Sunday, August 17, 2014

ത്രയം


 16/ 08/ 14 വെള്ളി 08:09 AM

          ട്രാഫിക്ക് സിഗ്നലില്‍ അവരോഹണക്രമത്തില്‍ തെളിയുന്ന ചുവന്ന നിറമുള്ള സംഖ്യകളിലേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു ഞാന്‍. അത് പൂജ്യത്തില്‍ ചെന്നെത്തിയാല്‍ താഴെയുള്ള വൃത്തത്തില്‍ പച്ച വെളിച്ചം തെളിയും. എന്റെയും എന്നെപ്പോലെ കാത്തു നില്‍ക്കുന്നവരുടെയും പാദങ്ങള്‍ ആക്സിലറേറ്ററില്‍ അമരും. തുമ്മിയും ചീറിയും വാഹനങ്ങള്‍ കുതിച്ചു പായും. അതിനു മുമ്പുള്ള അനിവാര്യമായ ശാന്തതയുടെ സുഖമാണ് ഞാനിപ്പോള്‍ അനുഭവിക്കുന്നത്.

       സിഗ്നലിനപ്പുറത്തുള്ള ആഭരണക്കടയുടെ ഷട്ടര്‍ തുറക്കുന്ന ശബ്ദം കേട്ടു. വീട്ടില്‍ നിന്നും വൈകിയിറങ്ങുന്ന ദിവസങ്ങളില്‍ മാത്രമാണ് ആ കട  തുറന്ന് കാണാറുള്ളത്. തൊട്ടപ്പുറത്തെ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മിന് കാവലിരിക്കുന്ന ആള്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നത് കൂടി കണ്ടപ്പോള്‍ ഇന്ന് വൈകിയിരിക്കുന്നു എന്നുറപ്പിച്ചു. ഇല്ലെങ്കില്‍ എന്നും അയാള്‍ അവിടെ ഉറക്കം തൂങ്ങിയിരിക്കുന്നത് കാണാം. വാച്ചിലേക്ക് നോക്കിയില്ല. അതിലെ മൂന്ന് സൂചികള്‍ കാട്ടിത്തരുന്ന സമയകൃത്യതയേക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നതും, വിശ്വസിക്കുന്നതും ഇത്തരം സൂചനകളെയാണ്.

        കോഫി ഹൗസ് പിന്നിട്ടപ്പോള്‍ എന്റെ പാദം ഏല്‍പ്പിക്കുന്ന മര്‍ദ്ദത്തില്‍ നിന്നും ആക്സിലറേറ്റര്‍ സാവധാനം മോചിക്കപ്പെടുന്നത് ഞാനറിഞ്ഞു. അത് പതിവുള്ളതാണ്. കഴുത്ത് ചെരിച്ച് വലത്തോട്ട് നോക്കി. അതും പതിവുകളിലൊന്നാണ്. അയാള്‍ അവിടെ തന്നെ ഉണ്ടായിരുന്നു. ഇല്ലെങ്കില്‍ തന്നെ  മറ്റെവിടെയാണ് എനിക്കയാളെ സങ്കല്‍പ്പിക്കാനാവുക?ചിലപ്പോള്‍ അയാള്‍ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് അവിടം എന്നു തോന്നും. റോഡരികില്‍ നിരനിരയായി നില്‍ക്കുന്ന വലുതും ചെറുതുമായ നയനമനോഹരങ്ങളായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കിടയില്‍ അപശകുനം പോലെ ഒരു പഴയ കെട്ടിടം. ഓടു മേഞ്ഞ, ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒന്ന്. അതിന്റെ തിണ്ണയില്‍ കുന്തിച്ചിരിക്കുന്ന നീണ്ട നരച്ച താടിയും, ചുവന്ന കണ്ണുകളുമുള്ള ഏറ്റവും മുഷിഞ്ഞ വേഷം ധരിച്ച ഒരാള്‍. വര്‍ത്തമാനകാലത്തിനിടയില്‍ കുടുങ്ങിപ്പോയ ഭൂതകാലം പോലെയുള്ള ആ സ്ഥലത്തിന് ഏറ്റവും യോജിച്ച വേഷവും ഭാവവുമാണ്‌ അയാളുടേത്.

     പുതിയ കമ്പനിയില്‍ ജോയിന്‍ ചെയ്തതിനു ശേഷമാണ് ഈ വഴിയുള്ള യാത്ര തുടങ്ങിയത്. കഴിഞ്ഞ ഒമ്പത് മാസങ്ങളായി അയാളെ കാണാറുണ്ട്. രാവിലെയും വൈകുന്നേരവും. അതേ സ്ഥലത്ത്...രൂപഭാവങ്ങളില്‍ യാതൊരു മാറ്റവും കൂടാതെ...വേഷം മാത്രം ചിലപ്പോള്‍ മാറും. അതും ദിവസങ്ങള്‍ പലത് കൂടുമ്പോള്‍. ചിലപ്പോള്‍ തോന്നും അയാളൊരു സന്യാസിയാണെന്ന്. തൊട്ടുമുന്നിലെ ശബ്ദകോലാഹലങ്ങളെ മുഴുവന്‍ അതിജീവിച്ച് ധ്യാനനിരതനായി ഇരിക്കുകയായിരിക്കും...ഭ്രാന്തനാവാന്‍ വഴിയില്ല. നീട്ടി വളര്‍ത്തിയ താടിയും, അചഞ്ചലമായ ഇരിപ്പും, മുഷിഞ്ഞ വേഷവിധാനങ്ങളും മാത്രം പോര ഒരാളെ ഭ്രാന്തനെന്ന് മുദ്ര കുത്താന്‍. എങ്കിലും എങ്ങനെയാണ് ഒരാള്‍ക്ക് എതിര്‍വശത്തുള്ള ജൗളിക്കടയിലേക്ക് നോക്കി ഇത്രയും സമയം ഇരിക്കാന്‍ കഴിയുന്നത്? ഒരു പക്ഷേ അവിടെ തൂക്കിയിട്ടിരിക്കുന്ന ബഹുവര്‍ണ്ണ വസ്ത്രങ്ങള്‍ അയാളെ ഭ്രമിപ്പിക്കുന്നുണ്ടാവുമോ?

          പക്ഷേ കഴിഞ്ഞ ഒന്നു രണ്ടാഴ്ചയായി ചില മാറ്റങ്ങള്‍ എനിക്കയാളില്‍ കാണാന്‍  കഴിയുന്നുണ്ട്. അത് കാണുന്ന ഒരേയൊരാളും ഞാന്‍ മാത്രമായിരിക്കും. അയാളുടെ കണ്ണുകള്‍ എന്റെ നേര്‍ക്ക് ചലിക്കുകയും ചിലപ്പോഴെങ്കിലും അവ സജലമാവുകയും ചെയ്യുന്നുണ്ട്. എന്നോട് എന്തോ പറയാനാഗ്രഹിക്കുന്നുണ്ടെന്നുറപ്പ്. അതെന്തായിരിക്കും? ചിലപ്പോള്‍ അയാളുടെ ദുഃഖമാവാം. ആഗ്രഹവുമാകാം. എന്നിട്ടും അയാള്‍ക്കരികില്‍ ചെല്ലുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിക്കുന്ന ചേതോവികാരമെന്താണ്?നഗരത്തിലെ പ്രമുഖ കമ്പനികളിളൊന്നില്‍ ജോലി ചെയ്യുന്ന ഒരുവന്  ഇങ്ങനെയുള്ള ഒരാളോട് സംസാരിക്കുന്നതിലെ കുറച്ചിലാവാം . അതോ അയാള്‍ ആക്രമിക്കുമോ എന്നുള്ള ഭയമോ? ചിലപ്പോള്‍ ഇത് രണ്ടുമായിരിക്കാം. എന്നും രാവിലെയും വൈകീട്ടുമായി കഷ്ടിച്ച് മുപ്പത് സെക്കന്റ് സമയം മാത്രമാണ് അയാളെ കാണുന്നത്. പക്ഷേ അയാളെക്കുറിച്ചുള്ള ചിന്തകള്‍ ഈയിടെയായി മൂന്ന് മണിക്കൂറില്‍ പോലും അവസാനിക്കുന്നില്ല. അയാളെയും കടന്ന് കാര്‍ ഒരുപാട് മുന്നോട്ട് നീങ്ങിയപ്പോള്‍ പിന്നിലോട്ട് തിരിഞ്ഞു നോക്കണമെന്ന് തോന്നി. അയാള്‍ എന്നെ നോക്കുന്നുണ്ടാവുമോ?

        ഏതാണ്ട് എട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് അതേ സ്ഥലത്ത് വീണ്ടുമെത്തിയത്. ശക്തി ക്ഷയിച്ച സൂര്യന്‍ മാനത്ത് നിന്നും വിട വാങ്ങാനൊരുങ്ങി നിന്നിരുന്നു. വീടണയാനുള്ള ആളുകളുടെ ആഗ്രഹത്തില്‍ വാഹനങ്ങള്‍ കൂടി പങ്കു ചേര്‍ന്നപ്പോള്‍ നഗരം ബഹളത്തില്‍ മുങ്ങി. അപ്രതീക്ഷിതമായ ആ കാഴ്ച കണ്ടപ്പോള്‍ വല്ലാത്ത അദ്ഭുതം തോന്നി. അതിലേറെ പരിഭ്രമവും. അയാള്‍ പതിവായി ഇരിക്കുന്നിടത്തു നിന്നും കുറച്ചകലെ മാറി നിന്ന് ഒരു യുവാവിനോട് തര്‍ക്കിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്കിടെ അയാള്‍ യുവാവിനെ അടിക്കാനായി കയ്യോങ്ങുന്നുമുണ്ട്. അവരുടെ സംഭാഷണം വ്യക്തമായി കേള്‍ക്കാന്‍ വയ്യ. അവരുടെ അടുത്ത് ചെന്ന് കാര്യം തിരക്കണമെന്ന് തോന്നി. പിന്നില്‍ നിന്നും മുഴങ്ങിക്കേട്ട വണ്ടികളുടെ ഹോണ്‍ ശബ്ദങ്ങള്‍ അതില്‍ നിന്നും പിന്തിരിപ്പിച്ചു. കാറിന്റെ സൈഡ് മിററിലൂടെ ആ രണ്ട് രൂപങ്ങളെ നോക്കിക്കൊണ്ടേ ഇരുന്നു. പിന്നീട് ആ കാഴ്ച അവ്യക്തമായി. അപ്രത്യക്ഷമായി.

 17/ 08/ 14 ശനി  08:01 AM

           ആഭരണക്കട തുറന്നിരുന്നില്ല. എ.ടി.എമ്മിനു മുന്നിലിരുന്ന് സെക്യൂരിറ്റി ഉറക്കം തൂങ്ങുന്നുണ്ടായിരുന്നു. കോഫി ഹൗസിനടുത്ത് വേഗത്തില്‍ എത്താനുള്ള ആഗ്രഹത്തിനു മുന്നില്‍ ട്രാഫിക്ക് നിയമങ്ങള്‍ പലതും കണ്ടില്ലെന്നു നടിച്ചു. അയാളവിടെ ഉണ്ടായിരുന്നില്ല. കാര്‍ ഒരു സൈഡിലേക്ക് ഒതുക്കിയിട്ട് അവിടെയെല്ലാം നടന്നു നോക്കി. ഇല്ല. അയാള്‍ എവിടെയുമുണ്ടായിരുന്നില്ല. കെട്ടിടത്തിന്റെ തിണ്ണയിലെ അയാളുടെ അസാന്നിദ്ധ്യം സൃഷ്ടിച്ച നികത്താനാവാത്ത ശൂന്യത മനസ്സിനെ മുറിവേല്‍പ്പിച്ചു കൊണ്ടിരുന്നു.

          കമ്പനിയിലെത്തിയപ്പോള്‍ വൈകിയിരുന്നു. ഒന്നും ചെയ്യാന്‍ തോന്നിയില്ല. സദാസമയവും എന്നെ നോക്കിയിരിക്കുന്ന ക്യാമറക്കണ്ണുകളെപ്പോലും ഭയക്കാതെ കുറേ സമയം വെറുതെയിരുന്നു. ഉച്ചയായിക്കിട്ടാന്‍ നന്നേ പാടുപെട്ടു. ഒരു ലീവ് ഫോം എടുത്ത് പൂരിപ്പിക്കാന്‍ തുടങ്ങി. 'റീസണ്‍ ഫോര്‍ ടേക്കിംഗ് ലീവ്' എന്ന കോളത്തില്‍ 'പേഴ്സണല്‍' എന്നു മാത്രം എഴുതി. അങ്ങനെ എഴുതുന്നതിലെ അനൗചിത്യത്തെക്കുറിച്ച് ചിന്തിക്കാതിരുന്നില്ല. അതിനേക്കാള്‍ ഉചിതമായ വേറൊരു പദവും ഇല്ലെന്ന് പിന്നീട് തോന്നി.

        കോഫി ഹൗസിനു മുന്നില്ലെത്തും വരെ മനസ്സിലെരിഞ്ഞിരുന്ന പ്രതീക്ഷയുടെ നെയ്ത്തിരിനാളം പൊടുന്നനെ അണഞ്ഞു. ഇനിയെന്ത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാന്‍ പിന്നെയും ഒരുപാട് സമയം കഴിയേണ്ടി വന്നു. ആദ്യം പോയത് റെയില്‍വേ സ്റ്റേഷനിലേക്കാണ്. ട്രെയിന്‍ തട്ടി മരിച്ച ഒരു അജ്ഞാതനെക്കുറിച്ച് ആരും പറഞ്ഞു കേട്ടില്ല. അതിന്റെ സൂചനകളും കണ്ടില്ല. ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറിയില്‍...നഗരവീഥികളില്‍...എല്ലായിടത്തും പേരറിയാത്ത അയാളുടെ  മറക്കാനാവാത്ത മുഖം തേടിക്കൊണ്ടേയിയിരുന്നു. അന്ന് ട്രാഫിക്ക് സിഗ്നലിലെ ചുവന്ന വെളിച്ചം അണഞ്ഞതേയില്ല.

18/ 08/ 14 ഞായര്‍ 06:30 AM

          പതിവുപോലെ ഞായറാഴ്ചയുടെ ആലസ്യത്തില്‍ കിടന്നുറങ്ങിയില്ല. ഒരു ദുസ്വപ്നം ഉറക്കത്തിന് തടയിട്ടു. ഞെട്ടിയുണര്‍ന്നു. പല്ലു പോലും തേയ്ക്കാതെ പത്രമെടുക്കാനോടുന്നത് ഭാര്യ അദ്ഭുതത്തോടെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. പത്രത്തിലെ മൂന്ന് വ്യത്യസ്ത താളുകള്‍. അതിലെ ചെറുതും വലുതുമായ മൂന്ന് വാര്‍ത്തകള്‍. അവ ഇപ്രകാരമായിരുന്നു.

പേജ് 1.
യുവതി ആത്മഹത്യ ചെയ്തു:

കൊച്ചി: പള്ളിച്ചാല്‍ സ്വദേശിനിയായ സന്ധ്യ(24) എന്ന യുവതിയെ വീട്ടില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. നഗരത്തിലെ ഒരു തുണിക്കടയിലെ ജീവനക്കാരിയായിരുന്നു യുവതി. മരണത്തിനു മുമ്പ് യുവതി അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി ഡോക്ടര്‍മാര്‍   സ്ഥിരീകരിച്ചു. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഒരു യുവാവ് കഴിഞ്ഞ ദിവസം യുവതി ജോലി ചെയ്തിരുന്ന കടയില്‍ വന്ന് ബഹളമുണ്ടാക്കിയെന്നും, ആത്മഹത്യയുമായി ഈ സംഭവത്തിന് ബന്ധമുണ്ടെന്നും ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചത് ബഹളത്തിനിടയാക്കി. അച്ഛന്‍ ചെറുപ്പത്തിലേ നാട് വിട്ട് പോയതിനാല്‍ രോഗിയായ അമ്മയോടൊപ്പമാണ് യുവതി കഴിഞ്ഞിരുന്നത്.

പേജ് 2.
യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍:

കൊച്ചി: പുതിയ പാലത്തിനടുത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമാക്കിയിരിക്കുന്നു. ഏകദേശം ഇരുപത്തിയാറ് വയസ്സ് പ്രായം വരും. നീല കളര്‍ ജീന്‍സും ചുവന്ന ടീഷര്‍ട്ടുമാണ്‌ വേഷം. ശനിയാഴ്ച രാവിലെയാണ് കൃത്യം നടന്നത് എന്നതാണ് പോലീസിന്റെ നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പേജ് 8:
തൂങ്ങി മരിച്ചു.

കൊച്ചി: തോപ്പും പടിക്കടുത്ത് ഉദ്ദേശ്യം അറുപത് വയസ്സ് പ്രായം വരുന്ന വൃദ്ധനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുഷിഞ്ഞ ഷര്‍ട്ടും മുണ്ടുമാണ് ഇയാള്‍ ധരിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

               ഞാന്‍ പത്രമെടുത്ത് മടക്കി വെച്ചു. മൂന്ന് പേജുകളിലായി പരസ്പരബന്ധമില്ലാതെ ചിതറിക്കിടക്കുന്ന ആ വാര്‍ത്തകളെ കൂട്ടിയോജിപ്പിക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ ഞാന്‍ മാത്രമാവാമെന്ന ചിന്ത മനസ്സില്‍ തികട്ടി തികട്ടി വന്നു. ഒന്നിനും കഴിയാത്ത വെറുമൊരു സാധാരണക്കാരന്‍ മാത്രമാണെന്ന സത്യം കൊണ്ട് ആ ചിന്തയെ നേരിട്ടു. ദുസ്വപ്നം അപഹരിച്ച ഉറക്കത്തിന്റെ ബാക്കി തേടി ഞാന്‍ കിടപ്പു മുറിയിലേക്ക് നടന്നു. മനസ്സ് ശൂന്യമായിരുന്നു. പൊളിഞ്ഞു വീഴാറായ ഓടു മേഞ്ഞ കെട്ടിടത്തിലെ ആളൊഴിഞ്ഞ തിണ്ണ പോലെ.

51 comments:

  1. ഇത്തരം വാര്‍ത്തകള്‍ കഥകള്‍ അല്ലാതായിട്ടുണ്ടെങ്കിലും കഥ ഇനിയും മെച്ചപ്പെടാന്‍ ഉണ്ടല്ലോ..

    ReplyDelete
    Replies
    1. ഇനിയും മെച്ചപ്പെടുത്താന്‍ ശ്രമിക്കാം...

      Delete
  2. ആദ്യം വായിച്ചപ്പോൾ ഒന്നും മനസ്സിലായില്ല. എന്താണ് സംഗതിയേന്നു പിന്നെയാണ് പിടി കിട്ടിയത്. കിടിലൻ ആയിട്ടുണ്ട് മാഷേ

    ReplyDelete
  3. തീര്‍ച്ചയായും ഇനിയും മെച്ചപ്പെടുത്താനുണ്ട്. എന്നാലും എനിക്കു ഇഷ്ടപ്പെട്ടു.

    ReplyDelete
  4. എനിക്കിഷ്ടപ്പെട്ടു ഭായ്. എല്ലാ വാര്‍ത്തകള്‍ക്കു പിന്നിലും ഒരു കഥയുണ്ടാകും. അല്ലേ. നമ്മളറിയാതെ പോകുന്ന കഥകള്‍. ആശംസകള്‍. സംഗീത് ഭായ്.

    ReplyDelete
    Replies
    1. നന്ദി സുധീര്‍ ഭായ്...

      Delete
  5. നിര്‍വികാരതയോടെ വായിച്ചു തള്ളുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ ആരും അറിയാത്ത കഥകള്‍...............

    ReplyDelete
    Replies
    1. അതെ...ആരും അറിയാത്ത, ആര്‍ക്കും വേണ്ടാത്ത കഥകള്‍...

      Delete
  6. Excellent presentation.... Kathayile Kadamkatha ishtaayi...

    ReplyDelete
  7. ചില നിരീക്ഷണങ്ങൾ ... കൊള്ളാം

    ReplyDelete
  8. കഥയില്‍ നിന്നു കഥയുണ്ടാക്കുന്ന ടെക്നിക്ക് ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. നന്ദി സിയാഫ് ഇക്കാ...

      Delete
  9. naam sradhikkaathe pokunna kurach chithariya jeevithangal...

    ReplyDelete
  10. നന്നായി എഴുതി കഥ
    ഇഷ്ടപ്പെട്ടു

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ...

      Delete
  11. കഥ എനിക്കും ഇഷ്ടായി , ആശയത്തില്‍ പുതുമയില്ല എങ്കിലും കഥയുടെ ട്രീറ്റ് അടുത്തിടെ വായിച്ച കഥകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു ,ആശംസകള്‍ സംഗീത് .

    ReplyDelete
  12. അനിയനോട് പല പ്രാവശ്യം പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നു - :) കഥയുടെ കയ്യടക്കത്തിന്റെ ക്രാഫ്റ്റ് ഉണ്ട് താങ്കള്‍ക്ക്, നന്നായി എഴുതാന്‍ കഴിയുന്ന ഭാവനയും! . ഇനിയും ഉയരട്ടെ - ഇനിയുമിനിയും നല്ല വിഷയങ്ങള്‍ കിട്ടട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു, ആശംസിക്കുന്നു .

    ReplyDelete
    Replies
    1. ഒരുപാട് നന്ദിയുണ്ട് ചേച്ചീ...

      Delete
  13. സ്വന്തമായി ഒരു വ്യക്തിത്വം കഥക്കുണ്ട്......
    ഇനിയും നന്നാക്കാം .....

    ReplyDelete
  14. വാര്‍ത്തകള്‍ കഥകളാകുന്നു

    ReplyDelete
  15. ഇഷ്ട്ടായി സംഗീത്..ആശംസകള്‍..!

    ReplyDelete

  16. നല്ല അവതരണം.
    കഥ ഇഷ്ടമായി.

    ReplyDelete
  17. ഇഷ്ടമായി ...ഇനിയുമേറെ എഴുതുക

    ReplyDelete
    Replies
    1. തീര്‍ച്ചയായും...
      നന്ദി...

      Delete
  18. വായിച്ചു.നന്മകള്‍.

    ReplyDelete
  19. "എന്നിട്ടും അയാള്‍ക്കരികില്‍ ചെന്നിരിക്കുന്നതില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കുന്ന ചേതോവികാരമെന്താണ് ? നഗരത്തിലെ മുന്തിയ കമ്പനികളിലോന്നില്‍ ജോലി ചെയ്യുന്നോരാള്‍ ഇങ്ങനെയുള്ള ഒരാളോട് സംസാരിക്കുന്നതിലെ അപകര്‍ഷതാബോധമാവാം " . നായകന് തോന്നുക "സുപ്പീരിയോറിറ്റി കോംപ്ലക്സ് ആണ്... പക്ഷേ , അപകര്‍ഷതാബോധം എന്നാല്‍ ഇന്ഫീരിയോരിറ്റി കോംപ്ലക്സ് അല്ലേ ? എന്‍റെ ചെറിയ ബുദ്ധിയില്‍ തോന്നിയ സംശയം ആണ്.കഥാന്ത്യം പ്രവചനീയം ആണെങ്കിലും , കൊള്ളാം... സിനിമായനത്തിന്‍റെ സ്രഷ്ടാവ് ആയതുകൊണ്ട് ഒരു തിരക്കഥയുടെ കൂടി ഭംഗി തോന്നുന്നു.... ആശംസകള്‍ :)

    ReplyDelete
    Replies
    1. ഉട്ടോ പറഞ്ഞത് ശരിയാണ്...ഞാന്‍ തിരുത്തിയിട്ടുണ്ട്... താങ്ക്യൂ സോ മച്ച് ഉട്ടോ...

      Delete
  20. നല്ല അവതരണം.ഇഷ്ടപ്പെട്ടു.
    വാര്‍ത്തകളിലേയ്ക്ക് എത്തിനോക്കുമ്പോള്‍ ചിന്തിപ്പിക്കാന്‍ തരത്തില്‍ ഒരുക്കിയ രചനാരീതി ആകര്‍ഷകമായി..
    അപകര്‍ഷതാബോധത്തിനും,വിഷസര്‍പ്പത്തിനും ഒരുചെറിയ തിരുത്തല്‍ കൊടുത്താല്‍ നന്ന്‌....ഹൃദയംനിറഞ്ഞ ഓണാശംസകള്‍..........

    ReplyDelete
    Replies
    1. ഞാന്‍ തിരുത്തിയിട്ടുണ്ട്...ഒരുപാട് നന്ദി...

      Delete
  21. കഥ കൊള്ളാം, ആശംസകള്‍

    ReplyDelete
  22. വ്യത്യസ്തമായ അവതരണം. "ത്രയം ".ആ ശീർഷകം ഏറെയിഷ്ടമായി ഈയിടെ വായിച്ച കഥകളിൽ നിന്നും വേറിട്ട ശൈലി. ആശംസകൾ സംഗീത്

    ReplyDelete
    Replies
    1. ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം... :-)

      Delete
  23. നന്നായി സംഗീത്...പറയാനുള്ളത് വെക്തമായും..വെത്യേസ്ഥമായും പറഞ്ഞു..ഉള്ളില്‍ ഒരു കനല്‍ പാടും ചേര്‍ത്തു!..rr

    ReplyDelete
    Replies
    1. വളരെയധികം നന്ദി...

      Delete
  24. വായിച്ചു മറക്കുന്ന വാർത്തകളും, അതിനു പിന്നിലെ അറിയപെടാത്ത കഥകളും... Hats off dear.....

    ReplyDelete
    Replies
    1. നന്ദി മെല്‍വിന്‍... :)

      Delete
  25. എഴുത്ത് നന്നായിട്ടുണ്ട്. ഇപ്പോള്‍ എഴുതാറില്ലേ ? തുടരുക.
    ആശംസകള്‍

    ReplyDelete