Friday, December 06, 2013

സംസ്കൃതവും സുഭാഷിതവും

            സ്കൂളില്‍ വച്ച് പഠിച്ച സംസ്കൃത പാഠങ്ങളില്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നത്  സുഭാഷിതങ്ങളാണ്. ഒരു പക്ഷേ അത് സുഭാഷിതങ്ങളുടെ പ്രത്യേകത കൊണ്ടാവാം, അല്ലെങ്കില്‍ സുഭാഷിതങ്ങളോട് എനിക്കുണ്ടായിരുന്ന ഇഷ്ടം കൊണ്ടുമാവാം.

സുഭാഷിതം അഥവാ നല്ല വാക്ക്:
       നല്ല വാക്ക്, നല്ലവണ്ണം പറയപ്പെട്ടത് എന്നൊക്കെയാണ് സുഭാഷിതം (സു=നല്ലത്, ഭാഷിതം=പറയപ്പെട്ടത്) എന്ന വാക്കിനര്‍ത്ഥം. ചിന്തോദ്ദീപകവും അര്‍ത്ഥവത്തുമായ ലഘു ശ്ലോകങ്ങളെയാണ്  സംസ്കൃത ഭാഷയില്‍ സുഭാഷിതം എന്നു വിളിക്കുന്നത്. ഇവ ഉപദേശമോ,
ആക്ഷേപഹാസ്യമോ, നര്‍മ്മരസപ്രധാനമായ വരികളോ ആവാം....സുഭാഷിതങ്ങള്‍ ഒരാളുടെ വ്യക്തിത്വരൂപീകരണത്തിലും സ്വഭാവനിര്‍ണയത്തിലും വഹിക്കുന്ന പങ്ക് ചില്ലറയല്ല. ദൈനംദിന ജീവിതത്തില്‍ നാം നേരിടേണ്ടി വരുന്ന ഓരോ അവസ്ഥകളിലും എപ്രകാരം പെരുമാറണമെന്നും എന്തു തീരുമാനം കൈക്കൊള്ളണമെന്നും സുഭാഷിതങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. സംസ്കൃത ഭാഷയില്‍ സുഭാഷിതങ്ങള്‍ അലങ്കരിക്കുന്ന സ്ഥാനം മനസ്സിലാക്കാന്‍ ഈയൊരു ശ്ലോകം മാത്രം മതിയാവും;

" ഭാഷാസു മുഖ്യാ മധുരാ ദിവ്യാ ഗീര്‍വ്വാണഭാരതി
തത്രാപി കാവ്യം മധുരം തസ്മാദപി സുഭാഷിതം "
            (സാരം: ഭാഷകളില്‍ വച്ച് ഏറ്റവും പ്രധാനവും, മധുരതരവും, ദൈവീകവുമായ ഭാഷയാണ്‌ ഗീര്‍വ്വാണഭാരതി (സംസ്കൃത ഭാഷ ). അതില്‍ ഏറ്റവും മധുരമായത് കാവ്യമാണ്. കാവ്യത്തിലാണെങ്കില്‍ സുഭാഷിതവും.)

സുഭാഷിതരചന:
              സുഭാഷിതങ്ങള്‍ കേവലം ഒരു വ്യക്തിയാല്‍ മാത്രം രചിക്കപ്പെട്ടവയല്ല. അവ പലപ്പോഴായി പല പണ്ഡിതന്മാര്‍ രചിച്ചവയാണ്. മഹാകവി കാളിദാസന്‍, ചാണക്യന്‍, ഭവഭൂതി, ഭര്‍തൃഹരി തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. മഹാഭാരതം, രാമായണം, ഭാഗവതം, ഭഗവദ്ഗീത തുടങ്ങിയ ഗ്രന്ഥങ്ങളിലും സുഭാഷിതങ്ങളുടെ സാന്നിധ്യമുണ്ട്. അതുപോലെ പഞ്ചതന്ത്രം കഥകള്‍, ഹിതോപതേശ കഥകള്‍ തുടങ്ങിയ ഗ്രന്ഥങ്ങളിലെ പല കഥാസന്ദര്‍ഭങ്ങളും ഉദാഹരണരൂപേണ പല സുഭാഷിതങ്ങളിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. പില്‍ക്കാലത്ത്  ചില സംസ്കൃത പണ്ഡിതന്‍മാര്‍  ഇത്തരത്തിലുള്ള സുഭാഷിതങ്ങള്‍ ശേഖരിച്ച് പുസ്തകരൂപത്തിലാക്കുകയുണ്ടായി. സുഭാഷിത രത്നാവലി, സുഭാഷിത മഞ്ജരി, സൂക്തി മുക്താവലി തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇങ്ങനെ പിറവിയെടുത്തവയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രചിക്കപ്പെട്ടതായതിനാല്‍ പല സുഭാഷിതങ്ങളുടേയും രചയിതാക്കളുടെ പേര് ലഭ്യമല്ല.

              വിനയം, ഐക്യം, ഭയം, സുഖം, ദു:ഖം, വിദ്യ, ധനം, ദാനം, പരോപകാരം, ഭയം, ആരോഗ്യം എന്നിങ്ങനെ എത്രയോ വിഷയങ്ങളെ അടിസ്ഥാനമാക്കി എണ്ണിയാലൊടുങ്ങാത്തത്ര സുഭാഷിതങ്ങള്‍ സംസ്കൃതഭാഷയില്‍ രചിക്കപ്പെട്ടിട്ടുണ്ട്. ഉള്ളടക്കം കണക്കിലെടുത്ത് അവയെ തരം തിരിക്കുക എന്നത് ദ്ദുഷ്കരമാണ്. എങ്കിലും അവയെ പ്രധാനമായും  ഉപദേശം, ആക്ഷേപഹാസ്യം, പ്രാര്‍ത്ഥന, നര്‍മ്മം, സമസ്യ എന്നീ വിഭാഗങ്ങളിലായി തരം തിരിക്കാം. ഇവയുടെയെല്ലാം ഓരോ ഉദാഹരങ്ങളും നോക്കാം.

ആക്ഷേപഹാസ്യം:
 ഉഷ്ട്രാണാം വിവാഹേഷു ഗീതം ഗായന്തി ഗര്‍ദഭാ: |
പരസ്പരം പ്രശംസന്തി അഹോ! രൂപം അഹോ! ധ്വനി ||
             (സാരം: ഒട്ടകങ്ങളുടെ കല്യാണത്തിന് കഴുതകള്‍ പാട്ടു പാടുന്നു. അവര്‍ പരസ്പരം ഇപ്രകാരം പ്രശംസിക്കുന്നു. ഓ! എത്ര മനോഹരമായ രൂപം. ഓ! എത്ര മധുരമായ സ്വരം.)

പ്രാര്‍ത്ഥന:
 വൈദ്യരാജ നമസ്തുഭ്യം യമരാജ സഹോദര |
യമ: തു ഹരതി പ്രാണാന്‍ വൈദ്യരാജ: ധനാനി ച ||
    (സാരം: യമരാജന്റെ സഹോദരനായ വൈദ്യരാജ, അങ്ങയെ വണങ്ങുന്നു. എന്തെന്നാല്‍ യമരാജന്‍ ജീവനാണ് അപഹരിക്കുന്നത്. വൈദ്യരാജനാകട്ടെ ജീവനോടൊപ്പം ധനവും അപഹരിക്കുന്നു.)

നര്‍മ്മം:
 അസാരേ ഖലു സംസാരേ സാരം ശ്വശുരമന്ദിരം |
ഹരോ ഹിമാലയെ ശേതേ ഹരി: ശേതേ മഹോധയോ ||
        (സാരം: ഈ ലോകത്ത് ഒരിടം മാത്രമാണ് ജീവിക്കാന്‍ നല്ലതായിട്ടുള്ളത്. അത് ഭാര്യാപിതാവിന്റെ വീടാണ്. അതുകൊണ്ടാണ് ശിവന്‍ ഹിമാലയത്തിലും വിഷ്ണു സമുദ്രത്തിലും താമസിക്കുന്നത്. )

ഉപദേശം:
ദാനം ഭോഗോ നാശസ്തിസ്രോ ഗതയോ ഭവന്തി വിത്തസ്യ |
യോ ന ദദാതി ന ഭുങ്ങ്തേ തസ്യ തൃതീയാ ഗതിര്‍ഭവതി ||
            (ദാനം, ഭോഗം, നാശം എന്നീ മൂന്നവസ്ഥകളാണ് ധനത്തിനുള്ളത്. ആരോണോ ധനം ദാനം ചെയ്യുകയോ അനുഭവിക്കാതിരിക്കുകയോ ചെയ്യുന്നത് അവന്റെ ധനത്തിന് മൂന്നാമത്തെ അവസ്ഥയാണ് (നാശം) ഉണ്ടാവുക.)

സമസ്യ:
കാ ഖാദതെ ഭൂമിഗതാന്‍ മനുഷ്യാന്‍ 
കം ഹന്തി സിംഹ: പ്രകടപ്രഭാവ |
കരോതി കിം വാ പരിപൂര്‍ണ്ണഗര്‍ഭാ
പിപീലികാ ദന്തിവരം പ്രസൂതേ ||
           (സാരം: ആരാണ് മരിച്ചയാളുടെ ശരീരം ഭക്ഷിയ്ക്കുന്നത്...? സിംഹം തന്റെ ശക്തി തെളിയിക്കാന്‍ ആരെയാണ് കൊല്ലുന്നത്...? പൂര്‍ണ്ണഗര്‍ഭിണിയായ ഒരു സ്ത്രീ എന്താണ് ചെയ്യുക...? ഉറുമ്പ് ആനയെ പ്രസവിക്കുന്നു!)
ഒറ്റ വായനയില്‍ ഈ ശ്ലോകത്തിന്റെ അര്‍ത്ഥം മനസ്സിലായെന്നു വരില്ല. പക്ഷേ ശ്രദ്ധിച്ചു വായിച്ചാല്‍ ആദ്യത്തെ മൂന്നു വരികളില്‍ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് അവസാനത്തെ വരിയില്‍ ചേര്‍ത്തിരിക്കുന്നത് എന്നു കാണാം.
ആരാണ് മരിച്ചയാളുടെ ശരീരം ഭക്ഷിയ്ക്കുന്നത്...?= ഉറുമ്പ്
സിംഹം തന്റെ ശക്തി തെളിയിക്കാന്‍ ആരെയാണ് കൊല്ലുന്നത്...? = ആനയെ
പൂര്‍ണ്ണഗര്‍ഭിണിയായ ഒരു സ്ത്രീ എന്താണ് ചെയ്യുക...? =  പ്രസവിക്കുന്നു

സുഭാഷിതങ്ങളുടെ തര്‍ജ്ജമ:
              സുഭാഷിതങ്ങളില്‍ പലതും മലയാളമടക്കമുള്ള പല ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്തിട്ടുണ്ട്. സുഭാഷിതത്തിന്റെ കാവ്യഭംഗിയിലോ, വൃത്തത്തിലോ, ആശയത്തിലോ മാറ്റമില്ലാതെയാണ് ഇവയുടെ തര്‍ജ്ജമ നടക്കേണ്ടത്.

ഉദാഹരണം 1:
 പ്രിഥിവ്യാം ത്രീണി രത്നാനി ജലമന്നം സുഭാഷിതം |
മൂഢൈ: പാഷാണഖണ്ഡേഷു രത്ന സംജ്ഞാ വിധീയതെ ||

മലയാളം തര്‍ജ്ജമ:
 പാരില്‍  മൂന്നുണ്ടു രത്നങ്ങള്‍ പാഥസ്സന്നം സുഭാഷിതം ;
പൊട്ടക്കല്ലിന്നു നല്‍കുന്നു ഭോഷന്‍ താന്‍ രത്നമെന്നുപേര്‍ :


ഉദാഹരണം  2:
അന്നദാനം പരം ദാനം വിദ്യാദാനമത: പരം |
അന്നേന ക്ഷണികാ തൃപ്തി: യാവജ്ജീവം ച വിദ്യയാ ||

 മലയാളം തര്‍ജ്ജമ:
അന്നമേകുന്നവന്‍ മോദമപ്പോള്‍ മാത്രമണഞ്ഞിടും ;
ആജീവനാന്തമാനന്ദമരുളും വിദ്യനല്‍കുവോന്‍
:

നിത്യജീവിതത്തില്‍ സുഭാഷിതങ്ങളുടെ പ്രാധാന്യം:
              നിത്യജീവിതത്തില്‍  സുഭാഷിതങ്ങള്‍ക്ക് വളരെ വലിയ സ്ഥാനമാണുള്ളത് എന്ന് ഈ ലേഖനത്തിന്റെ ആരംഭത്തില്‍ പറഞ്ഞുവല്ലോ. വിനയം, പരോപകാരം, ദയ തുടങ്ങിയ നല്ല ശീലങ്ങള്‍ സുഭാഷിതങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. അതോടൊപ്പം നര്‍മ്മം തുളുമ്പുന്ന സുഭാഷിതങ്ങള്‍ നമ്മെ രസിപ്പിക്കുകയും, സമസ്യകള്‍ നമ്മെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ സുഭാഷിതങ്ങളിലെ ആക്ഷേപഹാസ്യങ്ങള്‍ സമൂഹത്തിലെ പല തെറ്റുകുറ്റങ്ങളേയും എതിര്‍ക്കുകയും ചെയ്യുന്നു. ചുരിക്കിപ്പറഞ്ഞാല്‍ സുഭാഷിതങ്ങള്‍ ഒരാളുടെ ജീവിതത്തിന്റെ നാനാ വശങ്ങളേയും സ്പര്‍ശിക്കുന്നു. അതുവഴി അവന് നന്മയുടെ മാര്‍ഗ്ഗം കാണിച്ചു കൊടുക്കുന്നു. ഏതാനും ചില ഉദാഹരണങ്ങള്‍ കൂടി കണ്ടു കഴിഞ്ഞാല്‍ അത് എത്രത്തോളം ശരിയാണെന്ന് മനസ്സിലാവുകയും ചെയ്യും. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട സുഭാഷിതങ്ങള്‍ താഴെ കൊടുക്കുന്നു.

വിദ്യ:
രൂപയൗവ്വനസമ്പന്നാ വിശുദ്ധ കുല സംഭവാ: |
വിദ്യാഹീനാ ന ശോഭന്തേ നിര്‍ഗന്ധാ ഇവ കിംശുകാ: ||
      (സാരം: സൗന്ദര്യം, യൗവ്വനം, കുടുംബമഹിമ ഇവയെല്ലാം ഉണ്ടെങ്കില്‍ക്കൂടി വിദ്യാഭ്യാസമില്ലാത്ത ഒരാള്‍ക്ക് സുഗന്ധമില്ലാത്ത പുഷ്പമെന്നവണ്ണം ജീവിതത്തില്‍ തിളങ്ങാന്‍ കഴിയുകയില്ല.)

ആരോഗ്യം:
വ്യായാമാത് ലഭതെ സ്വാസ്ഥ്യം ദീര്‍ഘായുഷ്യം ബലം സുഖം |
ആരോഗ്യം പരം ഭാഗ്യം സ്വാസ്ഥ്യം സര്‍വ്വാര്‍ഥസാധനം ||
            (സാരം: വ്യായാമം കൊണ്ട് ആരോഗ്യവും ദീര്‍ഘായുസ്സും സന്തോഷവും ലഭിയ്ക്കുന്നു. ആരോഗ്യം തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം, അത് തന്നെയാണ് സര്‍വ്വസ്വവും)

 പരോപകാരം:
പിബന്തി നദ്യ: സ്വയമേവ നാംഭ: സ്വയം ന ഖാദന്തി ഫലാനി വൃക്ഷാ: |
നാദന്തി സ്വയം ഖലു വാരിവാഹാ: പരോപകാരായ സതാം വിഭൂതയ: || 
                (സാരം: നദികള്‍ ഒരിക്കലും സ്വയം ജലം കുടിയ്ക്കുന്നില്ല. വൃക്ഷങ്ങള്‍ ഒരിക്കലും അവയിലെ ഫലങ്ങള്‍ സ്വയം ഭക്ഷിക്കുന്നില്ല. മേഘങ്ങള്‍ ഒരിക്കലും അവ നനച്ചു വളര്‍ത്തിയ ധാന്യ വിളകള്‍ സ്വയം ഭക്ഷിക്കുന്നില്ല. ഇപ്രകാരം സജ്ജനങ്ങളുടെ ധനം മറ്റുള്ളവരെ സഹായിക്കാന്‍ കൂടിയുള്ളതാണ്.)

ബുദ്ധി:
യസ്യ ബുദ്ധിര്‍ബലം തസ്യ നിര്‍ബുദ്ധേസ്തു കുതോ ബലം |
വനേ സിംഹോ മദോന്‍മത്ത: ശശകേന നിപാതിത: ||
      (സാരം:ആര്‍ക്കാണോ ബുദ്ധിയുള്ളത്, അവനാണ് ബലവാന്‍. ബുദ്ധിയില്ലാത്തവന് എവിടെയാണ് ബലം..?വനത്തില്‍ മദിച്ച് നടന്നിരുന്ന സിംഹം മുയലിനാല്‍ കൊല്ലപ്പെട്ടു. പഞ്ചതന്ത്രത്തിലെ കഥയെ അടിസ്ഥാനമാക്കിയാണ് ഈ സുഭാഷിതം രചിക്കപ്പെട്ടിരിക്കുന്നത്. സിംഹത്തിനെ ബുദ്ധിപൂര്‍വ്വം കിണറ്റില്‍ വീഴ്ത്തി കൊന്ന മുയലിന്റെ കഥ ഓര്‍ക്കുക)

മാതൃഭൂമി:
അപി സ്വര്‍ണമയീ ലങ്കാ ന മേ ലക്ഷ്മണ രോചതെ |
ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപിഗരീയസി ||
            (സാരം: അല്ലയോ ലക്ഷ്മണ, സുവര്‍ണലങ്ക എന്നെ ഒട്ടും തന്നെ മോഹിപ്പിക്കുന്നില്ല. മാതാവും മാതൃഭൂമിയും സ്വര്‍ഗത്തേക്കാള്‍ മഹത്തരമാണ്. യുദ്ധാനന്തരം അയോധ്യയിലേക്ക് മടങ്ങാനൊരുങ്ങുന്ന രാമന്‍ ലക്ഷ്മണനോട്‌ പറയുന്ന വാക്കുകളാണിവ.)

        ഇതുപോലെ പല വിഷയങ്ങളെക്കുറിച്ചായി പതിനായിരക്കണക്കിന് സുഭാഷിതങ്ങളാണ് സംസ്കൃത ഭാഷയില്‍ രചിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ സുഭാഷിതം എന്ന മഹാസാഗരത്തിലേക്കും അതുവഴി സംസംസ്കൃതത്തിലേക്കും എത്തിച്ചേരാനുള്ള ഒരു വഴിയൊരുക്കുക മാത്രമാണ് ഈ ലേഖനത്തിലൂടെ ഞാന്‍ ചെയ്തിരിക്കുന്നത്.

30 comments:

  1. Superb post... Expects more and more... Well done :-) keep posting :-)

    ReplyDelete
  2. ആക്ഷേപഹാസ്യവും, നർമ്മവും , പ്രാർത്ഥനയും ഏറെ ഇഷ്ടമായി....
    സമ്പന്നമായ സംസ്കൃതഭാഷയെക്കുറിച്ച് നാം കൂടുതൽ അറിയേണ്ടിയിരിക്കുന്നു

    ReplyDelete
    Replies
    1. വളരെ സന്തോഷം....സംസ്കൃതത്തെക്കുറിച്ച് എത്ര അറിഞ്ഞാലും പിന്നെയും അറിയാനേറെ ബാക്കിയുണ്ടാവും എന്നതാണ് സത്യം... :)

      Delete
  3. Replies
    1. വളരെ നന്ദി അജിത്തേട്ടാ... :)

      Delete
  4. കൊള്ളാം.നന്നായി പടിച്ചെഴുതിയിരിക്കുന്നു.ആശംസകള്‍

    ReplyDelete
    Replies
    1. വളരെയധികം നന്ദി... :)

      Delete
  5. വളരെ നല്ല രചന.
    സംസ്കൃതഭാഷ രത്നമൊളിപ്പിച്ച സാഗരം ആണെന്ന് വിവരമുള്ളവര്‍ പറയുന്നത് ശരിതന്നെ..
    മുങ്ങി തപ്പിയാല്‍ എത്ര മുത്തുകളാണ് കിട്ടുന്നത്.

    ReplyDelete
    Replies
    1. അത് സത്യം തന്നെയാണ്...ആരും അതിന് ശ്രമിക്കാറില്ല എന്നു മാത്രം...

      Delete
  6. സുഭാഷിതം എന്നു ആകാശവാണിയില്‍ കെട്ട പരിജയം മാത്രം..ഇപ്പോള്‍ ഇത്രയും അറിവ് നല്‍കിയതിനു നന്ദി.......

    ReplyDelete
    Replies
    1. ഈ ലേഖനം ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം... :)

      Delete
  7. കൊള്ളാം.വളരെ നന്നായി എഴുതിയിരിക്കുന്നു.ഞാനും സുഭാഷിതം എന്നു കേട്ടിട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ...ഇത്രയധികം കാര്യങ്ങള്‍ അതില്‍ ഉണ്ടാകുമെന്ന് കരുതിയില്ല.

    ReplyDelete
    Replies
    1. ഞാന്‍ ഒരു ആമുഖം മാത്രമേ എഴുതിയുള്ളൂ...എഴുതിയതിനേക്കാള്‍ എത്രയോ കൂടുതല്‍ എഴുതാന്‍ ബാക്കിയുണ്ട്...

      Delete
  8. സംഗീത് ..

    നല്ല അറിവ് പകരുന്ന സുഭാഷിതങ്ങളെ പരിചയപ്പെടുത്തിയതിന് നന്ദി ...നന്നായി എഴുതി... ആശംസകൾ ...

    ReplyDelete
    Replies
    1. വളരെ നന്ദി അശ്വതി... :)

      Delete
  9. Ente Sanskrit textbookunte peru Subhashitha ennayirunnu! :) Well worked post friend :)

    ReplyDelete
  10. ഗുണകരമായ വിവരണം
    ആശംസകള്‍

    ReplyDelete
    Replies
    1. വളരെയധികം നന്ദി... :)

      Delete
  11. ഭാഷയെ മതങ്ങളോട് ചേർത്ത് വായിക്കാൻ പഠിച്ചതാണ് നമ്മുടെ വിദ്യാഭ്യാസ രീതിയുടെ നമ്മുടെ ആദ്യ തെറ്റുകളിൽ ഒന്ന് ഭാഷയെ മതങ്ങൾ വീതം വച്ചെടുത്തു. അത് സ്വാതന്ത്ര്യാനന്തരം ആണ് കൂടുതൽ സംഭവിച്ചത് എന്ന് പറയേണ്ടി വരുന്നത് വിദ്യാഭ്യാസത്തിന്റെ കുഴപ്പം ആണോ എന്റെ കുഴപ്പം ആണോ എന്നും അറിയുന്നില്ല നമ്മുടെ മുതിര്ന്ന തലമുറയുടെയും ഇന്നത്തെ തലമുറയുടെയും ഭാഷ സാഹിത്യം മാത്രം പരിശോധിച്ചാൽ അത് വ്യക്തമാകും

    ReplyDelete
    Replies
    1. ശരിയാണ്...സ്കൂളിലെല്ലാം അത് ശരിക്കും പ്രകടവുമാണ്‌...ഇന്ന മതത്തില്‍പ്പെട്ടവര്‍ ഇന്ന ഭാഷ പഠിക്കുക എന്നതാണ് അവിടുത്തെ അലിഖിത നിയമം.

      Delete
  12. സുഭാഷിതങ്ങൾ കുട്ടിക്കാലം മുതലേ റേഡിയോയിൽ നിന്ന് കേട്ടിട്ടുണ്ടെങ്കിലും, വിശദാംശങ്ങൾ അറിയുന്നത് ഇപ്പോഴാണ്.

    ആക്ഷേപഹാസ്യമായി ചൂണ്ടി കാട്ടിയ സുഭാഷിതം ഏറെ ഇഷ്ടപ്പെട്ടു.

    പ്രാർത്ഥനനായി ഉദാഹരിച്ച സുഭാഷിതവും ആക്ഷേപഹാസ്യമല്ലേ ?

    ReplyDelete
    Replies
    1. ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം...
      അതില്‍ ആക്ഷേപഹാസ്യം ഒളിഞ്ഞു കിടപ്പുണ്ടെങ്കിലും പ്രാര്‍ത്ഥനയായാണ് ഉപയോഗിക്കുന്നത്...

      Delete
  13. sangeeth valare nannayittund... ee kaalath samskrithathil paandithyamullavar kuravaanu in this age.... its awesome.......reaaly superb

    ReplyDelete
  14. Do you have more subashiths on paropakaram

    ReplyDelete
  15. സംസ്‌കൃത ഭാഷയെ തിരികെ കൊണ്ടുവരേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്... ഞാൻ സംസ്‌കൃതം B. A ആണ്... പഠിക്കുന്ന കുട്ടികൾക്ക് വളരെ ഉപകാരപ്പെടും

    ReplyDelete
  16. Casino and Hotel - MapyRO
    Find your way around the casino, find where everything is 문경 출장샵 located 경상북도 출장마사지 with the map. The Casino 부산광역 출장샵 is located on a 15-acre lake, near the town of Argoon (Cupacao), 성남 출장샵 just a 과천 출장샵

    ReplyDelete
  17. നല്ല വിവരണം. ഇനിയും ധാരാളം എഴുതുക.

    ReplyDelete
  18. വളരെ നല്ല വിവരണം..
    കൂടുതൽ സുഭാഷിതങ്ങളെ ഞങ്ങൾക്ക് പരിചയപ്പെടുത്തൂ..

    ReplyDelete