു. നളിനിയെ കണ്ട് പാമ്പൊരെണ്ണം പത്തി വിടര്‍ത്തി. കാട്ടു പൂച്ച മുരണ്ടുകൊണ്ട് പിന്തുടര്‍ന്നു. അണ്ണാന്‍ ചിലച്ചു കൊണ്ടേയിരുന്നു. പിന്നെ അവയെല്ലാം ചേര്‍ന്ന് ആര്‍ത്തു ചിരിച്ചു.
           വാതിലില്‍ ആരോ കൊട്ടുന്നത് കേട്ട് വറീത് മാപ്ല ഉച്ചയുറക്കത്തില്‍ നിന്നും ഞെട്ടിയെണീറ്റു. ഉറക്കച്ചടവോടെ വാതില്‍ തുറന്നപ്പോള്‍ ഉച്ചവെയിലേറ്റ് തിളങ്ങുന്ന വെളുത്തു തുടുത്ത സ്ത്രീശരീരം കണ്ട് തെല്ലൊന്നമ്പരന്നു. പ്രേതാലയം പോലൊരു വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കാന്‍ ധൈര്യമുള്ള വറീത് മാപ്ലയുടെ കണ്ണിലെ പരിഭ്രമം കണ്ട് നളിനിക്ക് ചിരി പൊട്ടി. വറീത് മാപ്ലയും ചിരിച്ചു.  അന്നും അയാള്‍ ഇതുപോലെയാണ് ചിരിച്ചത്. വാങ്ങിച്ച പണം തിരികെ കൊടുക്കാത്തതിന് രാഘവനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ബഹളം വെച്ചപ്പോള്‍. ബഹളത്തിനൊടുവില്‍ രാഘവനെ ചവിട്ടി താഴെയിട്ടപ്പോള്‍.

    " നിന്റെ കടം ഈ ജന്മത്തില്‍ ഞാന്‍ വീട്ടാന്‍ പോകുന്നില്ലെടാ" എന്നും പറഞ്ഞ് വഴിവക്കില്‍ വെച്ച് രാഘവന്‍ വറീത് മാപ്ലയുടെ കരണക്കുറ്റിക്കിട്ട് കണക്ക് തീര്‍ക്കുമ്പോള്‍ പക്ഷേ അയാളുടെ കണ്ണുകളിലെരിഞ്ഞിരുന്നത് പകയുടെ കനലുകളായിരുന്നു. നളിനി പിന്നെയും ചിരിച്ചു. വറീത് മാപ്ലയും ചിരിച്ചു. മാനത്ത് സൂര്യന്‍ നിന്നു കത്തി. അകലെ കൊടികുത്തി മലയുടെ ഉയര്‍ച്ച താഴ്ചകളില്‍ സൂര്യപ്രകാശം പടര്‍ന്നു കയറി. പതിയെ കെട്ടടങ്ങി.

      പറങ്കി മാവിന്‍ തോപ്പിലൂടെ തിരികെ നടക്കുമ്പോള്‍ നളിനി ഇരുളിന്റെ മറ പിടിച്ചെത്തിയ ഒറ്റയാനെക്കുറിച്ചോര്‍ത്തു. ഒരു പ്രതിരോധവും എശാത്തവന്‍. ശക്തന്‍. പാവം വറീത് മാപ്ല. ശക്തനെങ്കിലും ഒറ്റയാനോളം വരില്ല. ഇരുളിന്റെ മറ പിടിച്ചെത്തിയവന് സങ്കല്‍പ്പിക്കാവുന്ന മൂന്ന് മുഖങ്ങളില്‍ നിന്നും ഒരാള്‍ രക്ഷപ്പെട്ടിരിക്കുന്നു. ഇനിയുമുണ്ട് രണ്ടു പേര്‍. ആ കാളരാത്രിയുടെ ആവര്‍ത്തനങ്ങള്‍ കൂടിയേ തീരൂ. നളിനിയുടെ വലതുകയ്യിലിരുന്ന് കൂര്‍ത്ത കഠാരയൊരെണ്ണം ഞെരിഞ്ഞമര്‍ന്നു.

വാസു:
           കൊടികുത്തി മലയുടെ താഴെ പന്തലിച്ച് നില്‍ക്കുന്ന അരയാലിന്റെ ചുവട്ടില്‍ പോക്കുവെയിലുമേറ്റ് നളിനി നിന്നു. 1982 മോഡല്‍ മഹീന്ദ്ര ജീപ്പൊരെണ്ണം പൊടി പറത്തിക്കൊണ്ട് പാഞ്ഞു വന്നു. നളിനി റോഡരികിലേക്ക് കയറി നിന്നു. അവളുടെ അടുത്തെത്തുന്തോറും ജീപ്പിന്റെ മുരള്‍ച്ച കുറഞ്ഞു വന്നു. പിന്നീടത് നിശബ്ദമായി. അരയാലിനെ തനിച്ചാക്കി ജീപ്പ് മുന്നോട്ട് പാഞ്ഞു.

"ദേഷ്യം ണ്ടോ നിനക്കെന്നോട്?"

വലതുകൈ കൊണ്ട് വളയത്തിലും ഇടതു കൈ കൊണ്ട് നളിനിയുടെ ചുമലിലും പിടിച്ച് വാസു ചോദിച്ചു.

"എന്തിന് ?"

"നെന്റെ കെട്ടിയോനെ നടുറോട്ടിലിട്ട് തല്ലിയോനല്ലേ ഞാന്‍. ഓന്‍ ചെയ്ത തെണ്ടിത്തരത്തിന് വെട്ടി നുറുക്കണായിരുന്നു. പക്ഷേ അത് ചെയ്യാന്‍ നിക്ക് യോഗംണ്ടായില്ല."

          പുഴവക്കത്തെ കണ്ടല്‍ക്കാടിനരികില്‍ ജീപ്പ് വിറച്ചു കൊണ്ട് നിന്നു. വാസു ജീപ്പില്‍ നിന്നും പുറത്തിറങ്ങി. നളിനിയും. പരന്നു കിടന്നിരുന്ന വെളുത്ത മണല്‍പ്പരപ്പിനെ പുണര്‍ന്ന് പുഴവെള്ളം ആര്‍ത്തിയോടെ ഒഴുകിക്കൊണ്ടിരുന്നു. മാനത്ത് അന്തിച്ചോപ്പ്‌ കണ്ടു. ദേഹത്ത് പറ്റിപ്പിടിച്ച മണല്‍ത്തരികള്‍ തട്ടി മാറ്റി, വിയര്‍പ്പുതുള്ളികള്‍ തുടച്ച് നളിനി എഴുന്നേറ്റു. തിരിഞ്ഞ് നോക്കാതെ നടന്നു.
  
ജോസ്:
             "രാത്രി ഈ കാട്ടില്‍ക്കൂടെ ഒറ്റയ്ക്ക് നടക്കാന്‍ പേടില്ലേ നെനക്ക്?"

നനഞ്ഞ മണ്ണിലൂടെ ചെരിപ്പിടാത്ത കാലമര്‍ത്തി പതിയെ നടന്നു നീങ്ങുന്നതിനിടയില്‍ ജോസ് നളിനിയോട് ചോദിച്ചു.

          "ഒറ്റയ്ക്കക്കല്ലല്ലോ ജോസ് ണ്ടല്ലോ ന്റെ കൂടെ"

           തെല്ലൊരു നാണത്തോടെ അത് പറയുമ്പോള്‍ അവളുടെ കവിളില്‍ ചന്തമുള്ള നുണക്കുഴി തെളിഞ്ഞു വന്നു. പിന്നെ ജോസ് കാണാതെ കണ്ണീര്‍ തുടച്ചു. "കാടിനു നടുക്ക് ഒറ്റയ്ക്ക് കഴിയുന്ന നിങ്ങളെ ഞാന്‍ ഒറ്റയാനെന്നു വിളിച്ചോട്ടേ" എന്നു ചോദിച്ച് ജോസിന്റെ നെഞ്ചിലേക്ക് ചായുമ്പോള്‍ അവളുടെ ചുണ്ടുകള്‍ ഗൂഢമായൊരു മന്ദസ്മിതം പൊഴിച്ചു. പൗര്‍ണ്ണമിയായിരുന്നിട്ടും പുറത്ത് ഇരുട്ട് പരന്നു കിടന്നു. നിലാവുദിച്ചില്ല. വൃക്ഷലതാതികളെ തഴുകിയില്ല. ജോസ് വിയര്‍ത്ത് വിറങ്ങലിച്ച് കിടന്നു. അപമാനഭാരം മറച്ചു വെയ്ക്കാന്‍ ഉറക്കം നടിച്ചു. പോകും മുമ്പ് ജോസ് നളിനിയോട് ഒരു കഥ പറഞ്ഞു. ഇതു വരെ കേള്‍ക്കാത്ത കഥ. ഒരൊറ്റയാന്റെ കഥ. താനും, വാസുവും, വറീത് മാപ്ലയും നാട്ടിലെ സകല കൊമ്പന്മാരും പേടിക്കുന്ന ഒരു ഒറ്റയാന്റെ കഥ. നളിനിക്ക് ജോസിനോട് വല്ലാത്തൊരിഷ്ടം തോന്നി. അവന്റെ നെറുകയില്‍ അമര്‍ത്തി ചുംബിച്ച് അവള്‍ എഴുന്നേറ്റു.
   
ഒറ്റയാന്‍: 
            രാഘവന്റെ ആണ്ടായിരുന്നു. നളിനിക്ക് മുന്നിലിരുന്നിരുന്ന ചോറും, കറികളും ആറിത്തണുത്തു. എല്ലാവരും ഉറങ്ങി. കറുത്ത് തടിച്ച ശരീരവും വെളുത്ത രണ്ട് കോമ്പല്ലുകളുമുള്ള ഒരു ഭീകരസത്വം മുറച്ചെവികളുമാട്ടി കുലുങ്ങി കുലുങ്ങി വരുന്നതും കാത്ത് വീടിന്റെ കതകും തുറന്നിട്ട്‌ നളിനി മാത്രം ഉണര്‍ന്നിരുന്നു. ഇടയ്ക്കിടെ കൂര്‍ത്ത കഠാരയുടെ മൂര്‍ച്ച പരിശോധിച്ചു. പുറത്ത് മഴ കോരിച്ചൊരിഞ്ഞു.

         പെട്ടന്ന് പൊട്ടന്റെ തേങ്ങല്‍ കേട്ടു. ചിമ്മിനി വിളക്കും കയ്യിലേന്തി നളിനി അങ്ങോട്ട്‌ ചെന്നു. തുറന്നിട്ട ജാലകവാതിലിലൂടെ മഴവെള്ളം പൊട്ടന്റെ ദേഹത്തേക്ക് വീശിയടിക്കുന്നുണ്ടായിരുന്നു. പൊട്ടന്‍ കിടന്നു വിറച്ചു. ജാലകവാതിലടച്ച് തിരികെ നടക്കുമ്പോള്‍ നളിനിയുടെ കാലുകളില്‍ ഒരു പിടി മുറുകി. ചിമ്മിനി വിളക്കിലെ തിരിനാളമണഞ്ഞു. നളിനി തറയില്‍ കമിഴ്ന്നടിച്ച് വീണു. കൂരിരുളില്‍ നളിനി കൈകള്‍ കൊണ്ട് ചുറ്റിലും പരതി. നീണ്ട തുമ്പിക്കൈ. മസ്തകം. കൊമ്പുകള്‍.... സര്‍വ്വശക്തിയുമെടുത്ത് അവള്‍ കുതറി മാറി. മുറിയുടെ മൂലയില്‍ വെച്ചിരുന്ന മരപ്പെട്ടിക്കു മുകളില്‍ എന്തോ തിരഞ്ഞു. കൈകളില്‍ രാഘവന്റെ പണിയായുധ സഞ്ചി തടഞ്ഞു. വീതുളി, ചുറ്റിക, മെല്ലുളി, ചിന്തേര്, തമര്  ഇവയെല്ലാം തഴക്കം വന്നൊരു തച്ചനേപ്പോലെ നളിനി ഇരുകൈകളിലും മാറി മാറിയെടുത്തു. നിമിഷങ്ങള്‍ പലത് പൊഴിഞ്ഞു വീണു. മുറച്ചെവി മുറിഞ്ഞ, കാലുകള്‍ നഷ്ടപ്പെട്ട, മസ്തകം തകര്‍ന്ന ശില്‍പ്പമൊരെണ്ണം പിറവി കൊണ്ടു.

          ആപാദചൂഡം പുരണ്ട രക്തവുമായി അട്ടഹസിച്ചു കൊണ്ട് നളിനി പെരുമഴയത്തുകൂടെ വീടിന് പുറത്തേക്കോടി. അകത്ത് നിന്നും ഒരു കുഞ്ഞു ജീവന്റെ കരച്ചില്‍ കേട്ടു. ജോസും, വാസുവും, വറീത് മാപ്ലയും നാട്ടിലെ സകല കൊമ്പന്മാരും പേടിക്കുന്നൊരുത്തന്‍ രാഘവന്റെ വീട് ലക്ഷ്യമാക്കി പാടവരമ്പിലൂടെ നടന്നു വരുന്നുണ്ടായിരുന്നു.

(ഇ-മഷി ഏപ്രിൽ 2015)

58 comments:

  1. മനോഹരം. നല്ല വിവരണം :)

    ReplyDelete
  2. നന്നായിരിക്കുന്നു സംഗീ... ഇത്പോലൊരു അവതരണം സിയാഫിക്കയുടെതായി വായിച്ചത് ഓര്‍ക്കുന്നു.... ആശംസകള്‍ :)

    ReplyDelete
    Replies
    1. താങ്ക്സ് ചേച്ചി... :-)

      Delete
  3. കഥ വായിച്ചു. എത്ര സന്തോഷം.

    ReplyDelete
    Replies
    1. എനിക്കും ഒരുപാട് ഒരുപാട് സന്തോഷം... :-)

      Delete
  4. കഥ പലതവണ വായിച്ചു.വളരെയധികം ഇഷ്ട്ടമായി.ഇതുവരെ വായിച്ചതിൽ നിന്നും അവതരണ ശൈലിയിൽ എന്തോ ഒരു വ്യത്യാസം ഉള്ളതായി തോന്നി.ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.....എല്ലാ വിധ ഭാവുകങ്ങളും നേരുന്നു......

    ReplyDelete
    Replies
    1. നന്ദി സുസ്മിത... :-)

      Delete
  5. നല്ല കഥ സംഗീത്. നന്നായി ചിട്ടപ്പെടുത്തിയിരിക്കുന്നു.
    പൊട്ടനെ ഒരു വട്ടം സംശയിച്ചു. വീട്ടിലെ ഒറ്റയാനെ തീര്‍ത്തു. എങ്കിലും പ്രതി ആരെന്നത് ദുരൂഹം. ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന ഒറ്റയാന്‍മാര്‍.
    (അച്ഛനും അമ്മയും അനാവശ്യ കഥാപാത്രങ്ങളായി തോന്നി.)

    ReplyDelete
    Replies
    1. താങ്ക്‌സ് ജോസ് ലെറ്റ് ഭായ്... :-) പ്രതി ആരെന്നത് മനസ്സിലാവും എന്നാണ് ഞാന്‍ കരുതിയത്...അത് എന്റെ എഴുത്തിന്റെ പോരായ്മയായി അംഗീകരിക്കുന്നു... :-)

      Delete
  6. വേറിട്ട ഒരു എഴുത്തായിരുന്നു, ഒരുപാട് വലിച്ചു നീട്ടലില്ലാതെ എഴുതി ചിട്ടപ്പെടുത്തി കിട്ടുക എന്നത് വലിയൊരു ചടങ്ങ് തന്നെ ആണെന്ന് അറിയാവുന്നതിനാൽ ഏറ്റവും ഇഷ്ടം തോന്നിയത് അക്കാര്യത്തിൽ തന്നെയാണ്. ജോസ് പറഞ്ഞ പോലെ അമ്മേം അച്ചനും വേണ്ടിയിരുന്നുവോ എന്നൊരു സംശയമുണ്ട്, എന്തായാലും കഥയും എഴുത്ത് ശൈലിയും വളരെ നന്നായി, ആശംസകള്...!

    ReplyDelete
    Replies
    1. വളരെയധികം നന്ദി... :-)

      Delete
  7. കഥയും അവതരണവും നന്നായിട്ടുണ്ട് സംഗീത്... ആശംസകള്‍

    ReplyDelete
  8. കഥ അവതരിപ്പിച്ചത് ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  9. Wow..
    പൊളിച്ചു ചേട്ടായീ...
    നളിനിയോടൊപ്പം ഞാനും അമര്‍ത്തിപ്പിടിച്ചൊരു കഠാരയുമായി പകവീട്ടാനിറങ്ങി...
    :) :)
    ഇനിയും എഴുതൂ...

    ReplyDelete
    Replies
    1. തീര്‍ച്ചയായും മുബാറക്ക്... :-)

      Delete
  10. കിടിലൻ കഥ. അവസാനത്തെ ആ ഇരട്ട ക്ലൈമാക്സ് ശരിക്കും ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ ഭായ്.

    ReplyDelete
    Replies
    1. താങ്ക്സ് അനീഷ്‌... :-)

      Delete
  11. മികച്ച കഥയെഴുത്ത്‌. എങ്കിലും ആ ഒറ്റയാൻ ആര്?

    ReplyDelete
    Replies
    1. നന്ദി. ഒറ്റയാന്‍..............

      Delete
  12. എവിടേയും ഒറ്റയാന്മാര്‍ ഇറങ്ങുന്നതാണ് എന്നും പ്രശ്നങ്ങള്‍.

    ReplyDelete
    Replies
    1. അതെ...പലയിടങ്ങളില്‍...പല രൂപങ്ങളില്‍...പല ഭാവങ്ങളില്‍...

      Delete
  13. കഥ വായിച്ചു
    ആശംസകള്‍

    ReplyDelete
    Replies
    1. താങ്ക്‌സ് അജിത്തേട്ടാ...

      Delete
  14. സാക്ഷിമൊഴികളെ (സിയാഫ് ഇക്കടെ ) ഓര്‍മിപ്പിച്ച കഥാ ഘടന.. വിഷയവും ഏതാണ്ടതു തന്നെ... അവ്യക്തത കൂടുതലാണോ അതോ എന്‍റെ സൂക്ഷ്മദൃഷ്ടി ടെ പോരായ്മയാണോ എന്നറിയില്ല... അവസാനം വരുന്ന ഒറ്റയാന്‍ ന്‍റെ കാര്യം മനസ്സിലായില്ല, :(

    ReplyDelete
    Replies
    1. സിയാഫ് ഇക്കയുടെ 'സാക്ഷിമൊഴികള്‍' ഞാന്‍ ബ്ലോഗുകളില്‍ വായിച്ച മികച്ച കഥകളില്‍ ഒന്നാണ്. അത് 'റാഷോമോന്‍' ശൈലിയില്‍ എഴുതപ്പെട്ട മനൊഹരമായൊരു കഥയായിട്ടാണ് എനിക്ക് തോന്നിയത്. ഒരു സംഭവത്തെ പലരുടേയും ആംഗിളിലൂടെ നോക്കിക്കാണുന്ന കഥ. പക്ഷേ ഇത് ഒരു സാധാരണ കഥയില്‍ സബ് ഹിഡിംഗ്‌സ് കൊടുത്തു എന്നു മാത്രം.
      'ജോസും, വാസുവും, വറീത് മാപ്ലയും നാട്ടിലെ സകല കൊമ്പന്മാരും പേടിക്കുന്നൊരാഘവന്റെ വീട് ലക്ഷ്യമാക്കി പാടവരമ്പിലൂടെ നടന്നു വരുന്നുണ്ടായിരുന്നു.' ഇതായിരുന്നു അവാനത്തെ വാചകം.... :)

      Delete
  15. എനിക്കും ചെറിയൊരു വ്യക്തത കുറവുണ്ട്

    ReplyDelete
  16. ഒറ്റയാൻ എന്ന ബിംബം കഥയുമായി കൂടുതൽ ബന്ധപ്പെടുത്തേണ്ടിയിരിക്കുന്നു സംഗീ. രണ്ടും രണ്ടു വഴിക്ക്‌ പോകുന്നതുപോലെ. ചിലപ്പോൾ എന്റെ വായനയുടെ പരിമിതികളാകാം. പക്ഷെ വായനക്കാരുടെ പല അഭിപ്രായങ്ങളും അതിനെ സാധൂകരിക്കുന്നു. മൊത്തത്തിൽ നല്ല കയ്യടക്കമുള്ള കഥാരീതി. ഇഷ്ടമായി.

    ReplyDelete
    Replies
    1. ഒറ്റയാന്‍ എന്ന ബിംബത്തേക്കാള്‍ ഞാന്‍ ശ്രദ്ധയൂന്നിയത് പ്രതിയെ കണ്ടെത്താനായി നളിനി തേടിയ വഴികളിലാണ് എന്നതാണ് സത്യം. പ്രദീപേട്ടന്റെ വായനയുടെ പരിമിതികളേക്കാള്‍ എന്റെ എഴുത്തിന്റെ പരിമിതി ആവാനാണ് സാദ്ധ്യത.... :-)

      Delete
  17. ഒറ്റയാനെ കുറച്ചുകൂടി വ്യക്തമാക്കാമായിരുന്നു .. നല്ല ശൈലി ..ആശംസകൾ

    ReplyDelete
  18. വായിച്ചൂട്ടോ സംഗീത് ഭായ്. പരീക്ഷണങ്ങള്‍ നടക്കട്ടെ. ആശംസകള്‍.

    ReplyDelete
    Replies
    1. നന്ദി സുധീർ ഭായ്...

      Delete
  19. മോനെ പൊളിച്ചു ... ചില അവ്യ്യക്തതകൾ വ്യക്തതയെക്കൾ വായനക്കാരനെ പിന്തുടർന്നുകൊണ്ടിരിക്കും....

    ReplyDelete
  20. കഥ എങ്ങനെ പറയണം എന്ന് ആശയകുഴപ്പം ഉണ്ടായിരുന്നതായി തോന്നി. എഴുത്തുകാരന്‍ നേരിടുന്ന ഏറ്റവം വലിയ വെല്ലു വിളികളില്‍ ഒന്നാണത് എന്ന് തോന്നുന്നു. എഴുത്തിലെ ലാളിത്യം ഇഷ്ട്ടമായി. ആശംസകള്‍. പ്രിയ സംഗീത്

    ReplyDelete
  21. കഥ അവതരിപ്പിച്ച രീതിയും വറീത് മാപ്ലയോടുള്ള നളിനിയുടെ പ്രതികരണവും നന്നായി അവതരിപ്പിച്ചു - പക്ഷേ അവസാനഭാഗത്ത് എന്താണെന്നു പറയാൻ കഴിയാത്ത ചെറിയ പോരായ്മ ഉള്ളതായി തോന്നി - എന്റെ വായനയുടെ കുഴപ്പവുമാകാം....

    ReplyDelete
  22. കഥ മനോഹരം ആയിട്ടുണ്ട് കേട്ടോ.

    ReplyDelete
  23. തികച്ചും യാദൃച്ഛികമായിട്ടാണ്‌ ഈ ബ്ലോഗിൽ എത്തുന്നത്. എന്റെ പ്രൊഫൈലിലെ ഇഷ്ടപുസ്തകങ്ങളിൽ “രണ്ടാമൂഴം” ഇപ്പോൾ ചേർത്തതേ ഉള്ളൂ. അതിലെ ലിങ്കിൽ ക്ളിൿ ചെയ്തപ്പോൾ വന്ന പ്രൊഫൈലുകളിൽ നാലാമത്തേത് ആയിരുന്നു താങ്കളുടേത്. ബ്ലോഗ് ഡിസൈൻ കണ്ടപ്പോൾ തന്നെ കാര്യമായി എന്തോ ഉണ്ടാകുമല്ലോ എന്ന് തോന്നി. ഇതാണ്‌ ആദ്യം വായിച്ച പോസ്റ്റ്. നന്നേ ഇഷ്ടമായി. ഇനി സമയം കിട്ടുമ്പോൾ മറ്റുള്ള പോസ്റ്റുകളും വായിയ്ക്കണം. ആശംസകൾ.

    ReplyDelete
    Replies
    1. ഒരുപാട് സന്തോഷം ഇവിടെ വന്നതിലും ബ്ലോഗ്‌ ഇഷ്ടമായി എന്നറിഞ്ഞതിലും... :)

      Delete
  24. ഞാൻ വായിച്ചു - എനിക്ക് വ്യക്തത കിട്ടിയില്ല.
    ഇത്തരം ശൈലികൾ ഇപ്പൊ മടുപ്പുളവാക്കുന്നു. സിയാഫ് ഭായിയുടെ ഒന്ന് രണ്ടു കഥകളും ഇതേ ഗണത്തിൽ കണ്ടിട്ടുണ്ട്.
    നന്ദി

    ReplyDelete
  25. ചില സിംബോളിസം ഒക്കെ കണ്ടു... പക്ഷെ ആ ഒറ്റയാന്‍...? ആ?

    ReplyDelete
  26. ഈ സബ് ഹെഡിംഗ് ഉപയോഗിച്ചത് കൊണ്ട് ഒരു കൃത്രിമത്വം തോന്നി. സ്വാഭാവിക മായ ഒഴുക്കില്ലായ്മ. പ്രതികാരത്തിന്റെ തീഷ്ണത അത്ര ഭംഗിയായി എന്ന് തോന്നുന്നില്ല. അതായതു അത് നളിനിയിൽ കയറിക്കൂടുന്നത്. ജോസിൻറെ റോൾ മനസ്സിലായില്ല. എഴുതുന്ന രീതി കൊള്ളാം.

    കഥ പൂർണമായും മനസ്സിലായില്ല എന്നത്‌ സത്യം, അത് കൊണ്ട് പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല.

    ReplyDelete
  27. കഥാകാരന്‍ എഴുതി തെളിഞ്ഞു തുടങ്ങി. നല്ല ഭാഷ.. നല്ല അവതരണം. എനിക്കിഷ്ടായി. ഇനിയും ഇത്തരം നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു..

    ReplyDelete
  28. വേറിട്ട ഒരു ശൈലിയിലാണല്ലോ ..കൊള്ളാം

    ReplyDelete