Sunday, December 22, 2013

താങ്കള്‍ ക്യൂവിലാണ്

             അന്നൊരു ഹര്‍ത്താല്‍ ദിനമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ടി.പി ചന്ദ്രശേഖരന്‍ വെട്ടേറ്റു വീണതിന്റെ പിറ്റേ ദിവസം. അമ്മയുടെ പിറന്നാള്‍ ആയതിനാല്‍ തൊഴാന്‍ വേണ്ടി ഗുരുവായൂരില്‍ എത്തിയതായിരുന്നു ഞാനും അമ്മയും. ഹര്‍ത്താലും ബന്ദും ഒന്നും ഗുരുവായൂരപ്പനെ ബാധിക്കുന്ന കാര്യമല്ലല്ലോ. അതോ പാല്‍, പത്രം തുടങ്ങിയ അവശ്യസാധനങ്ങളുടെ പട്ടികയില്‍ പാര്‍ട്ടിക്കാര്‍ ഗുരുവായൂരപ്പനെയും ഉള്‍പ്പെടുത്തിയിരുന്നോ എന്നും അറിയില്ല. കാര്യമെന്തൊക്കെ ആയാലും ഹര്‍ത്താല്‍ ദിവസമായിട്ടും തിരക്കിന് യാതൊരു കുറവും ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി വന്ന മഴയില്‍ ആളുകളില്‍ പലരും മേല്‍ക്കൂരകള്‍ തേടി ചിതറിയോടുന്നുണ്ടായിരുന്നു. ക്യൂവില്‍ നിന്നിരുന്ന ചില അമ്മമാരുടെ കയ്യിലുണ്ടായിരുന്ന കൊച്ചു കുട്ടികളില്‍ പലരും വാവിട്ടു കരയുന്നതു കണ്ടപ്പോള്‍ വിഷമം തോന്നി. ഗുരുവായൂരപ്പനെ തൊഴാന്‍ വേണ്ടി ക്യൂവില്‍ നില്‍ക്കുകയാണെന്നോ, അമ്മയ്ക്ക് ഇപ്പോള്‍ പാലു തരാന്‍ പറ്റില്ലെന്നോ ഒന്നും പാവം കുഞ്ഞുങ്ങള്‍ക്ക് അറിയില്ലല്ലോ. അമ്മമാരില്‍ ചിലര്‍ കുഞ്ഞുങ്ങളുടെ വായില്‍ പാല്‍ക്കുപ്പി വച്ചു കൊടുത്ത് കരച്ചിലിന് കടിഞ്ഞാണിടാന്‍ ശ്രമിച്ചെങ്കിലും അവര്‍ അതൊക്കെ തട്ടി മാറ്റി അക്രമണ പ്രവണത കാണിക്കാന്‍ തുടങ്ങി. മുലപ്പാലിനോളം വരില്ലല്ലോ മില്‍മ പാല്.

            ഏതാണ്ട്  രണ്ടു മണിക്കൂറോളം ക്യൂവില്‍ നിന്ന ശേഷം തൊഴാന്‍ കഴിഞ്ഞു. അതിനോടകം വിശപ്പിന്റെ ഉപദ്രവം തുടങ്ങിയിരുന്നു എന്ന കാരണത്താല്‍ എത്രയും പെട്ടന്ന് പ്രസാദം വാങ്ങി പുറത്തു കടക്കലായിരുന്നു എന്റെ അടുത്ത ലക്ഷ്യം. സ്ത്രീകളുടെ ക്യൂവില്‍ തിരക്ക് കുറവായതുകൊണ്ട് ടിക്കറ്റ് കൗണ്ടറില്‍ അമ്മ നില്‍ക്കാമെന്നു പറഞ്ഞു. അമ്മയുടെ വാക്കുകള്‍ സസന്തോഷം ശിരസാവഹിച്ച് കൗണ്ടറിനു മുന്നിലെ തിരക്കില്‍ നിന്നും ഞാന്‍ കുറച്ചപ്പുറത്തേക്ക് മാറി നിന്നു. അപ്പോഴതാ വരുന്നു കൂടെ പഠിച്ച ഒരു സുഹൃത്ത്. അവളുടെ ഭര്‍ത്താവുമുണ്ടായിരുന്നു കൂടെ. അവര്‍ വിവാഹവാര്‍ഷികം പ്രമാണിച്ച് തൊഴാന്‍ വന്നതാണെന്നറിഞ്ഞപ്പോള്‍ ഞാനവര്‍ക്ക് വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നു. ഒരുമിച്ചൊരു നൂറു കൊല്ലം ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്നുള്ള എന്റെ ആശംസ കേട്ടപ്പോള്‍ ഭര്‍ത്താവ് വല്ലാത്തൊരു ഭീതിയോടെ ഭാര്യയേയും, തെല്ലൊരു ദേഷ്യത്തോടെ എന്നെയും നോക്കിയെങ്കിലും ഞാനത് കണ്ടില്ലെന്നു നടിച്ചു.  കുറച്ചു സമയം കൂടി സംസാരിച്ചു നിന്ന ശേഷം ഇരുവരും യാത്ര പറഞ്ഞു പോവുകയും ചെയ്തു.

          ഏതാണ്ടൊരു പത്ത് മിനിറ്റ് കഴിഞ്ഞു കാണും. ഞാന്‍ വെറുതേയൊന്നു പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പോഴാണ് ശരിക്കും അന്തം വിട്ടു പോയത്. എന്റെ പിന്നില്‍ ആളുകളുടെ നീണ്ട ഒരു ക്യൂ…! ആള്‍ത്തിരക്കില്‍ നിന്നും ഒഴിവാകാന്‍ വേണ്ടിയാണ് ഞാന്‍ അവിടേക്ക് മാറി നിന്നത്. ടിക്കറ്റ് കൗണ്ടറുകളാണെങ്കില്‍ ഞാന്‍ നിന്നിടത്ത് നിന്നും കുറെ അപ്പുറത്തുമായിരുന്നു . പിന്നെ എന്റെ പിന്നില്‍ ഇത്ര നീണ്ട വരി എങ്ങനെ വന്നു എന്നായി എന്റെ ചിന്ത. 'അതാ ഒരുത്തന്‍ എന്തിനോ വേണ്ടി ക്യൂ നില്‍ക്കുന്നു. ഞാനും ചുമ്മാ നിന്നു കളയാം' എന്ന ഉദ്ദ്യേശത്തില്‍ നിന്നതായിരിക്കുമോ...? അതല്ല, ഇനിയിപ്പോള്‍ ഇവര്‍ക്കെല്ലാം വട്ടായോ...? അതോ എനിക്ക് വട്ടായോ...? ക്ഷണനേരം കൊണ്ട് ഒരുപാട് ചിന്തകള്‍ എന്റെ മനസ്സിലൂടെ മിന്നി മാഞ്ഞു. ക്യൂവിന്റെ നീളം കൂടി വന്നു, എന്റെ ആധിയും. പതുക്കെ സ്ഥലം കാലിയാക്കുന്നതാണ് ബുദ്ധി എന്നെനിക്ക് തോന്നി. വെറും പത്തു മിനിറ്റ് കൊണ്ട് സാമാന്യം ഭേദപ്പെട്ടൊരു ക്യൂ സൃഷ്ടിച്ചതിന്റെ യാതൊരഹങ്കാരവും മുഖത്ത് കാണിക്കാതെ അവിടെ നിന്നും പതുക്കെ മുങ്ങുമ്പോള്‍ ആ ക്യൂവിലേക്ക് ഞാന്‍ ഇടം കണ്ണിട്ട് ഒന്നു നോക്കി.
”ഇനി  തിരിച്ച് വന്നാല്‍ ഇവിടെ നിര്‍ത്തില്ല്യ ട്ടോ”
വരിയുടെ നടുക്ക് നിന്നിരുന്ന ഒരാള്‍ എന്നെ നോക്കിക്കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു. അപ്പോഴേക്കും അമ്മ പ്രസാദം വാങ്ങി തിരിച്ചെത്തിയിരുന്നു. പുറത്തേയ്ക്കിറങ്ങാന്‍ നേരത്ത് ഒരിക്കല്‍ കൂടി ഞാന്‍ അങ്ങോട്ടു നോക്കി. അവര്‍ അപ്പോഴും എന്തിനോ വേണ്ടി അവിടെത്തന്നെ നില്‍പ്പുണ്ടായിരുന്നു.

52 comments:

  1. ഹ..ഹാ.. സത്യത്തില്‍ ക്യൂകള്‍ ആള്‍ക്കാര്‍ തരം പോലെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ചിലയിടത്തൊക്കെ ക്യൂ നില്‍ക്കുന്നവരുടെ ഇടയില്‍ നിന്നും ഒരാള്‍ അല്‍പ്പം വരിവിട്ട് മാറിനിന്നാല്‍ താമസംവിനാ അയാളുടെ പിന്നിലായ് ഒരു പാരലല്‍ ക്യൂ രൂപാന്തിരപ്പെടുന്നതുകാണാം. എനിക്കും സമാന അനുഭവമുണ്ടായിട്ടുണ്ട്. നല്ല എഴുത്തു. അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. വളരെ നന്ദി, ആദ്യ വരവിനും, ഈ പ്രോത്സാഹനത്തിനും... :-)

      Delete
  2. മുന്‍പേ ഗമിക്കും ഗോവുതന്‍റെ .........

    ReplyDelete
    Replies
    1. .......പിന്‍പേ ഗമിക്കും ബഹുഗോക്കളെല്ലാം....അതു തന്നെ സംഭവം... :-)

      Delete
  3. ഇതൊക്കെ അവിടെത്തെ സ്ഥിരം പരിപാട്യാ ഇന്ന് ഞാന്‍ നാളെ നീ :)

    ReplyDelete
  4. ഹഹ, അത് കലക്കി! കേരളത്തിലെ ഏറ്റവും അച്ചടക്കമുള്ള ക്യൂ ഏതാന്നു പറയണ്ടല്ലോ!

    ഒരുകൂട്ടം പിന്‍ഗാമികളെ കിട്ടുക എന്നുപറയുന്നത് വല്യ കാര്യമാണേ!

    ReplyDelete
    Replies
    1. ആ ക്യൂ ഏതാണെന്ന് മനസ്സിലായി.... :D
      പിന്‍ഗാമികളെ കിട്ടുന്നത് വലിയ കാര്യം തന്നെ...പക്ഷേ ഒടുവില്‍ സത്യാവസ്ഥ അറിഞ്ഞാല്‍ പിന്‍ഗാമികളെല്ലാരും കൂടി മുന്‍ഗാമിയെ എടുത്തിട്ട് പെരുമാറും... :-)

      Delete
  5. ഇനി തിരിച്ചു വന്നാൽ ഇവിടെ നിർത്തില്ല എന്ന വരി വായിച്ച് ശരിക്കും ചിരിച്ചുപോയി....
    ഇതാണ് സാക്ഷാൽ മലയാളി....
    ക്യൂ നിൽക്കുക എന്നത് മലയാളിയുടെ രക്തത്തിൽ അലിഞ്ഞ വികാരമാണ്...

    ReplyDelete
    Replies
    1. അതെ...ക്യൂ ഇല്ലാതെ മലയാളിയില്ല.... :D

      Delete
  6. അന്നാലും പാവം ഭക്തജനങ്ങളെ പറ്റിച്ചല്ലേ,,,

    ReplyDelete
    Replies
    1. പിന്നില്‍ വന്നു നിന്ന ഭക്തജനങ്ങളെല്ലാരും കൂടി എന്നെയാണ് പറ്റിച്ചത് :-)

      Delete
  7. ഒന്നും തിരക്കാന്‍ ആര്‍ക്കും സമയമോ സൌകര്യമോ ഇല്ല. ഓരോ ശീലങ്ങള്‍ യാത്രം പോലെ അനുസരിക്കുന്നു. സംഭവം രസായി.

    ReplyDelete
    Replies
    1. ശരിയാണ്... ഇവിടെ എന്തിനാ നില്‍ക്കുന്നത് എന്ന് ആരെങ്കിലും ചോദിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ആ ക്യൂ അവിടെ വരില്ലായിരുന്നു... എല്ലാവരുടേയും ജീവിതം അവരവരുടെ മാത്രം ലോകത്താണ്.

      Delete
  8. ആം ആദ്മി

    ഹഹഹ

    ReplyDelete
    Replies
    1. അവരുടെ കയ്യില്‍ ചൂലൊന്നും കണ്ടില്ല അജിത്തേട്ടാ... :-)

      Delete
  9. മുന്‍പേ ഗമിക്കും ഗോവുതന്‍ പിന്മേ ഗമിക്കും ബഹിര്‍ ഗോക്കളെല്ലാം

    ReplyDelete
    Replies
    1. അത് തന്നെയാണ് സംഭവം...എന്തിനെന്നോ എതിനെന്നോ ഒന്നും ഇല്ല... :-)

      Delete
  10. എനിക്ക് ഒരിക്കല്‍ റെയില്‍വെ സ്റ്റെഷ്നില്‍ വെച്ച് സ്വന്തം ക്യൂ നഷ്ടപ്പെടുകയാണുണ്ടായത്. പിന്നെ ഞാന്‍ ഇവിടെ ഒരു ക്യൂ ഉണ്ടായിരുന്നേ എന്നു പറഞ്ഞ് കരയേണ്ടി വന്നു.

    ReplyDelete
    Replies
    1. റെയില്‍വേ സ്റ്റേഷനിലെ ക്യൂവിന്റെ കാര്യമൊന്നും പറയാതിരിക്കുകയാ നല്ലത്...ചിലര്‍ ക്യൂവിന്റെ അടുത്ത് ചുറ്റിപ്പറ്റി നില്‍ക്കും.... കുറച്ച് സമയം കഴിഞ്ഞാല്‍ അതിവിദഗ്ദമായി ഇടയില്‍ കയറി ടിക്കറ്റും വാങ്ങി പോകുന്നതേ കാണൂ... :-) നമ്മള്‍ അപ്പോഴും അന്തം വിട്ട് ക്യൂവില്‍ നില്‍പ്പുണ്ടാവും..

      Delete
  11. ആഹാ അത് ശരി -ആളോളെ പറ്റിക്കലാ പരിപാടി അല്ലെ? അടി, അടി!!

    ReplyDelete
    Replies
    1. എല്ലാരും കൂടി എന്നെയാണ് ചേച്ചി പറ്റിച്ചത്...ഞാന്‍ വെറുമൊരു പാവത്താനല്ലേ... :-)

      Delete
  12. അപ്പൊ ഇതാണ് ഈ ക്യൂ....ക്യൂ എന്ന് പറയുന്ന സംഭവം അല്ലെ..?
    പോസ്റ്റ് നന്നായി

    ReplyDelete
    Replies
    1. അതെ...അങ്ങനെയാണ് ക്യൂ ഉണ്ടായത്... :-)

      Delete
  13. ഹഹഹ. വെറുതേ ഒരു ക്യൂ അല്ലെ? നന്നായി എഴുതി.

    ReplyDelete
  14. എന്തിനും Q ഉള്ള ഒരു നാട്ടില്‍ , ചിലപ്പോള്‍ ആള്‍ തിരക്കില്‍ നിന്നും മാറിനിലക്കാനും ഒരു Q..... ;-) ;-). അങ്ങനേയും ആയിക്കൂടെ ??? ....
    മലയാളിയുടെ അച്ചടക്കം......;-) ;-)
    Lol ....:-) :D :D

    ReplyDelete
    Replies
    1. വരിയുടെ ഇടയില്‍ കയറിയാണ് സാധാരണ മലയാളി അച്ചടക്കം കാണിക്കാറ്.... :D

      Delete
  15. ഗുരുവായൂരിലെ തൊഴല്‍ കഴിഞ്ഞാല്‍ നമ്മള്‍ ഒരു പാട് പാപങ്ങളില്‍ നിന്നും മുക്തി നേടിയ പ്രതീതിയാണ്. അവിടുത്തെ അനുഭവങ്ങള്‍ വെച്ച് നോക്കിയാല്‍ എഴുത്തുകാരന്‍ പറഞ്ഞ ക്യുവിന്റെ സാധ്യതയും തള്ളാനാവില്ല. പോസ്റ്റ്‌ ഇഷ്ട്ടായി

    ReplyDelete
    Replies
    1. ശരിയാണ്... ഗുരുവായൂരപ്പനെ തൊഴുതു കിട്ടുന്ന പുണ്യത്തിനൊപ്പം ബോണസായി ക്യൂവില്‍ നിന്നു കിട്ടുന്ന പുണ്യവും... :-)

      Delete
  16. ഇതില്‍ കമന്റ് ഇടാന്‍ ഞാനും ക്യൂ വിലാണ് !

    ReplyDelete
    Replies
    1. എന്താ ചെയ്യാ അന്‍വര്‍ക്കാ...എവിടെ ചെന്നാലും ക്യൂ തന്നെ... :-)

      Delete
  17. ഹ.. ഹ.. പാവം ക്യൂഗാമികള്‍....
    നല്ല രസമായി എഴുതി... :)

    ReplyDelete
    Replies
    1. താങ്ക്സ് മനോജേട്ടാ... :-)

      Delete
  18. ഹഹഹഹ കൊള്ളാട്ടോ

    ReplyDelete
  19. നര്‍മ്മരസമുള്ള കഥ .വായനയില്‍ ഉടനീളം ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും നിറഞ്ഞു നിന്നു .ആശംസകള്‍

    ReplyDelete
  20. കൊള്ളാം നടന്നതോ അല്ലയോ ,കേള്‍ക്കാന്‍ രസമുണ്ട്

    ReplyDelete
    Replies
    1. ഇത് അനുഭവമാണ്... :-)

      Delete
  21. ഗുരുവായൂരപ്പന്റെ അടുത്തേക്കുള്ള shortcut ആണെന്ന് കരുതീട്ടുണ്ടാവും പിന്നിൽ നിന്നവരെല്ലാം...:D

    ReplyDelete
    Replies
    1. ഹഹ...ചിലപ്പോള്‍ അങ്ങനെ കരുതിക്കാണും... :-)

      Delete
  22. IF you read A story THE MAN WHO SHOUTED "THERESAA... " your experience strikes with the same :)

    ReplyDelete
    Replies
    1. ആ കഥ ഞാന്‍ വായിച്ചിട്ടില്ല ഉട്ടോപ്പ്യന്‍... :-)

      Delete