Saturday, July 05, 2014

ബ്ലോഗെഴുത്തിന് ഒരു വയസ്സ്

           ജീവിതത്തിലെ പല വലിയ മാറ്റങ്ങള്‍ക്കും കാരണമാകാറുള്ളത് പലപ്പോഴും ചെറിയ ചില സംഭവങ്ങളായിരിക്കും. അത് ചിലപ്പോള്‍ നമ്മുടെ സ്വഭാവവും ജീവിതചര്യയുമെല്ലാം മാറ്റിയെന്നും  വരാം. എനിക്ക് പങ്കു വയ്ക്കാനുള്ളതും അത്തരത്തിലുള്ള ഒരു 'ചെറിയ വലിയ' മാറ്റത്തെക്കുറിച്ചാണ്‌.  കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് ഈ ബ്ലോഗ്‌ ആരംഭിച്ചത്. എന്റെയും ബ്ലോഗിന്റെയും  ജന്മദിനം ഒരേ ദിവസമായത് യാദൃശ്ചികമായാവാം. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി ബ്ലോഗെഴുത്ത് തുടങ്ങുമ്പോള്‍ പ്രത്യേകിച്ചൊരു ലക്ഷ്യമോ, പ്രതീക്ഷകളോ ഒന്നും ഉണ്ടായിരുന്നില്ല. ബ്ലോഗെഴുത്തിന്റെ കാലം കഴിഞ്ഞെന്നും, വലിയൊരു വിഭാഗം ബ്ലോഗര്‍മാര്‍ ഫേസ്ബുക്കിലേക്ക് ചെക്കേറിയെന്നുമുള്ള വാര്‍ത്തകള്‍ കേട്ടതുകൊണ്ടായിരിക്കണം ആദ്യമൊക്കെ ആഴ്ചകള്‍ കൂടുമ്പോള്‍ മാത്രമായിരുന്നു ബ്ലോഗിലേക്ക് എത്തി നോക്കിയിരുന്നത്. ഫേസ്ബുക്കിലെ ബ്ലോഗ്‌ കൂട്ടായ്മകളില്‍ നിത്യസന്ദര്‍ശകനായതോടെയാണ് അതിനൊരു മാറ്റം വന്നത്.

           ഒരു വര്‍ഷത്തിനിടെ ബ്ലോഗെഴുത്ത് കൊണ്ട് എന്തു നേടി എന്ന് ചോദിച്ചാല്‍ ആദ്യം മനസ്സില്‍ തെളിയുന്നത് ബ്ലോഗെഴുത്ത് ആരംഭിച്ചത് കൊണ്ട് മാത്രം എനിക്ക് ലഭിച്ച കുറേ സുഹൃത്തുക്കളുടെ മുഖമാണ്. പലരും പല ദേശക്കാര്‍... അതില്‍ സമപ്രായക്കാരുണ്ട്... എന്നേക്കാള്‍ പ്രായം കൂടിയവരും കുറഞ്ഞവരുമുണ്ട്... അതില്‍ ചില ബന്ധങ്ങളെ നിര്‍വ്വചിക്കാന്‍ സുഹൃത്ത് എന്ന പദം പോലും മതിയാവാതെ വരുന്നു. ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ക്ക്‌ തെല്ലും വില കല്‍പ്പിക്കാത്ത സ്വഭാവക്കാരനായിരുന്നു ഞാന്‍. ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ക്ക് ഒരിക്കലും ഓഫ് ലൈന്‍ സൗഹൃദങ്ങളായി വളരാന്‍ കഴിയില്ലെന്ന ഉറച്ച വിശ്വാസമാണ് ഞാന്‍ വെച്ചു പുലര്‍ത്തിയിരുന്നത്.   ആ വിശ്വാസങ്ങളോടൊപ്പം ഞാനും എങ്ങനെ ഇത്രത്തോളം മാറി എന്നത് ഇപ്പോഴും എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തുന്നുണ്ട്.

         വര്‍ഷങ്ങളായി എഴുത്തും വായനയുമായി എനിക്കുണ്ടായിരുന്ന അകല്‍ച്ച ഇല്ലാതായതാണ് മറ്റൊരു സന്തോഷം. എഴുത്തും വായനയും ഏതാണ്ട് പൂര്‍ണ്ണമായി തന്നെ അവസാനിപ്പിച്ച മട്ടായിരുന്നു. പന്ത്രണ്ടാം തരം മുതല്‍ ഒരു വര്‍ഷം മുമ്പ് വരെയുള്ള കാലയളവില്‍ വായിച്ച പുസ്തകങ്ങളുടെ എണ്ണത്തിന്റെ നാലഞ്ചിരട്ടിയെങ്കിലും വരും കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് വായിച്ച് തീര്‍ത്ത പുസ്തകങ്ങളുടെ എണ്ണം. ജീവിതത്തിരക്കുകള്‍ക്കിടയിലും വായനയ്ക്ക് സമയം കണ്ടെത്തി തുടങ്ങിയിരിക്കുന്നു. പേനയും ചലിപ്പിച്ച് തുടങ്ങിയിരിക്കുന്നു. കനപ്പെട്ട ഒരുപാട് രചനകളൊന്നും ബ്ലോഗില്‍ നടത്തിയിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ബ്ലോഗില്‍ എഴുതിയത് വെറും പന്ത്രണ്ട് പോസ്റ്റുകള്‍ മാത്രമാണ്. മാസത്തില്‍ ശരാശരി ഒരു പോസ്റ്റ്‌ മാത്രം. അതില്‍ തന്നെ എനിക്ക് സംതൃപ്തി നല്‍കിയിട്ടുള്ളത്‌ കേവലം മൂന്നോ നാലോ രചനകള്‍ മാത്രം.

          എന്റെ സൃഷ്ടികള്‍ നല്ലതാണെങ്കില്‍ അഭിനന്ദിക്കാനും മോശമാണെങ്കില്‍ അത് തുറന്ന് പറയാനും ഇന്ന് ആളുകളുണ്ട് എന്നത് തന്നെ ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്. എഴുത്തിനോടും വായനയോടുമുള്ള മനോഭാവം തന്നെ മാറിയിരിക്കുന്നു. സ്കൂള്‍ പഠനകാലത്ത്‌ എഴുത്തുകുത്തുകള്‍ക്ക് വാങ്ങിക്കൂട്ടിയ സര്‍ട്ടിഫിക്കറ്റുകളോട് അടുത്ത കാലം വരെ തോന്നിയിരുന്നത് കടലാസിന്റെ വില മാത്രമായിരുന്നു. ഇന്ന് ഞാനവയെ വീണ്ടും സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.

           സാഹിത്യത്തേപ്പോലെയോ അതിനേക്കാളുപരിയോ എന്നെ ഭ്രമിപ്പിച്ച മറ്റൊരു മേഖലയാണ് സിനിമ. കുട്ടിക്കാലം മുതല്‍ ശീലിച്ച എഴുത്തും വായനയും പാതിയില്‍ മുറിഞ്ഞു പോയതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിനിമയോടുള്ള അമിത താല്‍പര്യം തന്നെയായിരുന്നു. സിനിമാസംബന്ധമായ എന്റെ അറിവുകള്‍ പങ്കു വെയ്ക്കാനായി 'സിനിമായനം' എന്ന പേരില്‍ മറ്റൊരു ബ്ലോഗ്‌ തുടങ്ങാന്‍ എനിക്ക് പ്രചോദനമായത് ഈ ബ്ലോഗിന്റെ വായനക്കാര്‍ നല്‍കിയ പിന്തുണ തന്നെയാണെന്ന് നിസ്സംശയം പറയാം. ഈ ഒരു വര്‍ഷക്കാലയളവില്‍ സംഭവിച്ച മാറ്റങ്ങള്‍ക്ക് ഇനിയൊരു മാറ്റം ഉണ്ടാവരുതെന്നുണ്ട്. കുറച്ചൊക്കെ എഴുതണമെന്നും കുറേയേറെ വായിക്കണമെന്നുമുണ്ട്. നന്ദി പറയാനുള്ളത് നിങ്ങളോടാണ്‌...ഒരു ബ്ലോഗ് തുടങ്ങാന്‍ എന്നെ പ്രേരിപ്പിച്ച എന്റെ പ്രിയ സുഹൃത്തുക്കളോട്. അക്കാരണത്താല്‍ മാത്രം എനിക്ക് ലഭിച്ച വിലമതിക്കാനാവാത്ത കുറേ സൗഹൃദങ്ങളോട്...

-സസ്നേഹം സംഗീത്.

27 comments:

  1. ഇനിയും നിറയെ പിറന്നാളുകള്‍ പറന്നു നടക്കട്ടെ..
    ആശംസകള്‍.

    ReplyDelete
    Replies
    1. നന്ദി റാംജി ചേട്ടാ...

      Delete
  2. പതിനേഴു വയസ്സില്‍ നോവല്‍ എഴുതിയോന്റെ ഉള്ളില്‍ ഇനിയും എത്രയോ ആശയങ്ങള്‍ ഒളിഞ്ഞു കിടക്കുന്നുണ്ടാവും? ഒക്കെ പുറത്തു വരട്ടെ..അതിനു ഈ ബ്ലോഗ്‌ ലോകം സഹായിക്കട്ടെ..സുഹൃത്തുക്കളും വായനക്കാരും...ഒപ്പം ഈ സ്നേഹം, സൗഹൃദം എന്നെന്നും നില നില്‍ക്കട്ടെ! പ്രാര്‍ത്ഥനകള്‍!!!

    ReplyDelete
    Replies
    1. സ്നേഹം... സന്തോഷം..

      Delete
  3. ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് പറന്നുയരട്ടെ.....
    ആശംസകൾ

    ReplyDelete
  4. എഴുത്തിന്റെയും സൌഹൃദങ്ങളുടെയും ഈ 'ബ്ലോഗ'വിഹായസ്സില്‍ ഇനിയും ഒരുപാടുയരങ്ങള്‍ താണ്ടാന്‍ കഴിയട്ടെ.. സ്നേഹം.. ബഹുമാനം.,.

    ReplyDelete
    Replies
    1. താങ്ക്സ് മനോജേട്ടാ...

      Delete
  5. ആശംസകള്‍ സംഗീത് ഭായ്.

    ReplyDelete
    Replies
    1. താങ്ക്സ് സുധീര്‍ ഭായ്...

      Delete
  6. അതെ അതെ.. ഇനിയും കൂടുതല്‍ ഉയരങ്ങളിലെത്തട്ടെ.. അനവധി പിറന്നാളുകള്‍ ഉണ്ടാകട്ടെ.. എല്ലാ ആശംസകളും..

    ReplyDelete
  7. ആശംസകള്‍, സംഗീത്.

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ...

      Delete
  8. ആശംസകൾ കൂട്ടുകാരാ....

    ReplyDelete
    Replies
    1. താങ്ക്സ് മെല്‍വിന്‍...

      Delete
  9. സന്തോഷം തോന്നുന്നു ഇതു വായിച്ചപ്പോള്‍.എല്ലാവിധ വിജയാശംസകള്‍.

    ReplyDelete
  10. നമ്മളൊക്കെ സ്നേഹം കൊണ്ടാ ബ്ലോഗെഴുതുന്നേ, അതാ സുഹൃത്തുക്കള്‍ കൂടി കൂടി വരുന്നെ, എല്ലാ കാലത്തും സ്നേഹമെഴുത്തുകാരനയി തുടരട്ടെ എന്നാശംസിക്കുന്നു..

    ReplyDelete
    Replies
    1. താങ്ക്സ് ചേച്ചീ...

      Delete
  11. ബ്ലോഗിംഗ് എന്തെന്ന് പോലും അറിയാതെ കടന്നു വന്നവര്‍ ആണ് കൂടുതലും. പക്ഷെ അക്ഷരങ്ങള്‍ നല്‍കുന്ന സൗഹൃദം ആവട്ടെ എന്ത് സുന്ദരം ...ആശംസകള്‍

    ReplyDelete
    Replies
    1. ഞാനും അതില്‍ പെട്ട ആളാണ്‌...നന്ദി...

      Delete
  12. ഇനിയും ഇന്യും പിറന്നാളുകള്‍ വന്നുകൊണ്ടിരിക്കട്ടെ ...ആശംസകള്‍ സംഗീ ..!

    ReplyDelete
    Replies
    1. താങ്ക്സ് ചേച്ചീ... :-)

      Delete
  13. ഒരായിരം നന്ദി...

    ReplyDelete