Saturday, October 05, 2013

താത്തക്കുട്ടിയും കത്തുപാട്ടും

         അവളുടെ പേര്.... അല്ലെങ്കില്‍ വേണ്ട.... അവളുടെ യഥാര്‍ത്ഥ പേര് നിങ്ങള്‍ അറിയണ്ട.... തത്കാലം നമുക്കവളെ ആയിഷ എന്ന് വിളിക്കാം... ആയിഷ എന്ന പേരിഷ്ടപ്പെടാത്തവര്‍ക്ക് അവരവര്‍ക്ക് ഇഷ്ടമുള്ള പേര് വിളിക്കാം....

          കുറച്ച് കാലം മുമ്പ് നടന്ന സംഭവമാണ്. കൃത്യമായി പറഞ്ഞാല്‍ പത്ത് വര്‍ഷം മുമ്പ്. ഞാന്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആയിരുന്ന കാലം. ഏഴാം ക്ലാസ് വരെ വീടിനടുത്തുള്ള സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. എട്ടാം ക്ലാസില്‍ ഹൈസ്‌കൂളിലേക്ക് ചേക്കേറിയപ്പോള്‍ ഏതൊരു വിദ്യാര്‍ത്ഥിക്കും സ്വാഭാവികമായുണ്ടാവുന്ന അമ്പരപ്പും പരിഭ്രമവുമെല്ലാം എനിക്കും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അധികമാരോടും സംസാരിക്കുകയോ കൂട്ടുകൂടുകയോ ഒന്നും ചെയ്യാതെ ക്ലാസ് മുറിയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ ഞാന്‍ ഒതുങ്ങിക്കൂടി. ആയിടക്കുണ്ടായ ക്ലാസ് ലീഡര്‍ തിരഞ്ഞെടുപ്പില്‍ ഒരു പെണ്‍കുട്ടിയോടേറ്റ മാന്യമായ തോല്‍വി കൂടി ആയതോടെ തീര്‍ത്തും നിരാശനായ ഞാന്‍ ഏകാന്തതയുമായി സൗഹൃദം പങ്കിട്ട് ദിവസങ്ങള്‍ തള്ളി നീക്കി. കുറച്ചു നാള്‍ കൂടി കഴിഞ്ഞപ്പോള്‍ ഒരു വില്ലനെപ്പോലെ പാദവാര്‍ഷിക പരീക്ഷ സമാഗതമായി. നിര്‍ഭാഗ്യവശാല്‍ എട്ടാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ 'പഠിപ്പിസ്റ്റുകള്‍' ഉണ്ടായിരുന്ന ഡിവിഷനിലായിരുന്നു ഞാന്‍. പാദവാര്‍ഷിക പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ആരു വാങ്ങും എന്ന ആരോഗ്യപരമായ ഒരു മത്സരം ക്ലാസിലെ 'പുസ്തകപ്പുഴുക്കള്‍' തമ്മില്‍ ഉണ്ടായിരുന്നു. ഞാനും ഒരു കൊച്ചു പഠിപ്പിസ്റ്റ് ആയിരുന്നുവെങ്കിലും പുതിയ സ്‌കൂളിനോടുള്ള അനിഷ്ടം കാരണം 'എല്ലാം വരുന്നിടത്തു വച്ച് കാണാം' എന്നൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍.

    അങ്ങനെ പാദവാര്‍ഷിക പരീക്ഷ കഴിഞ്ഞു. ഓണപ്പൂട്ടു കഴിഞ്ഞ് സ്‌കൂള്‍ തുറന്നു. ഉത്തരപ്പേപ്പറുകള്‍ ഓരോന്നായി കിട്ടിത്തുടങ്ങി. പലര്‍ക്കും സ്വന്തം മാര്‍ക്കറിയുന്നതിനേക്കാള്‍ ആകാംക്ഷ അന്യരുടെ മാര്‍ക്ക് അറിയുന്നതിലായിരുന്നു. ആരായിരിക്കും ക്ലാസ് ഫസ്റ്റ് എന്നറിയുന്നതിനുള്ള കൂട്ടലും കിഴിക്കലുമെല്ലാം അതിനോടകം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഒരു ദിവസം രാവിലെ വന്നപ്പോള്‍ ആണ്‍കുട്ടികളിലെ ഒരു പ്രധാനിയായ പഠിപ്പിസ്റ്റിന്റെ അദ്ധ്യക്ഷതയില്‍ മറ്റു പഠിപ്പിസ്റ്റുകള്‍ യോഗം ചേര്‍ന്നിരിക്കുന്നതു കണ്ടു. എന്തോ കാര്യമായ ചര്‍ച്ച നടക്കുകയാണ്. അവരുടെയെല്ലാം മുഖത്ത് ഭയം, നടുക്കം, ആശ്ചര്യം, ദേഷ്യം തുടങ്ങിയ വികാരങ്ങള്‍ മിന്നിമായുന്നത് കാണാമായിരുന്നു. യോഗം പിരിഞ്ഞപ്പോള്‍ 'യോഗാധ്യക്ഷന്റെ' അരികില്‍ ചെന്ന് ഞാന്‍ കാര്യം തിരക്കി.

      'എന്താ സംഭവം...?'

     'ദാപ്പൊ നന്നായേ...അപ്പൊ നീയൊന്നും അറിഞ്ഞില്ലേ...?'

     താടിയില്‍ കൈവച്ചു കൊണ്ടുള്ള അവന്റെ മറുചോദ്യം കേട്ട് ഞാന്‍ അന്തം വിട്ടു നിന്നു.

     'എന്താ സംഭവം...?'

     "ആയിഷയാണത്രേ 'ക്ലാസ് ഫസ്റ്റ് '. ആ പെണ്ണിനാവും ഫസ്‌റ്റെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും   വിചാരിച്ചിട്ടില്ല."

       ഇതും പറഞ്ഞ് ദീര്‍ഘമായൊന്നു നിശ്വസിച്ച് അവന്‍ നടന്നു നീങ്ങി.
 
    'ഇത്ര ചെറിയൊരു കാര്യത്തിനാണോ അവര്‍ യോഗം ചേര്‍ന്നത്...? ഇതിനാണോ ഇത്രയധികം     വികാരങ്ങള്‍ മുഖത്ത് വാരി വിതറിയത് ...?' എനിക്ക് അവരോട് പരമപുച്ഛം തോന്നി.

   'അല്ല, ആരാണീ ആയിഷ....?' അപ്പോഴാണ് ആ ചോദ്യം എന്റെ മനസ്സില്‍ ഉടലെടുത്തത്.  അങ്ങനെയൊരു കുട്ടിയെ ആ നിമിഷം വരെ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ആയിഷ ആരാണെന്നറിയാന്‍ ഞാന്‍ വീണ്ടും 'യോഗാധ്യക്ഷനെ' സമീപിച്ചു. അവന്‍ ആയിഷയെ കാണിച്ചു തന്നു. ആയിഷ കറുത്തിട്ടായിരുന്നു. എങ്കിലും സുന്ദരിയായിരുന്നു. ദു:ഖം കലര്‍ന്ന ഒരു പുഞ്ചിരി സദാ അവളുടെ ചുണ്ടുകളില്‍ വിരിഞ്ഞു നിന്നിരുന്നു. അങ്ങനെ ഒരൊറ്റ ദിവസം കൊണ്ട് ആയിഷ ക്ലാസിലെ താരമായി. അവള്‍  അദ്ധ്യാപകര്‍ക്ക്  പ്രിയങ്കരിയും, പഠിപ്പിസ്റ്റുകളുടെ അസൂയാപാത്രവും ആയി മാറി. പക്ഷേ യാതൊന്നും സംഭവിക്കാത്ത മട്ടിലായിരുന്നു എല്ലാവരോടുമുള്ള അവളുടെ പെരുമാറ്റം.

    വെള്ളിയാഴ്ചകളിലെ അവസാനത്തെ  പീരിയഡ്  'കലാ സാഹിത്യവേദിക്ക്' അനുവദിച്ചിട്ടുള്ളതായിരുന്നു. പാട്ടും, ഡാന്‍സും,മിമിക്രിയും, മോണോ ആക്ടും മാത്രമല്ല എന്ത് തോന്ന്യാസവും കാണിക്കാം.  അനീഷിന്റെ മിമിക്രി കഴിഞ്ഞ് ചിരിച്ച് രസിച്ചിരിക്കുമ്പോഴാണ്  അപ്രതീക്ഷിതമായി ആയിഷ എഴുന്നേറ്റ്  മുന്നിലേക്ക് വന്നത്. പാതി താഴ്ത്തിപ്പിടിച്ച മുഖവുമായി അവള്‍ പാടിത്തുടങ്ങി. മാപ്പിളപ്പാട്ടിലെ ഒരിനമായ 'കത്ത് പാട്ടാണ് ' അവള്‍ അവതരിപ്പിച്ചത്. വരികള്‍ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കിലും മക്കള്‍ ഗള്‍ഫില്‍ നിന്നുംതിരിച്ചു വരുന്ന ബാപ്പയെ കാത്തിരിക്കുന്നതും, ബാപ്പയ്ക്ക് പകരം ബാപ്പയുടെ മയ്യത്ത് വരുന്നതുമാണ് പാട്ടിന്റെ ഇതിവൃത്തം. ആയിഷ പാടിത്തുടങ്ങിയപ്പോള്‍ തന്നെ അത് വരെ ആര്‍തലച്ചിരുന്ന സദസ്സ്  മൂകമായി. പിന്നീടത് ശോകാര്‍ദ്രമായി. പാട്ടവസാനിച്ചതും ആയിഷ പൊട്ടിക്കരഞ്ഞുകൊണ്ട് സ്വന്തം ഇരിപ്പിടം ലക്ഷ്യമാക്കി ഓടിയതും ഒരുമിച്ചായിരുന്നു. പീരിയഡ് കഴിയാന്‍ സമയം ബാക്കിയുണ്ടായിരുന്നുവെങ്കിലും പിന്നീട് ആരും ഒന്നും അവതരിപ്പിച്ചില്ല. ചിലര്‍ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. മറ്റു ചിലര്‍ ആരും കാണാതെ കണ്ണീരൊപ്പുന്നുണ്ടായിരുന്നു.

   ദിവസങ്ങള്‍ കടന്നു പോയി. ക്ലാസുകളും കലോത്സവങ്ങളുമെല്ലാം മുറയ്ക്കു നടന്നു. ക്രിസ്തുമസ്സിനൊപ്പം വരുന്ന അര്‍ദ്ധവാര്‍ഷിക പരീക്ഷയെ വരവേല്‍ക്കേണ്ട കൂടിയാലോചനയിലായിരുന്നു പഠിപ്പിസ്റ്റുകള്‍. അപ്പോഴാണ് കുറച്ച് നാളുകളായുള്ള  ആയിഷയുടെ ക്ലാസിലെ അസാന്നിദ്ധ്യം എന്റെ ശ്രദ്ധയില്‍ പെട്ടത്.

       'മ്മടെ താത്തക്കുട്ടീനെ കുറച്ചു നാളായി കാണാറില്ലല്ലോ'

      അടുത്തിരുന്നിരുന്ന മന്‍സൂറിനോട്  ഞാന്‍ കാര്യം തിരക്കി.

      'ഓളിനി വരൂല'

      'എന്തെ...?'

      'ഓള്‌ടെ നിക്കാഹ് കയിഞ്ഞു'

      'നുണ പറയണ്ട'

    'നുണയൊന്ന്വല്ല. ഓള്  ഓള്‌ടെ എളാപ്പാന്റെ പെരേല്  നിന്നിട്ടാ പഠിക്ക്ണ് . ഓള്‍ക്ക്  ഉമ്മേം ബാപ്പേം ഒന്നൂല്ലാ...'

        പിന്നീട് ഞാനവനോടൊന്നും ചോദിച്ചില്ല. അവളുടെ ചുണ്ടുകളില്‍ സദാ തങ്ങി നിന്നിരുന്ന വിഷാദം നിറഞ്ഞ പുഞ്ചിരിയുടെ അര്‍ത്ഥം അപ്പോഴാണെനിക്ക് മനസ്സിലായത്. ക്ലാസിലെ ബഹളത്തിനിടയിലും അവള്‍ അന്നു പാടിയ കത്തുപാട്ടിന്റെ  വരികള്‍ എന്റെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു. 

61 comments:

  1. ആയിഷ ഒരു നോമ്പരമായല്ലോ...

    ReplyDelete
    Replies
    1. തീര്‍ച്ചയായും...ഒരു തീരാനൊമ്പരം... :(

      Delete
  2. സ്കൂള്‍ ഓര്‍മ്മകള്‍ കണ്ടാല്‍ ,ആ ക്കാലം മ്മളും ഓര്‍ത്തുപോകും .തീരണ്ടായിരുന്നുന്ന് തോന്നും.

    ReplyDelete
    Replies
    1. അതെ..."ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍....."

      Delete
  3. ആയിഷയെ പോലെ എത്രയോ പേര്‍.,.. എന്റെ ക്ലാസിലും ഉണ്ടായിരുന്നു, കത്തുപാട്ട് പാടാത്ത രണ്ടു ആയിഷമാര്‍...,..

    ReplyDelete
  4. ജീവിതത്തെക്കുറിച്ച് ആ കുട്ടി എന്തെല്ലാം സ്വപ്നങ്ങളായിരിക്കും കണ്ടിരുന്നത്.പഠനം,നല്ലൊരു ജോലി,നല്ലൊരു ഭാവി...അതോ,കണ്ടില്ല എന്നു തന്നെ വരുമോ? തന്റെ സ്വപ്നങ്ങൾക്കും മേലേ പടർന്നിരിക്കുന്ന വിധിയുടെ അനിവാര്യമായ നിഴൽ അവളെ അത്തരം സ്വപ്നങ്ങളിൽ നിന്നു പോലും പിന്തിരിപ്പിച്ചു കാണുമായിരിക്കും! ഇങ്ങനെയുള്ളവർക്കു പറഞ്ഞിട്ടുള്ള അലങ്കാരമാണല്ലോ വിഷാദം നിറഞ്ഞ പുഞ്ചിരി.! സർവ്വശ്ക്തനായ ദൈവം അവരുടെയെല്ലാം ജീവിതത്തിൽ തെളിഞ്ഞ പുഞ്ചിരികൾ വിടർത്തട്ടെ.


    ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പായിരുന്നു.



    ശുഭാശംസകൾ....

    ReplyDelete
    Replies
    1. തന്റെ സ്വപ്നങ്ങള്‍ക്ക്‌ അല്‍പ്പായുസ്സേ ഉള്ളൂ എന്നറിഞ്ഞിട്ടും അവള്‍ ഒരുപാട് സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയിട്ടുണ്ടാവും... താങ്കള്‍ പറഞ്ഞത് പോലെ സര്‍വ്വശക്തനായ ദൈവം അവരുടെയെല്ലാം ജീവിതത്തില്‍ തെളിഞ്ഞ പുഞ്ചിരികള്‍ വിടര്‍ത്തട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം...
      വളരെയധികം നന്ദി ഈ വിലയേറിയ അഭിപ്രായത്തിന്... :)

      Delete
  5. ഒരു ചെറു നൊമ്പരം ഉണര്‍ത്തുന്ന കഥ.

    ReplyDelete
    Replies
    1. അഭിപ്രായത്തിനു നന്ദി...

      Delete
  6. ഇതിലേക്കാണ് പോകുന്നത് എന്ന് തോന്നീല്ല! നല്ലൊരു കഥ(അനുഭവം). ഇനിയും എഴുതാന്‍ ആശംസകള്‍ sangeeth

    ReplyDelete
    Replies
    1. വളരെയധികം നന്ദി :)

      Delete
  7. ടച്ചിങ്ങ്!

    ആയിഷമാരുടെ ഇങ്ങനെയുള്ള നൊമ്പരങ്ങള്‍ ആരറിയാന്‍! ഇനിയെന്നാണ് ഇതിനൊക്കെ ഒരു മാറ്റമുണ്ടാകുക?

    ReplyDelete
    Replies
    1. മാറ്റങ്ങള്‍ സംഭവിക്കട്ടെ എന്നാഗ്രഹിക്കാം....പ്രാര്‍ത്ഥിക്കാം...

      Delete
  8. അതെ...ഇത്തരത്തിൽ ഒരുപാട് ആയിഷമാർ ...

    നന്നായി എഴുതി സംഗീത് ...

    ഈ ബ്ലോഗിലുള്ള എല്ലാ കഥകളും ഇഷ്ടമായി ..

    ReplyDelete
    Replies
    1. രചനകളെല്ലാം ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം :)

      Delete
  9. nalla ormmakal ...
    aayisha ippol vallya kuttikaLUte amma aayikaanum alle?
    oru pakshe jeevitham 40 kadakkum munpu ammoommayum

    ReplyDelete
    Replies
    1. ആയിട്ടുണ്ടാവും...ഇപ്പോള്‍ കണ്ടാല്‍ പോലും തിരിച്ചറിയുമോ എന്നറിയില്ല...

      Delete
  10. ശരിയാണ്.....
    ഇത്തരത്തിൽ ചില ആയിഷമാരെ എനിക്കറിയാം... പഠിപ്പിലും മറ്റുമേഖലകളിലും നല്ല കഴിവുണ്ടായിട്ടും, കുഞ്ഞുപ്രായത്തിൽത്തന്നെ മുരടിച്ചുപോവുന്നവർ .....

    ReplyDelete
    Replies
    1. ശരിയാണ് .....ആയിഷമാര്‍ ഒരുപാടുണ്ട്....ഉണ്ടായിക്കൊണ്ടേയിരിക്കും...

      Delete
  11. ആയിഷയുടെ വിഷാദം നിറഞ്ഞ ആ പുഞ്ചിരി വരയിലൂടേയും
    വരിയിലൂടേയും വരച്ചിട്ടിരിക്കുകയാണല്ലോ ഇവിടെ അല്ലെ ഭായ്

    ReplyDelete
    Replies
    1. വരി മാത്രമേ എന്റേതായുള്ളൂ....വര എന്റേതല്ല.... :)

      Delete
  12. മുസ്ലീം സമുദായത്തില്‍ വളരെവേഗം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കയാണ്. ആയിഷമാര്‍ ഇനി ഉണ്ടാവില്ല എന്നു കരുതാം.

    ReplyDelete
    Replies
    1. എന്റെ ആ ക്ലാസ്മേറ്റ് ഒരു മുസ്ലീം പെണ്‍കുട്ടിയായിരുന്നു എന്നേ ഉള്ളൂ...അല്ലാതെ ഞാന്‍ മുസ്ലീം സമുദായത്തെ ഉദ്ദേശിച്ചല്ല ഇത് എഴുതിയത്...അടുത്ത കാലത്തുണ്ടായ വിവാദങ്ങളുമായൊന്നും ഇതിനെ ചേര്‍ത്തു വായിക്കല്ലേ... :) പിന്നെ ഇതുപോലുള്ള വിവാഹങ്ങള്‍ മുസ്ലീം എന്നോ ഹിന്ദുവെന്നോ ഭേദമില്ലാതെ എല്ലാ ജാതികളിലും മതങ്ങളിലും നടക്കുന്നുണ്ട് എന്നാണു എന്റെ വിശ്വാസം...

      Delete
  13. ഡിയര്‍ സംഗീത് ..താങ്കള്‍ ബ്ലോഗ്‌ രംഗത്ത് ഒന്നരവര്‍ഷമായി ഉള്ള ആളാണെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഞാന്‍ അങ്ങിനെ എഴുതിയത് - മറ്റു കാര്യങ്ങള്‍ താങ്കള്‍ വിശദമാക്കിയപ്പോള്‍ മനസ്സിലായി , സന്തോഷം-താങ്കള്‍ കാര്യങ്ങള്‍ മനസ്സിലാക്കും എന്നുകരുതുന്നു - താങ്കളുടെ രചനകളും പറയുന്ന ശൈലിയും എനിക്കിഷ്ടമായി അതുകൊണ്ടാണ് അഭിപ്രായം കുറിച്ചത് -അത് മോറെഷന്‍ മോഡില്‍ പോയപ്പോള്‍ വിഷമം തോന്നി , ഞാന്‍ എന്തിനെക്കുറിച്ചും തുറന്ന അഭിപ്രായം പറയുന്നവനാണ് - അങ്ങിനെ പറഞ്ഞ അഭിപ്രായങ്ങള്‍ പലതും മോറെഷന്‍ ഉള്ള ബ്ലോഗില്‍ പലപ്പോഴും കാണാറില്ല അതുകൊണ്ടാണ് അങ്ങിനെ ഒരഭിപ്രായം കുറിച്ചത് - പിന്നെ ഞാന്‍ പ്രസിദ്ധീക്കരിക്കണ്ട എന്നുദ്ദേശിച്ചത് മോറെഷനെക്കുറിച്ച് എഴുതിയ കമ്മന്റിന്റെ കാര്യമാണ് - കഥ എനിക്കിഷ്ടമായി - കഥ എഴുതുമ്പോള്‍ മനസ്സിലുള്ളത് തുറന്നെഴുതുക -വിവാദങ്ങളും മറ്റും അതിന്റെ വഴിക്ക് പോകും - അതേക്കുറിച്ചൊന്നും എഴുത്തുകാര്‍ ഭയക്കേണ്ട കാര്യമില്ല - വീണ്ടും കാണാം എല്ലാവിധ ആശംസകളും നേരുന്നു

    ReplyDelete
    Replies
    1. അഭിപ്രായം, അത് നല്ലതായാലും ചീത്തയായാലും തുറന്നു പറയുന്നതില്‍ വളരെയധികം സന്തോഷമേയുള്ളൂ... നല്ല അഭിപ്രായങ്ങള്‍ ഇനിയും എഴുതാനുള്ള കരുത്തു നല്കും...മോശം അഭിപ്രായങ്ങള്‍ തെറ്റു തിരുത്താനുള്ള അവസരവും...
      പിന്നെ ഞാന്‍ പറഞ്ഞല്ലോ കമന്റ് മോഡറേഷന്‍ വേഡ്പ്രസ്സില്‍(sangeethwrites.wordpress.com) നിന്നും ബ്ലോഗ്ഗറില്‍ എത്തിയതുകൊണ്ടുണ്ടായ അബദ്ധമാണ്. ഈ ബ്ലോഗ്‌ ഫോളോ ചെയ്തതിനും അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതിനും വളരെയധികം നന്ദി... ഇനിയും വരുമല്ലോ... :)

      Delete
  14. വായിച്ചു ...എല്ലാവരുടെയും ജീവിതത്തിൽ ഇതുപോലെ ഓരോ ആയിഷമാർ ഉണ്ടാവും .. ജീവിത യാത്രക്കിടയിൽ എന്നെങ്കിലും ഒരിക്കൽ അപ്രതീക്ഷിതമായി കണ്ടുമുട്ടുമ്പോൾ ഉള്ള ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ...
    വീണ്ടും വരാം ...
    സ്നേഹപൂർവ്വം....

    ReplyDelete
    Replies
    1. വളരെയധികം നന്ദി:) വീണ്ടും വരിക :)

      Delete
  15. This comment has been removed by the author.

    ReplyDelete
  16. Touching Article :) I don't know when will this mentality change. Girls too have dreams. Its the age for education and not marriage! When will our Society Understand all these facts! I still can't believe that this happens even today!

    ReplyDelete
  17. പത്തിലെത്തുംപോഴേക്കും നിക്കാഹും കുട്ടികളും തലാക്കും.ചിലര്‍ക്കിതര്‍ക്കൊരു അവകാശമാണ്.ഇടയില്‍ ഞെരിക്കപ്പെടുന്ന സ്വപ്‌നങ്ങള്‍

    ReplyDelete
    Replies
    1. ആ സ്വപ്നങ്ങളെ കുറിച്ച് ആരോര്‍മ്മിക്കാന്‍... ?!
      വളരെയധികം നന്ദി ഈ അഭിപ്രായത്തിന്...വീണ്ടും വരിക... :-)

      Delete
  18. ‘പാട്ടു പാടാം, ഡാൻസു ചെയ്യാം, മിമിക്രിയോ,മോണോ ആക്ടോ.... അങ്ങനെ എന്തു തോന്ന്യാസവും കാണിക്കാം.‘
    ഇത്തരം കലകളൊക്കെ ‘തോന്ന്യാസങ്ങളാണൊ മാഷേ...?

    ഇത്തരം ഐഷമാർ ധാരാളം നമ്മുടെ നാട്ടിൽ ഉണ്ട്. താമസിയാതെ തന്നെ അവർ വിധവകളായി{?] മാറ്റപ്പെടുന്നു. രക്ഷിതാക്കൾ മാത്രമാണ് ഉത്തരവാദികൾ എങ്കിലും, അതിനവരെ നിർബ്ബന്ധിക്കുന്നത് നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയും.
    ആശംസകൾ...

    ReplyDelete
    Replies
    1. സത്യത്തില്‍ പാട്ടും, ഡാന്‍സും,മിമിക്രിയും, മോണോ ആക്ടും ഒന്നും തോന്ന്യാസമാണെന്നു ഞാന്‍ എഴുതുമ്പോള്‍ ഉദ്ദേശിച്ചില്ല...'അങ്ങനെ' എന്നൊരു വാക്ക് അവിടെ കടന്നു വന്നതു കൊണ്ടുണ്ടായ അബദ്ധമാണ്... തിരുത്തിയിട്ടുണ്ട്... :)
      വീണ്ടും വരിക :)

      Delete
  19. ആയിഷ എന്ന ആ പഴയ ക്ലാസ്മേറ്റിനെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകൾ നന്നായി അവതരിപ്പിച്ചു. ആശംസകൾ.

    ReplyDelete
  20. ഈ ദുര്‍ഗതിയില്‍ നിന്നും എന്നാണ് ,ആരാണ് ഈ ആയിഷമാരെ രക്ഷിക്കുക ?
    സംഗീത്

    ReplyDelete
    Replies
    1. 'ആയിഷമാര്‍' ഉണ്ടായിക്കൊണ്ടേയിരിക്കും... അവരുടെ പേരുകളില്‍ മാത്രം മാറ്റം ഉണ്ടാവും :-(

      Delete
  21. Sho enthu kashtam.. :-( My heart goes out to that girl.. Aa kuttiyude yogam..athu kashtamanu.

    ReplyDelete
  22. ആയിഷ ഇപ്പോള്‍ ജീവിതഗാനം പാടുന്നുണ്ടായിരിയ്ക്കാം; എവിടെയെങ്കിലും!

    ReplyDelete
    Replies
    1. അതെ അജിത്തേട്ടാ...

      Delete
  23. ഉള്ളില്‍ ഒരു നൊമ്പരം ഉണര്‍ത്തുന്ന കഥ :( ഇനിയും ഇത്തരം ദുരവസ്ഥകള്‍ ആര്‍ക്കും വരാതിരിക്കട്ടെ!

    ReplyDelete
    Replies
    1. അങ്ങനെ ആഗ്രഹിക്കാം...

      Delete
  24. ഉം ആയിഷാ ഞാനവള്‍ക്ക് ഒരു പാട് പേരുകള്‍ നല്‍കി ...........

    ReplyDelete
  25. ആയിഷക്കുട്ടിയുടെ കണ്ണുനീരൊപ്പാന്‍ ആ കല്യാണം ഒരു കാരണമായെങ്കില്‍ അത് നല്ലത് തന്നെ. പക്ഷെ എലാപ്പയാനല്ലോ ഉപ്പയല്ലല്ലോ കല്യാണം കഴിപ്പിച്ചു "ഭാരമിറക്കി"യത്..അപ്പോള്‍ എന്തായിരിക്കും ആ കുട്ടിയുടെ ഭാവി..അള്ളാക്ക് അറിയാം. ഇങ്ങനെ എത്ര കുട്ടികള്‍............?

    ReplyDelete
    Replies
    1. അതൊരു ഭാരമിറക്കലായിരുന്നോ അതോ കടമ നിര്‍വ്വഹിക്കലായിരുന്നോ എന്നറിയില്ല...ഇങ്ങനെ ഒരുപാട് പേരുണ്ടാവും...പലയിടങ്ങളില്‍...പല പേരുകളില്‍...

      Delete
  26. ഒറ്റപ്പെടലുകള്‍ അല്ലെങ്കില്‍ ഏകാന്തതയെ കൂട്ടുപിടിക്കല്‍ കൂടുതല്‍ നിരാശയിലേക്ക് നയിക്കും. സ്കൂള്‍ ഓര്‍മ്മകള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്.

    ReplyDelete
    Replies
    1. രണ്ടും വളരെ സത്യമാണ്...ഏകാന്തതയെക്കുറിച്ച് പറഞ്ഞതും സ്കൂള്‍ ഓര്‍മ്മകളെക്കുറിച്ച് പറഞ്ഞതും...

      Delete
  27. സ്കൂളോർമ്മകളിൽ പലതിലും ഇത്തരം നൊമ്പരങ്ങളും കൂട്ടിനുണ്ടാകും. ആശംസകൾ.

    ReplyDelete
    Replies
    1. വളരെയധികം നന്ദി :)

      Delete
  28. കഷ്ടം തന്നെ.. എന്നാണ് ഇത്തരം ദുരവസ്ഥകളിൽ നിന്ന് നമ്മുടെ നാട് മോചനം നേടുക ?

    ReplyDelete
    Replies
    1. ഇത്തരം സംഭവങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നത് മാത്രമേയുള്ളൂ... :-(

      Delete
  29. ഇതെന്റെ സറീനയെപ്പോലെയായിപ്പോയല്ലോ സംഗീത് ...:(

    ReplyDelete
  30. മനസ്സില്‍ തട്ടുന്ന ഒരു കഥ .................
    ഇനിയും എഴുതുക എല്ലാ വിധ ഭാവുകങ്ങളും നേരുന്നു .....

    ReplyDelete
    Replies
    1. ഇത് അനുഭവമാണ്...നന്ദി...

      Delete
  31. engane orupadu kutykal namude nattilund avarude pratheekamanu e aisha

    ReplyDelete