
നളിനി:
മേലാസകലം ക്ഷതമേറ്റ ഒരു സ്ത്രീശരീരവും, തൊട്ടടുത്ത് കിടന്നിരുന്ന
കീറിപ്പറഞ്ഞ വസ്ത്രങ്ങളും. അന്നു പുലര്‍ച്ചെ നടന്ന അതിക്രൂരമായ
ബലാത്സംഗത്തിന്റെ ശേഷിപ്പുകളായിരുന്നു അവ. നഗ്നയായി കിടന്നിരുന്ന അവളുടെ
വെളുത്ത മേനിയിലേക്ക് സൂര്യരശ്മികള്‍ പലകുറി എത്തി നോക്കി. പിന്നെയവ
നാണിച്ച് തിരിച്ച് പോയി. ഇരുളിന്റെ മറ പിടിച്ചെത്തിയ അതിക്രൂരനും
ക്ഷണിക്കപ്പെടാത്തവനുമായ അതിഥി തന്നില്‍ നിന്നുമപഹരിച്ച
പാതിവ്രത്യത്തേക്കാള്‍ കൂടുതല്‍ അപ്പോള്‍ നളിനിയെ അലട്ടിയിരുന്നത് ബോധം
മറയുന്നതിന് തൊട്ടു മുമ്പ് അത്യുച്ചത്തില്‍ മുഴങ്ങിക്കേട്ട തന്റെ
ഭര്‍ത്താവിന്റെ ദീനരോദനത്തെക്കുറിച്ചുള്ള ചിന്തയാണ്. പല തവണ അവള്‍
കണ്ണുകള്‍ തുറക്കാനുള്ള ശ്രമം നടത്തി. ശരീരമാസകലം പടര്‍ന്നു കയറുന്ന വേദന
കണ്ണുകളെ ഇറുക്കിയടപ്പിച്ചു. മണ്ണു തറയില്‍ കിടന്ന് ഞരങ്ങി. വളര്‍ത്തു
കോഴികളിലൊരെണ്ണം ഇടയ്ക്കെപ്പോഴോ തുറന്നിട്ട വാതിലിലൂടെ അകത്തേക്ക് കയറി.
നളിനിയുടെ പാദത്തിലും കൈത്തണ്ടയിലും ചെറുതായൊന്നു കൊത്തിയ ശേഷം അത് വന്ന
വഴിയേ തിരിച്ചു പോയി.
...